Sunday, April 17, 2016

ഉറൂബിന്റെ പൂന്തോട്ടങ്ങള്‍

`` ആ പൂവ്‌ നീ എന്തു ചെയ്‌തു?''
``ഏതു പൂവ്‌?''
``രക്ത നക്ഷത്രം പോലെ കടും ചുവപ്പായ ആ പൂവ്‌''
............

``എന്റെ ഹൃദയമായിരുന്നു അത്‌''

പലവട്ടം ഉദ്ധരിക്കപ്പെട്ടതാണെങ്കിലും നര്‍മ്മം പുരണ്ട ശോകമുള്ള ഈ വരികള്‍ അതിന്റെ ആലോചനയില്‍ നിന്ന്‍ അവസാനം പൂവിനെ  ഒഴിവാക്കുകയാണ്‌ പതിവ്‌. പകരം അവിടെ രക്താഭിക്ഷിക്തമായ ആ ഹൃദയം കയറിയിരിക്കും. ബഷീറിന്റെ കാലമാകുമ്പോഴേക്കും പൂവുകളെ അതുമാത്രമായി കാണാന്‍ സാദ്ധ്യമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. കവിതയില്‍ കുമാരനാശാനില്‍ത്തന്നെ അത്‌ തുടങ്ങിക്കഴിഞ്ഞിരുന്നു.
പൂക്കളെയും പൂന്തോട്ടങ്ങളെയും കുറിച്ച്‌ ഒരേ കാലത്ത്‌ രണ്ടിടങ്ങളിലിരുന്നു രണ്ടുതരത്തിലെ ഴുതിയവരാണ്‌ ബഷീറും ഉറൂബും. ആധുനികത സാഹിത്യത്തെ ആവേശിച്ചുകഴിഞ്ഞിരു ന്നില്ലെങ്കിലും, ജീവിതത്തെ ആവേശിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്‌. ഒരു ബാഹ്യ പ്രതിഭാസമായി കടന്നു വരികയായിരുന്നില്ല ആധുനികത ചെയ്‌തത്‌. ജീവിതത്തിലും സാമൂഹ്യ വ്യവഹാരങ്ങളിലും വന്ന മാറ്റം ആധുനികതയായി മെല്ലെ മെല്ലെ തിരിച്ചറിയപ്പെടുക യായിരുന്നു.
പൂക്കളും പൂന്തോട്ടവും സാഹിത്യത്തില്‍ ഒരു പുതിയ ആഖ്യാന വിഷയമല്ല. കവിതയില്‍ കാല്‌പനികതയുടെ കാലത്തും അതിനു മുമ്പും പിമ്പുമൊക്കെ പൂവുകള്‍ പലതരം പ്രതിനിധാന ങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഒരു കാലത്ത്‌ പൂക്കളുടെ ധാരാളിത്തമായിരുന്നു കാല്‌പനിക കവിത. കുമാരനാശാന്റെ കവിതയില്‍ മലരും മലര്‍വാടിയുമൊക്കെ ധാരാളമുണ്ടെങ്കിലും വീണപൂവിനെക്കുറിച്ചെഴുതിയതാണ്‌ കാവ്യചരിത്രത്തിലെ പ്രധാന അടയാളമായത്‌. പ്രകൃതിയുടെ മാത്രം ഭാഗമായി നിന്നിരുന്ന പൂക്കള്‍ സംസ്ക്കാരത്തിലേക്ക് കുടിയേറുകയായിരുന്നു. (വീണ) പൂവിനെക്കുറിച്ച്‌ ആ വിധത്തില്‍ ചിന്തിക്കപ്പെടുന്നത്‌ ആദ്യമാണ്‌. ``കണ്ണേമടങ്ങുക,  കരിഞ്ഞുമലിഞ്ഞുമാശു/ മണ്ണാകുമീമലരു വിസ്‌മൃത മാകുമിപ്പോള്‍ /എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി'' എന്ന്‌ കുമാരനാശാന്‍ കാവ്യത്തിന്‌ വിരാമിടുമ്പോള്‍ അത്‌ അന്നു വരെയുമില്ലാത്ത ഒരു കുസുമദര്‍ശനമായിരുന്നു. എന്നാല്‍ ചങ്ങമ്പുഴയുടെ കാലത്ത് `മലരണിക്കാടുകള്‍ തിങ്ങി വിങ്ങി' പൂവുകളെല്ലാം വെറുംപൂവുകള്‍ മാത്രമായിത്തീര്‍ന്നുവെങ്കിലും പില്‍ക്കാലത്ത്‌ കവിതകളില്‍ പൂവുകളുടെ ധാരാളിത്തം കുറഞ്ഞു. അവ ബാഹ്യമായ പലതിന്റെയും പ്രതിനിധാനങ്ങളായി. അപ്പോഴേക്കും പൂവുകളും പൂന്തോട്ടങ്ങളും ആധുനിക സാമൂഹ്യജീവിതത്തെത്തന്നെ പ്രതിനിധീകരിക്കാന്‍ തുടങ്ങി.
എന്നാല്‍ നോവലുകളിലും കഥകളിലും പൂവുകള്‍ ഏറെ പ്രത്യക്ഷപ്പെടുകയുണ്ടായില്ല. പലപ്പോഴും പശ്ചാത്തല വര്‍ണ്ണനയുടെ ഭാഗമായി മാത്രമേ അവ തനി സ്വരൂപത്തില്‍ നിലനിന്നുള്ളൂ.കവിതയിലെ കാല്പനികാഖ്യാനത്തില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരുന്നു നോവലിലെ ആഖ്യാന പരിസരം. സമകാലിക ജീവിതാഖ്യാനങ്ങളായിരുന്നു നോവലിന്റെ പ്രമേയ മണ്ഡലം. എന്നാല്‍ പഴയ കാല മലര്‍വാടികളില്‍ നിന്നും വ്യത്യസ്‌തമായ അനുഭവമായി ആധുനിക ജീവിതവ്യവസ്ഥകളുടെ ഭാഗമായി പുതിയ പൂക്കളും പൂന്തോട്ടങ്ങളും ഉണ്ടായി.ബോഗന്‍‌വില്ലകളും  ഗുല്‍മോഹറുകളും അങ്ങിങ്ങ് പൂത്തുനിന്നു.  അണുകുടുംബങ്ങളുടെ രൂപീകരണവുമായും ഇത്തരം പൂന്തോട്ടങ്ങള്‍ക്ക് ചാര്‍ച്ചയുണ്ട്‌. മക്കത്തായത്തിലേക്ക്‌ മാറിയ ചെറിയ വീടും ചെറിയ കുടുംബവും പ്രസ്‌തുത ആശയത്തെ ദ്യോതിപ്പിക്കുന്ന ചെറിയൊരു പൂന്തോട്ടവും എന്നൊരു കാഴ്‌ചപ്പാട്‌ രൂപപ്പെട്ടുവന്നിരുന്നു. ഇത്‌ കൊളോണിയല്‍ അനുഭവങ്ങളില്‍ നിന്നും മലയാളികളുടെ ദേശാന്തരഗമനങ്ങളില്‍ നിന്നും ലഭിച്ചതാണെന്നതും വസ്‌തുതയാണ്‌. അന്യദേശങ്ങളിലേക്കുപോയ മക്കത്തായത്തിലെ അച്ഛന്‍, നവീനങ്ങളായ പലതും അവിടെ നിന്നുകൊണ്ടുവന്നു.
ഇത്തരത്തില്‍ കുടുംബക്രമത്തില്‍ സംഭവിച്ച മാറ്റങ്ങളോടൊപ്പമാണ്‌ ആധുനികതയുടെ തന്നെ ആശയങ്ങളിലുള്‍പ്പെടുന്ന ദേശീയതയും ദേശീയസ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവുന്നത്‌.  ദേശീയ സ്വാതന്ത്യത്തിന്റെ ഒരു ഘട്ടത്തിലാണ്‌ ആധുനികത സാമൂഹ്യ ജീവിതത്തെ ആവേശിച്ചതെന്നതിനാല്‍, ദേശരാഷ്‌ട്ര നിര്‍മ്മാണത്തിന്റെ പ്രതീകങ്ങളായും ഇത്തരം പൂന്തോട്ടങ്ങള്‍ മാറുകയുണ്ടായി. `ഇന്ദുലേഖ'യില്‍ ആധുനികരെല്ലാം ഇംഗ്ളീഷില്‍ പരിജ്ഞാനമുള്ളവരായിരിക്കുന്നതുപോലെ, പൂന്തോട്ടനിര്‍മ്മാണവും ആധുനികരായിരി ക്കുന്നവരെ പ്രതിനിധീകരിച്ചു.
ബഷീറും ഉറൂബും പൂവുകളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ അതിന്‌ ഏറെ വിവക്ഷകളുണ്ട്‌. നമ്മുടെ നവോത്ഥാന നോവല്‍ പാരമ്പര്യത്തെ രണ്ടു രീതിയില്‍ സമീപിച്ചവരാണവര്‍. ആധുനികതയുടെ പരിഷ്‌ക്കാരങ്ങളെ ശങ്കാപൂര്‍വ്വം വീക്ഷിച്ചവരിലൊരാളാണ്‌ ബഷീര്‍. ആധുനികതയുടെ ദ്വന്ദ്വാത്മക സമീപനത്തെ കെയൊഴിച്ച്‌ എല്ലാവരും‘ സുന്ദരികളും സുന്ദരന്മാരും‘ എന്ന സമീപനം കൈക്കൊണ്ടയാളാണ്‌ ഉറൂബ്‌. ദീര്‍ഘകാലം പലനാടുകള്‍ ചുറ്റിവന്നവരാണ്‌ ഇരുവരും. പല തൊഴിലുകളിലും അവര്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഭാഷയിലും പ്രമേയത്തിലും റിയലിസത്തിന്റെ സാധാരണ മാതൃകകളില്‍ നിന്ന്‌ ഏറെ മുന്നേറിയതാണ്‌ ബഷിറിന്റെ ആഖ്യാനങ്ങള്‍. കാല്‌പനികാനുഭവത്തില്‍ നിന്ന്‌ തന്റെ ഭാഷയെ മുക്തമാക്കാന്‍ ബോധപൂര്‍വ്വം തന്നെ ശ്രമിച്ച ബഷീറിന്റെ പൂന്തോട്ടങ്ങളുടെ ആഖ്യാനവും കാല്പനികതയില്‍ അഭിരമിക്കുന്നില്ല.
``ബാല്യകാലസഖി'' ``ന്റു പ്പാപ്പാക്കൊരാനേണ്ടാര്‍ന്ന്‌'' എന്നീ നോവലുകളിലും ‘മതിലുകള്‍ ‘എന്ന കഥയിലുമാണ്‌ ബഷീര്‍ പൂന്തോട്ടനിര്‍മ്മാണത്തിന്‌ പരിശ്രമിച്ചത്‌. `ബാല്യകാലസഖി' യിലെ പൂന്തോട്ടവും മറ്റുകൃതികളിലെ പൂന്തോട്ടവും തമ്മിലുള്ള വ്യത്യാസം ആ നോവലുകള്‍ തമ്മിലുള്ള വ്യത്യാസം തന്നെയാണ്‌. ബാല്യകാലസഖി, ബഷീറിന്റെ മറ്റുനോവലുകളില്‍ നിന്ന്‌ വേറിട്ടുനില്‌ക്കുന്നത്‌ അതിന്റെ ആഖ്യാനത്തില്‍ അദ്ദേഹം സ്വീകരിച്ച വ്യത്യസ്‌ത സമീപനം കൊണ്ടാണ്‌.ബാല്യകാലസഖിയില്‍ മജീദാണ്‌ പൂന്തോട്ടനിര്‍മ്മാണത്തിന്‌ മുന്നിട്ടിറങ്ങുന്നത്‌. മജീദും സുഹ്‌റയും കൂടിയാണ്‌ അയല്‍ വീടുകളില്‍ നിന്ന്‌ പൂച്ചെടിക്കമ്പുകള്‍ ശേഖരിച്ചു കൊണ്ടുവരുന്നത്‌. മജീദിന്റെ തൃപ്‌തിക്കുവേണ്ടി സഹോദരിമാര്‍ മത്സരിച്ച്‌ വെള്ളമൊഴിച്ചു. അതില്‍ ഒരു ചെമ്പരത്തി സുഹ്‌റയുടെ പ്രത്യേക ഓര്‍മ്മയാണ്‌.അഥവാ സുഹറ തന്നെയാണ്. നിസാര്‍ അഹമ്മതാണ്‌. `ന്റുപ്പുപ്പാ'യില്‍ കക്കൂസ്‌ നിര്‍മ്മാണത്തിനൊപ്പം പൂന്തോട്ട നിര്‍മ്മാണത്തിനും മുന്നിട്ടിറങ്ങുന്നത്‌. നിസാര്‍ അഹമ്മതും അയാളുടെ സഹോദരിയുമാണ്‌ നോവലില്‍ പുരോഗമന ചിന്തയുടെയും ആധുനികാശയങ്ങളുടേയും പ്രാതിനിധ്യം വഹിക്കുന്നത്‌. `മതിലുക'ളിലെ ആത്മസ്‌പര്‍ശമുള്ള കഥാപാത്രം ജയിലിനുള്ളിലാണ്‌ ഒരു പൂന്തോട്ടം വച്ചു പിടിപ്പിക്കുന്നത്‌. ആണ്‍ ജയിലിന്റെ മതിലിനപ്പുറത്തുള്ള പെണ്‍ജയിലിലെ നാരായണിക്കു നല്‍കിയ ഒരു റോസാചെടികൊണ്ട്‌ അവള്‍ ഒരു പൂങ്കാവനം തന്നെ ഉണ്ടാക്കി. ഇരുവരും അപ്പുറത്തും ഇപ്പുറത്തുമായി സൃഷ്‌ടിച്ച പൂന്തോട്ടങ്ങളിലൂടെ മതിലുകളുടെ വിഭജനങ്ങളെയും അവര്‍ സര്‍ഗ്ഗാത്മകമാക്കി.അതയാള്‍ക്ക് സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കി. സ്വതന്ത്രനാക്കപ്പെട്ട അയാള്‍ക്കു പിറകില്‍ ജയിലിന്റെ പടുകൂറ്റന്‍ വാതില്‍ ഭയങ്കര ശബ്‌ദത്തോടെ അടഞ്ഞു എന്നാണ്‌ ബഷീര്‍ എഴുതുന്നത്‌.
‘വിനീത ചരിത്രകാരന്‍’ എന്നാണ് ബഷീര്‍ സ്വയം വിശേഷിപ്പിച്ചതെങ്കില്‍ ചരിത്രത്തെ  പ്രത്യക്ഷസാന്നിദ്ധ്യമായി കൂടെ നടത്തുകയാണ്‌ ഉറൂബ്‌ ചെയ്‌തത്‌. ബൃഹദാകാരമുള്ള നോവലുകള്‍ അദ്ദേഹം എഴുതി. മുസ്ലീം സമൂഹത്തെക്കുറിച്ചാണ്‌ ബഷീര്‍ എഴുതിയതെങ്കില്‍ ഉറൂബ്‌ എഴുതിയവയിലേറെയും മുസ്ലിം ജീവിതത്തേയും മതേതതര സമൂഹത്തെയുമായിരുന്നു. നന്മ/തിന്മ തുടങ്ങിയ ദ്വന്ദ്വങ്ങളെ പാടെ നിഷേധിക്കുകയും ജീവിത വൈവിദ്ധ്യങ്ങളെയും ബഹുസ്വരതകളെയും അതായിത്തന്നെ കാണുകയും ചെയ്‌ത ഉറൂബിന്‌ പൂന്തോട്ട നിര്‍മ്മാണം, ജീവജാതികളിലാകെ സൗന്ദര്യം കണ്ടെത്താനുള്ള പരിശ്രമമായിരുന്നു. പന്നിക്കുട്ടികളുടെ സൗന്ദര്യത്തെക്കുറിച്ച്‌ ഉപന്യസിച്ച ആളാണ്‌ ഉറൂബ്‌.
ബഹുസ്വര സാന്നിദ്ധ്യം കൊണ്ട് പൂന്തോട്ടമായ`സുന്ദരികളും സുന്ദരന്മാരും' എന്ന നോവലില്‍ തന്നെയാണ്‌ ഏറ്റവും മികച്ച പൂന്തോട്ടനിര്‍മ്മാണവുമുള്ളത്‌. നോവലിന്റെ ആരംഭത്തില്‍ കുഞ്ചുകുട്ടിയുടെ ഏകാന്തതയെക്കുറിച്ച്‌ സൂചിപ്പിക്കുമ്പോള്‍തന്നെ തേവിനനച്ച ചെടിയെ ക്കുറിച്ചുള്ള പരാമര്‍ശം കടന്നു വരുന്നു.``പൂക്കാലം കാട്ടുചെടിയിലും ആകര്‍ഷകത്വം വിടര്‍ത്തുന്നു. ഉണ്ണികള്‍ വിരിയുമ്പോള്‍ ആ മനോജ്ഞത ഘനീഭവിച്ച ഓര്‍മ്മകളായി ഉന്മേഷം നേടും. എന്നാല്‍ മുരടിച്ച വസന്തത്തിന്റെ പഴുതുകളിലേക്ക്‌ തണുപ്പും വഴുവഴുപ്പുമെഴുന്ന വിഷാദം ഇഴഞ്ഞെത്തുന്നു. കുഞ്ചുകുട്ടിയുടെ മുഖത്തും അതായിരുന്നു. എന്തോ പൊയ്‌പോകുന്നുണ്ട്‌... തേവിനനച്ച ചെടിയെപ്പോലെ“ (പു.33)പിന്നീട്‌ നോവലിന്റെ അവസാനത്തില്‍, കുഞ്ഞിരാമന്റെ മരണശേഷം രാധയും വിശ്വവും ഒരു പുതിയ ജീവിതത്തിലേക്ക്‌ പ്രവേശിക്കും മുമ്പാണ്‌ പൂന്തോട്ട നിര്‍മ്മാണമെന്ന ആശയം വിശ്വം അവതരിപ്പിക്കുന്നത്‌.
``ഇവിടെ നല്ലൊരു പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥലമുണ്ട്‌!'' എന്നു പറഞ്ഞു കൊണ്ടാണ്‌ വിശ്വം കടന്നു വരുന്നത്‌.
``സ്ഥലമുണ്ട്‌''
``പിന്നെ?''
``സ്ഥലമുണ്ടെന്ന്‌''
``പൂന്തോട്ടമുണ്ടാക്കാന്‍ തയ്യാറുള്ള ആളില്ലന്നേ ഉള്ളൂ, അല്ലേ?''
..........
``ഇവിടെ അതൊക്കെ പിടിക്കുമോ?''
``ഭൂമിക്കു പക്ഷഭേദങ്ങളില്ല. നാം അല്‌പം അദ്ധ്വാനിക്കണമെന്നേയുള്ളൂ'' (പു 329). അടുത്ത ദിവസം വലിയൊരു കെട്ടു പൂച്ചെടികളുമായാണ്‌ വിശ്വം വന്നത്‌. പൂന്തോട്ടത്തിന്റെ പണി ആരംഭിച്ചു. രാധ കൈക്കോട്ടു കൊണ്ടുവന്നു. ക്രമേണ ഗോപാലകൃഷ്‌ണനും അവരോടു ചേര്‍ന്നു. മുന്തിയ ചെടികളൊന്നുമില്ല. എങ്കിലും നിറപ്പകിട്ടുള്ളതും പൂവുണ്ടാകുന്നവയുമായ കുറച്ചു ചെടികള്‍. ഒരു കൊച്ചു പൂന്തോട്ടം രൂപമെടുത്തു. വെള്ളം നനയ്‌ക്കുമ്പോള്‍ വിശ്വം പണ്ട്‌  കോഴിമുട്ട മുളയ്‌ക്കാന്‍ കുഴിച്ചിട്ടതിനെക്കുറിച്ച്‌ രാധ ഓര്‍മ്മിപ്പിച്ചു. `ഇനി ഞാന്‍ മുളയ്‌ക്കാത്തതതൊന്നും കുഴിച്ചിടാന്‍ വിചാരിക്കുന്നില്ല‘ എന്ന്‌ വിശ്വം മറുപടി പറയുകയും ചെയ്‌തു. സംഭാഷണവും നനയും ചിരിയും നടന്നുകൊണ്ടിരുന്നപ്പോള്‍ അടഞ്ഞുകിടന്ന ഒരു വാതില്‍ പതുക്കെ തുറന്നതുപോലെ ഗോപാലകൃഷ്‌ണനു തോന്നി. (പു.331)
കൃഷിയിലൂടെ വരുന്ന ചില മാറ്റങ്ങളെക്കുറിച്ചാണ്‌ ഇവിടെ സൂചിതമാവുന്നത്‌. ശത്രുവാണ്‌ പിന്നില്‍ നടക്കുന്നതെന്നുപോലും ഗോപാലകൃഷ്‌ണന്‍ ഓര്‍ക്കുന്നില്ല. രാഷ്‌ട്രീയ ശത്രുക്കളെ ഇല്ലായ്‌മ ചെയ്യാനുള്ള ശേഷി ഒരു പൂന്തോട്ടകൃഷി കൈവരിക്കുന്നു. രാഷ്‌ട്രീയത്തെ ത്തന്നെ അപ്രസക്തമാക്കിക്കൊണ്ടുമാണ്‌ പൂന്തോട്ടം വളരുന്നത്‌. അവസാനകാലത്ത് രാഷ്‌ട്രീയത്തില്‍ വിശ്വത്തിന്റെ എതിരാളിയായിരുന്ന കുഞ്ഞുരാമന്‍ പട്ടാളത്തില്‍ വെച്ച്‌ കൊല്ലപ്പെട്ടു കഴിഞ്ഞു. കുഞ്ഞുരാമന്റെ സഹയാത്രികനായിരുന്ന രാരിച്ചനെ അവര്‍ തങ്ങള്‍ക്കിടയില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്യുന്നു.
പൂന്തോട്ടത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ഉറൂബ്‌ വിവരിക്കുന്നുണ്ട്‌. ചെടികള്‍ക്ക്‌ പതുക്കെ പതുക്കെ വേരുപിടിക്കുന്നതോടെ അവരിലോരൊരുത്തരുടേയും ജീവിതത്തിലും സമൂഹത്തിലും സമാന്തരമായ മാറ്റങ്ങളുണ്ട്‌.
``നനയും വളവും പുത്തന്‍ തളിരുകളുണ്ടാക്കി, ജീവന്‍ പുതുതായി രൂപം കൊള്ളുന്നു. നനുത്ത കവിള്‍ത്തുടുപ്പുകള്‍, ചില്ലക്കൈകള്‍, രാധ അവയിലേക്ക്‌ നോക്കിനിന്നു. മുറിച്ചകറ്റിയവയാണ്‌. എങ്കിലും ആര്‍ദ്രയായ ഭൂമിയോടു ബന്ധപ്പെട്ടപ്പോള്‍ അവിടെ ജീവിതം തള്ളിക്കയറി വന്നു''. (പു.332) ജീവന്‍ അതിന്റെ എല്ലാ ചൈതന്യത്തോടെയും ഉദിച്ചുയരുന്നതിന്റെയും നിഴല്‍പ്പാടുകള്‍ ചുരുങ്ങുന്നതിന്റെയും അനുഭവം രാധയ്‌ക്കുണ്ടാവുന്നു. മുമ്പൊരിയ്‌ക്കല്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന്, ചുവരിന്മേല്‍ എഴുതിയിരുന്ന രണ്ടുവരികള്‍ക്ക്‌ (``ഒന്നുക്ക്‌ രണ്ടെന്ന്‌ വീരം പറഞ്ഞിറ്റ്‌, ഒക്കത്തു വെച്ചപ്പൊ ചൂളം വിളിച്ചില്ലേ മാതുക്കുട്ടി'') അര്‍ത്ഥ പൊലിമ നല്‍കി, തന്റെ ജീവിതവ്യാഖ്യാനം തന്നെയാക്കി രാധ മാറ്റിയതു പോലെ, ഈപൂന്തോട്ട കൃഷിയെയും അവള്‍ അങ്ങനെത്തന്നെ കാണുന്നു.

