Thursday, August 4, 2011

വയനാട്ടില്‍, മഴയത്ത്.അയച്ച മഴ കിട്ടി.
മഴക്കാലത്ത് ഇങ്ങനെയൊരു 
പുസ്തകം കിട്ടുന്നത്
മരുന്നു കഞ്ഞി കുടിക്കുന്ന 
ഫലം ചെയ്യും.

'വയനാട്ടിലെ മഴ' എന്ന പുസ്തകം കൈപ്പറ്റിയ വിവരം ശ്രീ. വി. കെ. ശ്രീരാമന്‍ അറിയിച്ചത് ഇങ്ങനെയായിരുന്നു. നാട്ടിലെ മഴ കാണുവാന്‍ വിദേശ ജോലി വേണ്ടെന്നുവെച്ചയാളാണ് വി. കെ. ശ്രീരാമന്‍ (B.C. 53 ലെ പുണര്‍തം ഞാറ്റുവേല 'മാതൃഭൂമി 87:22, 2009 ആഗസ്ത് 9)
മഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും ചുരം കയറി വയനാട്ടിലേക്കോടും. ഒരു കാലത്ത് കേരളത്തിലെ ചിറാപുഞ്ചിയായിരുന്നു വയനാട്ടിലെ ‘ലക്കിടി‘ എന്ന സ്ഥലം. അങ്ങനെയാണ് സ്‌ക്കൂള്‍ ക്ലാസ്സുകളില്‍ വയനാട്ടിനെക്കുറിച്ചറിയുന്നത്. പിന്നീടതു മാറി. 2009 ലെ മഴ ലക്കിടിയെയും, കബനിയെയും വയനാടിനെ ആകെത്തന്നെയും വീണ്ടും എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. ഭൂമിശാസ്ത്രപരമായും അല്ലാതെയും വയനാട് കേരളത്തിലെ ഒരു പാര്‍ശ്വവല്‍കൃത പ്രദേശമാണ്. എങ്കിലും അത് ഇടക്കിടെ പലവിധത്തില്‍ ബൃഹദ് ലോകങ്ങളിലേക്ക് തല നീട്ടും. നക്‌സല്‍ രാഷ്ട്രീയം, വര്‍ഗ്ഗീസ്, കബനീനദി, മുത്തങ്ങ, ജാനു, വീരേന്ദ്രകുമാര്‍, അവിവാഹിതരായ ആദിവാസി അമ്മമാര്‍ ഇടയ്‌ക്കൊരു സിനിമ എന്നിങ്ങനെ അതിന് കാരണങ്ങള്‍ പലതാകാം. അതൊക്കെ ചുരമിറങ്ങി പടിഞ്ഞാറോട്ടൊഴുകി കേരളമാകെ പരക്കും. മഴയുടെ ജലമാകട്ടെ കബനി വഴി കിഴക്കോട്ടൊഴുകിപ്പോകും.
താഴെ നാട്ടിലിരുന്നുകൊണ്ട് മേലെ വയനാട്ടില്‍ പെയ്യുന്ന മഴയുടെ വൈവിദ്ധ്യം സങ്കല്പിക്കുന്നതിനുമുണ്ടൊരു രസം. കീഴ്‌നാടും മേല്‍നാടും- രണ്ടു നാടുകളുടേയും രീതികള്‍ വേറെ. ഭൂമിശാസ്ത്രം മാത്രമല്ല, അവയെ വേര്‍തിരിക്കുന്നത്.


കാല്‍ നൂറ്റാണ്ടിനുമുമ്പാണ് വയനാട്ടില്‍ ആദ്യം കാല്‍കുത്തിയത്. അന്ന് ഒരു അന്യഭൂഖണ്ഡത്തില്‍ ചെന്നെത്തിയതുപോലെയായിരുന്നു. കഠിനമായ മേയ് മാസത്തില്‍ താമരശ്ശേരി ചുരത്തിന്റെ പകുതി കയറി ചെല്ലുമ്പോഴേക്കും അന്തരീക്ഷത്തിന്റെ ലാഘവവും തണുപ്പും അത്ഭുതപ്പെടുത്തി. ചുരം വലിച്ചു കയറിയെത്തുന്ന ബസ്സുകളും അതിലെ യാത്രക്കാരും മേലെ സമനിരപ്പിലെത്തുന്നതോടെ വേറൊരു ഗിയറിലേക്ക് മാറുകയായി. വയനാട്ടില്‍ റവന്യു വകുപ്പില്‍ ജോലികിട്ടിയശേഷമുള്ള ആദ്യയാത്രയായിരുന്നു അത്. അക്കാലത്ത് ഞങ്ങളുടെ നാട്ടിലൂടെ ഗുരുവായൂരില്‍ നിന്ന് വയനാട് വഴി മൈസൂര്‍ വരെ പോകുന്ന ഒരു ബസ്സുണ്ടായിരുന്നു. ഏതോ വിദേശ രാജ്യത്ത് പോയി വരുന്നതിന്റെ അത്ഭുതാദരങ്ങളോടെയാണ് നാട്ടുകാര്‍ ആ ബസ്സിനെ കണ്ടത്. കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് (CWMSP) എന്ന് യാത്രാദൂരം പോലെ നീണ്ടൊരു പേരും അതിനുണ്ടായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് ചങ്ങരംകുളത്തെത്തുന്ന ആ ബസ്സില്‍ കയറിയാണ് വയനാട്ടിലേക്ക് ആദ്യ യാത്ര നടത്തിയത്.