പില്‍ക്കാലത്ത്‌ വിശ്വം രാധയുടെ ജീവിത്തിലേക്ക്‌ ഒറ്റച്ചോദ്യം ചോദിച്ചുകൊണ്ട്‌ കയറി വരുന്നുണ്ട്‌. രാധയുമൊത്ത് ഒരു കുടുംബജീവിതം ആരംഭിക്കാനുള്ള ആഗ്രഹമായിരുന്നു അത്.ആ ചോദ്യം കേട്ട്‌ രാധ ഞെട്ടുകയും ചെയ്‌തു. വളരെക്കാലത്തെ ആലോചനക്കു ശേഷമാണ്‌ രാധ അതിന്‌ പരോക്ഷമായ മറുപടി പറയുന്നത്‌. മാത്രവുമല്ല, നോവലിനു പുറത്ത്‌, ഉറൂബിന്‌ ഈ വിവാഹത്തിലെ സദാചാര രാഹിത്യത്തിന്‌ വിശദീകരണം നല്‍കേണ്ടിയും വന്നു.  പക്ഷേ, പൂന്തോട്ട കൃഷി ആരംഭിച്ച കാലം മുതല്‍ ഓരോ ഇല വിരിയുന്നതും രാധ എന്ന ചെടിയിലാണെന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ടെന്നതാണ്‌ വസ്‌തുത. മുമ്പൊക്കെ കമ്പനിയില്‍ നിന്നു വന്നാല്‍ കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ശ്രദ്ധിച്ചിരുന്ന രാധ ഇപ്പോള്‍ സഞ്ചിയും കുടയും ഒരു വശത്തേക്കിട്ട്‌ ചെടികള്‍ക്കിടയിലേക്ക്‌ ചെല്ലുന്നു. വേണ്ടത്ര വളര്‍ച്ചയില്ലാത്ത മുല്ലവള്ളിയോട്‌ അവള്‍ ചോദിക്കുന്നു. ``മോളേ നീ എന്താണിങ്ങനെ മെലിഞ്ഞുപോകുന്നത്‌? നിനക്കെന്താടി ഇനി വേണ്ടത്‌? (പു.332). ആരും നട്ടുവളര്‍ത്താതെ കാട്ടുചെടിയായി വളരുന്ന നന്ത്യാര്‍വട്ടമാണ്‌ മുല്ലച്ചെടി വളരാതിരിക്കാന്‍ കാരണം. അതിനെ വെട്ടിമാറ്റണമെന്ന്‌ കദീജ പറഞ്ഞെങ്കിലും രാധയ്‌ക്കത്‌ സാധ്യമല്ല.
``കാട്ടുചെടി ബളരാന്‍ ബിട്ടാല്‍ അതു തോട്ടം മുടിക്കൂലേ?''
അതിനിടയില്‍ കദീജയുടെ കല്യാണക്കാര്യവും പുരോഗമിക്കുന്നുണ്ട്‌. രാധയും ഖദീജയും പരിശ്രമിച്ചിട്ടും നടക്കാതിരുന്ന `നന്ത്യാര്‍വട്ടപ്രശ്‌നം'വിശ്വം വരുന്നതോടെ പരിഹരിക്കപ്പെടുന്നു.
``നന്ത്യാര്‍വട്ടം അപ്പുറത്തേക്കു പറിച്ചുവെക്കും. രണ്ടു ദിവസം നനച്ചാന്‍ അത്‌ അപ്പുറത്തുനിന്ന്‌ പുഞ്ചിരി തൂകുന്നതു കാണാം''.
ഈ യുക്തി തനിക്കെന്തുകൊണ്ടു തോന്നിയില്ല എന്ന്‌ രാധയ്ക്ക് അത്ഭുതം തോന്നി. തേവി നനയ്‌ക്കലും പരിപാലനവുമല്ലാതെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പൂന്തോട്ടം എങ്ങനെ യാവണമെന്ന്‌ തീരുമാനിക്കുന്നതും ബുദ്ധിപൂര്‍വ്വമായ ഉപദേശം നല്‍കുന്നതും വിശ്വമാണ്‌. പണ്ട്‌ കോഴിമുട്ടമുളക്കാനായി കഴിച്ചിട്ട വിശ്വം എന്ന കുട്ടി വളര്‍ന്ന്‌ പൂന്തോട്ടം എന്ന രാഷ്‌ട്രരൂപത്തെ നിര്‍ണ്ണയിക്കാനുള്ള പ്രാപ്‌തിനേടുമ്പോള്‍ വിശ്വത്തേക്കാള്‍ മുതിര്‍ന്നവളും ഒരു കാലത്ത്‌ അവള്‍ വഴി നടത്തിയവനുമായ വിശ്വത്തിനു കീഴിലേക്ക്‌ കൂടുതല്‍ കൂടുതല്‍ വിധേയപ്പെടുന്നു.
`കുടുംബമില്ലാത്തിടത്തോളം കാലംമനുഷ്യന്‍ ഭൂമിയില്‍ വേരുപിടിക്കുന്നില്ല' എന്ന്‌ വിശ്വം മനസ്സിലാക്കുന്നത്‌, ഈ പൂന്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ സുലൈമാന്‍ നല്‌കുന്ന ഉപദേശം മൂലമാണ്‌.‘ വിവാഹം വേരാണോ?‘ എന്ന്‌ രാധ വിശ്വത്തോട്‌ ചോദിക്കുന്നതും പൂന്തോട്ടത്തിന്റെ നടുവില്‍ നിന്നു കൊണ്ടാണ്‌.
വിശ്വം തന്നോടൊപ്പം ജീവിക്കാന്‍ രാധയെ ക്ഷണിച്ചപ്പോള്‍, എന്തുമറുപടി പറയണ മെന്നറിയാതെ അവള്‍ മുറ്റത്തേക്ക്‌ നോക്കിയപ്പോള്‍ നന്ത്യാര്‍വട്ടം കാറ്റത്ത്‌ തലയാട്ടി നില്‍ക്കുന്നത്‌ കാണുന്നു. അത്‌ ആകെ രോമാഞ്ചം കൊണ്ടു നില്‍ക്കുകയാണെന്ന്‌ അവള്‍ക്കുതോന്നുന്നു.
``ആ നന്ത്യാര്‍വട്ടച്ചെടി പോലെയല്ല, മനുഷ്യരുടെ ജീവിതമെന്നു തോന്നുന്നു. പറിച്ചു നട്ടപ്പോള്‍  അതു നന്നായി. എനിക്ക്‌ അങ്ങനെ പറിച്ചു നടുവാന്‍, സാധിക്കുമെന്നു തോന്നിന്നില്ല'' (പു 341) .
``വേരു പിടിക്കുന്നതു വരെ വിഷമം തോന്നും'' വിശ്വം അടുത്തു നില്‌ക്കുന്ന ഒരു പനിനീര്‍ ച്ചെടിയെപ്പറ്റി സംസാരിച്ചു. അതിനു കൂടുതല്‍ വളമാവശ്യമുണ്ടെന്ന്‌ തോന്നുന്നു.
തോട്ടത്തിനൊരു വേലി കെട്ടേണ്ടന്നതിനെപ്പറ്റിയും മണിപ്പൂവള്ളി പടര്‍ത്തേണ്ടതിനെപ്പറ്റിയും അയാള്‍ പറഞ്ഞു..... മുക്കുറ്റി ഒരു തറവാട്ടുകാരിയാണ്‌. റോസപ്പൂ ഒരു കൊച്ചു സുന്ദരി. മുല്ല ബുദ്ധിയുള്ളവളാണെന്നു തോന്നും ചമ്പകം അഹമ്മതിക്കാരിയായണ്‌. ജമന്തി വിഡ്‌ഢിയും വിലാസവതിയുമാണെന്നു തോന്നുന്നു. (പു 342)
നന്ത്യാര്‍വട്ടത്തെ പറിച്ചു നട്ടപ്പോള്‍ പുതിയ തളിരുകള്‍ വന്ന മുല്ലയെ സാക്ഷിയാക്കിയാണ്‌ വിശ്വവും രാധയും പുതിയ ജീവിതത്തിലേക്ക്‌ കടന്നുകയറുന്നത്. രാധ വളര്‍ത്തിയെടുക്കുന്ന പൂന്തോട്ടത്തില്‍ പല ചെടികളെയും വെട്ടിക്കളയുന്നില്ലെങ്കിലും അവയെ പറിച്ചു ഓരങ്ങളിലേക്ക്‌ മാറ്റി നടുന്നുണ്ട്‌. രാഷ്‌ട്രീയത്തേയും കുഞ്ഞുരാമനേയും രാരിച്ചനേയുമൊക്കെ പുറത്തു നിര്‍ത്തി ‘ശാന്ത‘വും ‘സ്വാഭാവിക‘വുമായ ഒരു കുടുംബ ക്രമത്തിലേക്കാണ്‌ പൂന്തോട്ട കൃഷിയിലൂടെ രാധയും വിശ്വവും പ്രവേശിക്കാന്‍ ശ്രമിക്കുന്നതെങ്കിലും വിധ്വംസകമാണ് ആ കുടുംബത്തിന്റെ ഉള്ളടക്കമെന്നതാണ്‌ സ്ഥിതി. ഉറൂബ്‌ അതിനെക്കുറിച്ച്‌ നോവലിന്റെ ആമുഖത്തില്‍ എഴുതി:“രാധയും വിശ്വവും കൂടി ഒരു കുടുംബം സ്ഥാപിക്കാനുറയ്ക്കുന്ന കഥയുടെ പര്യവസാനം സദാചാരത്തിലേക്കല്ല വിരല്‍ ചൂണ്ടുന്നതെന്നും ചില സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.’ഉമ്മാച്ചു’വിന്റെ പര്യവസാനത്തെപ്പറ്റിയും ഇതേവിധമുള്ള ആക്ഷേപമുണ്ടായിരുന്നു.സദാചാരങ്ങള്‍ അനുഷ്ഠിക്കപ്പെടേണ്ടവ തന്നെ. പക്ഷേ, സദാചാരങ്ങള്‍ യുഗധര്‍മ്മങ്ങളാണ്.മാറിക്കൊണ്ടിരിക്കുന്നവയാണ്.ജീവിച്ചിരിക്കുവാനും കര്‍മ്മം ചെയ്യുവാനുമാണ് എല്ലാ ജീവികളും അബോധമായിട്ടെങ്കിലും ആഗ്രഹിക്കുന്നത്.ഈ ഇച്ഛ മനുഷ്യര്‍ക്കു സബോധമായിത്തീരട്ടെ എന്നേ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ”
പക്ഷേ,രാധയും വിശ്വവും തങ്ങളെത്തന്നെ കണ്ടെത്തിയതായി ഉറൂബ് രേഖപ്പെടുത്തുന്നു. പൂന്തോട്ടനിര്‍മ്മാണമാണ് അതിനവരെ പ്രാപ്തരാക്കിയത്.
`ചുഴിക്കു പിമ്പേ ചുഴി'യില്‍ കവികളെക്കുറിച്ച്‌ ഇന്ദിര പുലര്‍ത്തുന്ന സങ്കല്‌പം കൊക്കും ചിറകുമുള്ള ഒരു തരം വെളുത്ത മന്ദാരപ്പൂക്കള്‍ എന്നാണ്‌. മോഹനന്‌ തന്റെ പൂന്തോപ്പിനെ ക്കുറിച്ച്‌ വലിയ മതിപ്പാണ്‌ .ആ തോട്ടത്തിലെ ജമന്തികള്‍ പ്രസരിപ്പുള്ള പെണ്‍കിടാങ്ങളെ പ്പോലെയാണ്‌. വിനീതകളാണ്‌ മുല്ലപ്പൂക്കള്‍. രാജ്യം മാറിവന്ന്‌ അമ്പരന്നു നില്‌ക്കുന്നതു പോലെയാണ്‌ പനിനീര്‍പ്പൂക്കള്‍. കുറുകണ്ണന്‍മാരാണ്‌ ഉണ്ടതെച്ചികള്‍.
മോഹന്‍ എവിടെയൊക്കെയോ പോയി ചെടികള്‍  പറിച്ചു കൊണ്ടു വരുന്നു, കുഴിച്ചിടുന്നു. വളം ചേര്‍ക്കുന്നു വെള്ളമൊഴിക്കുന്നു. എന്തിനിതൊക്കെ ചെയ്യുന്നുവെന്ന്‌ ഇന്ദിര വിചാരിച്ചു നോക്കാറുണ്ട്‌. ആ പ്രവൃത്തികള്‍ ഒരു കവിയുടെ മനസ്സുപോലെയാണ്‌ ഇന്ദിരക്ക്‌ തോന്നുന്നത്‌.മോഹനും കവിയും പൂന്തോട്ടത്തിന്റെ ചന്തം നോക്കി നില്‌ക്കുന്നതുകണ്ട്‌ ഇന്ദിര വിചാരിച്ചു. ഈ ഭ്രാന്തന്‍ കവി മാത്രമാണ്‌ ഈ പൂന്തോട്ടം അംഗീകരിച്ചിട്ടുള്ളത്‌
`ഒരു പൂവുണ്ടായാല്‍ ഒരു രാജ്യം മുഴുവന്‍ മണക്കും' എന്നൊക്കെ പറയുന്നത് ശരിയാണോ എന്ന് ഇന്ദിര സംശയിച്ചു.അതിന്‍ ഭാസ്കരന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞു:‘എങ്ങനെ പറയാം.അത് ഇതുവരെ പൂത്തില്ലല്ലോ‘.
കവിയും പൂന്തോട്ടത്തെക്കുറിച്ച്‌ ശ്രദ്ധാലുവാണ്‌. പുതിയ റോസച്ചെടി പൂക്കാന്‍ തുടങ്ങിയ തിനെപ്പറ്റി അയാള്‍ പറയുന്നു. കുടുംബ ജീവിതത്തിന്റെ രൂപീകരണം തന്നെയാണത്‌. ഇന്ദിരയും കവിയും മാത്രമായി ഒരു പൂന്തോപ്പില്‍ നില്‌ക്കുന്നു. രണ്ടുതരം പൂക്കളുണ്ടാകുന്ന ചെടിയെപ്പറ്റി മോഹനന്‍ പറയുന്നു. ഇന്നൊരു വെളുത്തപൂ. പിന്നെ നാളയോ മറ്റന്നാളോ ഒരു ചുവന്ന പൂവാകാം. മനുഷ്യനും ഇങ്ങനെയൊക്കെത്തന്നെയല്ലേ? മോഹനന്‍ സീനിയ ചെടികളെ കുറിച്ചു പറയുമ്പോള്‍ ഇന്ദിര ശ്രദ്ധിച്ചകാര്യം അതിന്‌ തന്നോളം ഉയരമുണ്ടാകും എന്നാണ്‌.
പ്രകൃതിയും ചരാചരങ്ങളുമെല്ലാം മനുഷ്യപ്രകൃതിയുടെ ദുരന്തങ്ങളും സന്തോഷങ്ങളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായി സങ്കല്‌പിക്കുന്നത് പണ്ട്‌ മുതലേ സ്വീകരിച്ചുവന്ന സങ്കേതങ്ങളിലൊന്നാണ്. എന്നാല്‍ ഉറൂബ്‌ ആ വിധത്തിലല്ല പൂക്കളെയും മറ്റും കാണുന്നത്‌. യാദൃശ്ചികത എന്നൊരു ഘടകത്തിന്‌ തന്റെ നോവലുകളില്‍ വലിയ പ്രാധാന്യം നല്‍കിയൊരാളാണ്‌ ഉറൂബ്‌. പൂന്തോട്ടങ്ങള്‍ യാദൃശ്ചികങ്ങളല്ല. കൃത്യമായ ആസൂത്രണത്തോടെ നിര്‍മ്മിക്കുന്നവയാണവ. പൂന്തോട്ടനിര്‍മ്മാണത്തിലേര്‍പ്പെടുന്നതും അതിനെ പശ്ചാത്തല മാക്കി ജീവിത്തെക്കുറിച്ചും സംസാരിക്കുന്നതും ബോധപൂര്‍വ്വം തന്നെ. കാരണം ദേശരാഷ്‌ട്ര ത്തിന്റെ അന്യാപദേശങ്ങളായിരുന്നു ആ പൂന്തോട്ടങ്ങള്‍.
ദേശരാഷ്‌ട്രത്തിലെ പൗരന്മാര്‍ക്കു മേല്‍ യാദൃശ്ചികതകള്‍ വന്നു ഭവിക്കാം . എന്നാല്‍ ദേശമെന്നത്‌ സവിശേഷ ആസൂത്രണങ്ങളോടെ സംഘടിപ്പിക്കപ്പെട്ടതാണ്‌. യാദൃശ്ചികമല്ല അതില്‍ യാതൊന്നും.  അരികുകളിലേക്ക്‌ മാറ്റപ്പെടേണ്ടതും ഒത്തനടുവില്‍ നില്‌ക്കേണ്ടതുമായ പലതരം ചെടികള്‍ക്ക് സ്ഥാനം നിശ്ചയിക്കപ്പെട്ട പൂന്തോട്ടം.

(ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2 ഏപ്രില്‍ 2016)

Saturday, August 29, 2015

രാരിച്ചന്റെ യാത്രകള്‍


ഇവന്‍ ആരാണ്‌? എവിടെ നിന്നു വന്നു?
അങ്ങാടിപ്പശുക്കളുടേയും തെരുവു നായ്ക്കളുടേയും ഒപ്പം അവന്‍ വളര്‍ന്നു.
അവനു വികാരങ്ങളേയുള്ളു,ആശയങ്ങളില്ല.
വാക്കുകളേയുള്ളു,ചിന്തകളില്ല.
കണ്ണുകളേയുള്ളു,ദൂരക്കാഴ്ചകളില്ല.
(രാരിച്ചന്‍ എന്ന പൗരന്‍, 1956)

ഉറൂബ്‌ എന്ന എഴുത്തുകാരന്‍ നിരന്തരം പിന്തുടര്‍ന്നതോ, അദ്ദേഹത്തെ നിരന്തരം പിന്തുടര്‍ന്നതോ ആയ കഥാപാത്രങ്ങളിലൊരാളാണ്‌ രാരിച്ചന്‍. ഉമ്മാച്ചു,സുന്ദരികളുംസുന്ദരന്മാരും എന്നീ നോവലുകള്‍ക്കു പുറമേ ‘രാരിച്ചന്‍ എന്ന പൗരന്‍‘ എന്ന  സിനിമയാകെത്തന്നെ, രാരിച്ചന്റെ കഥാഖ്യാനങ്ങളായി നമുക്കു മുന്നിലുണ്ട്‌. 'ഉമ്മാച്ചു'വില്‍ രണ്ടു രാരിച്ചന്മാരുണ്ട്.സമകാലികനായ ഒരു രാരിച്ചനും മൂന്നുനാലു തലമുറകള്‍ക്ക് മുമ്പേ ജീവിച്ച മറ്റൊരു രാരിച്ചനും.പുതിയതലമുറയിലെ രാരിച്ചനാണ് നോവലുകളിലും സിനിമയിലും പിന്തുടര്‍ച്ചയുള്ളത്. സുന്ദരികളും സുന്ദരന്മാരും എന്ന നോവലില്‍ പ്രതിബദ്ധനായ ഒരു കമ്യൂണിസ്റ്റുകാരനാണ്‌ രാരിച്ചന്‍. നോവലുകളില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു സാമൂഹ്യ സന്ദര്‍ഭത്തിലാണ്‌ സിനിമയിലെ രാരിച്ചന്‍ വളര്‍ന്നുവലുതാവുന്നത്‌. ‘ഉമ്മാച്ചു‘വും ‘സുന്ദരികളും സുന്ദരന്മാ‘രും  എഴുതുന്ന അതേ കാലത്താണ്‌ ഉറുബ് സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്നത്‌. ആദ്യ സിനിമയായ ‘നീലക്കുയിലി‘ന്റെ (1954) തിരക്കഥ പൂര്‍ത്തിയാക്കി ഏറെ കഴിയും മുമ്പ്‌ ‘രാരിച്ചന്‍ എന്ന പൗര‘ന്റെ തിരക്കഥയും പൂര്‍ത്തിയായി. നീലക്കുയിലിന്റെ തുടര്‍ച്ചയാണ്‌ രാരിച്ചന്‍ എന്ന പൗരന്‍.  ‘നീലക്കുയിലി‘ല്‍ അനാഥനായി വളര്‍ന്ന നീലിയുടെ മകന്‍  തന്റെ പിതാവിനെ തിരിച്ചറിയുകയും ദേശീയ പൗരത്വത്തിലെക്ക്‌ ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. പ്രണയം, ജാതിരഹിത സമൂഹം, മാനവികതാവാദം തുടങ്ങിയ ആദര്‍ശാത്മക ചിന്തകളുടെ ആഖ്യാനങ്ങളാണ്‌ രണ്ടു സിനിമകളും. മലയാളസിനിമയില്‍ ആദ്യകാലം മുതലേയുളള  കുട്ടികളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനവും അവരുടെ വളര്‍ച്ചയും അനാഥത്വവും (വിഗതകുമാരന്‍, ബാലന്‍, ന്യൂസ്‌ പേപ്പര്‍ ബോയ്‌) `നീലക്കുലിയി‘ലിലും`രാരിച്ചന്‍ എന്ന പൗരനി‘ലും തുടരുന്നു.
`ഉമ്മാച്ചു' എഴുതിത്തീരുന്നതിനമുമ്പ്‌ തന്നെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന്റെ ഇതിവൃത്തം മനസ്സില്‍ രൂപം കൊണ്ടിരുന്നതായി ഉറൂബ് രേഖപ്പെടുത്തിയിട്ടുണ്ട്‌. ‘ഉമ്മാച്ചു‘  1953 ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലത്താണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെടുന്നത്‌ .1954ല്‍ അത് പുസ്തക രൂപത്തില്‍ പുറത്തു വന്നു.സുന്ദരികളും സുന്ദരന്മാരും 1954 ഒക്ടൊബറില്‍ എഴുതിത്തീര്‍ന്നു.  അതായത്‌ ഒരേകാലത്ത്‌ തന്നെയാണ്‌ രാരിച്ചനെ സംബന്ധിച്ച മൂന്ന്‌ ആഖ്യാനങ്ങളും ഉറൂബ് പൂര്‍ത്തിയാക്കിയത്‌.അതുകൊണ്ട്‌ ഏതാണ് ആദ്യം എഴുതപ്പെട്ടത്‌ എന്നത്‌ അപ്രസക്തമാണ്‌.ഉറൂബ് രാരിച്ചന്റെ കാര്യത്തില്‍ രേഖീയമായ ഒരു ആഖ്യാനം പിന്തുടരാത്തതുകാരണം ഏതു രാരിച്ചനാണ്‌ ആദ്യമുണ്ടായതെന്നു വേര്‍തിരിച്ചെടുക്കാനുമാവുകയില്ല. എന്നാല്‍ മൂന്നു രാരിച്ചന്‍മാരും ഒരേ പരമ്പരയില്‍ നിന്നു വന്നവരും പരസ്‌പരംപൂരിപ്പിച്ചുകൊണ്ട്‌ വളരുന്നവരുമാണ്‌.

ഭാവനാഭാരതവും കേരളവും
സിനിമയിലാണ്‌ രാരിച്ചന്റെ കുട്ടിക്കാലവും കൗമാരവും ആവിഷ്‌ക്കരിക്കപ്പെടുന്നത്‌. രാരിച്ചനെ കേന്ദ്രീകരിച്ചുള്ള ആഖ്യാനമാണ്‌ സിനിമ പിന്തുടരുന്നത്‌ .’നീലക്കുയിലി‘ലെ നീലിയുടെ മകന്‍ അനാഥനായി വളരുകയും സിനിമയുടെ പര്യവസാനത്തില്‍ സനാഥനായിത്തീരുകയും ചെയ്യുന്നു. രാരിച്ചനാകട്ടെ സനാഥനായി വളര്‍ന്ന് പിന്നീട് അനാഥനായി ദുര്‍ഗ്ഗണ പരിഹാര പാഠശാലയില്‍ എത്തിച്ചേരുന്നു. രാരിച്ചന്റെ പിതാവ്‌ ചോഴി തൂക്കിലേറ്റപ്പെടുകയും മാതാവ്‌ ഭ്രാന്തിയായി മരണപ്പെടുകയും ചെയ്‌തശേഷമാണ് അവന്‍ അനാഥനായത്‌ `ഇവന്‍ ആരാണ്‌? എവിടെ നിന്നു വന്നു'...’ എന്ന ചോദ്യം സിനിമയുടെ ആരംഭത്തിലും അവസാനത്തിലും ഉയരുന്നു. കോടതിമുറിയില്‍ ഭരണഘടനയ്ക്ക് മുന്നിലാണ് ആ ചോദ്യമുയര്‍ത്തപ്പെടുന്നതെന്നതും പ്രസക്തമാണ്.എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പോകുന്നു. ഭാവി ഭാരതം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളായി അവ അവശേഷിക്കുന്നു.

പരമ്പരാഗതമായ ഒരുനാടന്‍ ചക്കില്‍ നിന്നുളള ചെറിയ വരുമാനമാണ്‌ ചോഴിയുടെയും കുടുംബത്തിന്റെയും ജീവിതമാര്‍ഗ്ഗം. പി. ഭാസ്‌ക്കരന്‍  എഴുതിയ സിനിമയുടെ ആമുഖഗാനത്തില്‍ ആ ചക്കിനും കാളകള്‍ക്കു മൊക്കെ ഒരു അഖില കേരള സ്വഭാവം നല്‍കിയിട്ടുണ്ട്‌. തെക്കുന്ന്‌ വാങ്ങിയ ചക്ക്.വാണിയംകുളത്തുനിന്ന് വാങ്ങിയ കാളകള്‍.വൈക്കത്തെ കായലില്‍ നിന്നുള്ള വൈക്കോലും കൊച്ചിയില്‍ നിന്നുള്ള പച്ചപ്പുല്ലും കന്യാകുമാരിയിലെ കാറ്റും കോഴിക്കോട്ടങ്ങാടിയിലെ വാഴയ്ക്കയുമൊക്കെയാണ് കാളകളുടെ ഭക്ഷണം.കേരളം രൂപപ്പെടാന്‍ പോകുന്നതിനുമുമ്പുളള ഒരു ഭാവനാ കേരളത്തെ തന്റെ സിനിമയിലൂടെ ഉറൂബും ഗാനത്തിലൂടെ പി.ഭാസ്‌ക്കരനും ആവിഷ്ക്കരിക്കുന്നു.സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ടു വരുന്ന പുതിയ ദേശീയത്വത്തിന്റെയും കേരളീയതയുടെയും ആഖ്യാനമാണ്‌ ‘രാരിച്ചന്‍ എന്ന പൗരന്‍‘‍. അതില്‍ ജന്മിത്തത്തിന്റെ തിരോധാ നത്തെക്കുറിച്ചുളള സൂചനകളുമുണ്ട്‌. പുതിയ ഓയില്‍ മില്‍ വന്നപ്പോള്‍  ചോഴിയുടെ ചക്കിന്പണി യില്ലാതായി . നഷ്‌ടമായ തന്റെ പാരമ്പര്യ തൊഴിലിനൊപ്പം കുടികിടപ്പുകൂടി ജന്മിയാല്‍ നശിപ്പിക്ക പ്പെട്ടപ്പോള്‍ ചോഴി ജന്മിയെത്തന്നെ കൊലപ്പെടുത്തി പ്രതികാരം നിറവേറ്റി .ആനപ്പുറമേറി വന്നാണ്‌ ജന്മിയുടെ കിങ്കരന്മാര്‍ ചോഴിയുടെ കൂരതകര്‍ക്കുന്നത്‌.   തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ചോഴിയെ വധശിക്ഷക്ക്‌ വിധിച്ചു.കോടതിക്ക്‌ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപ്പെടേണ്ട കാര്യമില്ലായിരുന്നു. ചോഴിയുടെ മരണം ഭ്രാന്തിയാക്കി മാറ്റിയ അമ്മയും കൂടി മരണമടഞ്ഞതോടെ രാരിച്ചന്‍ സ്വതന്ത്രനും അനാഥനുമായിമാറി. എന്നാല്‍ അതിനുശേഷം നാം കാണുന്ന രാരിച്ചന്‍ മറ്റൊരാളാണ്‌ .കാര്യങ്ങളെ നര്‍മ്മം കലര്‍ത്തി കാണാന്‍ അവന്‍ പ്രാപ്‌തി നേടുന്നു. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുമായി പക്വതയോടെ ഇടപഴകാന്‍ കഴിയുന്ന പുതിയ പൗരനായി അവന്‍ മാറുന്നു.