നാടും വയനാടും.
വയനാട്ടുകാരായ രണ്ടുപേര്‍ പരസ്പരം പരിചയപ്പെട്ടാല്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നാവും. ഓരോ വയനാട്ടുകാരനുമുണ്ട് രണ്ടു ദേശങ്ങള്‍. ഒന്ന് വയനാട്ടിലും മറ്റേത് മധ്യ തിരുവിതാംകൂറിലോ, കോഴിക്കോട്ടോ, കണ്ണൂരോ ആകാം. രണ്ട് ദേശങ്ങള്‍ക്കിടക്കുള്ള ഈ സഞ്ചാരമാണ് ഒരു വയനാടന്റെ ജീവിതമെന്നും പറയാം. വയനാട്ടുകാരന്‍ എപ്പോഴും കീഴ്‌നാടിനെക്കുറിച്ചാലോചിക്കും. കാരണം, തന്റെ തറവാടും ബന്ധുക്കളും, പാരമ്പര്യവുമൊക്കെ അവിടെയാണുള്ളത്. എത്രകാലം വയനാട്ടില്‍ കഴിഞ്ഞാലും നാട്ടിലെത്തണമെന്ന വാഞ്ഛയില്‍ നിന്ന് അയാള്‍ മുക്തനാവില്ല. ചുരത്തിനു താഴെയുള്ള ഏതെങ്കിലുമൊരു പ്രദേശത്തു നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ എല്ലാം ഉപേക്ഷിച്ചിട്ടാണ് (ഉപേക്ഷിക്കാന്‍ ഏറെയൊന്നും ഉണ്ടായിരുന്നില്ല) വയനാട്ടിലെത്തിയത്. എങ്കിലും സ്വന്തം മാതൃ/പിതൃഭൂമിയായി ചുരത്തിനു താഴെയുള്ള ഒരു സ്ഥലം മനസ്സിലെങ്കിലും സൂക്ഷിക്കുന്നുണ്ടാവും. പലപ്പോഴും അങ്ങനെ ഒരു സ്ഥലം അവര്‍ക്ക് സ്വന്തമായിരിക്കില്ല. എങ്കിലും ആ ഇടത്തിലേക്കെത്താനുള്ള പരിശ്രമങ്ങളില്‍ കുടുങ്ങിയതാണ് അവന്റെ/അവളുടെ കുടിയേറ്റ ജീവിതം. പെണ്‍കുട്ടികളെ താഴെ നാട്ടിലേക്ക് വിവാഹം കഴിച്ചു കൊടുക്കാനും ആണ്‍കുട്ടികള്‍ക്ക് നാട്ടില്‍ നിന്ന് വധുക്കളെ കണ്ടെത്താനും അവര്‍ ശ്രമിക്കും.
എന്നാല്‍ കീഴ് നാട്ടുകാരന്റെ ചിന്തയിലും പ്രവര്‍ത്തിയിലുമൊക്കെയുള്ള വയനാട് ഇപ്പോഴും ഒരു ഇരുണ്ട ഭൂഖണ്ഡമാണ്. ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ പകല്‍ സമയത്തും റോഡില്‍ വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന നിഷ്‌ക്കളങ്കരായ ആദിവാസികളുടെ പ്രദേശം. കീഴ്‌നാടിന്റെ അപരമായ ഒരു പ്രദേശം. നാല്പതിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് വയനാടിനെക്കുറിച്ച് ശ്രീ. കെ.പാനൂര്‍ ഒരു പുസ്തകമെഴുതിയപ്പോള്‍ അതിന് 'കേരളത്തിലെ ആഫ്രിക്ക‘ എന്നാണ് പേരു നല്‍കിയത്. ആദ്യമായി കണ്ടത്തപ്പെടുന്ന ഭൂഖണ്ഡമെന്ന പ്രതീതിയായിരുന്നു പാനൂരിന്റെ പുസ്തകം പുറത്തുവന്നപ്പോഴുണ്ടായിരുന്നത്. പുറം ലോകത്തിന് അറയാത്ത അനുഭവങ്ങളുടേയും അറിവുകളുടേയും ഒരു അത്ഭുത ദേശമായി വയനാട് മാറുകയായിരുന്നു. നാട്ടിലുള്ളവരുടെ വയനാടന്‍ നിര്‍മ്മാണത്തില്‍ വിപ്ലവഭൂമി എന്നൊരു പ്രതിനിധാനം അതിന് എക്കാലത്തും നല്കപ്പെട്ടിട്ടുണ്ട്. അതിനു കാരണവുമുണ്ട്. നക്‌സല്‍ കലാപങ്ങളിലേറെയും നടന്നത് ആ നാട്ടിലായിരുന്നുവല്ലോ. പില്‍ക്കാലത്ത് ജാനുവിന്റെ നേതൃത്വത്തിലുള്ള മുത്തങ്ങ സമരം നടന്നതും അവിടെയായിരുന്നു. അജിത, ഫിലിപ്പ് എം. പ്രസാദ്, വെള്ളത്തൂവല്‍ സ്റ്റീഫന്‍, കെ. വേണു, സിവിക് ചന്ദ്രന്‍, സച്ചിദാനന്ദന്‍ തുടങ്ങി നിരവധി 'അന്യ നാട്ടുകാരുടെ' ജീവിത പുസ്തകത്തില്‍ ഒരു വയനാടന്‍ പര്‍വ്വം നീണ്ടു കിടക്കുന്നുണ്ട്. അവരൊക്കെ വയനാടിനെ കണ്ടെത്താന്‍ ശ്രമിക്കുകയും അതിലൂടെ തങ്ങളെത്തന്നെ കണ്ടെത്തുകയുമായിരുന്നു. ഒരര്‍ത്ഥത്തില്‍ ആര്‍ക്കും അത് ഒരു കണ്ണാടിയായിരുന്നു. അതിനൊക്കെ മുമ്പ് യഥാര്‍ത്ഥ കണ്ടെത്തല്‍ നടത്തിയത് കരിന്തണ്ടന്‍ എന്ന ആദിവാസിയില്‍ നിന്ന് വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴി മനസ്സിലാക്കിയ ബ്രിട്ടീഷ് സായ്പായിരുന്നു. വയനാട് എന്ന ഭൂപ്രദേശത്തിന്റെയൊക്കെ പേറ്റന്റ് കൈവശപ്പെടുത്താനുള്ള ആഗ്രഹമാണ് കരിന്തണ്ടന്റെ കൊലപാതകത്തില്‍ കലാശിച്ചത്. എങ്കിലും ചുരം കയറി പുതിയൊരു ഭൂഖണ്ഡത്തിലേക്ക് കാലെടുത്തുവെക്കുന്ന ഏതൊരാള്‍ക്കും ഒരോര്‍മ്മപ്പെടുത്തലും താക്കീതുമായി കരിന്തണ്ടന്‍ ലക്കിടിയിലൊരു മരത്തില്‍ ബന്ധിക്കപ്പെട്ടു കിടപ്പുണ്ട്. വഴി മനസ്സിലാക്കിയ സായ്പ് വയനാട്ടിന്റെ അധികാരിയും വഴി പറഞ്ഞു കൊടുത്ത ആദിവാസി ബന്ധനസ്ഥനുമായ വിപര്യയം തന്നെയാണ് പിന്നടുണ്ടായ
കുടിയേറ്റങ്ങളിലെല്ലാം  സംഭവിച്ചത്.
വയനാടിനകത്തു തന്നെ ആദിമവാസികളും കുടിയേറ്റക്കാരും രണ്ടായി നില്ക്കും. ഇവര്‍ തമ്മിലുള്ള അതിര്‍ത്തി എവിടെയാണെന്നു പറയുക ബുദ്ധിമുട്ടാവും. കാലപ്പഴക്കത്തില്‍ ഓരോ വിഭാഗവും ആദിമനിവാസികളായി മാറും. എങ്കിലും ആദിവാസികള്‍ എന്ന വിഭാഗത്തിലുള്‍പ്പെട്ടവര്‍ മാത്രമായിരിക്കും മറ്റൊരു നാടില്ലാത്തവരായിട്ടുള്ളത്. കാട് തന്നെയായിരുന്നുവല്ലൊ അവരുടെ നാട്. വയനാടന്‍ ചെട്ടിമാര്‍, ജൈനര്‍ തുടങ്ങിയവരൊക്കെ നൂറ്റാണ്ടുകള്‍ നീണ്ട വയനാടന്‍ വാസത്തിലൂടെ അന്യ നാട് ഇല്ലാത്തവരായിട്ടുണ്ടാവാം. അവര്‍ക്ക് മറ്റൊരു നാട് ഓര്‍മ്മിച്ചെടുക്കാനോ, സങ്കല്പിച്ചെടുക്കാനോ ഇല്ല. എന്നാല്‍ ഉടലും മനസ്സും രണ്ടായി വിഭജിക്കപ്പെട്ടവരാണ് കുടിയേറ്റക്കാര്‍ എന്ന വിഭാഗത്തിലുള്ളവര്‍. ഇങ്ങനെ പലമാതിരി യാഥാര്‍ത്ഥ്യങ്ങളുടെ ഒരു കൊളാഷാണ് വയനാട്. ചിലര്‍ക്കത് വിപ്ലവഭൂമി, മറ്റു ചിലര്‍ക്ക് കുറഞ്ഞ വിലക്ക് ഭൂമി ലഭിക്കുന്ന പ്രദേശം, സസ്യവൈവിദ്ധ്യങ്ങളുടെ പ്രദേശം, പിതൃശാന്തിയുടെ നാട്, ജൈന ക്ഷേത്രങ്ങളുടെയും ഗുഹാചിത്രങ്ങളുടേയും നാട്, ചിലര്‍ക്ക് സ്വന്തദേശം, ചിലര്‍ക്ക് വന്യ ദേശം, മറ്റു ചിലര്‍ക്ക് ഇടത്താവളം. താഴെ നിന്നു നോക്കുമ്പോള്‍ മൂടല്‍ മഞ്ഞു പൊതിഞ്ഞ വയനാട് ഒരൊറ്റ പ്രദേശമാണ്. ചുരം കയറിയെത്തി മൂടല്‍ മഞ്ഞ് വകഞ്ഞു മാറ്റുമ്പോള്‍ മലയും തോടും മനുഷ്യരെയും വേറെ വേറെ കാണുകയും ചെയ്യും.

നഗരങ്ങളെ വളയുന്ന ഗ്രാമങ്ങള്‍

നഗരങ്ങളെ ഗ്രാമങ്ങള്‍ വളയുക എന്ന മാവോ സിദ്ധാന്തത്തിന്റെ പ്രയോഗിക പിന്‍ ബലം നക്‌സല്‍ ബാരി പ്രസ്ഥാനത്തിന് ഏറെ കിട്ടിയ പ്രദേശം വയനാടായിരിക്കും. ഇടക്കിടെ ഗ്രാമങ്ങള്‍ തല നീട്ടുന്ന വലിയൊരു പട്ടണമായി കേരളത്തെ സങ്കല്പിക്കാറുണ്ട്. എന്നാല്‍ വയനാട് ഇതിന്റെ നേര്‍ വിപരീതമാണ്. അക്ഷരാര്‍ത്ഥത്തില്‍ നഗരങ്ങളെ ഗ്രാമങ്ങള്‍ വളഞ്ഞു വെച്ച ഒരു ഭൂപ്രദേശം. കല്പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ പട്ടണങ്ങളെ പൊതിഞ്ഞു നില്ക്കുന്ന ഗ്രാമീണതയും വന്യതയും പട്ടണത്തെപ്പോലും ഗ്രാമമാക്കി മാറ്റുന്നു. പട്ടണത്തിന്റെ വിപരീത ദ്വന്ദ്വങ്ങളല്ല ഈ ഗ്രാമങ്ങള്‍. കാടിന്റെ ഏകാന്തതയും നിശ്ശബ്ദതയും കൂടിച്ചേര്‍ന്ന ഈ ‘വനഗ്രാമങ്ങള്‍‘ ഏതു പട്ടണത്തോടൊപ്പവുമുണ്ട്. കല്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്ന് ടൗണിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍ക്ക് പട്ടണത്തിരക്കിനിടയിലും ഇടക്കിടെ തലനീട്ടുന്ന ഈ ഗ്രാമത്തെ കാണാം. സുല്‍ത്താന്‍ ബത്തേരി ചുങ്കത്തു നിന്ന് കെ. എസ്. ആര്‍. ടി. സി. ബസ്സ്റ്റാന്റ് വരെ യാത്ര ചെയ്താലുമുണ്ട് ഈ അനുഭവം. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഓഫീസ് ,സര്‍വ്വജന ഹൈസ്‌ക്കൂള്‍ എന്നിവയെയെല്ലാം ഒരു നിശബ്ദ ഗ്രാമം പൊതിഞ്ഞു നില്ക്കുന്നു. മാനന്തവാടി ടൗണിനു നടുവില്‍ നിന്നുതന്നെ ഒരു കാട് ഉയര്‍ന്നു വരും.

ആഴ്ചയവസാനത്തിലും അവധി ദിവസങ്ങളിലും വയനാട്ടിലെ നഗരങ്ങള്‍ ആളൊഴിഞ്ഞതാകും. താഴെ നാട്ടില്‍ നിന്നെത്തിയ സര്‍ക്കാര്‍ ജീവനക്കാരായ ഭൂരിപക്ഷമാളുകളും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സ്ഥലം വിടും. വയനാട്ടില്‍ സ്ഥിര താമസമാക്കിയവരാകട്ടെ ആ ദിവസങ്ങളില്‍ വീടുകളില്‍ത്തന്നെ കഴിയുകയും ചെയ്യും. കേരളത്തിലെ മറ്റേതു നഗരങ്ങളേക്കാളും ഭീകരമായ ശൂന്യതയും ഏകാന്തതയും ഒഴിവു ദിനങ്ങളില്‍ വയനാടന്‍ നഗരങ്ങള്‍ക്കുണ്ട്. തിരക്കുള്ള ദിവസങ്ങളില്‍ പാതവക്കിലെ മരച്ചുവടുകളിലും ഇടവഴികളിലും മറ്റുമായി ഒളിഞ്ഞിരിക്കുന്ന ഏകാന്തത ആളൊഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങും. മുളക്കൂട്ടങ്ങള്‍ക്കു പുറകില്‍ പതുങ്ങി നില്ക്കുന്ന ഒറ്റയാനെപ്പോലെ നിങ്ങളെ ആക്രമിക്കും.

വയല്‍നാട്.

വയനാട്ടില്‍ 'വയനാടെ'ന്നൊരു നാടില്ല. അല്ലെങ്കില്‍ എല്ലാനാടും ചേര്‍ന്നതാണ് വയനാട്. നിരവധി വയല്‍ നാടുകള്‍ വയനാട്ടിലുണ്ട്. അമ്പലവയല്‍, നടവയല്‍, കാക്കവയല്‍, പാട്ടവയല്‍, അരിവയല്‍....... അങ്ങനെ പോകുന്നവ. എന്നാല്‍ ഇവയില്‍ പലതും യഥാര്‍ത്ഥ വയലുകളല്ല. വയനാടിനെക്കുറിച്ചുള്ള പുറം നാട്ടുകാരന്റെ സങ്കല്പത്തിന് കാടും, മലയും, കാട്ടുമൃഗങ്ങളും എന്ന പരിമിത വൃത്തം മാത്രമായതില്‍ കുറ്റപ്പെടുത്തേണ്ടകാര്യമില്ല. അത്തരമൊരു ചിത്രമാണ് മറ്റുലോകത്തേക്ക് അത് സംപ്രേഷണം ചെയ്തിട്ടുള്ളത്. എന്നാല്‍ വയലുകളുടെ നാടും കൂടിയാണ് വയനാട്. ചെറിയ ചെറിയ കുന്നുകളുടെ താഴ്‌വരയില്‍ വയലുകളും അതില്‍ സമൃദ്ധമായ നെല്‍കൃഷിയുമാണ് വയനാടിനെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. കാടിനു നടുവിലുള്ള വയലുകളിലും ഇങ്ങനെ കൃഷിനടക്കും. കൂടാതെ കാപ്പി, തേയില, കുരുമുളക്, ഇഞ്ചി എന്നിങ്ങനെയുള്ള കൃഷികള്‍ വേറെയും. അടിസ്ഥാനപരമായി ഒരു കര്‍ഷക ജീവിതമാണ് വയനാട്ടുകാര്‍ ഇപ്പോഴും നയിക്കുന്നത്. താഴെനിന്ന് കുടിയേറിയെത്തിയവര്‍ കണ്ടതും ഭൂമിയും കൃഷിയുമല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടാണ് കൃഷി ഇനി സാദ്ധ്യമല്ല എന്നുവരുമ്പോള്‍ ജീവിതം ഇനി സാദ്ധ്യമല്ല എന്നൊരര്‍ഥം അതിനുകൈവരുന്നത്. ചിലരൊക്കെ കൃഷിയുടെ പുതിയ ഇടങ്ങള്‍ തേടി കുടകിലേക്കും മറ്റും പോയി. കുടകില്‍ ഇഞ്ചിപ്പണിക്കുപോയ ആദിവാസി സ്ത്രീ പുരുഷന്മാരിലേറെപ്പേര്‍ മടങ്ങി വരാത്തവരായി മാറി, ശൂന്യതയില്‍ വിലയം പ്രാപിച്ചു.

വയനാടിന്റെ ഭൂമിയും ഭൗതികതയുമെല്ലാം എഴുത്തുകാര്‍ക്കും തങ്ങളെ കണ്ടെത്താനുള്ള ഇടങ്ങള്‍ കൂടിയായിരുന്നു. കര്‍ഷകയുവാക്കളെ ആകര്‍ഷിച്ചടുപ്പിച്ച് അവരുടെ രക്തമൂറ്റിക്കുടിക്കുന്ന വിഷ കന്യകയാണ് വയനാടന്‍ ഭൂമി എസ്. കെ. പൊറ്റെക്കാടിന്റെ ‘വിഷകന്യക‘യില്‍ പ്രത്യക്ഷപ്പെടുന്നത്. എം. ടി യുടെ'നാലുകെട്ടിലെ'  അപ്പുണ്ണി നാടുപേക്ഷിച്ചു പോകുന്നത് വയനാട്ടിലേക്കാണെന്നത് അത്ഭുതകരമായി തോന്നാം. അക്കാലത്തൊക്കെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ജോലിതേടി നഗരങ്ങളിലേക്കാണ് പോയിരുന്നത്. എന്നാല്‍ അപ്പുണ്ണി കൂടല്ലൂരില്‍ നിന്ന് കോഴിക്കോട് നഗരവും കടന്ന് വയനാട്ടിലെത്തുന്നത്. ഉറൂബിന്റെ 'ഉമ്മാച്ചു'  വിലെ മായന്‍, ബീരാനെ കൊലപ്പെടുത്തിയശേഷം വയനാട്ടിലെത്തി സ്വര്‍ണ്ണമരിക്കല്‍ ജോലിയെടുത്തു കഴിഞ്ഞു. നെല്ലും (പി. വത്സല) മാവേലിമന്റവും ( കെ. ജെ. ബേബി) വയനാടിനകത്തു നിന്നു കൊണ്ടുള്ള കുറേക്കൂടി സമഗ്രമായ വയനാടന്‍ ആഖ്യാനങ്ങളാണ്.

വയനാട്ടിലെ മഴ

വയനാട്ടിലെ മഴകൂടി കണ്ടിട്ടാവണം സച്ചിദാനന്ദന്‍ 'മഴയുടെ നാനാര്‍ത്ഥമെഴുതിയത്. 'ബഹുസ്വരതയാണ് വയനാടന്‍ മഴകളുടെ പ്രത്യേകത. വൈത്തിരിയിലൊക്കെ പണ്ട് നിത്യേനയെന്നോണം മഴയായിരുന്നെന്നു കേട്ടിട്ടുണ്ട്. മഴയുടെ നേര്‍ത്ത നൂലുകള്‍ 365 ദിവസവും പാറി വീണു കൊണ്ടിരിക്കും. വൈത്തിരിക്കടുത്താണ് ലക്കിടി. പടിഞ്ഞാറു നിന്നെത്തുന്ന മേഘങ്ങളുടെ ആദ്യത്തെ വിശ്രാന്തി സ്ഥലമാണ് ലക്കിടി. മേഘാലയയെക്കുറിച്ചു പറയുന്നതുപോലെ മേഘങ്ങളുടെ മറ്റൊരു വീട് ലക്കിടിയില്‍ നിന്നു കിഴക്കോട്ടു സഞ്ചരിച്ച് മുത്തങ്ങയും കടന്ന് വയനാടിന്റെ അതിര്‍ത്തി പിന്തുടര്‍ന്നതോടെ മഴയുടെ പ്രഭാവം മെല്ലെ കുറയുകയും കര്‍ണ്ണാടകത്തിന്റെ ഈഷരത തെളിയുകയും ചെയ്യും. അലക്‌സാണ്ടര്‍ ഫ്രേറ്ററുടെ 'മണ്‍സൂണ്‍ അനുയാത്ര' (Chasing the Monsoon) തിരുവനന്തപുരം മുതല്‍ ആസ്സാമിലെ ചിറാപുഞ്ചിവരെയായിരുന്നു. അതില്‍ വയനാട് ഉള്‍പ്പെട്ടിരുന്നില്ല. വയനാട്ടില്‍ അദ്ദേഹം എത്തിയിരുന്നെങ്കില്‍ മഴയുടെ മറ്റൊരു നടനദൃശ്യത്തിന് സാക്ഷിയാവുകയും അതുതന്നെ മറ്റൊരു പുസ്തകത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥ ചിറാപുഞ്ചി അന്വേഷിച്ചു പോയ അദ്ദേഹത്തോട് കേരളത്തിലെ ചിറാപുഞ്ചി വയനാട്ടിലാണെന്ന് ഓര്‍മ്മിപ്പിക്കാനും ആരുമുണ്ടാവില്ല.
വയനാട്ടിലാകെ പെയ്യുന്ന മഴയുടെ വരവേല്പു കേന്ദ്രമായ ലക്കിടിയിലും, വൈത്തിരിയിലും തന്നെയാണ് മഴ അതിന്റെ നാനാഭാവങ്ങളോടെ നിറഞ്ഞാടുന്നത്. ചാഞ്ഞും ചെരിഞ്ഞും ഇടത്തും വലത്തുമായി പാറി വീഴുന്ന നൂല്‍മഴ പെയ്യുന്നതേറേയും വൈത്തിരിയില്‍ തന്നെയാണ്. നൂല്‍ മഴയും നൂല്‍പ്പുഴയും തമ്മില്‍ ബന്ധമൊന്നുമില്ല. നൂല്‍പ്പുഴ എന്നത് നൂലുപോലുള്ള ഒരു തോടുമാത്രമാണെന്ന് വയനാട്ടുകാര്‍ക്കറിയാം. കബനിയല്ലാതെ പുഴയെന്നു വിളിക്കാവുന്ന ജലസ്രോതസ്സുകളൊന്നും വയനാട്ടിലില്ല.
ലക്കിടിയില്‍ പണ്ടേ സ്ഥാപിച്ചൊരു മഴ മാപിനിയുണ്ട്. വൈത്തിരി തഹസില്‍ദാര്‍ക്കാണ് അന്നന്നത്തെ അളവ് രേഖപ്പെടുത്തി അയയ്ക്കാനുള്ള ചുമതല. ഏതു മഴ പെയ്താലും ജലത്തിന്റെ അളവ് മാത്രം രേഖപ്പെടുത്താനുള്ള അറിവേ മഴമാപിനിക്കുള്ളൂ. അതിന്റെ അഴകളവുകള്‍ വെറും കണ്ണു കൊണ്ടുതന്നെ അളന്നു കാണണം. അത് തഹസില്‍ദാറുടെ ജോലിയുമല്ല.
തിമര്‍ത്തു പെയ്യുന്ന വയനാടന്‍ മഴയുടെ പല വേഷവിധാനങ്ങള്‍ ധാരാളമായി ഞാനും കണ്ടിട്ടുണ്ട്. രണ്ടു കുന്നുകള്‍ക്കിടയിലുള്ള കാഴ്ചയുടെ നൂല്‍പ്പാലം പൊട്ടി, കുന്നുകളും അതിലെ വീടുകളും പിന്നെയും ഏകാകികളായി മാറുന്നത് നോക്കി നിന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട മഴ തോര്‍ന്ന്, കാഴ്ച തെളിഞ്ഞ് വീടിനു പുറത്തു വരുമ്പോള്‍ അവരാരും ഇതിനു മുമ്പ് കണ്ട മനുഷ്യരല്ലെന്ന് തോന്നിപ്പോകും. ദിവസങ്ങളുടെ ഒറ്റപ്പെടലിന്റെ മഴ കുടിച്ചു വറ്റിച്ചാണ് അവര്‍ പുറത്തു വരുന്നത്. ഷില്ലോങ്ങിലെ ജനങ്ങളെക്കുറിച്ച് തലച്ചോറിലും വെള്ളം കയറിയവരെന്ന് അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ തന്റെ പുസ്‌തകത്തില്‍ പറഞ്ഞത് വയനാട്ടുകാര്‍ക്കും യോജിക്കും.