നഗരത്തിലെത്തുന്ന രാരിച്ചന്‍ ആധുനിക പരിഷ്‌കൃതികളോടും യന്ത്ര സംവിധാനങ്ങളോടും പരിചയം നേടുന്നു. ``തെക്ക്‌ന്ന്‌ വാങ്ങിവന്ന കാളകളെയും'' തന്റെ എണ്ണച്ചക്കിനെയും അവന്‍ മറന്നു പോകുന്നു. നഗര ത്തിരക്കിനൊപ്പം അവനും ഒഴുകുന്നു. ഏതെങ്കിലും പ്രത്യേക സംവിധാനങ്ങ ളോടൊന്നും അവന്‍ ഒട്ടി ചേര്‍ന്നു നില്‍ക്കുന്നില്ല. യാത്രാബസ്സുകള്‍ എന്ന അക്കാലത്തെ അത്ഭൂതവാഹനത്തോടൊപ്പമാണ്‌ അവന്‍ എറ്റവും കൂടുതല്‍ ഇടപഴകുന്നത്‌. സമൂഹത്തിലെ വിവിധകോയ്മകള്‍ക്ക് മുന്നില്‍ ഒരു യാത്രാ ബസ്സ് സൃഷ്‌ടിക്കുന്ന അത്ഭൂതങ്ങള്‍  ഇക്കാലത്ത്‌, കാലഹരണം വന്ന നര്‍മ്മങ്ങളാണ്. പരിഷ്‌ക്കാരങ്ങളുമായി സമരസപ്പെടാന്‍ മനുഷ്യന് അക്കാലത്ത് കൂടുതല്‍ കാലം വേണമായിരുന്നു. ഇന്ന്‌  രണ്ടും ഏറെക്കുറെ ഒപ്പമെത്തുന്നു. എന്നാല്‍ രാരിച്ചന്‌ ഈ അകലം അനുഭവപ്പെടുന്നില്ലെന്നതുകൊണ്ടുകൂടിയാണ്‌ അവന്‍ ആധുനിക പൗരനാ കുന്നത്‌.സമൂഹത്തിന്റെ ഉന്നതശ്രേണിയിലിരുന്നവര്‍ക്കായിരുന്നു  സാമൂഹ്യസമത്വം സാങ്കല്പിക മായെങ്കിലുംസാദ്ധ്യമാക്കിയ പരിഷ്ക്കാരങ്ങളോട് സമരസപ്പെടാന്‍ കാലതാമസമുണ്ടായത്.

 പ്രണയമാണ്‌ ‘രാരിച്ചന്‍ എന്ന പൗര‘നില്‍ ദാരിദ്ര്യത്തിനൊപ്പം പ്രാമുഖ്യം നേടുന്ന മറ്റൊരു പ്രമേയം. ആധുനികാനുഭവമായാണ്‌ പ്രണയവും നമ്മുടെ സമൂഹത്തില്‍ പ്രവേശിച്ചത്‌. സാമ്പത്തികക്കോയ്മകള്‍ക്കും ജാതിക്കോയ്മകള്‍ക്കും മേലെയാണ്‌ അതിന്റെ സ്ഥാനമെന്ന് രാരിച്ചനും അബോധമായി മനസ്സിലാക്കുന്നുണ്ട്‌. സ്‌ത്രീധനം, വൃദ്ധവിവാഹം എന്നിവയ്ക്കെതിരെ യുളള  നവോത്ഥാന ചിന്തകള്‍ ജ്വലിച്ചു നില്‍ക്കുന്ന കാലം കൂടിയാണ്‌ അത്‌. സ്വാതന്ത്ര്യാനന്തര ദേശീയതയിലെ ആദര്‍ശയുവത്വത്തിന്റെ പ്രതീകമാണ്‌ രാരിച്ചന്‍. അതുകൊണ്ടാണ്‌ കദീജയുടെ വിവാഹത്തിന്‌ ,അത്‌ പ്രണയവിവാഹമാണെങ്കിലും സ്‌ത്രീധനത്തുക കണ്ടെത്താന്‍ രാരിച്ചന്‍ മോഷ്‌ടാവാകുന്നത്‌. ഏതുവിധേനയും പ്രണയാനുഭവത്തിന്‌ സമ്പൂര്‍ത്തിയുണ്ടാക്കുക എന്നത്‌ സിനിമയില്‍ ഭാഗികമായി ന്യായീകരിക്കപ്പെടുന്നുണ്ടെങ്കിലും മോഷണത്തിന്റെ പേരില്‍ മറ്റൊരു നിരപരാധി പോലീസ്‌ പിടിയിലാകുന്നത്‌ രാരിച്ചനെയും പരിഷ്കൃത സമൂഹത്തെയും പുനര്‍വിചിന്തന ത്തിന്‌ നിര്‍ബന്ധിതമാക്കുന്നു. അങ്ങനെയാണവന്‍ മോഷണക്കുറ്റംസ്വയം ഏറ്റെടുക്കുന്നത്‌. കളളവും ചതിയുമില്ലാത്ത, പ്രണയാനുഭവം അതിന്റെ സ്വാഭാവികതയില്‍ പൂര്‍ണ്ണമാവുന്ന ഒരു രാഷ്‌ട്രമാണ്‌ ഉറൂബ് വിഭാവന ചെയ്‌തത്‌. തന്റെ കുടുംബത്തെ തകര്‍ത്ത ജന്മിയൊടുളള പ്രതികാരം കൊണ്ടാണ്‌ താന്‍ മോഷ്‌ടാവായതെന്ന്‌ അവന്‍ പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഭാരതത്തിന്‌ അകറ്റി നിര്‍ത്തേണ്ട സ്‌ത്രീധനം, ജാതിചിന്ത, ജന്മിത്തം എന്നിവയെപ്പോലെ ത്തന്നെയാണ്‌ മോഷ ണവും.  നല്ല കാര്യത്തിനാണെങ്കിലും ധാരാളം നന്മകള്‍ക്കൊപ്പം ഇത്തിരി തിന്മ  കലര്‍ന്നവനായി രാരിച്ചന്‍മാറുകയും,  തിന്മ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാനായി അവനെ ദുര്‍ഗണ പരിഹാര പാഠ ശാലയിലേക്കയയ്ക്കുകയും ചെയ്യുന്നു. മറ്റുളളവര്‍ക്കുവേണ്ടി തിന്മകളെറ്റെടുത്ത കഥാപാത്രങ്ങ ളായാണ്‌  ചോഴിയും രാരിച്ചനും പിന്നീടും പ്രത്യക്ഷപ്പെടുന്നത്‌.രാരിച്ചന്‍ എന്ന സിനിമയില്‍ പലഭാഷകളും സംസ്‌ക്കാരങ്ങളും  കുടുംബമാതൃകകളും ഉറൂബ് അവതരിപ്പിച്ചിട്ടുണ്ട്‌. ഇത്തരമൊര നുഭവം പിന്നീട്‌ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലാണുളളത്‌. കൃസ്ത്യന്‍ ഹിന്ദു മുസ്ലീം സമൂഹങ്ങള്‍ അവരുടെ തനതുഭാഷയൊടൊപ്പം പ്രാദേശിക ഭാഷയും സംസാരിക്കുന്നു. എന്നാല്‍ രാരിച്ചന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്‌തമായ മറ്റൊരു ഭാഷയാണ്‌ സംസാരിക്കുന്നത്‌. അത്‌ ഒരു പക്ഷേ തെരുവിന്റെ ഭാഷയായിരിക്കാം.

വക്കീലും കോടതിയുയെല്ലാം ചേര്‍ന്ന പുതിയ നിയമവ്യവസ്ഥയിലുളള വിശ്വാസം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ്‌ സിനിമ പര്യവസാനിക്കുന്നത്‌. ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ നിന്ന്‌ പുറത്തു വരാനി രിക്കുന്ന രാരിച്ചന്‍ എന്ന ഭാവിപൗരനില്‍ രാഷ്‌ട്രത്തിന്‌ പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ്‌ കദീജ യുടെ ഉമ്മ “ഇപ്പോള്‍ തന്നെ തെമ്മാടിത്തരം കാണിച്ചാല്‍ നീ എവിടെ എത്തും“ എന്ന്‌ അവനെ ശാസിക്കുന്നത്‌. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നത്‌ കോടതിയുടെ പരിധിയല്ല എന്ന നിരീക്ഷണം പ്രസക്തമാണ്‌. കോടതിക്ക്‌ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷവിധി ക്കാനേ അധികാരമുളളു. രാരിച്ചന്റെ പിതാവ്‌ ചോഴിയെ വധശിക്ഷക്ക്‌ വിധിച്ചതും അങ്ങനെയാണ്‌. ചോഴി ഉയര്‍ത്തിയ സാമൂഹ്യപ്രശ്‌നങ്ങള്‍ക്കുളള പരിഹാരങ്ങളൊന്നും കോടതിയുടെ പക്കലില്ല. എന്നാല്‍ ചോഴി വധശിക്ഷക്ക്‌ വിധേയനായതുംരാരിച്ചന്‍ ദുര്‍ഗ്ഗുണ പരിഹാരശാലയിലെത്തിയതും മറുപടി കണ്ടെത്താത്ത സാമൂഹ്യ പ്രശ്‌നങ്ങള്‍ കാരണമാണ്. രാഷ്‌ട്രം കണ്ടെത്തേണ്ടതാണ്‌ ആ പരിഹാരങ്ങളെങ്കിലും അതിനുളള പരിശ്രമം വ്യക്തികളെന്ന നിലക്ക്‌ `ഉമ്മാച്ചു'വിലെയും `സുന്ദരിക‘ളിലെയും രാരിച്ചന്മാര്‍ നടത്തുന്നുണ്ട്‌.

മതം മാറിയ രാരിച്ചന്‍
‘ഉമ്മാച്ചു‘വിനുശേഷമാണ്‌ സിനിമ പുറത്തുവന്നതെങ്കിലും കൂടുതല്‍ ‘മുതിര്‍ന്ന‘ രാരിച്ചന്‍ `ഉമ്മാച്ചു‘വി ലാണുളളത്‌. യഥാര്‍ത്ഥത്തില്‍ മുതിര്‍ന്ന രണ്ട്‌ രാരിച്ചന്‍ മാരുടെ (ഉമ്മാച്ചു,സുന്ദരികളുംസുന്ദര ന്മാരും)  ഭൂതകാലവും കുട്ടിക്കാലവും ആവിഷ്‌ക്കരിക്കുകയാണ്‌ സിനിമ ചെയ്‌ത്‌. ‘ഉമ്മാച്ചു‘വില്‍ രണ്ടു രാരിച്ചന്‍ മാരുണ്ട്. തലമുറകള്‍ക്ക് മുമ്പ്‌ ജീവിച്ച ഒരു രാരിച്ചന്‍. അത്‌ `മായന്റെ ഉപ്പാ പ്പാന്റെ ഉപ്പാപ്പ‘യാണ്‌. മായന്റെ സമകാലികനായ  രാരിച്ചന്‍ ചക്കുന്തി യായ ചോഴിയുടെ മകന്‍ തന്നെയാണ്‌ .ബീരാന്റെ കൊല പാതകി എന്ന സ്ഥാനം ചോഴിയില്‍ ആരോപിക്കപ്പെടുന്നു. അതിന്‌ വളരെ യുക്തിഭദ്രമായ ഒരു കാരണവും കണ്ടുപിടിക്കപ്പെടുന്നു.ചോഴിയോട്‌ തന്റെ കുടികിടപ്പൊ ഴിയണമെന്ന്‌ ബീരാനും അവന്റെ പിതാവും നിരന്തരം ആവശ്യ പ്പെട്ടി രുന്നു. അവന്റെ തന്ത താമി പാട്ടത്തിനു വാങ്ങി പാടം തൂര്‍ത്തുണ്ടാക്കിയ പുരയിടമാണ്.  “എന്റെ കാരണവന്മാരുണ്ടാക്കി യതാണ്‌.ആ മാപ്പിളയ്ക്ക് തിന്നാന്‍ കൊടുക്കാനല്ല“ എന്ന്‌ പറഞ്ഞ്‌ ചോഴി കുടികിടപ്പൊഴിയാന്‍ വിസമ്മതിച്ചു. കേസിനും കൂട്ടങ്ങള്‍ക്കുമൊടുവില്‍ നിസ്സഹായനായി ചോഴിക്ക്‌ കുടികിടപ്പൊഴിയേ ണ്ടിയും വന്നു. അങ്ങനെയാണ്‌ ബീരാനോടുള്ള പൂര്‍വ്വവിരോധം സ്ഥാപിക്ക പ്പെടുന്നതും ചോഴി ബീരാന്റെ കൊലപാതകത്തില്‍ പ്രതിയാവുന്നതും. യഥാര്‍ത്ഥത്തില്‍ ആരാണ്‌ ബീരാനെ കൊല പ്പെടുത്തിയതെന്ന്‌ ഉമ്മാച്ചുവിനറിയാം. പക്ഷെ അവളത്‌ വെളിപ്പെടുത്തുന്നില്ല. കോടതിക്ക്‌ സംശയമൊന്നുമില്ലായിരുന്നു. ചോഴികുറ്റക്കാരന്‍തന്നെ. ജീവപര്യന്തം തടവ്‌ വിധിക്കപ്പെട്ടു. ബീരാന്റെ യഥാര്‍ത്ഥ കൊലപാതകിയായ മായന്‍ പില്‍ക്കാലത്ത്‌ ഉമ്മാച്ചുവിനെ വിവാഹം കഴിച്ച്‌ കുടുംബ ജീവിതം നയിക്കുന്നു. മായന്‍ തന്റെ ദുരിത ജീവിതകാണ്ഡംപാതിയില്‍ നിര്‍ത്തി വയനാടന്‍ കാടുകളില്‍ പര്യവസാനിച്ചപ്പോഴും ചോഴി ജയിലില്‍ത്തന്നെയായിരുന്നു. തങ്ങള്‍ കാരണം തകര്‍ന്നുതരിപ്പണമായിപ്പോയ കുടുംബത്തെക്കുറിച്ച്‌ ഉമ്മാച്ചുവോ മായനോ ഉത്‌ക്കണ്ഠപ്പെടുന്നി ല്ലെന്നത്‌ അത്ഭൂതകരമാണ്‌. ഉമ്മാച്ചുവിന്റെയും മായന്റെയും ഭാവി ജീവിതത്തിന്‌ സുരക്ഷിതത്വ മേകിയാണ് ചോഴി ജയിലില്‍ കഴിയുന്നത്.

രാരിച്ചന്റെ യൗവനകാലത്ത്‌ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തില്‍ പരസ്‌പരം ഏറ്റുമുട്ടുന്നു. ബീരാന്റെ മകന്‍ അബ്‌ദു കോണ്‍ഗ്രസ്സ്‌ പക്ഷത്തും മായന്റെ മകന്‍ ഹൈദ്രോസ്‌ മുസ്ലീം ലീഗ് പക്ഷത്തുമാണ്‌. അവിടെ ഹൈദ്രോസിനു വേണ്ടി മുദ്രാവാക്യം വിളിക്കുക യാണ്‌ രാരിച്ചന്റെ നിയോഗം. എല്ലാ പാര്‍ട്ടിക്കാരും രാരിച്ചനെ പലപ്പോഴും വാടകയ്ക്കെടുത്തു. നാലണയും ഒരു സിങ്കിള്‍ ചായയുമാണ്‌ പ്രതിഫലം. ഹൈദ്രോസിനു മുദ്രാവാക്യം വിളിക്കാന്‍ പോയാല്‍ ഉച്ചക്കു കഞ്ഞി തന്നെ കിട്ടും. അതുകൊണ്ട്‌ അധികവും അവന്‍ ഇസ്ലാമിനുവേണ്ടി മുദ്രാവാക്യം മുഴക്കി. തന്റെ അച്ഛനെ ജയിലില്‍ നിന്നു വിട്ടൊ എന്നവനറിഞ്ഞു കൂടാ. താഴെയുളള രണ്ടു കുട്ടികളും അമ്മയും കൂടി പതിനൊന്നുനാഴികദൂരത്തുളള ബന്ധുഗൃഹത്തിലേക്ക്‌ പോയതാണ്‌. പിന്നെ മടങ്ങിയിട്ടില്ല. ‘നീ എന്താണ്‌ എവിടെയും പോകാത്തത്‌ രാരിച്ചാ‘ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും:‘നമ്മള്  ഈ രാജ്യത്തെ ഒരു മേസ്തിരിയല്ലേ?നമ്മള് പോയാല്‍ രാജ്യക്കാര്‌ കഷ്‌ടത്തിലാവില്ലെ?‘ രാജ്യം പരിപാലിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു പ്രജയാണ് താനെന്ന മിഥ്യാബോധത്തിന്‌ അടിപ്പെട്ടു കൊണ്ട്‌ അവന്‍ കഴിഞ്ഞുകൂടി. അങ്ങനെയാണവന്‍ `ഇസ്ലാമിനെ അപകടത്തില്‍ നിന്നു രക്ഷിപ്പിന്‍. ഹൈദ്രോസ്‌ മുതലാളിക്കു വോട്ടു ചെയ്യുവിന്‍‘ എന്ന മുദ്രാവാക്യം മുഴക്കി ആ നാട്ടിലെങ്ങും അലഞ്ഞത്.

മൂന്നുനാലു തലമുറകള്‍ക്ക് മുമ്പ്‌ ജീവിച്ചിരുന്ന മറ്റൊരു രാരിച്ചനുണ്ട്‌. പന്തയക്കാളയെപ്പോലെ ഭീമകായനായ അയാളെ ഓണത്തല്ലിനു വേണ്ടി നമ്പൂതിരിപ്പാട്‌ വളര്‍ത്തുകയാണ്‌. കാട്ടിപ്പോത്തി നേക്കാള്‍ ശക്തി മൃഗത്തേക്കാന്‍ ബുദ്ധി- ഇതായിരുന്നു രാരിച്ചന്‍. ഇല്ലത്തെആനക്കുട്ടികള്‍ക്കും ഇയാള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. കൂട്ടാന്‍ കൂട്ടാതെ ആന ചോറുണ്ണും. രാരിച്ചന്‍ മുരിങ്ങ യിലക്കൂട്ടാന്‍ കൂട്ടി ഉരുട്ടിയാണ്‌ തട്ടിവിടുക. ആനക്ക്‌ വിലകിട്ടും. ഇയാള്‍ക്ക് വിലകിട്ടില്ല. രാരിച്ചനും അന്തര്‍ജ്ജനവും  തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന്‌ ധരിച്ച്‌ രാരിച്ചനെ പുറത്താക്കുകയും അന്തര്‍ജ്ജനത്തെ വധിച്ചുകളയുകയും ചെയ്‌തു. രാരിച്ചന്‍ പോയി തൊപ്പിയിട്ടു. ഇസ്മയേല്‍ എന്ന പേര്‌ സ്വീകരിച്ചു. ആ ഇസ്മായേലാണ്‌  പിന്നീട് നമ്പൂതിരിയെ വധിച്ചത്‌. `` “നമ്പൂര്യച്ചനെ കൊന്ന കജ്ജ്‌ “എന്ന അദ്ധ്യായത്തില്‍ ചരിത്രകാരന്‍ അഹമ്മതുണ്ണിയാണ് ഈ ചരിത്രം വെളിപ്പെടുത്തു ന്നത്‌. മായന്റെ ക്രിമിനല്‍ പശ്ചാത്തലം വിവരിക്കാനാണ്‌ ചരിത്രകാരന്‍ ഈ കഥ പറയുന്നത്‌. “ആ ഇസ്‌മേല് ഈ മായന്റെ ഉപ്പപ്പാന്റെ ഉപ്പാപ്പാണ്‌“.

 രാരിച്ചന്‍ എന്ന സുന്ദരന്‍
`സുന്ദരികളും സുന്ദരന്മാരി‘ല്‍  കരുത്തനും ആത്മബോധമുളളവനുമായ കഥാപാത്രമായി രാരിച്ചന്‍
വളര്‍ന്നുനില്‍ക്കുന്നു. ‘ഉമ്മാച്ചു‘വിലെയും സിനിമയിലെയും ചോഴിയുടെ തുടര്‍ച്ച തന്നെയാണ്‌ ഈ നോവലിലെയും ചോഴി. തന്റെ പിതാവിനെക്കുറിച്ച്‌ രാരിച്ചന്‍ പറയുന്നു: “ഒരു ചക്കുന്തിയുടെ മകനായി പിറന്നവനാണ്‌. എന്റെ അച്ഛന്‍ മരിച്ചതെങ്ങനെയാണെന്നറിയാമോ? ആരോ ചെയ്‌ത കുററത്തിന്‌ ആ മനുഷ്യന്‍ തൂക്കിലേറി. ഞങ്ങള്‍ക്കുളളതെല്ലാം പിടിച്ചു പറിച്ചു. ഞങ്ങള്‍ എച്ചില്‍ പെറുക്കി തെണ്ടി നടന്നു. എന്റെ അമ്മ വഴിയില്‍ കിടന്നാണ്‌ ചത്തത്‌. പട്ടികള്‍ ഇതിലും നന്നായി ചാവാറുണ്ട്‌. എന്റെ അമ്മയുടെ ശവം മൂന്നു ദിവസം വഴി വക്കില്‍ കിടന്നു“. (പുറം229-30)
ചിന്നിച്ചിതറിപ്പോയ തന്റെ കുടുംബത്തെപ്പറ്റിയാണ്‌ രാരിച്ചന്‍ പറയുന്നത്‌. ഇനി വരുന്ന മനുഷ്യരുടെ അമ്മയെങ്കിലും നിരത്തു വക്കത്തു കിടന്നുചാവാതിരിക്കട്ടെ എന്ന്‌ ആഗ്രഹിക്കത്തക്ക വിധത്തില്‍ അവന്റെ പ്രത്യയശാസ്‌ത്രബോധം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അവന്‍ കമ്യൂണി സ്റ്റാണ്‌.  രണ്ടാം ലോകമഹാ യുദ്ധത്തില്‍ മാറിമറിയുന്ന രാഷ്‌ട്രീയ നിലപാടുകള്‍ക്കൊപ്പം അവനും മാറുന്നു. അതിന്റെ പേരില്‍ അവന്‍ അപഹസിക്കപ്പെടുന്നുണ്ട്‌. റഷ്യയെ അനാദരിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല എന്നാണ വന്റെ നിലപാട്‌. രാരിച്ചനു യുക്തി വിചാരത്തിന്റെ ആവശ്യ മില്ലായിരുന്നു. വിശ്വാസം അവനെ കരുത്തുറ്റവനാക്കുന്നു. കുഞ്ഞിരാമനേക്കാള്‍ തീവ്രമായാണ്‌ ഇക്കാര്യത്തില്‍ രാരിച്ചന്റെ നിലപാട്. രാരിച്ചന്റേതിനു സമാനമാണ്‌ കുഞ്ഞിരാമന്റെ ഭൂതകാലവും. കുടികിടപ്പില്‍ നിന്ന്‌ നിര്‍ബന്ധ പൂര്‍വ്വം ഒഴിപ്പിക്കപ്പെട്ടതാണ്‌ അവന്റെ കുടുംബവും. യഥാര്‍ത്ഥത്തില്‍ അവര്‍ രണ്ടു പേരല്ല. ഒരാള്‍ തന്നെയാണ്‌ .അതുകൊണ്ടാണ്‌ കുഞ്ഞിരാമന്‍ പട്ടാളത്തില്‍ ചേരാനൊരുങ്ങുമ്പോള്‍ രാരിച്ചന്‍ തടയുന്നത്‌. അതിന്‌ കുഞ്ഞിരാമന്റെ വിശദീകരണം ഇതായിരുന്നു. “ഞാന്‍ ചത്താലും പാര്‍ട്ടി നടക്കണം. അതൊരു വ്യക്തിയുടെ കാര്യമല്ല. ചരിത്രത്തിന്റെ ഒരാവശ്യമാണ്‌..... രാരിച്ചന്‍, ഒഴിക്കാന്‍ വയ്യാത്ത ഒരു വ്യക്തിയുമില്ല. വ്യക്തികള്‍ വന്നും പോയുമിരിക്കും. പാര്‍ട്ടി തുടര്‍ന്നു പോകും. വ്യക്തിയുടെ പ്രവൃത്തി എന്നൊന്നില്ല. പാര്‍ട്ടിയുടെ പ്രവൃത്തിയേയുള്ള" (പു.302). കുഞ്ഞിരാമന്‍ വ്യക്തി എന്ന നിലക്ക്‌ സ്വയം നിഷ്ക്രമിക്കുകയായിരുന്നു. പട്ടാളത്തില്‍ വെച്ച്‌ കുഞ്ഞിരാമന്‍ മരണപ്പെട്ട തറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം രാരിച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ തൊണ്ടയിടറി കൊണ്ടു പറഞ്ഞുപോയി: ``ഞാനാണ്‌ മരിച്ചത്‌'' ...ജീവിച്ചിരുന്ന കാലം മുഴുവന്‍ അവന്‍ വിശ്വസ്തനാ യിരുന്നു. സത്യസന്ധനായിരുന്നു. അതാണ് സമാധാനം.” ...രാരിച്ചന്‍,കാറ്റിനോട് എന്ന പോലെ സംസാരിക്കാന്‍ ആരംഭിച്ചു.”എന്നെ സംബന്ധിച്ച് അവന്‍ വേറെ ഒരാളേ ആയിരുന്നില്ല.ഞാന്‍ തന്നെയായിരുന്നു.അയാളുമായി പെരുമാറിയ ആര്‍ക്കാണ് അങ്ങനെയല്ലാതെ തോന്നുക?ഒരു ജീവിതം മുഴുവനും ഉരുക്കിയുരുക്കിക്കളഞ്ഞു.ഞങ്ങള്‍ക്കുവേണ്ടി,ഞങ്ങള്‍ക്കുവേണ്ടി മാത്രം..”(പു. 313).
അക്കാലത്ത്‌ ധാരാളം പേര്‍ പട്ടാളത്തില്‍ ചേരുകയുണ്ടായി. അത്‌ ലോകയുദ്ധവുമായി മാത്രം ബന്ധപ്പെട്ടുകൊണ്ടായിരുന്നില്ല. ബ്രിട്ടീഷ്‌ പട്ടാളത്തിലെക്കാണെങ്കിലും രൂപപ്പെട്ടു വരുന്ന ഭാരതദേശീയതയിലേക്കുള്ള കുടിയേറ്റമായിരുന്നു അത്‌. യുദ്ധം കഴിഞ്ഞപ്പോള്‍ ഈ പട്ടാള ക്കാരിലേറെയും തിരിച്ചുവന്നെങ്കിലും ദേശീയതയെ പ്രതിനിധാനം ചെയ്‌തതിന്റെ, സന്തോഷം അവരില്‍ പലര്‍ക്കുമുണ്ടായിരുന്നു.