വയനാട്ടിലായാലും ഏതു നാട്ടിലായാലും നിബിഡ വനത്തിനുള്ളില്‍ പെയ്യുന്ന മഴ എപ്രകാരമെന്നു കാണാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. വന്യതയുടെ ആഴത്തില്‍ മഴ പെരുകുമ്പോള്‍ അണു വിസ്‌ഫോടനം പോലെ പലമടങ്ങ് വര്‍ദ്ധിക്കുന്ന ഏകാന്തതയെ നേരിടാനുള്ള കരളുറപ്പും ഭൗതികമായ കരുത്തും ഇല്ലാത്തതാണ് ഒരു കാരണം. സംഘം ചേര്‍ന്നാലും പ്രതിരോധിക്കാവുന്നതാവില്ല ആ ഭീകര നടന പ്രത്യക്ഷമെന്ന് തോന്നുന്നു. എന്നാല്‍ കാട്ടിലെ കാണാത്ത മഴയല്ല വയലിലെ മഴ. അതല്ല പുഴയിലെ മഴ. പൂക്കോട്ട് തടാകത്തില്‍ മഴ തിമിര്‍ക്കുന്നത് നോക്കി നിന്നാല്‍ ആകാശത്തിന്റെയും തടാകത്തിന്റെയും അതിരുകളെ അത് മായ്ച്ചു കളയുന്നത് കാണാം. തിരുനെല്ലിക്കാട്ടിലെ പക്ഷി പാതാളത്തില്‍ മഴയത്ത് പെട്ടുപോകുന്ന ഒരാളായി സങ്കല്‍പിച്ചു നോക്കാന്‍ പോലും ധൈര്യമുണ്ടായിട്ടില്ല.

രാഷ്ട്രീയ മഴകള്‍

നമ്മള്‍ കാണുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയമോ ജയ പരാജയങ്ങളോ അല്ലാതെ വയനാടിന് ഒരു ആന്തരിക രാഷ്ട്രീയമുണ്ട്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിനും കീഴ് നാട്ടുകാര്‍ക്കും മനസ്സിലാക്കാന്‍ വിഷമമുള്ള ഒന്ന്. വയനാട്ടില്‍ രാഷ്ട്രീയം ഏതൊക്കെ ഋതുസംക്രമണങ്ങളിലൂടെയാണ് പ്രത്യക്ഷമായതും അപ്രത്യക്ഷമായതും? മഴയായി പെയ്ത് വെയിലായി തിളച്ച് മഞ്ഞായുറഞ്ഞ് കോടമഞ്ഞില്‍ പരസ്പരം കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം മറയുകയാണോ അത് ചെയ്തത്. വയനാട് അതിന്റെ രാഷ്ട്രീയവും കൊണ്ടാണ് ആരുടെയും ധാരണയില്‍ ആദ്യമെത്തുന്നത്. നക്‌സലൈറ്റ് പ്രസ്ഥാനം, വര്‍ഗ്ഗീസ്, മുത്തങ്ങ അങ്ങനെ പലതും പെട്ടെന്ന് ഓര്‍മ്മയിലെത്തും. മൈസൂര്‍ രാജാക്കന്മാരും, പഴശ്ശി സമരങ്ങളും, ബ്രിട്ടീഷ് ഇടപെടലുകളും അല്പം കൂടി പഴയൊരു കാലത്തിന്റേതാണ്. വയനാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ശ്രമിച്ച ഭരണാധികാരികളും സാധാരണ ജനങ്ങളിലേറേയും അന്യനാട്ടുകാരുമായിരുന്നു. വയനാട്ടിലെ ആദിവാസികളുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയ പഴശ്ശിരാജ കോട്ടയം രാജവംശത്തിലെ അനന്തരാവകാശിയായിരുന്നു. തന്റെ ഒളിപ്പോരാട്ടങ്ങള്‍ക്കു പറ്റിയ ഭൂമി എന്നതു കൂടിയായിരുന്നു വയനാടിനെ പഴശ്ശിയുടെ സമരരംഗമാക്കിയത്. ടിപ്പുസുല്‍ത്താന്‍ വന്നത് മൈസൂരില്‍ നിന്നായിരുന്നു.

നാടിനേക്കാള്‍ കാടുകള്‍ നിറഞ്ഞ ഈ ഭൂപ്രദേശം എന്നും സമരങ്ങളുടെ ഭൂമിയായിരുന്നു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. വയനാട്ടില്‍ ഞാനെത്തുന്നതിനേറെ മുമ്പ് പെയ്‌തൊഴിഞ്ഞ വലിയൊരു മേഘമായിരുന്നു വര്‍ഗ്ഗീസ്. അതിന്റെ ഇറ്റു വീഴുന്ന തുള്ളികളായിരുന്നു പില്‍ക്കാല നക്‌സലൈറ്റ് പ്രസ്ഥാനം. കേരളത്തിലെ ഏതൊരു നക്‌സല്‍ പ്രവര്‍ത്തകനും വയനാടുമായി ബന്ധമുണ്ടായിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ തലസ്ഥാനം വയനാടായിരുന്നു. വയനാടന്‍ ജനതയിലെ കഴിഞ്ഞ തലമുറയിലെ വലിയൊരു ഭാഗം ആ പ്രസ്ഥാനവുമായി പല വിധത്തില്‍ അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ശാരീരികമായ പീഢകളും, പില്‍ക്കാലത്ത് മാനസികമായ ശൂന്യതയും അവര്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്.

താഴെ നാട്ടില്‍ നിന്നെത്തിയ പലരും അവരുടെ രാഷ്ട്രീയവും പാരിസ്ഥിതികവുമായ നിലപാടുകളുടെ അടിസ്ഥാനം രൂപീകരിച്ചത് വയനാട്ടില്‍ നിന്നായിരുന്നു. സിവിക് ചന്ദ്രന്റെ ഔദ്യോഗികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു കാലം വയനാട്ടിലായിരുന്നു. സാരംഗ് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അവരുടെ അദ്ധ്യാപക ജീവിതത്തിനു തുടക്കമിടുന്നത് ഇവിടെ നിന്നാണ്. പരിസ്ഥിതി പ്രവര്‍ത്തകനായ പി. കെ. ഉത്തമന്‍ വളരെക്കാലം വയനാടന്‍ കാടുകളിലലഞ്ഞിട്ടുണ്ട്. അങ്ങനെ അലഞ്ഞവര്‍ക്കും അന്വേഷിച്ചവര്‍ക്കും വഴികളും വഴിത്തിരിവുകളും നല്കിയിട്ടുണ്ട് ഈ നാട്.

ജോണ്‍ മ(ര)ണം.

ജന്മനാ സഞ്ചാരിയായിരുന്ന ജോണ്‍ അബ്രഹാമിന് വയനാട്ടില്‍ പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. 'അമ്മ അറിയാന്‍' എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങളുടെ വലിയൊരു പങ്ക് വയനാടുമായി ബന്ധപ്പെട്ടാണ് നടന്നത്. കേരളത്തിലെ ആദ്യത്തെ ജനകീയ സിനിമയായ 'അമ്മഅറിയാന്‍' നിര്‍മ്മിക്കുന്നതിനുള്ള മൂലധനം നാട്ടുകാരില്‍ നിന്ന് ചെറിയ വിഹിതം സ്വരുക്കൂട്ടിയാണ് കണ്ടെത്തിയത്.
1987 ലെ മെയ് മാസത്തിലെ അവസാന ദിവസം വൈകുന്നേരം സൂല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസിനു മുന്നില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കോഴിക്കോട് ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ജോണ്‍ അബ്രഹാം മരിച്ച വിവരം ആരോ വന്ന് എന്റെ സഹപ്രവര്‍ത്തകനായിരുന്ന കോയാമുവിനെ അറിയിക്കുന്നത്. ജോണ്‍ ജീവിച്ച രീതികളുടെ ഒരു സ്വാഭാവിക പരിണാമം അദ്ദേഹത്തിന്റെ മരണത്തിനുമുണ്ടായിരുന്നു. ജോണിലെ സിനിമക്കാരനെന്നതിലുപരി നാട്ടുകാരോടിടപഴകി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതമാണ് കോയാമുവിനും മറ്റു പലര്‍ക്കും പ്രിയപ്പെട്ടതായത്.  ജോണിന് വയനാട്ടില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ മരണശേഷവും കോയാമുവിന്റെ അനുഭവവിവരണങ്ങളിലൂടെയുമാണ് അറിഞ്ഞത്. 'അമ്മ അറിയാന്‍' എന്ന സിനിമയിലൂടെ വയനാടിന്റെ രാഷ്ട്രീയം ഉള്ളില്‍ വഹിച്ചവരിലൊരാളായിരുന്നു ജോണെന്ന് വയനാട്ടുകാര്‍ കരുതി. വയനാട്ടില്‍ വെച്ച് തൂങ്ങി മരിച്ച വിപ്ലവപ്രവര്‍ത്തകനും കലാകാരനുമായിരുന്ന ഹരിയുടെ മരണ വിവരം കൊച്ചിയിലുള്ള അമ്മയെ അറിയിക്കാനുള്ള യാത്രയാണ് 'അമ്മ അറിയാന്‍' എന്ന സിനിമ. ജോണ്‍ പലര്‍ക്കും പലതായിരുന്നു. കവിതകളായും കഥകളായും സിനിമകളായും ഹ്യൂമറുകളായും അതിലും വലിയ ജീവിതമായും കടന്നു പോയ ജോണ്‍ മുഴുവന്‍ പെയ്യാത്ത മേഘമായി അവശേഷിച്ചു. ' അമ്മ അറിയാന്‍' പുറത്തു വന്നിട്ട് 25 വര്‍ഷമായി. ജോണ്‍ മരിച്ചിട്ട് 24 വര്‍ഷവും. ആ സന്ദര്‍ഭത്തില്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാനും ജോണിനെ അനുസ്മരിക്കാനും വയനാട്ടിലെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെങ്കിലും അനുഭാവ സമീപനം കുറവായിരുന്നതിനാല്‍ ആ പരിശ്രമം ഉപേക്ഷിച്ചു എന്നവര്‍ പറഞ്ഞു. ഇത് എന്നെ അത്ഭുതപ്പെടുത്തി. ജോണിനെയും അവര്‍ മറന്നു കളയുകയാണോ ?