കുഞ്ഞിരാമന്‍ പട്ടാളത്തില്‍ ചേര്‍ന്ന ശേഷം രാധക്ക്‌ സാന്ത്വനവും പരിഗണനയും നല്‍കിക്കൊണ്ട്‌ രാരിച്ചന്‍ അവള്‍ക്കൊപ്പമുണ്ട്‌. കുഞ്ഞിരാമന്റെ അഭാവത്തില്‍ അവനുനേരെയുള്ള പരിഹാസ ത്തി ലേറെയും നേരിടേണ്ടിവന്നതും രാരിച്ചനാണ്‌. ജാപ്പുവിരോധി എന്ന പേരില്‍ അവന്‍ പരിഹസി ക്കപ്പെട്ടു. രാധയുടേയും അവന്റേയും പേരുകള്‍ ചേര്‍ത്ത് കവലകളില്‍ അശ്ലീലവര്‍ത്തമാനങ്ങള്‍ നിറഞ്ഞു. പിന്നീട്‌ രാധയുമായും രാരിച്ചന്‌ വേര്‍പിരിയേണ്ടി വന്നു. “ഞാന്‍ എന്നെയും എന്റെ വര്‍ഗ്ഗത്തെയും വഞ്ചിക്കാനൊരുക്കമില്ല. മധുരവാക്കുകള്‍ കേട്ടു മയങ്ങാന്‍ തയ്യാറുമില്ല'' എന്ന്‌ അവന്‍ തന്റെ ആശയദാര്‍ഡ്യം തുറന്നു തന്നെ പറഞ്ഞു. `:ദയയുള്ള മനുഷ്യരെല്ലാം നീതി ബോധമുള്ള വരായി കൊള്ളണമെന്നില്ല''എന്നായിരുന്നു രാരിച്ചന്റെ ബോദ്ധ്യങ്ങളിലൊന്ന്.രാധക്കും  അവളുടെ സഹോദരന്‍ ഗോപാലകൃഷ്‌ണനും വിശ്വത്തിനും മുന്നില്‍ തന്റെ ഭാഗം സമര്‍ത്ഥിക്കാനൊന്നും നില്‍ക്കാതെ മടങ്ങിപ്പോവുകയാണ്‌ രാരിച്ചന്‍. എങ്കിലും വലിഞ്ഞു നടക്കുമ്പോള്‍ പുഴയിലൂടെ അടിച്ചു വരുന്ന പുലര്‍കാലക്കാറ്റ്‌ പുതിയൊരുന്മേഷം അവന് നല്‍കി. രാധയും വിശ്വവും ചേര്‍ന്ന്‌ ഒരു കുടുംബം രൂപപ്പെടുത്തുന്ന ഘട്ടത്തിലൊന്നും രാരിച്ചന്‍ അവിടെയെങ്ങുമില്ല. നിര്‍ബന്ധമായും രാരിച്ചന്റെ സാന്നിദ്ധ്യമുണ്ടാവേണ്ട സന്ദര്‍ഭമായിരുന്നു അത്‌. എങ്ങോട്ടാണ്‌ രാരിച്ചന്‍ പോയത്‌?

രാരിച്ചന്റെ ജീവിതത്തെ ആശ്രയിച്ചു കൊണ്ടാണ്‌ സിനിമയുടെ ആഖ്യാനമെങ്കിലും നോവലിലെ രാരിച്ചന്‍മാര്‍ അപൂര്‍ണരാണെന്നു പറഞ്ഞുകൂടാ.  കുഞ്ഞുരാമന്റെ മരണത്തോടെ  `സുന്ദരിക'ളിലെ രാരിച്ചന്‍ ആന്തരികമായി ഇല്ലാതാകുന്നണ്ടെങ്കിലും ഉയിര്‍ത്തെണീറ്റ മറ്റൊരു രാരിച്ചന്‍ ഭാവികാലം നോക്കിയാത്ര തുടരുന്നുണ്ട്‌. ആ വിധത്തിലാണ്‌ രാരിച്ചന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഉമ്മാച്ചുവിലെ രാരിച്ചനുമുണ്ട്‌ സമൃദ്ധമായൊരു ഭൂതകാലം. ‘നമ്പൂര്യച്ചനെ കൊന്ന കജ്ജാ‘ണത്‌. ഏതാനും തലമുറ കള്‍ക്കുശേഷം അതേ രാരിച്ചന്‍ ചോഴിയുടെ മകനായി ജനിക്കുന്നു. ബൗദ്ധികമായി വളരാത്തതാ ണവന്റെ മനസ്സ്‌. ആര്‍ക്കു വേണ്ടിയും അവന്‍ മുദ്രാവാക്യം വിളിച്ചു.
ഇവരിലേതു രാരിച്ചനെയാണ്‌ ഉറൂബ്‌ ഭാവി രാഷ്‌ട്രത്തിലെ പൗരനായി കാണാനാഗ്രഹിച്ചത്‌?. ഉറൂബിന്റെ ആഖ്യാനത്തില്‍ നല്ലവരും ദുഷ്‌ടരും ഇല്ല. നന്മയും തിന്മയും സത്യവും അസത്യവും ഇല്ല. എല്ലാവരും സുന്ദരികളും സുന്ദരന്മാരുമാണ്‌. അതുകൊണ്ട്‌ മൂന്ന്‌ രാരിച്ചന്‍മാരും പരസ്‌പരമുള്ള വക ഭേദങ്ങളായി കാണാമെങ്കിലും ആദര്‍ശത്തിന്റെ കരുത്തിനാല്‍ കൂടുതല്‍ സുന്ദരനായി നില നില്‌ക്കുക ‘സുന്ദരിക‘ളിലെ രാരിച്ചനാണ്‌. അയാള്‍ പട്ടാളത്തില്‍ വെച്ചു മരിച്ചുപോയ കമ്യൂണിസ്റ്റു കാരനായ കുഞ്ഞുരാമന്റെ സ്‌നേഹിതനാണ്‌ (കുഞ്ഞുരാമന്‍ തന്നെയാണ്‌). കുഞ്ഞുരാമന്റെയെന്നപോലെ രാരിച്ചന്റെയും ജിവിതം തനിക്കു വേണ്ടിയായിരുന്നില്ല. രാധയുടെ ‘സഹോദര‘നും ഗോപാലകൃഷ്‌ണന്റെയും വിശ്വത്തിന്റെയും കൂട്ടുകാരനുമായിരുന്നിട്ടും, രാധ ഒരു കുടുംബക്രമത്തിലേക്ക്‌ പ്രവേശിക്കുന്ന നോവലിന്റെ അവസാനത്തില്‍ രാരിച്ചന്‍ അകറ്റി നിര്‍ത്ത പ്പെട്ടു. തന്റെ പ്രത്യയശാസ്‌ത്രസ്ഥൈര്യത്തിന്‌ കുറവൊന്നും വരുത്താതെയാണ്‌ അവന്‍ കൂടുതല്‍ സുന്ദരനാവുന്നത്‌. രാധയും വിശ്വവും ചേര്‍ന്ന്‌ സൃഷ്‌ടിച്ചെടുക്കുന്ന പുത്തന്‍ കുടുംബരൂപത്തിലൂടെ അവരും സുന്ദരരാക്കുന്നു.

‘ഉമ്മാച്ചു‘വിലെ രാരിച്ചനെ കുറിച്ച്‌ ഉറൂബ്‌ പ്രതീക്ഷയൊന്നും പുലര്‍ത്തുന്നില്ലെങ്കിലും സിനിമയിലെ രാരിച്ചന്‍ അങ്ങനെയല്ല. ദുര്‍ഗ്ഗുണപരിഹാര പാഠശാലയില്‍ നിന്ന്‌ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുമ്പോഴേക്കും അവനെകൂടി ഉള്‍ക്കൊള്ളാവു ന്നവിധം ദേശം പരുവപ്പെട്ടിരിക്കും. ദേശത്തിന്‌ ഉള്‍ക്കൊ ള്ളാനാവുന്ന വിധത്തില്‍ അവനും പരിവര്‍ത്തനം സംഭവിച്ചിട്ടു ണ്ടാവും. സുന്ദരികളിലെ രാരിച്ചന്റെ പ്രത്യയശാസ്‌ത്രത്തിന നുരോധമായി ദേശം പരിവര്‍ത്തനപ്പെടുമോ എന്ന്‌ ഉറൂബ്‌ പറയുന്നില്ല. അവന്‍ തന്റെ ഉറച്ച കാല്‍വെപ്പുകളുമായി മുന്നോട്ടു പോകുന്നുണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ നോവല്‍ പുതിയ കുടുംബ രൂപീകരണത്തിലേക്കും പൂന്തോട്ടകൃഷിയിലേക്കും പ്രവേശിക്കുന്നു. രണ്ടും ദേശത്തിന്റെ അന്യാപ ദേശങ്ങള്‍ തന്നെയാണ്‌. പുതിയ ദേശരാഷ്‌ട്ര ങ്ങള്‍ക്കും ഒഴിവാക്കാനാവാത്തതാണ്‌ കുടുംബങ്ങള്‍. ഇന്ത്യയെ സംബന്ധിച്ചടത്തോളം ദേശം വലിയ രൂപം കൈക്കൊള്ളാന്‍ തുടങ്ങുമ്പോള്‍ കുടുംബ ങ്ങള്‍  ചെറിയ മാത്രകളായി പിരിഞ്ഞു കൊണ്ടിരുന്നു. ഇതൊരു വൈരുദ്ധ്യമാണെങ്കിലും കുടുംബ ങ്ങളുടെ നിലനില്‌പിലൂടെയാണ്‌ രാഷ്‌ട്രത്തിന്റെ നിലനില്‌പ്‌. രാരിച്ചന്‍മാര്‍ മൂന്നു പേരും കുടുംബ വ്യവസ്ഥക്കു പുറത്താണെങ്കിലും അതിന്റെ വിദ്വേഷികളല്ല. കുഞ്ഞിരാമന്റെ തത്വശാസ്‌ത്രം അമര്‍ന്നു സ്‌നേഹിക്കേണ്ടവര്‍ അധികമധികം വിദ്വേഷം കൊള്ളണം എന്നാണ്‌. അത്‌ രാരിച്ച ന്റെയും തത്വചിന്തയാണ്‌.
സിനിമയിലെ രാരിച്ചന്‍ കദീജയ്‌ക്കൊരു കുടുംബം സൃഷ്‌ടിക്കാനുള്ള പരിശ്രമങ്ങള്‍ക്കൊടുവിലാണ്‌ ജയിലിലായത്‌. പിതാവിന്റെയും മാതാവിന്റെയും മരണത്തിലൂടെ അവന്റെ കുടുംബം ചിതറി പ്പോയെങ്കിലും മറ്റു പല കുടുംബങ്ങളുടെയും രൂപീകരണവും നിലനില്‌പുമാണ്‌ സിനിമയ്‌ക്കാധാരം. ‘ഉമ്മാച്ചു’വിലെ രാരിച്ചനും കുടുംബങ്ങളുടെ വൃദ്ധിക്ഷയങ്ങള്‍ക്കൊപ്പമാണ്‌ സഞ്ചരിക്കുന്നത്‌. അവന്റെ അച്ഛന്‍ ജയിലില്‍ കഴിയുന്നത്‌ ഉമ്മാച്ചുവും മായനും ചേര്‍ന്നുള്ള കുടുംബ ത്തിന്റെ നിലനില്‌പിനു വേണ്ടിയാണ്‌. നോവലിന്റെ അവസാനത്തില്‍ ചിന്നമ്മുവിന്റെയും അബ്‌ദു വിന്റെയും കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ ചാപ്പുണ്ണിനായര്‍ ആര്‍ദ്രനും നിസ്സഹായനുമാവുന്ന മതേതര കുടുംബസംഗമത്തില്‍ പക്ഷേ രാരിച്ചനില്ല.

അനാഥരും കുടുംബക്രമങ്ങള്‍ക്ക്‌ പുറത്തു നില്‌ക്കാന്‍ വിധിയ്‌ക്കപ്പെട്ടവരുമായ രാരിച്ചന്‍മാരെ, അവരുടെ പരസ്‌പരപൂരകത്വമാണ്‌ ഒരുമിപ്പിച്ചു നിര്‍ത്തുന്നത്‌. കുടുംബത്തിനു പുറത്തും അകത്തും നടക്കുന്ന മാറ്റങ്ങളുടെ ദൃക്‌സാക്ഷികള്‍ മാത്രമല്ല രാരിച്ചന്‍മാര്‍. അവര്‍ അതില്‍ പങ്കാളികള്‍ കൂടിയാണ്‌. എന്നിട്ടും അവര്‍ പുറത്തു നില്‌ക്കേണ്ടി വരുന്നു. കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാ ത്തവര്‍ എന്ന പേര്‌ സിനിമയിലെയും ഉമ്മാച്ചുവിലെയും രാരിച്ചന്‍മാര്‍ നേടിയിട്ടുണ്ട്‌. ‘സുന്ദരിക‘ളിലെ രാരിച്ചനാകട്ടെ വിട്ടുവീഴ്‌ചകളിലൂടെ രൂപീകരിക്കപ്പെടുന്ന കുടുംബരൂപത്തില്‍ നിന്ന്‌ വിട്ടകന്നു പോവുകയും ചെയ്യുന്നു. കുടുംബത്തിനു പുറത്താവുകയെന്നാല്‍ രാഷ്‌ട്രത്തിനു പുറത്താവുകയെന്നു തന്നെയാണ്‌ അര്‍ത്ഥം. കുടുംബമില്ലാത്തവന്‍ ദേശമില്ലാത്തവനാകുന്നു. ‘നീലക്കുയിലി‘ലെ നീലിയുടെ മകന്‍, തന്റെ പിതാവിനെ കണ്ടെത്തുന്നതോടെയാണ്‌ ദേശവും അവനെ തിരിച്ചറിയുന്നതെന്നു കാണാം.
പലകാരണങ്ങളാല്‍ തകര്‍ക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ്‌ ഈ രാരിച്ചന്‍മാര്‍  വരുന്നത്‌. ജന്മിത്തത്തിന്റെ നൃശംസതകളാണ്‌ അതിന്‌ കാരണമാകുന്നത്‌. ജന്മിത്വം തന്നെ ഇല്ലാതാകുന്ന തിന്റെ ആശങ്കകളും ആശ്വാസങ്ങളും ഉറൂബിന്റെ ആഖ്യാനങ്ങളിലുണ്ട്‌. കുടികിടപ്പില്‍ നിന്ന്‌ ഇറക്കിവിടപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തവരുടെ കുടുംബക്രമങ്ങള്‍ ഏതുവിധത്തി ലാവും ഭാവിയില്‍ രൂപം കൊള്ളേണ്ടതെന്ന്‌ ഉറൂബ്‌ വ്യക്തമാക്കുന്നില്ല. ഉമ്മാച്ചുവിലെ കുടുംബ സംഘര്‍ഷങ്ങള്‍ക്കിടക്ക്‌ അതിന്റെ ഇരയായ കുടുംബങ്ങള്‍ പരിഗണനാവിഷയമാകുന്നതേയില്ല. ‘സുന്ദരികളി‘ലെ രാധയും വിശ്വവും ചേര്‍ന്നുള്ള കുടുംബക്രമത്തിന്റെ രൂപീകരണത്തിലും രാരിച്ചന്റെ പങ്ക്‌ നിസ്‌തര്‍ക്കമാണ്‌. രാരിച്ചന്റെ തകര്‍ത്തെറിയപ്പെട്ട കുടുംബങ്ങള്‍ക്കു മേലെയാണ്‌ ഉമ്മാച്ചുവിന്റെയും രാധയുടെയും കദീജയുടെയും കുടുംബങ്ങള്‍ ഉയര്‍ന്നു വരുന്നത്‌.

എന്നിട്ടും കുടുംബങ്ങള്‍ക്കും രാഷ്‌ട്രത്തിനും പുറത്തു തന്നെ നില്‌ക്കുകയാണ്‌ രാരിച്ചന്‍മാര്‍.  

(കടപ്പാട്:പച്ചകുതിര മാസിക,ജൂലൈ 2015)

Monday, May 26, 2014

ദൃശ്യം,അദൃശ്യം: മലയാളികളുടെ മാതൃഭൂമി


ദേശമെന്ന വാക്കുപോലെ ഏറെ സന്നിഗ്ദ്ധതകളുള്ളതാണ് 'ഇട'മെന്ന വാക്കും. ഇടത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് ദേശമെന്നു പറയാറുണ്ട്. ഇടവും ദേശവുമൊക്കെ പ്രാഥമികമായി സ്ഥലപരമായ പരികല്പനകളാണ്. സ്ഥലപരം മാത്രമായ വ്യവസ്ഥയ്ക്കപ്പുറം ഒരു ആശയമണ്ഡലമായി ഇടം വ്യവഹരിക്കപ്പെടുമ്പോള്‍, അതില്‍ ഒന്നിലേറെ വ്യക്തികളുടെ സന്നിഹിതത്വവും അവരെ കൂട്ടിയിണക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഇത്തരത്തിലുള്ള  ഇടങ്ങളുടെ കൂട്ടമായാണ് ആധുനികതയുടെ കാലംവരെയും മറ്റു സമൂഹങ്ങളെന്നപോലെ കേരളീയ സമൂഹവും നിലനിന്നു പോന്നത്. ജാതിയും മതവും തന്നെയായിരുന്നു അവിടെ ഇടങ്ങളുടെ വിസ്തൃതി നിര്‍ണ്ണയിച്ചിരുന്നത്. ആധുനികതയുടെ ഭാഗമായി സംഭവിച്ച നവോത്ഥാനവും രാഷ്ട്രീയ ചിന്തകളുമെല്ലാം ചേര്‍ന്നാണ് ഈ ഇടങ്ങളെയെല്ലാം പൊതു ഇടങ്ങളായി മാറ്റിയെടുത്തത്.

 ആദ്യകാലങ്ങളില്‍ സ്ഥലം തന്നെയായിരുന്നു ഇടങ്ങളെ നിശ്ചയിച്ചിരുന്നത്. അന്നൊക്കെ ഇടം കൊണ്ട് പ്രതിനിധാനം ചെയ്യപ്പെട്ടിരുന്ന ഭൗതികസ്ഥലം എറെ വിസ്തൃതവും, വിനിമയം ചെയ്യപ്പെട്ടിരുന്ന ആശയപരമായ സ്ഥലം പരിമിതവും ഏകതാനവുമായിരുന്നു. പിന്നീട് സ്ഥലപരമായ വിസ്തൃതി ചുരുങ്ങുകയും, ആശയമണ്ഡലത്തിന്റെ സാന്ദ്രത കൂടുകയും ചെയ്തു. ഒരേ ആശയമണ്ഡലത്തിനകത്തു തന്നെ സംവാദാത്മകമായ ഇടങ്ങള്‍ സാദ്ധ്യമാവുകയും ചെയ്തു. പൊതു സ്ഥലത്ത് പ്രവേശിക്കുക എന്നാല്‍ ഒരു നവീനാശയത്തിലേക്ക് കടക്കുക എന്നു തന്നെയായിരുന്നു അര്‍ത്ഥം. അതുവരെ പ്രവേശനമില്ലാതിരുന്നവര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ദൈവീകാരാധനക്കു വേണ്ടിമാത്രമായിരുന്നില്ല. ഇന്ന് ഇടമെന്ന് വിവക്ഷിക്കുന്നത് ഭൗതികസ്ഥലത്തിന്റെ സാന്നിദ്ധ്യമുള്ളതോ, ഇല്ലാത്തതോ ആയ ഒരു ആശയ മേഖലയെയാണ്.

ജനങ്ങള്‍ക്ക് നിര്‍ബാധം പ്രവേശിക്കാവുന്ന, തുറന്ന ഒരു സാമൂഹ്യസ്ഥാനത്തെയാണ് പൊതുഇടം എന്ന് സാമാന്യമായി വിവക്ഷിക്കുന്നത്. അവിടെ പ്രവേശിക്കാന്‍ പണം നല്‍കേണ്ടതില്ല. പൊതുഇടത്തിന്റെ ഏറ്റവും വിശാലമായ നിര്‍വ്വചനമാണത്.അങ്ങാടികള്‍, മൈതാനങ്ങള്‍, ആല്‍ത്തറകള്‍, കടലോരങ്ങള്‍ എന്നിവയെല്ലാം അതില്‍പെടുന്നു.പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തന്നെയാണ് അവിടെ എല്ലാവരേയും കൂട്ടിയിണക്കുന്ന ഘടകം. പണം കൊടുത്ത് പ്രവേശിക്കേണ്ടവയെങ്കിലും എല്ലാവര്‍ക്കും പ്രവേശനമുള്ള ഇടങ്ങളും പില്‍ക്കാലത്ത് പൊതു ഇടങ്ങളായി വ്യവഹരിക്കപ്പെട്ടു. ടിക്കറ്റെടുത്തു കൊണ്ടല്ലെങ്കിലും ഒരു വിഭാഗത്തിനു മാത്രം പ്രവേശിക്കാവുന്ന അമ്പലങ്ങള്‍, പള്ളികള്‍ എന്നിവയായിരുന്നു ആദ്യകാലത്തെ പൊതു ഇടങ്ങള്‍.മതങ്ങളെയും ജാതികളെയും മാത്രം ആശ്രയിച്ചു നിലനിന്ന പൊതുഇടങ്ങളുടെ പരിണാമം, ആധുനികതയുടെ ആശയമണ്ഡലത്തിലൂടെയാണ് സാദ്ധ്യമായത്. പില്‍ക്കാലത്ത് രാഷ്ട്രീയ സമരങ്ങളും അവയുടെ യോഗങ്ങളും സൃഷ്ടിക്കുന്ന പൊതുഇടങ്ങള്‍  സ്ഥലപരതയില്‍ നിന്നു മുക്തി നേടി ഒരു ആശയമണ്ഡലത്തെ  പ്രതിനിധാനം ചെയ്യാന്‍ തുടങ്ങി.