വയനാടന്‍ കാല പ്രമാണങ്ങള്‍

നിരവധി സംസ്‌ക്കാരവൈജാത്യങ്ങളെ ഉള്ളിലേറ്റുന്ന പോലെ അനന്ത കാലത്തിന്റെ അവശിഷ്ട രേഖകളും വയനാട് കാത്തു സൂക്ഷിക്കുന്നുണ്ട്. ചരിത്രത്തിന്റെ പ്രാചീനതകള്‍ എടക്കല്‍  ഗുഹയിലും തിരുനെല്ലിയിലും ജൈന ബസ്തികളിലും വള്ളിയൂര്‍ക്കാവിലും മറ്റുമായി ചിതറിക്കിടക്കുനനു. എടക്കല്‍ ഗുഹാ ചിത്രങ്ങളാണ് അതി പ്രാചീന കാലത്തിന്റെ അവശേഷിപ്പുകളായി ഇപ്പോഴുമുള്ളത്. എണ്ണായിരത്തിലധികം വര്‍ഷങ്ങളാണ് ഇതിന്റെ കാലപ്പഴക്കമെന്ന് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. തിരുനെല്ലി, വള്ളിയൂര്‍ക്കാവ് ക്ഷേത്രങ്ങളും, നിരവധി ജൈനക്ഷേത്രങ്ങളും ദീര്‍ഘകാലത്തെ സംസ്‌ക്കാരത്തിന്റെ ചിഹ്നങ്ങളായി ബാക്കി നില്ക്കുന്നു. വ്യാപാരവുമായി ബന്ധപ്പെട്ടതാണ് വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ പ്രാചീനത. ആദിവാസികളെ അടിമകളാക്കി വില്പന നടത്തിയിരുന്നത് വള്ളിയൂര്‍ക്കാവ് ഉത്സവത്തിനാണ്. എട്ട് ഉറുപ്പികക്ക് കൈപ്പാടന്‍ എന്ന അടിമയെ അമ്പു നായര്‍ എന്ന ഉടമ സുബ്ബരായ പട്ടര്‍ക്ക് പണയം വെച്ചതിന്റെ രേഖ 'മാവേലി മന്റം' എന്ന നോവലില്‍ കെ. ജെ. ബേബി ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. വയനാട് തുക്കിടി കോടതിയിലെ 1834 ലെ രേഖയാണത്. എന്നാല്‍ അടിമ വ്യാപാരം ഏറെ പഴയതല്ലാത്ത കാലം വരെയും പല പ്രകാരത്തിലും ഇവിടെ നില നിന്നിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വ്യാപാരങ്ങളില്‍ ഒന്നു മാത്രമായിരുന്നു ആദിവാസി വ്യാപാരം. കേരളത്തിലും കേരളത്തിനു പുറത്തു നിന്നുമായി ധാരാളമാളുകള്‍ ഈ വ്യാപാരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുകയും ചെയ്തിരിക്കണം.
ജൈനമത വിശ്വാസികളും ജൈനക്ഷേത്രങ്ങളും ഇപ്പോഴും ഏറെയുള്ള പ്രദേശമാണ് വയനാട്. മറ്റു മതക്കാര്‍ക്കൊപ്പം ജൈനരും ആദിവാസികളും ഇടകലര്‍ന്നു ജീവിക്കുന്ന പ്രദേശമെന്ന വ്യത്യസ്തത വയനാടിനു മാത്രമുള്ളതാണ്. ജൈനമതത്തിന്റെ സ്വാധീനത അതിനു മുമ്പ് ഒരു ബൗദ്ധ കേന്ദ്രം വയനാട്ടില്‍ നിലനിന്നിരുന്നതിന്റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നു. രാമായണത്തിന്റെ നിരവധി വ്യത്യസ്ത പാഠങ്ങള്‍ വയനാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളുള്ള സ്ഥലനാമങ്ങളും ക്ഷേത്രങ്ങളുമുണ്ട്. പുല്‍പള്ളിയില്‍ സീതാ ദേവി ക്ഷേത്രവും സീതാമൗണ്ട് എന്ന സ്ഥലനാമവുമുണ്ട്. അമ്പു കുത്തി മലയ്ക്ക് ലവ കുശന്മാരുമായി ബന്ധം കല്പിക്കപ്പെട്ടിരിക്കുന്നു. കാളിന്ദി എന്ന പേരില്‍ ഒരു നദിയുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട സ്ഥല നാമങ്ങളും രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളും ഇത്ര ചെറിയൊരു പ്രദേശത്ത് എങ്ങനെയുണ്ടായി എന്ന അന്വേഷണം ഇന്നു നാം കാണുന്ന വയനാടിന്റെ അടിയിലുള്ള മറ്റൊരു വയനാടിനെ കാണിച്ചു തരേണ്ടതാണ്.
പതിനാറാം നൂറ്റാണ്ടുവരെ തേക്കേ ഇന്ത്യയിലെ സമൃദ്ധമായ സ്ഥലങ്ങളിലൊന്നായി നിലനിന്നിരുന്നതായി പറയപ്പെടുന്ന ഈ പ്രദേശത്തിന് പിന്നീടെന്ത് സംഭവിച്ചു? 'മാവേലി മന്റ'ത്തില്‍ നോവലിസ്റ്റ് വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഒരു മാവേലിക്കാലം വയനാട്ടില്‍ നിലനിന്നിരുന്നു എന്നു കരുതാനുള്ള ന്യായങ്ങളെല്ലാമുണ്ട്. കാര്‍ഷികസംസ്‌ക്കാരം (agriculture) പ്രബലമായിരുന്ന ഏതു നാട്ടിലും സംസ്‌ക്കാരത്തിനും (culture) മുന്‍തൂക്കമുണ്ടാവും. വയലുകളുടെയും, കൃഷിയിടങ്ങളുടെയും നാടാണ് വയനാട്. നെല്‍ വയലുകള്‍ ഭക്ഷ്യ സമൃദ്ധിയുടേയും അതുവഴി സാമ്പത്തിക സമൃദ്ധിയുടേയും കാരണമായിത്തീര്‍ന്ന ചരിത്രം കേരളത്തിലെ മറ്റു പ്രദേശങ്ങള്‍ക്കുണ്ട്. ഒരു കാലത്ത് സമൃദ്ധമായിരുന്ന പാലക്കാടന്‍ നെല്‍ വയലുകളാണ് വള്ളുവനാടന്‍ സംസ്‌ക്കാരത്തിന്റെ ആധാരങ്ങളിലൊന്ന്. ഈ വള്ളുവനാടിനു വേണ്ടിയാണ് വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ യുദ്ധം ചെയ്തത്. വള്ളിയൂര്‍ക്കാവില്‍ വലിയ തോതില്‍ വ്യാപാരം നടന്നിട്ടുണ്ടെങ്കില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്കുള്ള ഉല്പന്ന സമൃദ്ധിയും സാമ്പത്തിക സമൃദ്ധിയും അവിടെ ഉണ്ടായിരുന്നിരിക്കും. ഒരു കാലത്ത് കീഴ്‌നാടുകളെയും സ്വാധീനിക്കാന്‍ കെല്പുണ്ടായിരുന്ന ഈ ഭൂപ്രദേശം പിന്നീടെന്നാവും എങ്ങനെയാവും ഒരു പാര്‍ശ്വവല്‍കൃത പ്രദേശമായത്?

നാട്ടില്‍ പാര്‍ക്കും വയനാട്ടുകാര്‍

വയനാട്ടില്‍ നിന്നുത്ഭവിക്കുന്ന പല നീര്‍ച്ചാലുകള്‍ പലപേരുകളില്‍ തിടം വെച്ചൊഴുകി കേരളം വിടും മുമ്പ് കബനിയായിത്തീരുന്നു. കബനി പിന്നീട് കാവേരിയായി മാറുന്നു. കാവേരി എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലത്തര്‍ക്കമാണ്. വയനാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയുടെ മാപിനി കൂടിയായിരുന്നു കബനി. അതുകൊണ്ടാണ് പി. എ. ബക്കര്‍ തന്റെ ചിത്രത്തിന് 'കബനീ നദി ചുവന്നപ്പോള്‍' എന്ന് പേരിട്ടത്. സിവിക് ചന്ദ്രന്റെ മക്കളിലൊരാളുടെ പേര് കബനി എന്നായത് അദ്ദേഹത്തിന്റെ വയനാടന്‍ ജീവിത പര്‍വ്വത്തിന്റെ ബാക്കി പത്രമാവാം. വെറുതെ ഒഴുകി മറയുന്ന ജലത്തിന്റെ പെയ്ത്ത് മാത്രമായി വയനാട്ടിലെ മഴയും, അതിന്റെ വാഹനമായി കബനിയും മാറിക്കഴിഞ്ഞ കാലത്ത് മഴയെന്നാല്‍ ഉരുള്‍ പൊട്ടലും, വെള്ളപ്പൊക്കവും മലയിടിച്ചിലും മാത്രമാണെന്നുവരാം. മഴയുടെ കേവല സൗന്ദര്യം ആസ്വദിക്കാവുന്ന കാലം ഇനി നിലനില്‍ക്കണമെന്നില്ല.

മലയാളികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ളപോലെ വയനാട്ടുകാര്‍ നാടിന്റെ നാനാഭാഗങ്ങളിലും പാര്‍ക്കുന്നു. അവരിലേറെയും വയനാട്ടില്‍ ജനിച്ചവരോ വയനാട്ടില്‍ ഭൂമിയോ ബന്ധുജനങ്ങളോ ഉള്ളവരോ അല്ല. വയനാടിനെ ചിന്തയിലും പ്രവര്‍ത്തിയിലും സൂക്ഷിക്കുന്നവരാണവര്‍. അപേക്ഷ നല്‍കാതെ ആര്‍ക്കും പൗരത്വം നല്‍കുന്ന നാടാണ് വയനാട്. എവിടെ താമസിച്ചാലും അവര്‍ വയനാട്ടുകാര്‍ തന്നെ. സിവിക് ചന്ദ്രനും അജിതയും കോഴിക്കോട് താമസിക്കും. കെ. വേണുവും ശ്രീധരനും ചന്ദ്രശേഖരനും തൃശ്ശൂരിലും രവിയും ടോമും മുഹമ്മദും കണ്ണൂരിലും അശ്വിന്‍ കുമാര്‍ തിരുവനന്തപുരത്തും താമസിക്കുന്ന വയനാട്ടുകാരാണ്. രാജേന്ദ്രന്‍ തലശ്ശേരിയിലും ഫെലിക്‌സ് എറണാകുളത്തും, ജയിംസ് കോട്ടയത്തും ഷാജിലാല്‍ തിരുവനന്തപുരത്തും ശ്മശാനങ്ങളിലുറങ്ങുന്ന വയനാട്ടുകാരാണ്.
കേരളത്തിലെ ചിറാപുഞ്ചിയായിരുന്ന വയനാട്ടിലെ മഴ ഏറെ കേരളീയര്‍ നനഞ്ഞിട്ടുണ്ട്. ഈ മഴക്കാലത്തുമവര്‍ നാനാനാടുകളിലിരുന്ന് അതേ മഴ നനയുന്നുണ്ടാവും, എന്നെപ്പോലെ.(കടപ്പാട്:പച്ചക്കുതിര,ജൂലൈ,2011)

Sunday, July 10, 2011

സുന്ദരികളും സുന്ദരന്മാരും : ചില റെയില്‍വേസ്റ്റേഷന്‍ ചിന്തകള്‍

''ഒന്നുക്ക് രണ്ടെന്ന് വീരം പറഞ്ഞിറ്റ്
ഒക്കത്തുവെച്ചപ്പോ ചൂളംവിളിച്ചില്ലേ മാതുക്കുട്ടി''
(സുന്ദരികളുംസുന്ദരന്മാരും: 138)

ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും‘ എന്ന നോവലിലെ കഥാപാത്രങ്ങളായ രാധയും അനുജന്‍ ഗോപാലകൃഷ്ണനും പട്ടണത്തിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേസ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുകയാണ്. രാധയുടെ കണ്ണുകള്‍ എവിടെയുമുറയ്ക്കാതെ സ്റ്റേഷനിലെ ചുവരെഴുത്തുകളിലേക്ക് തിരിഞ്ഞു. അതിലൊരു ചുവരെഴുത്താണ് മുകളിലുള്ള വരികള്‍. ''കൊച്ചാമിനാനെ കെട്ടാന്നും പറഞ്ഞിറ്റ് നായരിച്ചിനീം കൊണ്ട് ചാടിപ്പോയ കൊസ്രക്കണ്ണാ'' ''കുട്ടൂസ്സാന്റെ ഉമ്മാനെ കൊളമ്പുകാരന്‍ കെട്ടിക്കൊണ്ടു പോയി'' എന്നിങ്ങനെ പലതരത്തിലുള്ള ചുവരെഴുത്തുകള്‍ വേറെയുമുണ്ടെങ്കിലും രാധയുടെ മനസ്സില്‍ നിന്ന് മാറാതിരുന്നത് ഈ രണ്ട് വരികളാണ് .അര്‍ത്ഥത്തെക്കുറിച്ചുള്ള ചിന്ത അവളെ കുഴക്കിയെങ്കിലും ആ വരികള്‍ അവളെ വിട്ടു പോകാന്‍ കൂട്ടാക്കിയില്ല.
''ആ പാട്ടിലെ കഥാനായികയായ മാതുക്കുട്ടി ഒരു പാവമായിരിക്കണമെന്നു തോന്നി. അവളെ ഉപദ്രവിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടാകാം . പാവം, ഒടുവില്‍ അവള്‍ നാടുവിട്ടുപോയതാകും. എല്ലാ പെണ്‍കുട്ടികളുടേയും ഗതി ഇതുതന്നെയാണോ? ചിന്തകള്‍ ആ വഴിക്കു തിരിഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് കടിഞ്ഞാണിട്ടു. ആലോചിക്കരുതെന്നു വിചാരിച്ചിടത്തേക്കാണ് മനസ്സ് പോകുന്നത്'' (ഉറൂബ് 2004 : 138)
വണ്ടിചൂളം വിളിച്ചപ്പോള്‍ രാധക്ക് ആ വരികള്‍ വീണ്ടും ഓര്‍മ്മവന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ മാതുക്കുട്ടിയെപ്പറ്റി ആലോചിച്ചു. ''ആരായിരിക്കും അവള്‍? നീണ്ടുനിവര്‍ന്നുകിടക്കുന്ന ഈ കുന്നിന്‍ നിരകളുടെ അങ്ങേപ്പുറത്തായിരിക്കും അവളുടെ വീട്. വെളുത്തിട്ടായിരിക്കും. അവള്‍ വലിയ വീടുകളില്‍ പണിക്ക് പോയിട്ടൊന്നുമില്ല. സിന്ദൂരപ്പൊട്ടാണ് എപ്പോഴും തൊടുന്നത്. പൊട്ടിപ്പൊട്ടിചിരിക്കുമ്പോള്‍ മുത്തുമണികള്‍ ചിതറുന്നത് പോലെയായിരിക്കും. അഞ്ഞം പിഞ്ഞം പറയാന്‍ വരുന്ന ആണുങ്ങളോട് 'ഒന്നുക്ക് രണ്ടെന്ന് വീരം പറയും.' എന്നിട്ട് ഒക്കത്ത് വെച്ചപ്പൊ ചൂളം വിളിച്ചു. അതെന്താണ്? അവള്‍ ഒക്കത്തുവെച്ചോ? അവളെ ഒക്കത്തുവെച്ചോ? എന്തോ? എന്തായാലും മാതുക്കുട്ടി നല്ലവളായിരുവെന്ന് രാധ തീര്‍ച്ചപ്പെടുത്തി.'' (140)
വീണ്ടും രാധ മാതുക്കുട്ടിയെ ഓര്‍ക്കുന്നു: ''മാതുക്കുട്ടിക്ക് കുട്ടികളുണ്ടായിരുന്നോ? ഒക്കത്തുവെച്ചപ്പോള്‍ ചൂളം വിളിച്ചുവെന്നല്ലേ പറഞ്ഞത്? കുട്ടിയെ ഒക്കത്തുവെച്ചിരിക്കും, അപ്പോഴേക്കും ഭര്‍ത്താവ് തീവണ്ടി കയറിപ്പോയിരിക്കും. മാതുക്കുട്ടിയുടെ ഭര്‍ത്താവും കുടുംബത്തിന്റെ ക്ഷേമത്തെ ഓര്‍ത്തു നാടുവിട്ടതായിരിക്കും. എല്ലാ ചെറുപ്പക്കാരുടെയും ഗതി ഇതുതന്നെയാണോ? ഈ കാലത്ത് ആര്‍ക്കും നാട്ടുമ്പുറത്ത് പൊറുക്കാന്‍ കഴിയുകയില്ലേ? ഭര്‍ത്താവു പോയപ്പോള്‍ മാതുക്കുട്ടി കഷ്ടപ്പെട്ടിരിക്കുമോ? അവളെ ആരെങ്കിലും കടന്ന് ആക്രമിച്ചിരിക്കുമോ? എല്ലാ പെണ്‍കുട്ടികളും അക്രമം സഹിക്കേണമോ?'' (142)
സ്വന്തം ഭൂതകാലത്തെപ്പറ്റി ഓര്‍ക്കാതിരിക്കാനാണ് രാധ റെയില്‍പ്പാളങ്ങളെക്കുറിച്ചും മാതുക്കുട്ടിയെക്കുറിച്ചും ഓര്‍ക്കുന്നത്. എന്നാല്‍ മാതുക്കുട്ടിയെ ആസ്പദിച്ചുള്ള ചിന്തകളോരോന്നും സ്വന്തം ഭൂതകാലത്തിലേക്കുതന്നെ പാഞ്ഞുകയറുകയാണ്. സ്വജീവിതത്തിന്റെ അ(ന)ര്‍ത്ഥം കൊണ്ടാണ് രാധ ആ അജ്ഞാതകവിയുടെ ഈരടികള്‍ വായിച്ചെടുക്കുന്നത്. രാധയുടെ അമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും മരണം, വിശ്വം എന്ന അവളുടെ സഹോദരന്‍ നാടുവിട്ട്‌പോയത്, കുഞ്ഞിരാമന്‍ എന്ന കൂട്ടുകാരന്‍ ജോലിതേടി പട്ടണത്തിലെത്തിയത്, കൃഷ്ണന്‍ നമ്പിടിയുടെ വീട്ടില്‍ ജോലിക്കു നിന്നപ്പോള്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ ഇങ്ങനെയോരോന്നും അവള്‍ മാതുക്കുട്ടിയിലൂടെ വായിക്കാന്‍ ശ്രമിക്കുകയാണ്. ഒന്നാമത്തെ വരിയുടെ അര്‍ത്ഥം പിടികിട്ടുന്നുണ്ടെങ്കിലും രണ്ടാമത്തെ വരി അര്‍ത്ഥ വിശദീകരണത്തിന് പൂര്‍ണ്ണമായി വഴങ്ങുന്നില്ല. അഥവാ രണ്ടാമത്തെ വരി മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതുകൊണ്ടാവുമോ ഇങ്ങനെ സംഭവിച്ചത്. ആര്‍ക്കും വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്ന ഒരു പൊതു ചുമരിനു സമീപമാണ് രാധ ഇരിക്കുന്നത്. ആ ചുമരില്‍ത്തന്നെ രാധ കാണുന്ന ഒരു ചിത്രമുണ്ട് ''കാതില്‍ വളയിട്ട ഒരു താടിക്കാരന്‍ വായും പൊളിച്ചു നില്ക്കുന്നു. അവന്റെ വായില്‍ നിന്ന് ഒരു തെങ്ങ് മുളച്ചു പൊന്തിയിരിക്കുന്നു. മുഖം വരച്ചതൊരാളും തെങ്ങു കൂട്ടിച്ചേര്‍ത്തതു മറ്റൊരാളുമാണെന്നു സ്പഷ്ടം. അതു കണ്ടപ്പോള്‍ രാധക്ക് ചിരി വന്നു'' (138)
പല ദേശക്കാരും പല നാട്ടിലേക്ക് പോകുന്നവരും നിറഞ്ഞ ആ പ്ലാറ്റ്‌ഫോറവും അവിടത്തെ ചുമരെഴുത്തുകളും അതിന്റെ അര്‍ത്ഥരാഹിത്യവും എല്ലാം ചേര്‍ന്ന് ഒരു അയുക്തിക ലോകത്തിലെക്കാണ് താന്‍ നയിക്കപ്പെടുന്നതെന്ന് രാധ മനസ്സിലാക്കുന്നുണ്ട്. '' താന്‍ അനുഭവിക്കുന്ന എന്തോ ഒന്ന് ആ ചക്രങ്ങള്‍ക്കിടയിലും നടക്കുന്നുവെന്നൊരു തോന്നല്‍. അപ്പോള്‍ ആ ചുമര്‍ സാഹിത്യം ഒരിക്കല്‍ക്കൂടി മനസ്സില്‍ വന്നു. ''ഒന്നുക്ക് രണ്ടെന്ന് വീരം പറഞ്ഞിറ്റ്..................' ഒന്നുറക്കെ പാടിയാലെന്താണ്? ആരാണ് പറയാന്‍? പക്ഷെ ചുററും നോക്കിയപ്പോള്‍ വേണ്ടെന്ന് വെച്ചു'' (146)

2.