ആധുനികതയുടെ കാലത്ത് പൊതു ഇടങ്ങളെല്ലാം പരിമിതമായ ഇടങ്ങളില്‍ നിന്നുള്ള വികാസമായിരുന്നുവെങ്കില്‍, ഉത്തരാധുനികയില്‍ ആഗോളമാകെ ഓരോരുത്തര്‍ക്കും സ്വന്തമാകയാല്‍, ഇടങ്ങളെന്നത് വീണ്ടും കൊച്ചു ദേശങ്ങളിലേക്കുള്ള പിന്‍മടക്കമാവുകയാണുണ്ടായത്.ആഗോളീകരണത്തിന്റെ അനന്തമായ കടലില്‍ ദിക്കുകിട്ടാതലയുന്നവര്‍ക്ക് ഇടയ്ക്കുള്ള കൊച്ചു തുരുത്തുകള്‍ പുതിയൊരുതരം പൊതു ഇടങ്ങളായാണ് അനുഭവപ്പെട്ടത്.ഉത്തരാധുനികത പലകാര്യങ്ങളിലും ആധുനികതയ്ക്കുമപ്പുറത്തേക്കുള്ള തിരിച്ചു പോക്കായത്, പൊതു ഇടങ്ങളുടെ കാര്യത്തിലും സംഭവിച്ചു. സ്ഥലപരവും ആശയപരവുമായ പരാധീനതകളില്ലാത്തതും, പൂര്‍ണ്ണമായും സ്ഥലനിര്‍മുക്തവുമായ സൈബര്‍ ഇടങ്ങളാണ് ഉത്തരാധുനികതയുടെ മറ്റൊരുമുദ്ര. ഫേസ്ബുക്ക് പോലുള്ള കൂട്ടായ്മകള്‍ സ്ഥലപരമായ അതിര്‍ത്തികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല, സ്ഥലം എന്ന പരമ്പരാഗത സങ്കല്പത്തെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. എന്നാല്‍ അതിരുകളില്ലാത്തതെന്ന് കരുതപ്പെടുമ്പോഴും ചില അതിര്‍ത്തികള്‍ നിശ്ചയിച്ചു കൊണ്ട് ഒരു കേന്ദ്ര നേതൃത്വം എവിടെയൊ ഇരുന്നുകൊണ്ട് എല്ലാം നിരീക്ഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം. പണ്ടത്തെ പൊതു ഇടങ്ങളില്‍ സ്വകാര്യത എന്നൊരു ഘടകം അന്യമായിരുന്നുന്നെങ്കില്‍, ഫേസ് ബുക്ക് പോലുള്ള പൊതുഇടങ്ങള്‍ നിരവധി സ്വകാര്യതകളാല്‍ പടുത്തുയര്‍ത്തപെപട്ടതാണ്. അതിലെ ഓരോ കല്ലും ഒരു സ്വകാര്യ ഇടമാണ്. അവ പരസ്പരം പലരീതിയില്‍, സംവേദനം നടത്തുന്നുണ്ടാവാം. എന്നാല്‍ എല്ലാവര്‍ക്കുമായി ഒരാശയവും അവിടെ പങ്കുവെക്കപ്പെടുന്നില്ല; അങ്ങനെയൊരു വ്യാജബോധം അത് ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും. അതീവരഹസ്യമെന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാല്‍ അത്യന്തം പരസ്യമായിരിക്കുകയും ഭരണകൂടങ്ങള്‍ക്ക് നിരീക്ഷണവിധേയയമാക്കാനുള്ള സൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പുതുകാല മാധ്യമങ്ങളുടെയും, സാങ്കേതികതകളുടെയും രീതി.

മലയാളിയുടെ പൊതു ഇടങ്ങള്‍

സ്ഥലപരമായും ആശയപരമായുമുള്ള പൊതു ഇടങ്ങളൊന്നും സൃഷ്ടിക്കാന്‍ പര്യാപ്തമല്ലാതെ കടന്നുപോയ സുദീര്‍ഘമായ ഒരു ചരിത്രകാലമാണ് മലയാളിയുടേത്. സമൂഹത്തെ വ്യക്തിനിരപേക്ഷമായും ജാതിനിരപേക്ഷമായും കാണുകയും, അതിനെ പൊതു ഇടങ്ങളിലേക്ക് നയിക്കാവുന്ന ചില അബോധപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തത്, വിദേശ സഞ്ചാരികള്‍, അറബ്, പോര്‍ട്ടുഗീസ്, ബ്രിട്ടീഷ് വണിക്കുകള്‍, എഴുത്തച്ഛന്‍, പൂന്താനം, ലീലാതിലകകാരന്‍, കുഞ്ചന്‍ നമ്പ്യാര്‍, സന്ദേശ കാവ്യകര്‍ത്താക്കള്‍, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ ചിലരില്‍ നിന്നാണ്. കുരുമുളകിന്റെ വിപണനത്തിലൂടെ കൈവന്ന ധനം, കുരുമുളകു കൃഷിക്കാരായ തന്റെ പ്രജകളെ ഭാവനാത്മകമായെങ്കിലും സങ്കല്പിക്കാന്‍ സാമൂതിരിയെ  പ്രാപ്തനാക്കി. ടിപ്പു സുല്‍ത്താന്റെ വരവോടെയാണ് ഭൂനികുതി, വസ്ത്രധാരണം,ഗതാഗതം എന്നിവയിലൂടെ സ്ഥാപിതമാക്കുന്ന പൊതു ഇടങ്ങള്‍ വെളിവായിത്തുടങ്ങിയത്. പിന്നീട് ശ്രീ നാരായണനും നവോത്ഥാനവും ആധുനികതയുമെല്ലാം ചേര്‍ന്ന് രൂപീകരിച്ചെടുത്ത ഒരു പൊതു ഇടത്തില്‍ നിന്നാണ് ഇന്നത്തെ മലയാളി ഉടലെടുത്തത്. മതങ്ങള്‍ക്കകത്തെ പൊതു ഇടങ്ങളെ മോചിപ്പിച്ച് വിശാലമാക്കിയതും അവയുടെ സ്വത്വം വെളിവാക്കപ്പെട്ടതും അങ്ങനെത്തന്നെ. ജാതീയതയും അയിത്തവുംചേര്‍ന്ന് പരിമിതപ്പെടുത്തുകയും നിശ്ചലമാക്കുകയും ചെയ്ത സ്ഥലകാലങ്ങളെ  മറികടക്കാതെ ആധുനികതയ്ക്കും നവോത്ഥാനത്തിനുമൊന്നും ഇങ്ങോട്ടു കടന്നു വരാനാവില്ലായിരുന്നു.

നവോത്ഥാനം, ഇപ്പോള്‍ ചരിത്രത്തിലെ പഴയൊരദ്ധ്യായമാണ്. നവോത്ഥാനത്തെ സാദ്ധ്യമാക്കിയ ഇടങ്ങള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയില്ലാതായത് നവോത്ഥാനത്തെ പരിഹസിക്കാനുള്ള കാരണങ്ങളിലൊന്നായി സ്വീകരിക്കാനെളുപ്പമാണ്. എന്നാല്‍ ഒരു സംസ്‌ക്കാരത്തില്‍ വിലയം ചെയ്തുകൊണ്ടാണ് ക്ഷേത്രപ്രവേശനവും, വിധവാവിവാഹവും, സ്വജാതി വിവാഹവും,പന്തിഭോജനവും മറ്റും അപ്രത്യക്ഷമായത്. ഇന്നതിലൊന്നിനും പ്രഹരശേഷിയില്ല എന്നത് ഒരു കാലത്തും അങ്ങനെയുണ്ടായിട്ടില്ല എന്നതിന്റെ തെളിവല്ല.അമ്പലപ്പറമ്പുകള്‍ ആല്‍ത്തറകള്‍, ഇടവഴികള്‍, പൊതുകുളങ്ങള്‍, തോടുകള്‍, വയലുകള്‍, ഉത്സവങ്ങള്‍ എന്നിവയിലെല്ലാം അതിന്റെ അടയാള മുദ്രകളുണ്ട്. വാലുള്ള പേരുകളില്‍ പലതിനെയും അത് വെട്ടിച്ചെറുതാക്കിയിട്ടുണ്ട്. ഒടിഞ്ഞു മടിങ്ങിക്കിടന്ന പേരുകളില്‍ പലതിനെയും അത് നിവര്‍ത്തി നിര്‍ത്തിയിട്ടുണ്ട്. ഭൂമി മാത്രം കണ്ടിരുന്ന പലരേയും അത് ആകാശവും ആകാശം മാത്രം കണ്ടിരുന്ന പലരേയും അത് ഭൂമിയും കാട്ടിക്കൊടുത്തു. വെയിലും മഴയും എല്ലായിടത്തും വര്‍ഷിക്കപ്പെടുമെന്ന് വ്യക്തമാക്കപ്പെട്ടു. അങ്ങനെയൊരുനാള്‍ മലബാര്‍, തിരുകൊച്ചി സംയോജനത്തിലൂടെ മലയാളികളുടെ മാതൃഭൂമിയും സൃഷ്ടിക്കപ്പെട്ടു.

ഗതാഗതവും വിദ്യാഭ്യാസവും

കേരളമെന്ന പൊതു ഇടത്തെ അര്‍ത്ഥവത്താക്കിയ രണ്ടു പ്രധാന ആശയങ്ങള്‍ പൊതുഗതാഗതവും പൊതു വിദ്യാഭ്യാസവുമാണ്. ആദ്യത്തേത് ഭൗതികാര്‍ത്ഥത്തിലുള്ള സഞ്ചാരത്തെ  സ്വതന്ത്രമാക്കുക മാത്രമല്ല ചെയ്തത് എന്നപോലെ രണ്ടാമത്തേത്, വിജ്ഞാനത്തിന്റെ സാര്‍വ്വലൗകികമായ വിനിമയം  സാദ്ധ്യമാക്കുക മാത്രവുമല്ല ചെയ്തത്.അവയോടൊപ്പം തന്നെയാണ് പൊതു വായനശാലകള്‍, സിനിമാ കൊട്ടകകള്‍, ഫിലിം സൊസൈറ്റികള്‍  തുടങ്ങിയ പലതും ഇവിടെ സംഭവിച്ചത്.

മതാധിഷ്ഠിതമായ ഇടങ്ങളെ പിന്തുടര്‍ന്ന് ഓരോ ഗ്രാമത്തിലുമുണ്ടായ ഏറ്റവും പ്രധാനമായ പൊതു ഇടം സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ തന്നെയാണ്. അത് സ്ഥലപരമായും ആ പ്രദേശത്തെ പൊതു ഇടമായി മാറുകയുണ്ടായി. എന്നാല്‍ ഇന്ന് ആ സ്ഥലം മാത്രമേ അവിടെ നിലനില്ക്കുന്നുള്ളൂ.അതിലൂടെ പ്രസരിക്കപ്പെട്ട ആശയമണ്ഡലം ഏറെക്കുറെ
അപ്രത്യക്ഷമായിക്കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ വരെയെങ്കിലും സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ കേരളീയ പൊതുമനസ്സില്‍ നിന്ന് കുടിയിറങ്ങി കഴിഞ്ഞു. സര്‍ക്കാര്‍ സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്നുകൊണ്ട്, സ്വന്തം കുട്ടിയെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ക്കുന്ന ഹിപ്പൊക്രസിയ്ക്ക് പൊതുബോധമെന്ന പേരിട്ടു വിളിക്കാമെങ്കില്‍ ഇതൊരു സ്വാഭാവിക പരിണാമം മാത്രമാണ്.അതിലത്രയൊന്നും ഉത്ക്കണ്ഠാകുലരാകേണ്ടതില്ല.സര്‍ക്കാര്‍/എയ്ഡഡ് മേഖലകളില്‍ ഓരോ പ്രദേശത്തും ആരംഭിക്കപ്പെട്ടതും നിലനിന്നതുമായ  സ്കൂളുകള്‍ക്കോരോന്നിനും ഒരു സമര ചരിത്രമുണ്ട്.ചെറുകാടിന്റെ ‘മുത്തശ്ശി’ വായിച്ചവര്‍ക്കറിയാം എന്തെന്ത് സമരകാഠിന്യങ്ങളിലൂടെ കടന്നുവന്നാണ് അദ്ധ്യാപകരുടെതൊഴിലും സ്ക്കൂള്‍ എന്ന സ്ഥാപനവും നിലനിര്‍ത്തിയതെന്ന്. മലയാളിയുടെ പ്രലോഭിതമനസ്സിനെ സന്തോഷിപ്പിക്കാന്‍ യൂണിഫോറവും സ്ക്കൂള്‍വണ്ടിയും ഉച്ചഭക്ഷണവുമെല്ലാമായി സര്‍ക്കാര്‍ സ്ക്കൂളുകള്‍ അണിഞ്ഞൊരുങ്ങി നിന്നാലും അണ്‍ എയ്ഡഡ് മേഖലയിലെ കനത്ത ഫീസും ഇല്ലാത്ത സൌകര്യങ്ങളും അശിക്ഷിതരായ അദ്ധ്യാപകരും മതി തങ്ങളുടെ കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ എന്നു കരുതുന്നതാണ് സമകാലീന      ‘ പൊതു ബോധം‘.
ചുവന്ന ബസ്സുകള്‍ എന്നു വിളികേട്ട കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍   കേരളപ്പിറവിയോടൊപ്പം ഓടി തുടങ്ങിയതാണ്. തീവണ്ടികള്‍ ചെയ്തതിനു സമാന്തരവും പൂരകവുമായി അവ ഉള്‍നാടുകളിലേക്ക് ചെന്ന് ഓരോരുത്തരേയും പൊതുവഴികളിലെത്തിച്ചു.ഒരു സര്‍ക്കാര്‍ സ്‌ക്കൂളെന്നാല്‍ ഏതാനും ചില കെട്ടിടങ്ങള്‍ മാത്രമല്ലാത്തതു പോലെ കെ.എസ്.ആര്‍.ടി.സി. യും ഏതാനും ബസ്സുകളും ചില ഓഫീസുകളുമല്ല. അവയിലെ യാത്രയെന്നാല്‍ തുടക്കത്തിനും ഒടുക്കത്തിനും ഇടയ്ക്കുള്ള ഇത്തിരി സ്ഥലദൂരം മാത്രവുമല്ല. കേരളത്തിന്റെ വടക്കെ അറ്റം മുതല്‍ തെക്കെ അറ്റം വരെ, മലയാളനാടിനെ ഒറ്റച്ചരടില്‍ കോര്‍ത്തുകൊണ്ട് അത് കയറിയിറങ്ങിയ കുന്നും കുഴികളുമൊന്നും മറ്റൊരു വാഹനവും ഇതുവരെ താണ്ടാത്തതാണ്. അതിന്റെയത്രയും നാടുകണ്ട മറ്റാരുമില്ല. അത് ഭേദിച്ച ഇരുട്ടിന്റെ റെക്കൊര്‍ഡ് ഇനിയാര്‍ക്കും ഭേദിക്കാനാവില്ല. എങ്കിലും എത്രകാലംകൂടി ചുവന്ന ബസ്സുകള്‍ ഇനിയും നിരത്തിലുണ്ടാവുമെന്ന് ആര്‍ക്കും പറയാനാവില്ല. അതൊരു ചുവന്ന ഓര്‍മ്മയായി മാറുവാന്‍ പോകുന്നു. എത്ര ഓടിയാലും സ്വകാര്യബസ്സുകള്‍ക്ക് നേടാന്‍ കഴിയാത്തതാണ് അതിന്റെ ഭാഗധേയം.കണ്ടക്ടറുടെ മോശം പെരുമാറ്റം പറഞ്ഞോ സമയനിഷ്ഠയുടെ അഭാവമെന്നപേരിലോ സ്വകാര്യബസ്സുകള്‍ കൊണ്ട് അതിനെ പകരം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണ തിരോധാനം സൃഷ്ടിക്കാവുന്ന അവ്യവസ്ഥകള്‍ നമ്മള്‍ മുന്‍‌കൂട്ടി കാണേണ്ടതുണ്ട്. പൊതുവിതരണ രംഗത്ത് റേഷന്‍‌കടകള്‍ വഴി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പോലൊന്നാണ് ഗതാഗത രംഗത്ത് കെ.എസ്.ആര്‍.ടി.സി.യുടേത്.ലാഭം മാത്രം കണക്കാക്കിയല്ല ഇത്രകാലമെന്നപോലെ ഇനിയുമവ ഓടേണ്ടത്.ഷെഡ്യ്യൂളുകള്‍ നിരന്തരം
വെട്ടിക്കുറച്ചും സ്വകാര്യ ബസ്സുകള്‍ക്ക് സൌകര്യമൊരുക്കിയും മറ്റും സര്‍ക്കാര്‍ തന്നെയാണതിനെ ഇല്ലതെയാക്കാന്‍ പോകുന്നത്.നമ്മുടെ പൊതുബോധമാകട്ടെ അവയ്ക്കനുകൂലമായി ഇനിയും തിരിഞ്ഞിട്ടുമില്ല.
ഇതിനെല്ലാം സമാന്തരമായാണ് വായനയുടേയും എഴുത്തിന്റേയും കാഴ്ചയുടെയും ഇടങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. നവോത്ഥാനാശയങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളാണ് അവയോരോന്നിനെയും സ്വതന്ത്രരൂപങ്ങളായി കേരള സമൂഹത്തില്‍ നിലനിര്‍ത്തിയത്. അതീവ സ്വകാര്യ ഇടമായി സങ്കല്പിക്കപ്പെട്ടിരുന്ന എഴുത്തിന്റെയും വായനയുടെയും മണ്ഡലം പത്തൊമ്പതാം നൂറ്റാണ്ടൊടുവില്‍തന്നെ, നാനാവര്‍ണ്ണ ജാതികളിലേക്ക് പരന്ന്, ഒരു പൊതുമണ്ഡലമായിക്കഴിഞ്ഞിരുന്നു. തന്റെ ഭാര്യക്ക് വായിച്ചു രസിക്കാനായി ചന്തുമേനോന്‍ 'ഇന്ദുലേഖ' എന്ന നോവല്‍ എഴുതിയെങ്കിലും, അത് മറ്റനേകം മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ ഭാര്യമാര്‍ കൂടി വായിച്ചു രസിച്ചു. ഒന്നാം പതിപ്പ് മൂന്നു മാസങ്ങള്‍ കൊണ്ടു തന്നെ വിറ്റു തീര്‍ന്നു. ഇന്ദുലേഖയിലെ പതിനെട്ടാമദ്ധ്യായത്തില്‍, ഗഹനങ്ങളായ ശാസ്ത്രസിദ്ധാന്തങ്ങളും നൈതികതയും, യുക്തിചിന്തകളും ചര്‍ച്ചക്കു വിധേയമാക്കുമ്പോള്‍, തന്റെ ഭാര്യയുടെ കേവലമായ കഥാവായനാ കൗതുകം മാത്രമല്ല, ചന്തുമേനോന്റെ മുന്നിലുണ്ടായിരുന്നതെന്ന് തീര്‍ച്ച. തുടര്‍ന്നിങ്ങോട്ട് എഴുത്തിന്റെയും വായനയുടെയും അതിവിശാലമായൊരു പൊതുഇടം സൃഷ്ടിക്കപ്പെട്ടു. പദ്യത്തിലുപരി ഗദ്യത്തിന്റെ വികാസമാണതിനു സഹായിച്ചത്. ‘ പാവങ്ങള്‍‘ എന്ന വിഖ്യാത നോവലിന്റെ തര്‍ജ്ജുമ, മലയാള ഗദ്യചരിത്രത്തിലെന്ന പോലെ വായനാചരിത്രത്തിലും ആശയമണ്ഡലത്തിലും ഉണ്ടാക്കിയ മാറ്റം അളന്നു തീര്‍ക്കാവുന്നതല്ല. പദ്യരൂപം അന്ന് തിരസ്‌ക്കരിക്കപ്പെടുകയൊന്നുമുണ്ടായില്ല. 'രമണ‘ ന്റെ കോപ്പികള്‍ സ്വന്തമാക്കാനാവാത്തവര്‍, അത് നോട്ടുപുസ്തകത്തില്‍ പകര്‍ത്തിയെടുത്തും, പരസ്പരം കൈമാറിയും വായിച്ചുരസിച്ചു.

വായനകളുടെ ശാലകള്‍

“ അതിര്‍ രേഖകളില്‍ തലയും കാലും മുട്ടുന്ന അക്ഷരങ്ങള്‍ ആദ്യം പെന്‍സിലുകൊണ്ട് അതിലൊരാള്‍ എഴുതിയത് പുതിയ തലമുറയിലെ കുട്ടികള്‍ വാപൊളിച്ച് വായിച്ചു:കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക വിജ്ഞാനപോഷിണി വായനശാല.                     പെന്‍സില്‍ വരയുടെ അസ്ഥികൂടത്തിന് മാംസം കൊടുത്ത് മൂന്നു വരികളിലായി-കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക എന്ന ഒന്നാം വരി ഇടത്തരം നീലയില്‍, വിജ്ഞാന പോഷിണി എന്ന രണ്ടാം വരി അരികുമഞ്ഞച്ച വലിയ ചുവപ്പില്‍, വായനശാല എന്ന മൂന്നാംവരി ഇഷ്ടിക നിറത്തില്‍ - മാനത്ത് തിടം കൊള്ളാന്‍ തുടങ്ങി. വിവാഹമോ, കുടുംബമോ കൂടാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ ജ്ഞാനത്തിനു സമര്‍പ്പിച്ച ഒരു മഹിതജന്മത്തോട് ഒരു ഗ്രന്ഥശാലയിലൂടെ കാലം കടപ്പാട് വീട്ടുകയായിരുന്നു എന്ന് നീല ലിപികള്‍ അലസമായി വായിച്ച പുതിയതലമുറയ്ക്ക് മനസ്സിലായതേയില്ല.'' (പു. 297, മനുഷ്യന് ഒരു ആമുഖം)
സ്വാതിതിരുനാള്‍ മഹാരാജാവ് രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് 1829 ല്‍ സ്ഥാപിച്ച ഗ്രന്ഥശാലയാണ് പിന്നീട് പബ്ലിക്ക് ലൈബ്രറിയായി മാറിയത്. എങ്കിലും മൂന്നായി നിന്ന കേരളത്തില്‍ ഓരോ സ്ഥലത്തും പല കാലങ്ങളിലും പലവിതാനങ്ങളിലുമാണ് വായനശാലാ പ്രസ്ഥാനം വേരുപിടിച്ചത്. 1937 ജൂണ്‍ 14 ന് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. അതില്‍ വെച്ച് മലബാര്‍ വായനശാലാസംഘം രൂപീകരിക്കുകയും ഇ. രാമന്‍ മേനോനെ പ്രസിഡണ്ടായും കെ. ദാമോദരനെ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതേകാലയളവില്‍ കൊച്ചിയില്‍  സമസ്തകേരള പുസ്തകാലയസമിതിരൂപികരിക്കപ്പെട്ടു. 1945 ല്‍ അമ്പലപ്പുഴയില്‍ വെച്ച് അഖിലതിരുവിതാംകൂര്‍ ഗ്രന്ഥശാലാസമ്മേളനം നടന്നു. അവിടെ വച്ച് അഖിലതിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപീകരിക്കപ്പെട്ടു. 1950 ല്‍ ഇത് തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം ആയി മാറി. സംസ്ഥാന രൂപീകരണത്തോടെ  കേരള ഗ്രന്ഥശാലാ സംഘമായും മാറി. 1977 ല്‍ കേരള ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1991 ല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. കേരളം എന്ന ഭൂപ്രദേശത്ത് മൂന്നായി നിലനിന്ന വായനശാലാ പ്രസ്ഥാനമാണ് കേരളപ്പിറവിയോടെ ഒന്നായി മാറിയത്. അത് ഭിന്നമായി നിലനിന്നിരുന്നതും പിന്നീട് സംയോജിപ്പിക്കപ്പെട്ടതുമായ കേരളത്തിന്റെ സാംസ്‌കാരികചരിത്രം തന്നെയാണ്.

വായനാ സമൂഹത്തിന് ഒരു ഇടമൊരുക്കിക്കൊടുത്തത് വായന ശാലകളാണ്.മുന്‍ തലമുറയിലെ പല എഴുത്തുകാരുടേയും ചരിത്രമാരംഭിക്കുന്നതും ഇത്തരമൊരു വായനശാലയില്‍ നിന്നാണ്. പലരെയും  മനുഷ്യരാക്കിയതും അവയാണ്. കേരളത്തിലങ്ങോളമിങ്ങോളം ചെറിയ മുറികളില്‍, ഏതാനും പുസ്തകങ്ങളുമായി അന്നാട്ടിലെ ചെറുപ്പക്കാരുടെ അദമ്യമായ ഇച്ഛാശക്തിയുടെ മാത്രം പിന്‍ബലത്തിലാണ് വായനശാലകള്‍ മുന്നോട്ടുപോയത്. നാട്ടിലെ ഉത്പതിഷ്ണുക്കളായ ചെറുപ്പക്കാരുടെ കൂട്ടുചേരാനുള്ള ഇടങ്ങളായിരുന്നു ഓരോ വായനശാലയും. പുസ്‌തകചര്‍ച്ചകളും കൈയെഴുത്ത് മാസികകളുമെല്ലാമായി അത് വളര്‍ന്നു. പലപ്പോഴും ഏതെങ്കിലുമൊരു പീടിക മുറിയുടെ മുകള്‍ നിലയില്‍, അതിന്റെ ഉടമസ്ഥന്റെ കാരുണ്യത്തില്‍ വാടകയൊന്നും നല്കാതെ അത് പ്രവര്‍ത്തിച്ചു. എങ്കിലും തട്ടിന്‍പുറത്തെ ഇത്തിരി സ്ഥലവും ഏതാനും പുസ്തകങ്ങളും മാത്രമായിരുന്നില്ല അത്. എഴുപതുകളിലെയും എണ്‍പതുകളിലെയും സാംസ്‌ക്കാരികമായ ഉണര്‍വിനെക്കുറിച്ച് ഏറെ പറയുമ്പോഴൊന്നും വായനശാലകളെ നാം വേണ്ടത്ര പരിഗണിക്കുകയുണ്ടായില്ല.