വായനയുടെ ചരിത്രം എഴുതപ്പെടാത്ത പലതരം ചരിത്രങ്ങളിലൊന്നാണ് (ഇ. വി. രാമകൃഷ്ണന്‍: 38). സാഹിത്യമെന്നത് സമൂഹ മനസ്സില്‍ നടക്കുന്നൊരു സംഭാഷണമാണ്. തലമുറകളിലൂടെയുള്ള ഗാഢവായനയിലൂടെയാണ് ഒരു കൃതി സമൂഹമനസ്സില്‍ കയറിപ്പറ്റുന്നത്. കാലാതീതമായ സത്തകളെന്നതിലുപരി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിരവധി പാഠങ്ങളായി പുന:സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ് ഒരു കൃതി ജീവിക്കുന്നതെന്ന് ഹാന്‍സ് റോബര്‍ട്ട് ജോസ് നിരീക്ഷിക്കുന്നുണ്ട്. ഒരു കൃതിയുടെ ലാവണ്യ ഘടനയില്‍ അന്തര്‍നിഹിതമായി ഒരു വായനക്കാരന്‍ ഒളിച്ചിരിപ്പുണ്ട് എന്ന വുള്‍ഫ് ഗാങ്ങ് ഈസര്‍ എന്ന നിരൂപകന്റെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. മൂന്നു ഘട്ടങ്ങളിലൂടെയാണ് കവിതയുടെ വായനയും ഗ്രഹണവും പൂര്‍ത്തിയാവുന്നതെന്നാണ് ഹാന്‍സ് റോബര്‍ട്ട് ജോസിന്റെ അഭിപ്രായം. വായനയുടെ വിവിധ ഘട്ടങ്ങളെ വിശകലന വിധേയമാക്കുന്നു എന്നതാണ്  ഈ ആശയത്തിന്റെ പ്രധാന്യം.വായന എന്നത് ഏതെങ്കിലും നിശ്ചിത ഘട്ടങ്ങളില്‍ സമ്പൂര്‍ണ്ണമാകുമെന്നു കരുതാനാവാത്ത ഒരു നിരന്തര പ്രക്രിയയാണ്. ഒരു കൃതിയുടെ നിര്‍ദ്ദിഷ്ട പാഠം മുന്നില്‍ വെച്ചുകൊണ്ടുമാത്രം പൂര്‍ത്തിയാവുന്നതുമല്ല അത്. ചരിത്ര പ്രക്രിയകളിലേക്കും സാമൂഹിക ഇടപാടുകളിലേക്കും അത് പൂര്‍ണ്ണതതേടി സഞ്ചരിക്കുന്നുണ്ട്.

സുന്ദരികളും സുന്ദരന്‍മാരും എന്ന നോവല്‍ നാം വായിക്കുമ്പോള്‍ അതിലെ ഒരു കഥാപാത്രമായ രാധ വായിക്കുന്ന ഈരടികളും നാം വായിക്കുന്നുണ്ട്. ഈ വിധത്തില്‍ നോവലിനകത്തുതന്നെ രണ്ടു വായനകള്‍ നടക്കുന്നു. രാധ എന്നവായനക്കാരിയുടെ വായനയും, പൊതുവായനക്കാരന്റെവായനയും. രാധ വായനയില്‍ കണ്ടെത്തുന്നതെല്ലാം അവളുടെ ഭൗതിക ജീവിത പരിസരത്തു നിന്നുള്ള വിശദീകരണങ്ങളാണ്. നോവല്‍ വായിക്കുന്ന വായനക്കാരനാകട്ടെ ഈ വിവരങ്ങളെ രാധ എന്ന കഥാപാത്രവും നോവല്‍ എന്ന ആഖ്യാനരൂപവും തങ്ങളുടെ വിജ്ഞാന മണ്ഡലവും എല്ലാം ചേര്‍ന്ന ഒരു പശ്ചാത്തലത്തിലാണ് വായിച്ചെടുക്കുന്നത്. അങ്ങനെ വായന കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നതായി നമുക്കനുഭവപ്പെടുന്നു.

രാധ വായിക്കുന്ന ഈരടികള്‍ ഏതു കാലത്തെപ്രതിനിധീകരിക്കുന്നു? പ്രത്യക്ഷത്തില്‍ അത് ഭൂതകാലത്തിലാണ് സ്ഥിതി ചെയ്യുന്നത് .അത് ലിഖിത രൂപത്തിലുള്ളതുമാണ്. റെയില്‍വേ സ്റ്റേഷനിലെ ചുമരില്‍ അത് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ലിഖിത പാഠത്തിന്റെ ഒരു സ്വഭാവം അതിനില്ലെന്ന് രാധയുടെ നിരീക്ഷണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ചുമരെഴുത്തുകളെ വരമൊഴിയോട് ചാര്‍ച്ചയുള്ളതായി കണക്കാക്കാമെങ്കിലും ഈ വരികള്‍ വാമൊഴിയോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് കാണാം. ഇങ്ങനെ നോക്കുമ്പോള്‍ ലിഖിത രൂപത്തിലുള്ള വാമൊഴിയാണത്. എഴുതപ്പെട്ടത് വര്‍ത്തമാനത്തിലും ഭാവിയിലും പുതിയ പാഠങ്ങളായി പിറവിയെടുക്കുന്നതുപോലെയല്ല, വാമൊഴിയുടെ പെരുമാററങ്ങള്‍. അത് വര്‍ത്തമാനത്തിലും ഭാവിയിലും ഇടപെട്ടു കൊണ്ട് വളരുന്നു. രാധ ഈരടികള്‍ വെറുതെ വായിക്കുകയല്ല. അത് ആരോ ചൊല്ലിക്കേള്‍ക്കുന്നതു പോലെ അനുഭവിക്കുന്നു. അല്ലെങ്കില്‍ അവള്‍ത്തന്നെ മനസ്സില്‍ ആവര്‍ത്തിച്ചു ചൊല്ലുന്നു. ഒരു ഘട്ടത്തില്‍ രാധക്ക് ആ വരികള്‍ ഉറക്കെ ചൊല്ലണമെന്നും തോന്നുന്നുണ്ട്. തീവണ്ടി യാത്രയോടൊപ്പവും തുടര്‍ന്ന് ജീവിതത്തിലങ്ങോളവും ഈ ഈരടികള്‍  അവള്‍ ഒപ്പം കൊണ്ടു പോകുന്നുണ്ട്. ഈ വരികളുടെ അര്‍ത്ഥാന്വേഷണവും കൂടിയാണ് രാധയുടെ പില്ക്കാല ജീവിതം.

3

രണ്ടു മഹായുദ്ധങ്ങള്‍ക്കിടക്ക് നിബന്ധിക്കപ്പെട്ട ജീവിതങ്ങള്‍ എന്ന് 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് സാമാന്യമായിപ്പറയാം. ഒന്നാം ലോക മഹായുദ്ധം അതിന്റെ അനന്തര ഫലങ്ങളിലൊന്നായ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് മലബാര്‍ സമൂഹത്തെ നേരിട്ടു സ്വാധീനിച്ചത്. ' എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്' എന്ന ഏറെപ്പഴകിയ ഒരു ശൈലിയല്ലാതെ മറ്റൊന്നും അക്കാലത്തെ മലബാറിനെ വിശേഷിപ്പിക്കാന്‍ കാണുന്നില്ല. ''പൊട്ടിച്ചിതറിയ സമൂഹം'' എന്ന് മലബാറിനെ അതിന്റെ മുന്‍കാല ചരിത്രവും കൂടി ഉള്‍പ്പെടുത്തി വിളിച്ചത് വലിയൊരു ശരിയാണ്. ( എന്‍. എം. നമ്പൂതിരി : 694). മലബാര്‍ കലാപകാലം നോവലിലെ ഒരു തലമുറയുടെ യൗവന കാലവും മറ്റൊരു തലമുറയുടെ കുട്ടിക്കാലവുമാണ്. രണ്ടാം ലോകമഹായുദ്ധമാകുമ്പോഴേക്ക് ആദ്യത്തെ കൂട്ടര്‍ വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുകയും രണ്ടാമത്തെ കൂട്ടര്‍ യൗവനത്തിലെത്തുകയും ചെയ്യുന്നു. മലബാര്‍ കലാപ കാലത്ത് നേരിടേണ്ടി വന്ന വിപത്തുകളുടെ അതേ അളവിലോ, സ്വഭാവത്തിലോ അല്ല ലോക മഹായുദ്ധം ജനങ്ങളെ നേരിട്ടത്. രണ്ടിനേയും വ്യക്തി പരമായിത്തന്നെ അനുഭവിച്ച തലമുറയുടെ പ്രാതിനിധ്യമാണ് ഇരുമ്പന്‍ ഗോവിന്ദന്‍ നായരുടേത്. രണ്ടു മതങ്ങളെ സൂചിപ്പിക്കുന്ന രണ്ടു പേരുകളില്‍ നിന്നു കൊണ്ടാണ് അയാള്‍ ഈ രണ്ടു യുദ്ധങ്ങളുടേയും സാക്ഷിയും ഇരയുമാകുന്നത്. മലബാര്‍ കലാപത്തിന്റെ ആരംഭത്തില്‍ അയാള്‍ ഇരുമ്പന്‍ ഗോവിന്ദന്‍ നായരായിരുന്നു. കലാപത്തിന്റെ അപഭ്രംശങ്ങളും അയുക്തികതകളും അയാളെ സുലൈമാനാക്കി. സുലൈമാന്‍ എന്ന ഇരുമ്പന്‍ ഗോവിന്ദന്‍ നായരാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ അനുഭവങ്ങള്‍ ഏറ്റുവാങ്ങുന്നത്. കൃഷി, മതം തുടങ്ങിയ ആശയങ്ങളാല്‍ നയിക്കപ്പെട്ടിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ് മലബാര്‍ കലാപ കാലത്തു നിലനിന്നിരുന്നതെങ്കില്‍ രണ്ടാം ലോകമഹായുദ്ധമാവുമ്പോഴേക്കും വ്യവസായം, മതേതരത്വം തുടങ്ങിയ ആശയങ്ങള്‍ നിര്‍ണ്ണായകമാവാന്‍ തുടങ്ങിയിരുന്നു. നഗരങ്ങള്‍ അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്നു വരുന്ന ഒരാള്‍ക്ക് നഗരം വലിയൊരു അയുക്തികതയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ രാധയ്ക്കനുഭവപ്പെടുന്ന വിഭ്രമങ്ങള്‍ ഗ്രമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള മാററത്തിന്റെ ആദ്യഘട്ടത്തിലെ അനുഭവങ്ങളാണ്. നഗരത്തിലുള്ളവരെല്ലാം മാനം മര്യാദക്ക് ജീവിക്കുന്നവരാണെന്ന രാധയുടെ ധാരണക്കും പിന്നീട് മാറ്റം വരുന്നുണ്ട്. (164).
കെ.ദാമോദരന്‍
സ്വാഭാവികവും യുക്തിബദ്ധവുമായ പരിണത രൂപങ്ങളെക്കുറിച്ചുള്ള ധാരണകളാണ് രാധക്കു മുന്നില്‍ തകര്‍ന്നു വീഴുന്നത്.. ഒന്നിനൊന്നായ പൂര്‍വ്വാപര ബന്ധമാണ് കവിതയിലും ജീവിതത്തിലും നമ്മള്‍ പ്രതീക്ഷിക്കുന്നത്. ആദ്യത്തെ വരിയില്‍ നിന്ന് രണ്ടാമത്തെ വരിയിലേക്ക് ഒരു നേര്‍വഴിയുണ്ടെന്ന് നാം കരുതുന്നു. വ്യക്തി ജീവിതത്തില്‍ പൂര്‍വ്വകാലം വര്‍ത്തമാനത്തെ ന്യായീകരിക്കാന്‍ കഴിയുന്നതാകണമെന്ന് നമുക്കാഗ്രഹമുണ്ട്. വ്യക്തിയുടെ ഗുണദോഷങ്ങള്‍ക്ക് സ്വാഭാവികവും നേര്‍ രേഖയിലുള്ളതുമായ ഒരു പരിണതി ഭാവന ചെയ്യപ്പെടുന്നു. ഇതിനെ പൂര്‍വ്വാപരബന്ധം എന്ന് വിളിക്കുകയും ചെയ്യുന്നു. ഇതിന് നിരക്കാത്ത മാറ്റങ്ങളെ യാദൃശ്ചികം/ ആകസ്മികം/ അസംബന്ധം/ അയുക്തികം/ എന്നൊക്കെയുള്ള പരികല്പനകളാലാണ് വ്യവഹരിച്ചു പോരുന്നത്. എന്നാല്‍ പൂര്‍വ്വാപരബന്ധത്തിലെ സയുക്തികത എന്നത് ചില നിശ്ചിത മാതൃകകളിലേക്കൊ ചിന്താരീതികളിലേക്കോ ഉള്ള ചുരുക്കലുകള്‍ കൂടിയായിത്തീരുന്നു.