പില്‍ക്കാലത്ത് പല ഗ്രന്ഥശാലകള്‍ക്കും സ്വന്തമായ കെട്ടിടങ്ങളും സര്‍ക്കാര്‍ ഗ്രാന്റും ലഭിച്ചു തുടങ്ങി. കമ്പ്യൂട്ടറും ടി.വി. യുമെല്ലാം അതിന്റെ ഭാഗമായി. എന്നാല്‍ സാവധാനത്തില്‍ എല്ലാ കൂട്ടായ്മകളുടെയും തിരോധാനങ്ങള്‍ക്കൊപ്പം വായനശാലകളിലും ആളൊഴിയാന്‍ തുടങ്ങി. സംഘടനയും സൗകര്യങ്ങളും മാത്രം ബാക്കിയായി. ഒരു കാലത്ത് വായനകളിലേറെയും ഗ്രന്ഥശാലകളെമാത്രം ആശ്രയിച്ചു നിന്ന ഒരു വൈകാരികാനുഭവമായിരുന്നു.അത് പലരീതിയിലാണ് അനുഭവിപ്പിച്ചത്. പുസ്തകങ്ങള്‍ തുറക്കുമ്പോഴുള്ള മണമായി, അവയിലെ അടിക്കുറിപ്പുകളായി‍, പലരുടെ കൈകളിലൂടെ കടന്നു പോയതിന്റെ ഊഷ്മാവായി,അവയ്ക്കിടയില്‍ വെച്ച് കൈമാറിയ പ്രണയങ്ങളായി‍,.. അങ്ങനെ വായനശാലയിലെ പുസ്തകം ഒരു കാലത്തില്‍ പല കാലങ്ങളെ
പ്രതിനിധാനം ചെയ്തു. ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞ ആ പൊതുസ്ഥലം അതിന്റെ പരിപൂര്‍ണ്ണതയില്‍ ഇനി സൃഷ്ടിച്ചെടുക്കാനാവില്ല. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അത് വിധേയമായിക്കഴിഞ്ഞു. വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ എളുപ്പത്തില്‍ നേടിയെടുക്കാനാണ് ഇന്ന് താല്പര്യം. ഒരു കാലത്ത് വിജ്ഞാനപോഷിണി,വിജ്ഞാന വര്‍ദ്ധിനി എന്നൊക്കെയായിരുന്നു വായനശാലകളുടെ പേരുകള്‍. വായനയുടേയും വിജ്ഞാനത്തിന്റേയും ഒരേ ഒരു കേന്ദ്രം ഇന്ന് വായനശാലകളല്ല. വിജ്ഞാനത്തിന്റെയും കലകളുടെയും പലമാതൃകകള്‍ വായനകൂടാതെ ദൃശ്യമാധ്യമങ്ങളിലൂടെ ഒരാളിലേക്കെത്തുമ്പോള്‍ വായനയുടെ കാഠിന്യത്തിലേക്കിറങ്ങാന്‍ ആര്‍ക്കാണ് താല്പര്യം? വായനശാല എന്ന പൊതുസ്ഥലത്തെ സമൂഹം തന്നെ കയ്യൊഴിയുമ്പോള്‍ അതിനെ നിലനിര്‍ത്താന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാരാകട്ടെ അര്‍ഹതപ്പെട്ട ഗ്രാന്റുകളും മറ്റും നിഷേധിച്ച് അവയുടെ ആസന്ന മരണം അതിവേഗത്തിലാക്കുകയാണ് തങ്ങളുടെ ദൌത്യമെന്ന് നിരന്തരം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.വായനകള്‍   മരിക്കുന്നില്ലായിരിക്കാം പുസ്തകങ്ങളുംമരിക്കുന്നില്ലായിരിക്കാം,എങ്കില്‍ പിന്നെ എന്തിനാണ് വായന ശാലകള്‍ എന്നൊരു ചോദ്യം മറ്റൊരു‘ പൊതു ബോധ‘ മായി നമ്മുടെ മുന്നിലേക്ക് വരുന്നുണ്ടോ?
എങ്കില്‍ നിസ്സംഗമായി അതിന്റെ തിരോധാനം കാണാന്‍ ഇനിയേറെ കാത്തിരിക്കേണ്ടതില്ല.

വായനശാലകള്‍ ഏതാനുംചില വായനക്കാരെയോ, വായനയുടെ സംസ്‌ക്കാരത്തെയോ മാത്രമല്ല പ്രോത്സാഹിപ്പിച്ചത്. നവോത്ഥാനാശയങ്ങളുടെ പ്രചാരകരായി നിന്നുകൊണ്ട് നാടകസംഘങ്ങള്‍, ചിത്രകല, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയവയെയെല്ലാം അത് തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ഊര്‍ജ്ജസ്വലമാക്കി. കേരളത്തിലെ സമാന്തരസിനിമയുടേയും ഗൗരവ സിനിമകളുടേയും പ്രചാരകരും, ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലെ ആദ്യകാല സംഘാടകരും, ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇതൊന്നും രണ്ടുതരം പ്രവര്‍ത്തനങ്ങളായി അവരാരും കണ്ടിരുന്നില്ല. വായനയുടെ തന്നെ അവസ്ഥാന്തരങ്ങളായിരുന്നു അതെല്ലാം.

സിനിമാകൊട്ടകകളും ഫിലിം സൊസൈറ്റികളും.


     ''1951, 'ജീവിതനൗക'യുടെ വര്‍ഷം കൂടിയായിരുന്നു. ഞാന്‍ ജനിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് എറണാകുളം ലക്ഷ്മണ്‍ ടാക്കീസില്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഈറ്റൈടുത്ത് എന്റെ അമ്മക്ക് പുറത്തിറങ്ങാന്‍ പറ്റുന്നതുവരെ ഓടിക്കൊണ്ടിരുന്നു. പെരുന്നാളുകള്‍ക്ക് വര്‍ഷങ്ങളോളം 'ജീവിതനൗക' വളകള്‍ വിറ്റു. തുന്നല്‍ക്കാര്‍ വിവാഹബ്ലൗസുകളുടെ കൈകള്‍ സിനിമയിലെ നായികയുടേതു പോലെ പഫ് വെച്ചു വീര്‍പ്പിച്ചു (പു.15, ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍)


കൊട്ടകകള്‍ എന്ന പൊതു ഇടം കേരളത്തില്‍ വളരെപെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെട്ടതല്ല. സിനിമ എന്ന അത്ഭുത കലാരൂപത്തോട് ഉന്നത ജാതിക്കാര്‍ക്കും ഏറെ താല്പര്യമായിരുന്നുന്നെങ്കിലും അതിനെ പൊതു ഇടമായി സങ്കല്പിക്കാന്‍ അവര്‍ക്കാര്‍ക്കും താല്പര്യമില്ലായിരുന്നു. പൊതു ഇടങ്ങളെയെല്ലാം അവര്‍ ഭീതിയോടെയും ആശങ്കകളോടെയും കണ്ടിരുന്ന കാലവുമായിരുന്നു അത്.ആദ്യ സിനിമയിലെ നായികയായ പി.കെ. റോസിയുടെ 'രക്തസാക്ഷിത്വ'ത്തിലൂടെയാണ് കൊട്ടക എന്ന പൊതു ഇടത്തിന്റെ അസ്തിവാരമുറപ്പിക്കപ്പെട്ടത്. ക്രമേണ നവോത്ഥാനത്തിന് സങ്കല്പിക്കാന്‍ പോലുമാവാത്ത വിശാലമായൊരു പൊതു ഇടമായി അതുവളര്‍ന്നു. ക്ഷേത്ര പ്രവേശനത്തേക്കാള്‍ വലിയതായിരുന്നു മലയാളിയുടെ സിനിമാപ്രവേശനം. പല ക്ലാസ്സുകളിലിരുന്നു കൊണ്ടു തന്നെ അവര്‍ ഒരേ ദൃശ്യത്തെ ഒരുമിച്ചു കണ്ടു. എന്നിട്ടും അത് ഓരോരുത്തരുടേയും സിനിമയായി. ഒരു കാലത്ത് മലയാളിയുടെ ഫാഷനുകളേയും പ്രണയത്തേയും ഉത്പാദിപ്പിച്ചത് സിനിമയും അതിലെ ഗാനങ്ങളുമായിരുന്നു.

1907 ല്‍ തൃശ്ശൂരില്‍ ജോസ് കാട്ടുക്കാരന്‍ തുടങ്ങിവെച്ച സിനിമാ കൊട്ടകയുടെ ആദ്യ രൂപം പിന്നീട് നിരവധി പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സാങ്കേതികതയില്‍ വന്ന മാറ്റങ്ങളും, പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കത്തിലുണ്ടായ മാറ്റങ്ങളും, കൊട്ടകകളെ പരിണമിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.  പില്‍ക്കാലത്ത് സിനിമാ കൊട്ടകകള്‍ക്ക് കേരളത്തില്‍ രണ്ടുതരം ആക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത്. ഒന്നാമത്തേത് അവയ്ക്കുനേരെയുള്ള സിഗരറ്റ്
ബോംബാക്രമണങ്ങളായിരുന്നു. നാട്ടുമ്പുറങ്ങളിലെ ഓലമേഞ്ഞ കൊട്ടകകളെ അത് എരിച്ചു കളഞ്ഞു. ഹൗസ്‌ഫുള്‍ ആയി സിനിമകള്‍ ഓടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അത്. എങ്കിലും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ് അതിനെ മറികടക്കാന്‍ കഴിഞ്ഞു. രണ്ടാമത്തേത്, സാങ്കേതികമായ മാറ്റങ്ങളും പുതിയ അഭിരുചികളും, കൊട്ടക എന്ന പ്രദര്‍ശന സ്ഥലത്തെ കൈയൊഴിയാന്‍ പ്രേരിപ്പിച്ചതു മൂലമുള്ള പ്രതിസന്ധികളാണ്. ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇനിയും അവയ്ക്ക് കഴിഞ്ഞിട്ടുമില്ല.
മലയാളിക്ക് നവോത്ഥാനത്തിന്റെ വെളിച്ചം പ്രായോഗികമായി പകര്‍ന്നു നല്‍കിയതില്‍ കൊട്ടകകളിലെ ഇരുട്ടിനുമുണ്ട് ഒരു പങ്ക്.  മലയാളികള്‍ ഒന്നിച്ചിരുന്ന് സ്വപ്നം കാണുകയും, നിശ്വാസമുതിര്‍ക്കുകയും ആവേശഭരിതരാവുകയും വികാരം കൊള്ളുകയും കൂവി വിളിക്കുകയുമെല്ലാം ചെയ്ത കൊട്ടകകള്‍ എന്ന പൊതുഇടം കേരളത്തില്‍ ഇപ്പോള്‍ പ്രായോഗികമായി നിലനില്‍ക്കുന്നില്ല.മള്‍ട്ടിപ്ലെക്സുളാകട്ടെ, ഒരു കാലത്ത് കൊട്ടകകള്‍ സൃഷ്ടിച്ച പൊതുഇടത്തിന്റെ വിപരീതയുക്തിയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സിനിമാ കൊട്ടകകളുടേയും നവതരംഗസിനിമകളുടേയും ഊര്‍ജ്ജസ്വലമായ കാലത്താണ് ഫിലിം സൊസൈറ്റി പ്രസ്ഥാനവും കേരളത്തില്‍ വിപുലമാവുന്നത്. 1955 ല്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി പുറത്തു വന്നതോടെ അതിന് ലോകമെങ്ങും ലഭിച്ച ഗംഭീരമായ സ്വീകരണം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് മുന്‍കൈ നല്‍കാനുള്ള പ്രേരണയായി. ചാര്‍ളി ചാപ്ലിന്റെ ആരാധകന്‍ കൂടിയായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും സിനിമാ പ്രസ്ഥാനത്തിനാകെയും കാര്യമായ പിന്തുണ നല്‍കി. ദേശീയതയെയും അതിന്റെ വൈവിദ്ധ്യങ്ങളെയും സമര്‍ത്ഥമായി ആവിഷ്‌ക്കരിക്കുന്നവയാണ് സിനിമകളെന്ന് അദ്ദേഹം വിശ്വസിച്ചു. ലോകത്തിലേക്കു തുറക്കുന്ന ജാലകമെന്നാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 1959 ലാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് കൃത്യമായ ഏകീകൃത സംഘടനയുണ്ടാവുന്നത്. സത്യജിത് റായ് ആയിരുന്നു അദ്ധ്യക്ഷന്‍. ചിദാനന്ദ് ദാസ് ഗുപ്ത, അമ്മുസ്വാമിനാഥന്‍ എന്നിവരൊക്കെയായിരുന്ന ആദ്യ കമ്മറ്റിയിലെ അംഗങ്ങള്‍.

അടുത്ത വര്‍ഷം (2015) കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് 50 വയസ്സ് തികയും. അടൂര്‍ ഗോപാലകൃഷ്ണനും കുളത്തൂര്‍ ഭാസ്‌ക്കരന്‍ നായരുമൊക്കെ ചേര്‍ന്ന് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് (1965) കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത്. ചെമ്മീന്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമ ദേശീയാംഗീകാരം നേടിയ വര്‍ഷമായിരുന്നു അത്. അതിന് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് 'നീലക്കുയി‘ ലിന്റെ പ്രദര്‍ശനത്തോടെത്തന്നെ സിനിമയെ സംബന്ധിച്ച സാമൂഹ്യവുംരാഷ്ട്രീയവും കലാപരവുമായ ഗൗരവ സമീപനം കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അടൂരിന്റെ ചിത്രത്തിലൂടെ തന്നെ (സ്വയംവരം) തുടക്കം കുറിക്കപ്പെട്ട നവസിനിമകളാണ് മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തേയും ഫിലിം സൊസൈറ്റികളേയും ഒരുമിച്ച് മുന്നോട്ടുകൊണ്ടു പോയത്. എന്നാല്‍ എണ്‍പതുകളുടെ അവസാനത്തോടെ അസ്തമയത്തിലേക്കു കടന്ന മലയാളത്തിലെ മറ്റു സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍ക്കൊപ്പം സിനിമാ കൊട്ടകകളും ഫിലിം സൊസൈറ്റികളും തങ്ങളുടെ ജന്മനിയോഗം പുര്‍ത്തിയായെന്നോണം തിരോഭവിക്കാനാരംഭിച്ചു. ഒരര്‍ത്ഥത്തില്‍ ടെലിവിഷനുകള്‍ കൊട്ടകകളുടെയും, ഫിലിം സൊസൈറ്റികളുടെയും പിന്‍ഗാമിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.സാങ്കേതികതയുടെ വികാസം പഴയ 16 എം.എം.പ്രൊജക്ടറുകള്‍ക്കൊപ്പംപ്രേക്ഷകരെന്ന കൂട്ടായ്മയെയും ഫലത്തില്‍ ഇല്ലാതാക്കി.

ഭൂതകാലത്തിന്റെ അദൃശ്യ പടങ്ങള്‍

ആഗോളവല്‍ക്കരണവും ഉത്തരാധുനികതയും ഒന്നിച്ചാണ് കേരളത്തെ ആവേശിച്ചത്. അവയുടെ ഒന്നിച്ചുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ സ്ഥായിയായതെന്നും, ബൃഹദാഖ്യാനങ്ങളെന്നും കരുതപ്പെട്ടതെല്ലാം അവിശ്വസിക്കപ്പെട്ടു. ഇടങ്ങളുടെ പ്രാദേശികസ്ഥലവും പ്രത്യയശാസ്ത്രവും കൂടുതല്‍ വലിയ ലോകങ്ങളിലേക്ക് വിന്യസിക്കപ്പെട്ടു. വായനയും പുസ്തകങ്ങളും മലയാളി സമൂഹത്തില്‍ നിന്ന് മറഞ്ഞു കഴിഞ്ഞിട്ടില്ലെങ്കിലും വായനയുടെ പൊതുമണ്ഡലം സാദ്ധ്യമാക്കിയ ഗ്രാമീണ വായനശാലകള്‍ അപ്രസക്തമാകുന്നതു പോലെ,സിനിമകള്‍ കാണുന്ന ശീലം ഉപേക്ഷിച്ചിട്ടില്ലെങ്കിലും കൊട്ടകകള്‍ സൃഷ്ടിച്ച പൊതു ഇടം തിരിച്ചറിയപ്പെടാത്തതുപോലെ, ഗൌരവസിനിമകളെക്കുറിച്ചുള്ള  ചര്‍ച്ചകള്‍ അങ്ങിങ്ങ് നടക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും അവയുടെ ചരിത്രരൂപങ്ങളെ ഓര്‍ക്കാനാവാത്തതു പോലെ  പലവിധത്തിലാണ് ഭൂതകാലം അദൃശ്യപടമാവുകയും വര്‍ത്തമാനംഅസംബന്ധപടമാവുകയും ചെയ്യുന്നത്.
(സമകാലിക മലയാളം വാരിക,2014 മെയ് 9) 

Monday, January 20, 2014

വചനം രൂപമായതും പിന്നെ...


"അപ്പോള്‍ വചനം രൂപമായതാണ് കവിത...കാവ്യത്തിനു വൈവിധ്യവും വൈചിത്ര്യവും നല്‍കുന്നത് അതിന്റെ രൂപമാണ് ;കവിയുടെ മൌലിക പ്രതിഭാവിലാസവും കാവ്യരൂപത്തില്‍ തന്നെയാണ് സാക്ഷാത്കാരം കണ്ടെത്തുന്നത്.(ഈ'രൂപ'മെന്ന പദം ഉപയോഗിക്കാന്‍ പ്രയാസമുണ്ട്;പക്ഷെ നിവൃത്തിയില്ലല്ലോ.അതിനു സാധാരണ മനസ്സിലാക്കാപ്പെടുന്ന അര്‍ത്ഥമല്ല ഉള്ളത് എന്ന് മാത്രം അറിയുക)"   [സച്ചിദാനന്ദന്‍/കുരുക്ഷേത്രം]  

ആദിയില്‍ വചനമാണുണ്ടായത്. പിന്നീടാണതിന് രൂപമുണ്ടായത്.
സാഹിത്യത്തിലെ രൂപപരവും ഭാവ/ഭാവുകത്വപരവുമായ പരിണാമങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ മലയാളത്തില്‍ ഇത്തരം മാറ്റങ്ങളുടെ ആരംഭം നിലനില്‍ക്കുന്ന രൂപങ്ങള്‍ക്കകത്തു നടന്ന ഭാവുകത്വ പരീക്ഷണങ്ങളാണെന്നു കാണാം. കുമാരനാശാന്‍ വരുത്തിയ ഭാവുകത്വ മാറ്റങ്ങളൊക്കെ ഒരു നിയോക്ലാസിക്ക് രൂപഘടനയ്ക്കുള്ളിലായിരുന്നു. അറുപതാണ്ടു പൂര്‍ത്തിയാവുന്ന രണ്ടു കൃതികളെ ആസ്പദമാക്കി ഇത് കൂടുതല്‍ വിശദീകരിക്കാവുന്നതാണ്. . വൈലോപ്പിള്ളിയുടെ “ കുടിയൊഴിയ്ക്ക” ലും അക്കിത്തത്തിന്റെ ‘“ ഇരുപതാം നൂറ്റാണ്ടിന്റെഇതിഹാസ” വുമാണവ. രണ്ടു കൃതികളും പുറത്തു വന്നത് 1952ലാണ്.   ‘ ഇതിഹാസ‘ ത്തിന്റെത്  അനുഷ്ഠുപ്പ് വൃത്തത്തിലുള്ള ക്ലാസിക് രൂപഘടനയാണ്. എന്നാല്‍ അത് കൈകാര്യം ചെയ്ത പ്രമേയം ആധുനികാഖ്യാനങ്ങളിലേക്ക് നയിച്ച രാഷ്ട്രീയവും സാമൂഹികവും വൈയക്തികവുമായ ഉദ്വിഗ്നതകളായിരുന്നു. കാല്പനികഭാവം മുറ്റിനില്‍ക്കുന്ന ദ്രാവിഡ വൃത്തത്തിലുള്ള “കുടിയൊഴിക്കല്‍” ഇതേ ഉദ്വിഗ്നതകളെത്തന്നെ മറ്റൊരു വിധത്തില്‍ ആവിഷ്‌കരിക്കുന്നു.ദേശീയസ്വാതന്ത്ര്യാനന്തരം വ്യക്തി / സമൂഹം എന്നീ ദ്വന്ദ്വങ്ങള്‍ക്കു സംഭവിച്ചതോ സംഭവിക്കുമെന്ന് ആശങ്കപ്പെട്ടതോ ആയ പരിണാമങ്ങളാണ് ഇരുവരും ഖണ്ഡകാവ്യ രൂപത്തിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഇതേ ആശങ്കകളുടെ
വിപുലീകരണമായിരുന്നു പില്‍ക്കാല കവിതയിലെ ആധുനികപ്രവണത. ആധുനികതയുടെ വിവിധ പരിണാമഘട്ടങ്ങളിലായി ഖണ്ഡകാവ്യം എന്ന കാവ്യരൂപം ഏറെക്കുറെ നിഷ്ക്രമിക്കുകയും വൃത്തപരീക്ഷണങ്ങളും ഗദ്യരൂപങ്ങളുടെ പ്രയോഗങ്ങളും വ്യാപകമായി ആധുനികതയുടെ രൂപം വ്യവസ്ഥപ്പെടുകയും ചെയ്തു.(അഥവാ ആധുനികയ്ക്ക്  അങ്ങനെയൊരു നിശ്ചിത രൂപം ഉണ്ടോയെന്നു തര്‍ക്കിക്കുകയുമാവാം. ആധുനികത വ്യാപകമായി ഉപയോഗിച്ച രൂപം,അതിനെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ രൂപം, എന്നൊക്കെ അര്‍ത്ഥമാക്കിയാല്‍ മതി). ആധുനിക കവിതയുടെ ആദ്യമാതൃകകളിലൊന്നായി കരുതപ്പെടുന്ന അയ്യപ്പപ്പണിക്കരുടെ “ കുരുക്ഷേത്ര” ത്തിന്റെ ഘടന “ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ” ത്തെ പല വിധത്തില്‍ ഓര്‍മ്മയില്‍ കൊണ്ടു വരും.(അഥവാ സച്ചിദാനന്ദന്‍ തന്നെ വളരെ പണ്ട് നിരീക്ഷിച്ച പോലെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തില്‍ നിന്ന്നാം സ്വാഭാവികമായും കടക്കുക അയ്യപ്പപണിക്കരുടെ 'കുരുക്ഷേത്ര'ത്തിലേക്കാണ്)
എന്നാല്‍ മലയാളകഥ (നോവലും ചെറുകഥയുമുള്‍പ്പടെ) രൂപപരമായി ഏറെ പരിണാമങ്ങള്‍ക്കു വിധേയമായിട്ടില്ലെന്നു കാണാം. ഭാവുകത്വപരമായിരുന്നു കഥയുടെ പരിണാമസ്വഭാവമേറെയും. വിശാലാര്‍ത്ഥത്തില്‍ ചില ആശയതലങ്ങള്‍ പങ്കുവെച്ചു എങ്കിലും കഥയും കവിതയും വേറിട്ടു സഞ്ചരിക്കാനാണ് ശ്രമിച്ചത്. (കഥയില്‍ കവിതയുണ്ടാവുന്നതും കവിതയില്‍ കഥയുണ്ടാവുന്നതും മറ്റൊരു കാര്യം).കഥയ്ക്ക് സ്വായത്തമായ വിസ്തൃത ഘടനയ്ക്കകത്ത് ഭാവുകത്വത്തിന്റെ നിരവധി മാറ്റങ്ങളെ ഏറെക്കുറെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നത് രൂപപരിണാമത്തിന്റെ ആവശ്യകത തുലോം കുറയ്ക്കുകയും ചെയ്തു.
മലയാളത്തിലെ കഥയും കവിതയും ആധുനികതയുടെ ഭിന്നാശയങ്ങള്‍ ഉള്‍കൊണ്ടാണ് മുന്നേറിയത്. നഗരഭീതികളും, സംഘര്‍ഷങ്ങളും, അസ്ഥിത്വ വ്യഥകളുമായി മുന്നോട്ടു നീങ്ങിയ ആധുനിക കവിതയില്‍ പ്രകടമായ രാഷ്ട്രീയ ചിന്ത കടന്നു കയറുന്നത് എഴുപതുകളിലാണ്. സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള തുടങ്ങി പലരിലൂടെയും സ്ഥാനപ്പെടുത്തപ്പെട്ട
( ആധുനികതയുടെ ചുവന്ന വാല്‍ എന്ന് പരിഹസിക്കപ്പെട്ട)  ഈ ആധുനികതയാണ് ഉത്തരാധുനിക കവിതയുടെ ആധാരമായി പ്രവര്‍ത്തിച്ചത് എന്ന് കാണുന്നതില്‍ പന്തികേടുണ്ടാവില്ല. ഉത്തരാധുനികതയുടെ സൂക്ഷ്മ രാഷ്ട്രീയവും, ദളിത്, സ്ത്രീ, പരിസ്ഥിതി ചിന്തകളും ഈ ചുവന്ന ദശകമാണ് കൊണ്ടുവന്നത്. ആദ്യകാല ആധുനികതയുടേതായി വ്യവസ്ഥപ്പെട്ട ഒരു 'രൂപ'ത്തെത്തന്നെ ആശ്രയിക്കേണ്ടി വന്നു എന്നതായിരുന്നു ചുവപ്പു ഭാവുകത്വം നേരിട്ടപ്രതിസന്ധി എന്നത് വിലയിരുത്തപ്പെട്ടു കഴിഞ്ഞതാണ്.(ഇത് തന്നെയാവാം ' കൂടുനീങ്ങുന്നീലെന്തഭിശാപം ' എന്ന് വൈലോപ്പിള്ളി പറയാന്‍ ശ്രമിച്ചത്)ആധുനികതയുടെ പോക്കുവെയില്‍ ചുവപ്പില്‍ നിന്നാണ് ഉത്തരാധുനികത കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന സൂക്ഷ്മരാഷ്ട്രീയം,  ലഭിച്ചതെന്നതില്‍ ഉത്തരാധുനികതക്ക് ആധമര്‍ണ്ണ്യം തോന്നേണ്ടതുമില്ല. കഥയാകട്ടെ റിയലിസത്തിന്റെ വഴിയില്‍ നിന്ന് ഏറെയൊന്നും മാറി സഞ്ചരിച്ചില്ലെങ്കിലും ഫാന്റസി, അലിഗറി, അസംബന്ധാത്മകത എന്നിങ്ങനെയുള്ള ഒറ്റപ്പെട്ട പരീക്ഷണങ്ങള്‍ക്കുമുതിര്‍ന്നു. കഥയും കവിതയും അഭിമുഖീകരിച്ചതും ആവിഷ്‌കരിച്ചതും ഒരേ കാലത്തെത്തന്നെയാണെങ്കിലും അവയുടെ ഭാഷയും രീതിയും രണ്ട് കലാരൂപങ്ങള്‍ എന്ന വ്യതിരിക്തതയ്ക്കുമപ്പുറമായിരുന്നു. പൊതുസ്വാധീനങ്ങള്‍ മനുഷ്യാവസ്ഥകളെ സംബന്ധിച്ച ആധുനികതയുടെ ഉത്കണ്ഠകളില്‍ ഒതുങ്ങിനിന്നു.വൈയക്തികതയില്‍നിന്ന സാമൂഹികതയിലേക്ക് പരിണമിച്ചപ്പോഴും അതങ്ങനെ തന്നെയായിരുന്നു. പാശ്ചാത്യ ലോകത്ത് എലിയറ്റും കാഫ്കയുമൊക്കെ ഒരേ കാലത്ത് ജീവിച്ച് ഒരേ ഉത്കണ്ഠകള്‍ പങ്കുവെച്ചവരായിരുന്നെങ്കിലും അവര്‍ തമ്മില്‍ ഒരു പൊതു പരിസരം സാദ്ധ്യമായിട്ടുണ്ടോ എന്നത് സംശയമാണ്. എലിയറ്റ് ക്ലാസിസിസത്തിലേക്കും ഭാരതീയ ദര്‍ശനങ്ങളിലേക്കുമൊക്കെ ശ്രദ്ധതിരിച്ചപ്പോള്‍ കാഫ്ക ആധുനിക മനുഷ്യന്റെ പരിണാമങ്ങളെ അസംബന്ധമായാവിഷ്‌കരിക്കാനാണ് പരിശ്രമിച്ചത്. പാശ്ചാത്യ സാഹിത്യം പഠിച്ചവരും പഠിപ്പിച്ചവരും യൂറോപ്പിന്റെ സ്ഥലകാലങ്ങളെ ഇങ്ങോട്ടു പറിച്ചു നടാന്‍ പരിശ്രമിച്ചുവെങ്കിലും ഇവിടെ അത് വളര്‍ച്ച നേടിയെന്നു പറഞ്ഞുകൂടാ. ആശയപരമായ മാറ്റങ്ങള്‍ക്കു അത് ആദ്യ മാതൃക നല്‍കിയെങ്കിലും പില്‍ക്കാലത്ത് ദേശസ്വത്വങ്ങളിലെക്ക് മടങ്ങിയെത്തി.കവിത അതിന്റെ പാരമ്പര്യ രൂപങ്ങളെ പൂര്‍ണ്ണമായും കൈവെടിഞ്ഞതുമില്ല.

അയഥാര്‍ഥ നഗര ഗ്രാമങ്ങള്‍

‘ ഇല്ലാത്ത‘ നഗരത്തെയായിരുന്നു ആധുനികതയുടെ തുടക്കകാലത്ത്‌ കഥയും കവിതയും ഒരുപോലെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഇത് പാശ്ചാത്യ മാതൃകയില്‍ നിന്ന് ലഭിച്ചതാണ്. കക്കാടിന്റെ കവിതയിലാണ് നഗരം കൂടുതല്‍ ഭീകരരൂപിയായത്. കഥയിലാകട്ടെ കവിതയെ അപേക്ഷിച്ച് അല്‍പം വൈകിയാണ് നഗര ഭീകരത കടന്നു വന്നത്.(ഇന്ദുലേഖയുടെ  കാലം തൊട്ടേ നഗരം മലയാള നോവലിലുണ്ട്)  പ്രവാസി എഴുത്തുകാരിലൂടെയാണ് ഇത് പ്രകടമായത്. അത് സ്വാഭാവികമായിരുന്നെന്നു പറയാം. ദല്‍ഹിയിലും ബോംബെയിലും താമസിച്ചവര്‍ കണ്ട നഗരം കേരളത്തിലുള്ളതിനെ അപേക്ഷിച്ച് ഭീമാകാരമാര്‍ന്നവ തന്നെയായിരുന്നു.എന്നാല്‍ അക്കാലത്തെ കോഴിക്കോട് പോലൊരു നഗരത്തെ അങ്ങനെ കാണേണ്ടതില്ല. എം.ടി, ഉറൂബ് തുടങ്ങിയവരൊക്കെ ഗ്രാമത്തിന്റെ ഒരുമറുപുറം (അപരം) എന്ന രീതിയില്‍തന്നെനഗരത്തെ കാണുന്നുണ്ട്. ഗ്രാമത്തില്‍ നില്‍ക്കക്കള്ളിയില്ലാതായൊരാള്‍ക്ക് ചെന്നു ചേരാവുന്ന സ്ഥലം. ഫ്യൂഡല്‍ ഘടനയുടെ അപചയവും നഗരത്തെ പ്രസക്തമാക്കി.ഗ്രാമത്തില്‍ സ്ഥാനമാനങ്ങളും പരിഗണനകളും ഗുണവും ദോഷവുമായതിനൊന്നും നഗരത്തില്‍ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. നഗരത്തില്‍ വ്യക്തിക്ക് അലിഞ്ഞു ചേരാന്‍ വിഷമമില്ലായിരുന്നു. ആദ്യകാല കഥകളില്‍ നഗരം ഒരു അഭയസ്ഥാനവും സാന്ത്വന സ്ഥലവുമായിരുന്നു.ഈ വിധത്തില്‍ സൃഷ്ടിക്കപ്പെട്ട നഗര സ്വത്വത്തിന്റെ വിപരീതമാണ് പില്‍ക്കാലത്ത് മുകുന്ദന്റെയും കടമ്മനിട്ടയുടെയും കാവാലത്തിന്റെയും ഗ്രാമങ്ങളായി പ്രത്യക്ഷപ്പെടുന്നത്.സാഹിത്യം സൃഷ്ടിച്ച നഗരങ്ങളിലാണ് മലയാളികളാകെ കഴിയുന്നതെന്ന വിശ്വാസത്തില്‍ നിന്നുല്‍ഭവിച്ച ഗ്രാമങ്ങളായിരുന്നു അവ.

പില്‍ക്കാല പരിണാമങ്ങള്‍

കവിതകളെ അപേക്ഷിച്ച് കൂടുതല്‍ അയവുള്ള ഘടനയ്ക്കകത്തും തീഷ്ണതയുടെ സൗഹൃദം അനുഭവിപ്പിക്കാനായത് കഥകള്‍ക്കാണ്. ആഖ്യാനത്തിന്റെ മുന ജയരാജിലും എം.സുകുമാരനിലും പട്ടത്തുവിളയിലും മറ്റു പലരിലും പ്രവര്‍ത്തിച്ച പോലെയല്ല കവിതയില്‍ പ്രവര്‍ത്തിച്ചത്. പീഢിത യുവത്വത്തിന്റെ പൊള്ളുന്ന വാക്കുകളാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിതയില്‍ ഇത് മറ്റൊരു വിധത്തില്‍ സാധ്യമാക്കി.അയ്യപ്പനും ശ്രമിച്ചത്  ഈ വിധത്തിലായിരുന്നു.എന്നാല്‍ 'കുരുക്ഷേത്ര'ത്തിലോ, 'ദിവ്യ ദുഃഖത്തിന്റെ നിഴലി'ലോ ഇങ്ങനെയൊരു അനുഭവമല്ല ഉള്ളത്. രാഷ്ട്രീയ ചിന്തകളുടെ തീവ്രതഎണ്‍പതുകളില്‍ കവിതയെ തീക്ഷ്ണതരമാക്കിയെങ്കിലും വാക്കുകളുടെ മുഴക്കം മാത്രമാണ് വേറിട്ടു കേള്‍ക്കാമായിരുന്നത്.
 എഴുപതുകളുടെ ആരംഭത്തില്‍   ആധുനികതയുടെ വിച്ഛേദം പൂര്‍ണ്ണമായെങ്കിലും പിന്നെയും  അത് പരിണാമ സന്നദ്ധമായി .  എഴുപതുകളുടെ ആദ്യപകുതിയില്‍ ആരംഭിച്ച രാഷ്ട്രീയോന്മുഖത രണ്ടാം പകുതിയില്‍ പൂര്‍ണമാവുന്നു. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകളും എം.സുകുമാരന്റെ കഥകളും ഒന്നിച്ചു മനസ്സില്‍ കൊണ്ടു വരുന്നത് ഒരേ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടാവാം.  എന്നാല്‍ 'ബംഗാള്‍' പോലൊരു കവിത രൂക്ഷമായ ഭാഷയാല്‍ ഒരാളില്‍ അക്കാലത്ത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും  പില്‍ക്കാലത്ത് അതേ അനുഭവമുണ്ടാക്കാന്‍ പര്യാപ്തമായില്ല .  സുകുമാരന്റെ കഥകളിലെ ഭാഷയോ പ്രമേയമോ കാലഹരണപ്പെടാതെ മറ്റൊരു രാഷ്ട്രീയ കഥാവസ്ഥയിലും പുതിയ വായന
 സാധ്യമാക്കി. ആധുനിക കവിത രൂപപരമായ മാറ്റങ്ങളിലേക്ക് കടക്കുകയും ഒരുതരം പരന്ന ഗദ്യം ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത കാലത്തിന്റെ ഉല്‍പന്നമാണ് 'ബംഗാള്‍'പോലുള്ള കവിതകള്‍ ‍. ഈ ഭാഷ   'ഭൂമിയുടെ ചടങ്ങുകള്‍',' ഒടുവില്‍ ഞാനൊറ്റയാവുന്നു'(സച്ചിദാനന്ദന്‍)  'കൊച്ചിയിലെ വൃക്ഷങ്ങള്‍'(കെ.ജി.എസ്) തുടങ്ങിയ കവിതകളിലൂടെ പിന്നീട് കൂടുതല്‍ സാന്ദ്രവും, ധ്വനി മൂല്യമുള്ളതുമായ ഗദ്യമായിത്തീര്‍ന്നു.
നര്‍മ്മം പല പ്രകാരത്തില്‍ കഥാസാഹിത്യം ഉപയോഗപ്പെടുത്തിയെങ്കിലും കവിതയില്‍ അതിന്റെ സാധ്യത ലുബ്ധിച്ചാണ് പ്രയോജനപ്പെടുത്തിയത്.ഭാഷയിലെ ഊര്‍ജ്ജസ്വലതകൊണ്ടു മാത്രം ഒരു പക്ഷെ 'മത്തങ്ങ' (കടമ്മനിട്ട)യേയും 'അല്ലോപനിഷത്തി(പട്ടത്തുവിള)നേയും ഒരുമിച്ചു നിര്‍ത്താമെങ്കിലും 'അല്ലോപനിഷത്ത് 'അങ്ങനെയൊരു തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ആധുനിക കവിതയില്‍ ഹാസ്യ പ്രവണത അത്രയേറെ പ്രകടമാകാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം അത്തരമൊരു രീതി കവിതയില്‍ പ്രബലത നേടിയില്ല എന്നതാണ്. അത് കവിതയിലെ ഹാസ്യ പ്രവണതക്ക് തുടര്‍ച്ചയില്ലാതാക്കി.

അടിയന്തിരാവസ്ഥയുടെ ആഖ്യാനങ്ങള്‍

അടിയന്തിരാവസ്ഥ എഴുപതുകളെ രണ്ടായി വിഭജിക്കുന്നു.അടിയന്തിരാവസ്ഥയാണ് ആധുനികതയ്ക്ക് അതിന്റെ  ഉച്ചാവസ്ഥയില്‍ നേരിടേണ്ടി വന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളി. ആധുനികതയുടെ പ്രത്യയശാസ്ത്രത്തെത്തന്നെ ഭൌതികമായി വെല്ലുവിളിക്കാന്‍ പോന്ന കെല്പ് അതിനുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷമാണ് അത് തിരിച്ചറിയപ്പെട്ടതും അതിനെതിരായ നിലപാട് ആധുനികതയുടെ തന്നെ രാഷ്ട്രീയ ഉള്ളടക്കമായി മാറുന്നതും. അക്കാലത്ത് കവിതയിലുണ്ടായ പരോക്ഷമായ അടിയന്തിരാവസ്ഥാ  വിമര്‍ശനങ്ങളില്‍ പലതും പില്‍ക്കാലത്താണ് തിരിച്ചറിയപ്പെട്ടതു തന്നെ.(തടവറക്കവിതകള്‍ എന്ന പേരില്‍ ഒരു സമാഹാരം തന്നെ പില്‍ക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി) അടിയന്തിരാവസ്ഥക്കു ശേഷമുണ്ടായ തീവ്ര രാഷ്ട്രീയം പലപ്പോഴും ഒരു ഭാഷാ പ്രയോഗമായിരുന്നുവെന്നും ഇന്നു തിരിച്ചറിയാനാകും. 'നാവുമരം', 'കടുക്ക' തുടങ്ങിയ കവിതകള്‍ അതിന്റെ നാടോടി ഈണങ്ങളും പരിഹാസ സ്വരങ്ങളും കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ( എന്നാല്‍ ആശുപത്രി,നിഷ്പക്ഷത,ശാന്ത  എന്നീ കവിതകള്‍ ഇക്കാലത്തെഴുതപ്പെട്ടതും പ്രത്യക്ഷമായല്ലാതെ അതിന്റെ ആന്തരിക ഉത്ക്കണ്ഠകള്‍ പങ്കുവെക്കുന്നവയുമാണ്.) പരിഹാസത്തിന്റെ മൂര്‍ച്ഛകള്‍ അതിന്റെ രാഷ്ട്രീയത്തിലേക്കും നയിക്കുന്നു. ഒരേ സമയം പ്രത്യേക കാലത്തേക്കും, എക്കാലത്തേക്കുമുള്ള പ്രസക്തി ഏതു സൃഷിയും ആഗ്രഹിക്കുന്നു.
അടിയന്തിരാവസ്ഥ തന്നെ ഇനിയുള്ള തലമുറ ഓര്‍ക്കാന്‍ പോകുന്നത് ഇത്തരം ചില ആഖ്യാനങ്ങളിലൂടെയാവും.അതില്‍ കഥയും കവിതയും മാത്രമല്ല ഉള്‍പ്പെടുക.രാജനെക്കുറിച്ചുള്ള ഈച്ചരവാര്യരുടെതുള്‍പ്പെടെയുള്ള ആഖ്യാനങ്ങള്‍,ജയിലനുഭവങ്ങള്‍ തുടങ്ങിയതൊക്കെ അതിന്റെ ഭാഗമാവും.
കഥയും കവിതയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി വിവിധ തലങ്ങളില്‍ അന്വേഷണ വിധേയമായതാണ്. ചില പ്രത്യേക പരിസരങ്ങളില്‍ മാത്രം അര്‍ത്ഥ വ്യക്തത കൈ വരുന്നതാണ് അടിയന്തിരാവസ്ഥാ വിമര്‍ശനം. ചില തലവാചകങ്ങള്‍ ,ചില സൂചനകള്‍ അങ്ങനെ പലതും അതിന് ആവശ്യമായി വരും. രാജാ രവിവര്‍മയുടെ 'ദാ അച്ഛന്‍ വരുന്നു' എന്ന പെയിന്റിങ്ങിനെ
കുറിച്ച് വിജയകുമാര്‍ മേനോന്‍ എഴുതിയ ഒരു ലേഖനം ആ ചിത്രത്തെ മക്കത്തായത്തിന്റെ വിളംബരമായി വായിക്കുന്നു. എന്നാല്‍ ഇതുപോലൊരു തലക്കെട്ടിന്റെ ( 'ദാ അച്ഛന്‍ വരുന്നു' )ബലത്തിലല്ലാതെ അത്തരത്തിലൊരു വായന സാധ്യമാവുകയില്ല.ഏതു രാഷ്ട്രിയ,ചരിത്ര സന്ദര്‍ഭവും അതിന്റെ നിഷ്ക്രുഷ്ട സന്ദര്‍ഭങ്ങളില്‍ നിന്ന് മാറി ആഖ്യാന സന്ദര്‍ഭങ്ങളില്‍ നിലനില്‍ക്കനാവുമ്പോഴാണ്  സര്‍വ്വകാല പ്രസക്തി നേടുന്നത്.

ആഖ്യാന തന്ത്രങ്ങള്‍:ആധുനികതയിലും ശേഷവും

പുരാണം, മിത്ത് എന്നിവയുടെ ഉപയോഗം ആധുനിക കവിതയുടെ ആദ്യഘട്ടത്തില്‍ വളരെ സാധാരണമായിരുന്നു. കക്കാട് അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി,ചെറിയാന്‍.കെ.ചെറിയാന്‍ എന്നിവരിലൊക്കെ ഇതു കാണാം (കുരുക്ഷേത്രം ,പുരൂരവസ്സ്‌, കാളിയ മര്‍ദ്ദനം,പാലാഴിമഥനം) .പില്‍ക്കാലത്ത് ഈ പ്രവണത കുറഞ്ഞു വന്നു. കഥയില്‍ പുരാണങ്ങളുടെ പുനരുപയോഗം ഏതെങ്കിലും ഘട്ടത്തില്‍ വ്യാപകമായിരുന്നിട്ടില്ല. എന്നാല്‍ ചിലപ്പോഴെല്ലാം അത് ഉപയോഗിക്കപ്പെട്ടു. പി.കെ.ബാലകൃഷ്ണന്‍ (ഇനി ഞാന്‍ ഉറങ്ങട്ടെ) എം.ടി (രണ്ടാമൂഴം) സാറാജോസഫ് (തായ്കുലം) എന്നിങ്ങനെ. എഴുത്ത് പാര്‍ശ്വവല്‍കൃത അനുഭവങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഭാഷയുടെ സംസ്‌കൃത ഘടകവും സ്വാഭാവികമായും ലഘൂകരിക്കപ്പെട്ടു.
രേഖീയമായ ആഖ്യാനം കവിതകളില്‍ നേരത്തേതന്നെ ഇല്ലാതായെങ്കിലും കഥയില്‍ അത് പിന്നേയും തുടര്‍ന്നു വന്നു. 'കുടിയൊഴിക്കല്‍', 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്നിവയിലൊന്നും രേഖീയത അത്ര പ്രബലമല്ല. പില്‍ക്കാലത്ത് ബിംബ ഭാഷക്ക് കവിതയില്‍ വന്ന പ്രാമാണ്യം രേഖീയതയെ പൂര്‍ണ്ണമായിത്തന്നെ ഇല്ലാതാക്കി. എന്നാല്‍ കഥയില്‍ അതിന്റെ സവിശേഷ ഘടനകാരണം രേഖീയത പല രീതിയില്‍ നിലനിന്നു. നൈരന്തര്യത്തെ അട്ടിമറിച്ചുകൊണ്ട് രേഖീയതയെ മറികടക്കാന്‍ ശ്രമിച്ചാലും രേഖീയത പല രൂപത്തില്‍ കഥയില്‍ അന്തര്‍ലീനമാണ്.
പഴയ ശൈലികള്‍ പരിഹാസരൂപത്തില്‍ തിരിച്ചു വന്നിട്ടുണ്ട്. കെ.ആര്‍.ടോണിയുടെ കവിതകളില്‍ അത് പലപ്പോഴും പാരഡി സ്വഭാവമാണ് കൈവരിക്കുന്നതെന്നു തോന്നുന്നു. എന്തിനേയും ഹാസ്യാത്മകമായി പരിണമിപ്പിക്കുന്ന ഒരു തരം വക്രോക്തിയാണത്. എന്നാല്‍ മുകളില്‍സുചിപ്പിച്ച പോലെ കുഞ്ചന്‍ നമ്പ്യാരിലാരംഭിക്കുന്ന നമ്മുടെ ഹാസ്യകവിതാ പാരമ്പര്യത്തിന് തുടര്‍ച്ചകളില്ലാതെ പോയതു കാരണം കെ.ആര്‍ .ടോണിയെപ്പോലൊരാള്‍ക്ക് തൊട്ടു മുന്നിലുള്ള ഒരു തലമുറയുടെ പാരമ്പര്യം ചൂണ്ടിക്കാണിക്കാനാകാതെ വന്നു. ഇത് വലിയൊരു ശൂന്യത അയാള്‍ക്കു മുന്നില്‍ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ആസ്വാദനതലത്തില്‍ കെ.ആര്‍.ടോണിയുടെ കവിത നേരിടുന്ന വെല്ലുവിളിയാണത്.
പുതിയ കഥയെയും കവിതയേയും കൂട്ടി വായിക്കുമ്പോള്‍ അവ കൈകാര്യം ചെയ്ത പ്രമേയങ്ങളിലെയും ആവിഷ്‌കരണങ്ങളിലേയും ഐകരൂപ്യം, ആധുനികതയുടെ തുടക്കത്തില്‍ പ്രമേയസ്വികരണത്തില്‍സംഭവിച്ചതു പോലെത്തന്നെയാണ്. കവിത മാറ്റങ്ങളെ വേഗത്തില്‍ ഉള്‍ക്കൊണ്ടു. സ്ത്രീ, ദളിത് ആഖ്യാനങ്ങള്‍ക്ക് ഇടമേറെയുണ്ടായി. രൂപപരമായി പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി, തീരെ ചെറുതായി, പ്രത്യക്ഷ രാഷ്ട്രീയം അന്യമായി. എന്നാല്‍ കഥയാകട്ടെ രൂപപരമായി അതിന്റെ വലിപ്പത്തില്‍ വലിയ മാറ്റം നടപ്പാക്കിയില്ല. പ്രമേയങ്ങളില്‍ മേല്‍ഘടകങ്ങള്‍ക്കൊപ്പം പ്രത്യക്ഷ രാഷ്ട്രീയവും ചരിത്രവും അതിന്റെ ഘടനയിലുള്‍ച്ചേര്‍ന്നു. രൂപത്തിലല്ല, ഉള്ളടക്കത്തിലായിരുന്നു  കഥ ഏറെ പരിണമിച്ചത്.കവിതയുടെ രൂപം കൂടുതലുറഞ്ഞ് സാന്ദ്രമായിക്കൊണ്ടിരിക്കുമ്പോള്‍ കഥ  നിയതരൂപം വെടിയാതെ തന്നെ ആഖ്യാനത്തിലെ ശിഥിലതയും സംഗീതവുമൊക്കെ നിലനിര്‍ത്തി.സ്ത്രീ, ദളിത് ആഖ്യാനങ്ങളിലേറെയും ശരീരങ്ങളില്‍ കെന്ദ്രീകരിക്കപ്പെടുകയാണുണ്ടായത്.
 'സംക്രമണം' എന്ന കവിതയില്‍ ശരീരത്തെത്തന്നെയാണ് ആറ്റൂര്‍ വിഷയമാക്കുന്നതെന്ന് തോന്നുമെങ്കിലും അത് ഒരേ സമയം ആത്മാവും ശരീരവുമാണ്. എന്നാല്‍ പില്‍ക്കാല എഴുത്തുകള്‍ അതിന്റെ ഭൗതികതയില്‍ മാത്രം ഊന്നുകയാണുണ്ടായത്. ആധുനികത അതിന്റെ അവസാന പാദങ്ങളില്‍ പ്രകൃതിയിലേക്ക്  തിരിച്ചെത്തുകയുണ്ടായി.  പ്രകൃതിക്കു മേല്‍ വിജയിയാകുന്ന ആദ്യകാല ആധുനിക മനുഷ്യനെ അതിന്റെ പാടിനു വിട്ട് പ്രകൃതിക്കു മുന്നില്‍ നിസ്സാരനാകുന്ന മനുഷ്യന്‍ തിരിച്ചു വന്നു. പ്രകൃതി ഓര്‍മ്മകളുടെ ഖനിയായി. കടമ്മനിട്ട , സച്ചിദാനന്ദന്‍,കെ.ജി.എസ്, പി.പി.രാമചന്ദ്രന്‍,എസ്.ജോസഫ് എന്നിങ്ങനെയുള്ള  നിരവധി കവികളില്‍  പുഴകളിലൂടെ, മലകളിലൂടെ, മരങ്ങളിലൂടെ,നാട്ടുമ്പുറങ്ങളിലൂടെപ്രകൃതി വീണ്ടുമെത്തി. പരിസ്ഥിതി ചിന്ത ഉത്തരാധുനികതയുടെ ആഖ്യാനവിഷയങ്ങളിലൊന്നാണെങ്കിലും, മലയാളത്തില്‍  സ്ത്രീ, ദളിത് വിഷയങ്ങള്‍ക്കാണ് പ്രാമുഖ്യം കൈവന്നത്. എങ്കിലും ആധുനികത പറഞ്ഞുനിറുത്തിയേടത്തു നിന്നോ പറയാതെ വിട്ടതില്‍ നിന്നോ ആണ് ഉത്തരാധുനികത തുടങ്ങിയത്.കഥയിലും കവിതയിലൂമൊക്കെ സ്ത്രീ,ദളിത്‌,പരിസ്ഥിതി ആഖ്യാനങ്ങള്‍ എങ്ങനെ മാറി എന്നത് സമഗ്രമായി വിലയിരുത്തപ്പെടെണ്ടതാണ്.

സൈബര്‍ കാലം 

പുതിയ സാങ്കേതിക വിദ്യയും മാധ്യമങ്ങളും കഥയെയും കവിതയേയും  രൂപപരമായോ, ഭാവുകത്വ പരമായോ ഇനിയും കാര്യമായി സ്പര്‍ശിച്ചിട്ടില്ല. സൈബര്‍ ലോകത്തിന്റെ ചില സന്ത്രാസങ്ങള്‍ അങ്ങിങ്ങു സൂചിപ്പിക്കപ്പെട്ടുവെങ്കിലും സൈബര്‍ അനുഭവം ഇനിയും അതിന്റെ സമഗ്രതയില്‍ ആവിഷ്‌കാരം നേടാനിരിക്കുന്നതേയുള്ളൂ. 'ഫ്രാന്‍സിസ് ഇട്ടിക്കൊര' പോലെയുള്ള ചില നോവലുകള്‍ മാത്രമേ സൈബര്‍ ലോകത്തെ സമഗ്രമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുള്ളൂ. രൂപപരവും ഭാവുകത്വപരവുമായ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ലെങ്കില്‍ തന്നെ എഴുത്തിന്റെ ചില മാതൃകകളോട് വിട പറയാനും യഥേഷ്ടമുള്ള എഴുത്തിന്റെ സ്വാതന്ത്ര്യം കണ്ടെത്താനും അത് സഹായകമായി. ഇത് സാധ്യമാക്കിയത് സ്വയം പ്രസിദ്ധീകരണം എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനാലാണ്. ഇത് രചനാപരമായ നിഷ്‌കര്‍ഷകളേയും സൂക്ഷ്മതകളേയും എങ്ങനെ ബാധിച്ചു എന്ന് പില്ക്കാലമാണ് തീരുമാനിക്കേണ്ടത്. കവികള്‍ തന്നെയാണ് ഈ രംഗത്ത് ഏറെ ഉണ്ടായത്. കഥകള്‍ സൈബര്‍ലോകത്ത് വളരെ വിരളമായാണ് സംഭവിച്ചത്. രൂപപരമായ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ കഥകള്‍ക്ക് ഇനിയും കഴിയാത്തതാണ് ഒരു കാരണം. കഥക്കും കവിതക്കും ഇടയില്‍ സ്ഥാപ്പെടുത്താവുന്ന ചെറിയ അനുഭവ വിവരണങ്ങള്‍ ഫേസ്ബുക്കിലും മറ്റും സാധാരണമായി. സൈബര്‍ സാഹിത്യം  പ്രസക്തി ഇല്ലാതാക്കിയത് മുഖ്യധാരാ അച്ചടിമാധ്യമങ്ങളെയല്ല, സമാന്തര മാസികകളെയാണ്. അവ ചെയ്യുന്ന ധര്‍മ്മം, അതിലേറെ ഇന്റര്‍നെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ചെറുമാസികകളുടെ രണ്ടാം ജന്മം, ഇന്റര്‍നെറ്റ് സാഹിത്യത്തിന്റെ ചുവടു പിടിച്ചുകൊണ്ടുള്ളതാണ്. മാതൃകാന്വേഷി,തോര്‍ച്ച തുടങ്ങിയ പുതുകാല ലഘുമാസികകളുടെ രൂപ ഘടന ഇതൊര്‍മ്മിപ്പിക്കുന്നു.
വിപണി തന്ത്രങ്ങള്‍ പുതിയ കഥയും കവിതയും പയറ്റുന്നുണ്ട്.  അച്ചടി സാഹിത്യത്തില്‍ അത് അച്ചടിയുടെ രൂപ ഭംഗിയാകാം. സൈബര്‍ ലോകത്ത് അതിന്റെ നിരവധി തന്ത്രങ്ങളാവാം.  വിപണിയുടെ ഭാഗമായി നില്‍ക്കാനും, വിപണിക്കു വേണ്ടതു വേണ്ട രൂപത്തില്‍ നല്‍കാനും അതു ശ്രമിക്കുന്നു. വിപണിയുടെ പുത്തന്‍ സാങ്കേതികതയും ഉല്‍പന്നങ്ങളും തന്നെയാണ് അതിനെ നിലനിര്‍ത്തുന്നത്. അതിനെതിരായ കലാപങ്ങള്‍ പോലും അതിന്റെ സാങ്കേതിക വിദ്യക്കകത്താണ് നിറവേറ്റപ്പെടുന്നത്.
സൈബര്‍ ലോകത്തെങ്കിലും വായനാ സമൂഹം വേറിട്ട ഒരു വിഭാഗമല്ല.എഴുത്തുകാരും വായനക്കാരും ഒരേ കൂട്ടര്‍ തന്നയാണവിടെ.അത് കൊണ്ട് തന്നെ  എഴുത്തിന്റെ സ്വീകരണവും നിരാകരണവും വളരെ ആപേക്ഷികവുമാണ് .അച്ചടി മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസാധനത്തിന്റെയും പ്രതികരണങ്ങളുടെയും അതി വേഗത'പാഠ'ത്തെ നിരന്തരമായ പരിണാമങ്ങങ്ങള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു.
--------------------
(‘കേരളകവിത’2013ല്‍ പ്രസിദ്ധീകരിച്ചത്.’കേരളകവിത’യുടെ ഒരു ചോദ്യാവലിയ്ക്കുള്ള ഉത്തരങ്ങളെന്ന നിലയ്ക്കാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.അതിനാല്‍ പരിമിതികള്‍ സദയം മനസ്സിലാക്കുക)

Monday, July 22, 2013

വരും വരും എന്ന പ്രതീക്ഷ


ഓരോരുത്തരും ഓരോ ദാഹവുമായി വരുന്നു
ഒരിക്കല്‍ വന്നവര്‍ ഒരിക്കലും വിട്ടു പോകുന്നില്ല
ഓരോ രൂപത്തില്‍ മനസ്സായോ,മുഖ ച്ഛായയായോ
ഇവിടെത്തന്നെ തുടരുന്നു.
(കെ.ജി.ശങ്കരപ്പിള്ള,വരും വരും എന്ന പ്രതീക്ഷ)

മാധവന്‍ പുറപ്പെട്ടു പോകാന്‍ തീര്‍ച്ചപ്പെടുത്തിയത് ഇന്ദുലേഖ സൂരി നമ്പൂതിരിക്കധീനപ്പെട്ടു എന്ന കിംവദന്തി കാരണമാണെന്നാണ് നോവല്‍ നല്‍കുന്ന പൊതു ധാരണ.മാധവന്റെ ആധുനിക യുക്തികള്‍ കിംവദന്തിയുടെ ‘ പ്രാകൃത‘ ത്തിനു മുന്നില്‍ നഷ്ടമായതായും സ്വാഭാവികമായി കരുതാം....(സമകാലികമലയാളം വാരിക,2003,ജൂലൈ 18)
Sunday, July 21, 2013

അച്ഛന്‍ വരുന്നു


രാജാരവിവര്‍മ്മ‘ദാ അച്ഛന്‍ വരുന്നു'(There comes papa ) എന്ന ചിത്രമെഴുതുന്നതിന്(1893)നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്തു മേനോന്റെ ‘ ഇന്ദു ലേഖ’(1889)യും ഒരു വര്‍ഷം മുന്‍പ് ‘ശാരദ’യും(1892)പുറത്തു വന്നു കഴിഞ്ഞിരുന്നു.ചന്തുമേനോന്റെ പുസ്തകങ്ങള്‍ കേരളത്തിലെ കൊളോണിയല്‍ ആധുനികതയുടെ വിളംബരങ്ങളായി ഇന്ന് വായിക്കപ്പെടുന്നു.....
(കടപ്പാട്:മാധ്യമം വാരിക 2004 ആഗസ്ത് 6)

Tuesday, February 5, 2013

ചുവന്ന ബസ്സിനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നു‘ ഓര്‍ഡിനറി’ എന്ന പേരിലിറങ്ങിയ  സിനിമ ' ഗവി' എന്നൊരു ഭൂപ്രദേശത്തിന്റെ കയറ്റിറക്കങ്ങള്‍ താണ്ടി കിതയ്ക്കുന്ന  കെ.എസ്.ആര്‍.റ്റി.സി എന്ന ചുവന്ന ബസ്സിന്റെ കഥയും പറയുന്നു.ഒരു നാടും ബസ്സും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ആഖ്യാനവും കൂടിയാണ് ആ സിനിമ.
 കേള്‍ക്കുന്നവാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ കെ.എസ്.ആര്‍.റ്റി.സി  ഓര്‍മ്മകള്‍ മാത്രമായിത്തീരാന്‍ അധിക കാലമില്ല.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ഷെരീഫിന്റെ ചിത്രം(ട്രൂ കോപ്പി)കൂടി കണ്ടപ്പോള്‍ എന്നെങ്കിലുമെഴുതാമല്ലോ എന്ന് മടിപിടിച്ച ഈ(ഓര്‍മ്മ)കുറിപ്പ് ഇനി നീട്ടി വെയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.എങ്ങോട്ടു പോകണമെന്നറിയാത്ത, ഡ്രൈവറും കണ്ടക്ടരും യാത്രികരുമില്ലാത്ത ആ ബസ്സ് നാമോരോരുത്തരോടും പലതും പറയാതെ പറയുന്നുണ്ട്.ഇപ്പോഴൊന്നു തിരിഞ്ഞു നോക്കിയാല്‍ അതൊരു വെറും ബസ്സല്ല,ഓര്‍മ്മയുടെ ഒരു ചുവന്ന അദ്ധ്യായമാണെന്ന് തിരിച്ചറിയും.

ചുവന്ന ബസ്സിന് കല്ലെറിയാന്‍ പടച്ചു വിട്ടൊരു പ്രസ്ഥാനം എന്ന് കെ.എസ്.യു ക്കാരെ കളിയാക്കി പണ്ട് കോളേജുകളില്‍ മുദ്രാവാക്യം വിളിക്കുമായിരുന്നു.വിമോചനസമരക്കാലത്തെ അവരുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ആ പരിഹാസം.പച്ചയും നീലയും മഞ്ഞയുമൊക്കെയായി പില്‍ക്കാലത്ത് കെ.എസ്.ആര്‍.റ്റി.സി .ബസ്സുകള്‍ നിറവൈവിദ്ധ്യം നേടിയെങ്കിലും  അടിസ്ഥാന നിറം ചുവപ്പു തന്നെയായിരുന്നു. ഏറെ കല്ലേറു കൊണ്ടതും ആ ബസ്സുകള്‍ തന്നെ.എങ്കിലും ചുവന്ന ബസ്സിനു കിട്ടിയ പ്രണയം മറ്റു ബസ്സുകള്‍ക്ക് ലഭിച്ചില്ല.മറ്റു നിറക്കാരെ അല്പം മാറിനിന്ന് വീക്ഷിച്ച് ചാര്‍ജ്ജ് കൂടുതലാകുമോ,ഇറങ്ങാനുള്ള സ്റ്റോപ്പില്‍ നിര്‍ത്തുമോ എന്നൊക്കെ ആശങ്കപ്പെട്ട് അതില്‍ കയറാന്‍ മടിച്ചു .

കെ.എസ്.ആര്‍.റ്റി.സി ബസ്സുകളുടെ സ്ഥിരമായ നിറം, ഏറെ മാറാത്ത രൂപഘടന എന്നിവയൊക്കെ ചേര്‍ന്ന പൊടിപിടിച്ചൊരു ചിത്രം എല്ലാവരുടെ മനസ്സിലുമുണ്ട്  . ഒരു മഴ പെയ്താല്‍ പൊടിയിളകി അതിന് തെളിച്ചം വരും.സ്വകാര്യ ബസ്സുകള്‍ എത്രയേറെ മാറിയെന്നത് കെ.എസ്.ആര്‍..റ്റി.സി ബസ്സുകള്‍ കാണുമ്പോളാണ് നാമറിയുക.പുഷ് ബാക്ക് സീറ്റുകള്‍‍, സംഗീതം,ടെലിവിഷന്‍ എന്നീ ആര്‍ഭാടങ്ങളൊന്നും കെ.എസ്.ആര്‍.റ്റി.സി ബസ്സിലില്ല.മഴക്കാലത്ത് ചോര്‍ന്നുവെന്നും വരും.ഇടയ്ക്ക് വെച്ച് ബ്രേക്ക് ഡൌണായാല്‍കാര്യം കുഴങ്ങിയതു തന്നെ . എന്നിരുന്നാലും പരിമിതികളുടെ ആ ലാളിത്യത്തിനുള്ളില്‍ കടന്നിരിക്കാനാണ് ഇത്ര കാലവും ആഗ്രഹിച്ചത്.അത് പൊതു മേഖലയോടുള്ള അനുകൂല മനോഭാവം കൊണ്ടു മാത്രമാണെന്ന് കരുതുന്നില്ല.അതിനകത്ത് അനുഭവപ്പെടുന്ന സ്വസ്ഥതയെന്നോ, ആത്മവിശ്വാസമെന്നോ, തിരക്കു കുറവെന്നോ, പരിമിത വേഗമെന്നോ  പേരിട്ടു പറയാന്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്ത പല കാരണങ്ങളാവാം.അല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ ഇങ്ങോളം ഓടിയെത്തിയ ഓര്‍മ്മയുടെ വാഹനത്തില്‍ ഇത്തിരി സ്ഥലം പിടിക്കാനാവാം.അതല്ലാതെ എന്നെക്കാണാന്‍ ഒരു പ്രണയവും കെ.എസ്.ആര്‍.റ്റി.സിയില്‍ വന്നിറങ്ങിയിട്ടില്ല.ആ ബസ്സ് തന്നെയായിരുന്നു പ്രണയവും പ്രേയസിയും.

തൃശ്ശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന നിരവധി സ്വകാര്യ ബസ്സുകള്‍ നിറയെ യാത്രക്കാരുമായി കെ.എസ്.ആര്‍.റ്റി.സിയെ മറികടന്നു പോകുമ്പോള്‍ അതിലെ ഡ്രൈവര്‍ക്കും കണ്ടക്റ്റര്‍ക്കും ക്ലീനര്‍ക്കുമൊപ്പം  യാത്രക്കാരും കെ.എസ്.ആര്‍.റ്റി.സി ബസ്സിനെയും അതിലെ കുറച്ചു യാത്രികരേയും പുച്ഛത്തോടെ നോക്കുന്നത് പലപ്പോഴും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.എല്ലാ സ്റ്റോപ്പിലും അവര്‍ ആദ്യമെത്തുകയും യാത്രക്കാരെ മുഴുവന്‍ റാഞ്ചിക്കൊണ്ടു പോവുകയും ചെയ്യും.എന്നെപ്പോലുള്ള ചിലര്‍ മാത്രം ചുവന്ന ബസ്സ് വരാന്‍ ഒറ്റയ്ക്ക് കാത്തു നിന്നേക്കും.മാത്രവുമല്ല വല്ലപ്പോഴും ഒരു പ്രൈവറ്റ് ബസ്സിനെ അത് മറികടന്നു പോയാല്‍ ആ ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററും ചേര്‍ന്ന് പാവം കെ.എസ്.ആര്‍.റ്റി.സി ഡ്രൈവറെ ചീത്തവിളിക്കുന്നതും മറ്റും അയാളോടോപ്പം എനിക്കും നിസ്സഹായനായി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങളെ അവയ്ക്കെതിരായ കയ്യേറ്റങ്ങളില്‍ നിന്ന് പരിരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ ജീവനക്കാരായ പൊതുജനത്തിനുപോലുമുണ്ടെന്ന് തോന്നിയിട്ടില്ല.സര്‍ക്കാര്‍ ജീവനക്കാര്‍ അതില്‍ കയറണമെന്നു തീരുമാനിച്ചാല്‍ തന്നെ അതിന്റെ നിലനില്‍പ്പ് പാതിയെങ്കിലും ഉറപ്പാക്കപ്പെടും.സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സ്ഥിതി തന്നെയാണ് കെ.എസ്.ആര്‍.റ്റി.സി യുടേതും എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.പൊളിഞ്ഞ മേല്‍ക്കൂരയും ഒടിഞ്ഞ ബെഞ്ചുകളുമുള്ളതെങ്കിലും ഒരു സര്‍ക്കാര്‍ എല്‍.പി സ്കൂള്‍  വെറുമൊരു കെട്ടിടമല്ലാത്ത പോലെ കെ.എസ്.ആര്‍.റ്റി.സി എന്നാല്‍ ഏതാനും ബസ്സുകളും ചില ഓഫിസുകളുമല്ല.അത് യാത്രയാണ്.യാത്രയെന്നാല്‍ തുടക്കത്തിനും ഒടുക്കത്തിനും ഇടയ്ക്കുള്ള ഇത്തിരി ദൂരം മാത്രമല്ല, നമ്മെ കൊണ്ടുപോകുന്ന വാഹനവും കൂടിയാണ് .  ഒരുക്കങ്ങള്‍,കിട്ടിയ ബസ്സുകള്‍,കിട്ടാത്ത ബസ്സുകള്‍,കണ്ടെത്തിയവര്‍,കാണാതെ പോയവര്‍,പിന്നിലേക്കോടി മറഞ്ഞ കാഴ്ചകള്‍, യാത്രയുടെ ഇരമ്പങ്ങള്‍,അങ്ങനെ പലതുമാണ്.

സ്വകാര്യബസ്സിലെ ഡ്രൈവര്‍ അതിവേഗത്തില്‍  കെ.എസ്.ആര്‍.റ്റി.സി ബസ്സിനെ മറികടന്നു പോകുമ്പോള്‍ അനല്പമായ ആനന്ദം അതിലെ യാത്രക്കാരും അനുഭവിക്കുന്നുണ്ടാവാം. കെ.എസ്.ആര്‍.റ്റി.സി ഡ്രൈവര്‍ ബസ്സോടിക്കാനറിയാത്തവനെന്നു കരുതുന്നുണ്ടാവണം. കേരളത്തിലെ എറ്റവും പ്രഗല്‍ഭരായ അദ്ധ്യാപകരുള്ളത് സര്‍ക്കാര്‍ സ്കൂളുകളിലാണെങ്കിലും പഠിപ്പിക്കാന്‍ മികച്ച ഭൌതിക സാഹചര്യങ്ങളൊ നല്ല വിദ്യാര്‍ത്ഥികളേയൊ അവര്‍ക്ക് ലഭിക്കാത്തതു പോലെ ഏറ്റവും മികച്ച ഡ്രൈവര്‍മാരുള്ള കെ.എസ്.ആര്‍.റ്റി.സിയില്‍ ഓടിക്കാന്‍ നല്ല ബസ്സുകളും കിട്ടാറില്ല.

എന്റെ ചെറുപ്പകാലത്ത് അഴീക്കോട് (കൊടുങ്ങല്ലൂര്‍)‍)‍)) )നിന്ന് കോഴിക്കോട്ടേയ്ക്ക് പോയിരുന്ന ഒരു കെ.എസ്.ആര്‍.റ്റി.സി ബസ്സാണ്  ഒര്‍മ്മയിലിപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന മാതൃകാ ബസ്സ്.എന്നും കഴുകി വൃത്തിയാക്കി ചില്ലിന്മേല്‍ ചന്ദനവും തൊട്ടാണ് ആ ബസ്സ് വന്നിരുന്നത്.കൃത്യസമയത്ത് വരുമെന്നുറപ്പുള്ള ഒരേഒരു കെ.എസ്.ആര്‍.റ്റി.സി ബസ്സായിരുന്നു അത്. ചുവന്ന അക്ഷരങ്ങള്‍ക്ക് ചുറ്റും മഞ്ഞബോര്‍ഡറൂള്ള അതിന്റെ നെയിം ബോര്‍ഡിന് അന്നത്തെ നിലയ്ക്ക് ഇത്തിരി ആര്‍ഭാടം കൂടുതലായിരുന്നു.സൌമ്യരായ അതിലെ കണ്ടക്റ്ററേയും ഡ്രൈവറെയും ഓര്‍ത്ത് ആ ബസ്സില്‍ തന്നെ കയറാന്‍ പലരും കാത്തുനിന്നു.സ്ഥിരമായി ഒരേ കണ്ടക്റ്ററും ഡ്രൈവറുമാണ് ആ ബസ്സിലുണ്ടായിരുന്നതെന്നു പറഞ്ഞു കേട്ടിരുന്നു.അത് ശരിയാവാനിടയുണ്ട്.അവര്‍ക്ക് വല്ല ഗുഡ് സര്‍വ്വീസ് എന്‍ട്രിയും കിട്ടിയോ അതോ  അച്ചടക്ക നടപടിയാണോ ഉണ്ടായത് എന്നൊന്നും അറിഞ്ഞില്ല.

കെ.എസ്.ആര്‍.റ്റി.സിയും ജനങ്ങളും തമ്മിലുള്ള ബന്ധമെന്തെന്ന് ആ ബസ്സുകളേറെയുള്ള പ്രദേശക്കാരും ‘ ഗവി‘ യിലെ നാട്ടുകാരുമൊക്കെ പറയും. വയനാട്ടിലേക്ക് പോകുന്ന പല കെ.എസ്.ആര്‍.റ്റി.സി ബസ്സുകളിലുള്ളത് ‘ ഓര്‍ഡിനറി‘ സിനിമയിലെ കണ്ടക്റ്ററും ഡ്രൈവറും തന്നെയാണ്.നഗരം നല്‍കാത്ത അനുഭവമാണത്.

ഇതു പോലെഏതുനാട്ടിലും ഏതെങ്കിലുമൊരു സ്വകാര്യ ബസ്സിനും ഇത്തരം കഥകളുണ്ടാവും പറയാന്‍ .പുറം നാടോ നഗരമോ ആയി ആനാടിനെ കൂട്ടിയിണക്കുന്നവാഹനമായിരിക്കുമത് . ചില ബസ്സുകള്‍ പ്രത്യേക പ്രദേശങ്ങളുടെ ബ്രാന്‍ഡ് നെയിം തന്നെയാണ്.  പാലക്കാട്ടുകാരുടെ ‘ മയില്‍ വാഹനം‘,തൃശ്ശൂര്‍ക്കാരുടെ
‘ കെ.കെ.മേനോന്‍‘ ‍,അങ്ങനെ ചിലത്.അവരുടെ ഗൃഹാതുരതയാണത്.എന്നാല്‍ കേരളമാകെ ഒന്നിച്ചൊരു കണ്ണിയില്‍ കോര്‍ത്തുനിര്‍ത്താന്‍ മറ്റൊരു ബസ്സിനും ഇതുവരെകഴിഞ്ഞിട്ടില്ല.കേരളത്തിലെ ഏതു കെ.എസ്.ആര്‍.റ്റി.സി സ്റ്റേഷനിലും എത്ര പാതിരാത്രിയിലും നിങ്ങള്‍ക്ക് കാത്തു നില്‍ക്കാം.അവിടെ നിന്നാല്‍ ഇത്തിരി വൈകിയാലും ഒരു ബസ്സ് നിങ്ങളെ കൊണ്ടു പോകാനെത്തും.കേരളത്തില്‍ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ രാപകലെന്യേ യാത്രക്കാരുടെ എണ്ണമോ ലാഭ ചേതങ്ങളോ നോക്കാതെ ഓടിക്കൊണ്ട് അത് മലയാള നാടിനെ ഒറ്റച്ചരടില്‍ കോര്‍ക്കുന്നു.അത് കയറിയിറങ്ങിയ കുന്നുകളും കുഴികളുമൊന്നും മറ്റൊരുവാഹനവും സഞ്ചരിച്ചിട്ടില്ല.അതിന്റെയത്രയും നാടു കണ്ടവരാരുമില്ല. അത് ഭേദിച്ച ഇരുട്ടിന്റെ റെക്കോര്‍ഡ് ഇനിയാരും മറികടക്കില്ല.ലാഭക്കണക്കുകളില്‍ മാത്രം വിലയിരുത്തപ്പെടേണ്ടതല്ല ആഓട്ടവും പാച്ചിലും.

ആകയാല്‍ സ്വകാര്യ ബസ്സിലിരുന്ന് കെ.എസ്.ആര്‍.റ്റി.സി ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുന്നതില്‍ ആഹ്ലാദിക്കുന്നവര്‍ ഒന്നോര്‍ക്കുക: കേരളമുണ്ടായ കാലം തൊട്ട് നമ്മെയും കൊണ്ടോടുന്ന ചുവന്ന ഓര്‍മ്മയെയാണ് നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുന്നത് .അത് കട്ടപ്പുറത്താവുമ്പോള്‍ കേരളം തന്നെയാണ് കട്ടപ്പുറത്താവുന്നത്.

 ഓര്‍മ്മകളുടെ ഇരമ്പവുമായി ഓടിയെത്തുന്ന ചുവന്ന ബസ്സിനോടുള്ള പ്രണയം ഞാന്‍ വീണ്ടും പ്രഖ്യാപിക്കുകയാണ്.