സൗന്ദര്യത്തെക്കുറിച്ചുള്ള നിശ്ചിത ധാരണകളെ തിരുത്തിക്കൊണ്ട് ഉറൂബ് ഇതേ കാര്യം മറ്റൊരു വിധത്തില്‍ വിശദീകരിക്കുന്നുണ്ട്. കേവലമായ സൊന്ദര്യവും വൈരൂപ്യവും ഉറൂബിന്റെ കഥാലോകത്തില്ല. ആപേക്ഷികമാണ് സൗന്ദര്യത്തിന്റെ നിദാനം. പോര്‍ക്കിന്‍ കുട്ടികളില്‍ സൗന്ദര്യം കാണാന്‍ അച്ഛന്‍ പഠിപ്പിച്ചതിനെ ആസ്പദമാക്കി രാധ ഇക്കാര്യം ഓര്‍ക്കുന്നു.
''...ഗുരുവായൂരില്‍ തൊഴാന്‍ പോയി വരികയായിരുന്നു. ബസ്സ് ഒരിടത്തു നിന്നപ്പോള്‍ ധാരാളം പോര്‍ക്കിന്‍ കുട്ടികള്‍ ഓടിക്കളിക്കുന്നത് കണ്ടു. അറയ്ക്കുന്ന ജീവികളാണെന്ന് അമ്മ പറഞ്ഞു. കൊച്ചു വാലുമാട്ടി നടക്കുന്ന അവയെ കുറച്ചുനേരം നോക്കി കൊണ്ടിരുന്നാല്‍ കൗതുകം തോന്നുമെന്നായിരുന്നു അച്ഛന്റെ പക്ഷം. ആദ്യം അമ്മ പറഞ്ഞതാണ് ശരിയെന്നു തോന്നി. പതുക്കെ അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. (331)

പൂര്‍വ്വ നിശ്ചിതമായ ചില സൗന്ദര്യങ്കല്പങ്ങളില്‍ നിന്നു കൊണ്ടാണ് ആദ്യം രാധ പോര്‍ക്കിന്‍ കുട്ടികളില്‍ വൈരൂപ്യം കാണുന്നത്. അവ സുന്ദര രൂപങ്ങളാണെന്ന അച്ഛന്റെ അഭിപ്രായം ' ആദ്യ വായന' യില്‍ രാധക്ക് പിടി കിട്ടുന്നില്ല. എന്നാല്‍ പിന്നീട് അവള്‍ക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നു.

രാധയുടെ അച്ഛന്‍ രാമന്‍ മാസ്റ്ററുടെ ജീവിതവീക്ഷണത്തില്‍ സംഭവിക്കുന്ന 'ഐറണി ' ഇങ്ങനെയാണ്: '' മാനവും മര്യാദയുമായി ജീവിക്കാമെന്നു വിചാരിക്കണ്ട. പാപത്തെപ്പറ്റിയും പുണ്യത്തെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് എമ്പാടും വിഡ്ഢിത്തം പറഞ്ഞു തന്നിട്ടുണ്ട്. അതൊക്കെ മറക്കണം. അതൊക്കെ നുണയാണ്. കക്കാം.ആരും കണ്ടുപിടിക്കാതിരിക്കാന്‍ സൂക്ഷിക്കണം. നുണപറയാം. ആ നുണപൊളിയരുത്. നിനക്കു തോന്നിയതൊക്കെ ചെയ്യാം. പക്ഷേ നിന്നെ പിടി കിട്ടരുത്'' (110). രാമന്‍ മാസ്റ്ററുടെ ജീവിതത്തിന്റെ ആദ്യപാതി ആദര്‍ശഭരിതവും മാനവ സ്‌നേഹത്താല്‍ പ്രകാശിതവും ആയിരുന്നു. എന്നാല്‍ ആരും ആഗ്രഹിക്കാത്തതും സങ്കല്പിക്കാത്തതുമാണ് ഈ രണ്ടാം പാതി. സ്വാതന്ത്ര്യാനന്തര നെഹ്റുവിയന്‍ ആശയങ്ങളുടെ പരാജയം എങ്ങനെ വ്യക്തികളെ 'സിനിസിസ' ത്തിലെത്തിച്ചു വെന്ന് ഉറൂബ് തന്നെ അദ്ദേഹത്തിന്റെ മറ്റു രചനകളില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യ പൂര്‍വ്വഘട്ടത്തിലും കാലമേല്പിക്കുന്ന നിരാശതകള്‍ വ്യക്തികളെ ചിന്താവൈരുദ്ധ്യങ്ങളിലേക്കെടുത്തെറിഞ്ഞിട്ടുണ്ട്. അധികാര രൂപങ്ങള്‍ മാനവികതയ്‌ക്കെതിരില്‍ നില്ക്കുന്നതും പ്രതിലോമ ശക്തികള്‍ നിരന്തര വിജയം നേടുന്നതുമാണ് രാമന്‍മാസ്റ്ററെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ക്വിറ്റിന്ത്യാ പ്രക്ഷോഭവും, രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യ സഖ്യശക്തികളോടൊപ്പം ചേര്‍ന്നതുമായ രാഷ്ട്രീയ പശ്ചാത്തലം ചിലര്‍ക്ക് സയുക്തികവും മറ്റു ചിലര്‍ക്ക് അയുക്തികവുമായി ഭവിക്കുകയുണ്ടായി. ഈ വീക്ഷണ ഭിന്നത മനുഷ്യ ബന്ധങ്ങളെയും വികലമാക്കുകയുണ്ടായി. വിശ്വത്തെ ഒറ്റിക്കൊടുത്തവനെന്ന പഴി കേള്‍ക്കേണ്ടിവന്നുവെങ്കിലും, കുഞ്ഞിരാമന് സംശയങ്ങളേതുമുണ്ടായിരുന്നില്ല. നാടിനോടുള്ള സ്‌നേഹം കുറഞ്ഞതിനാലാണ് ജനകീയ യുദ്ധത്തോടൊപ്പം ചേര്‍ന്നതെന്ന പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. കുഞ്ഞിരാമന്റെ ജീവിതം. ഒരേ സമയം സാര്‍വ്വദേശീയതക്കും ദേശീയതക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. മനസ്സുകൊണ്ട് അടുത്തറിയാമെന്നു കരുതുന്ന രാധക്കുപോലും ഈയൊരു ഭാഗം വായിച്ചെടുക്കാന്‍ കഴിയുന്നില്ല. ആശയപരമായ നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ടാണ് കുഞ്ഞിരാമനെപ്പോലൊരാള്‍ സ്‌നേഹത്തിന്റെ ആഴമളക്കുന്നത്. കണിശമായി വെറുക്കുന്നവനേ കണിശമായി സ്‌നേഹിക്കാന്‍ കഴിയൂ എന്ന വിശ്വാസ പ്രമാണമാണ് കുഞ്ഞിരാമനുള്ളത്. വെറുപ്പ് സ്‌നേഹത്തിലേക്കുള്ള കുറുക്കുവഴിയാണ്.  അമര്‍ന്നു സ്‌നേഹിക്കേണ്ടവര്‍ അധികമധികം വിദ്വേഷം കൊള്ളണം. ( 234)

ഇങ്ങനെ വിരുദ്ധതകളില്‍ നിന്ന് ധനാത്മക ചിന്ത വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഉറൂബിന്റെ എഴുത്തിലെങ്ങുമുണ്ട്. കാല്പനിക നോവലുകളിലെയും, ആധുനിക നോവലുകളിലെയും ധീരോദാത്തരും ടൈപ്പുകളുമായ കഥാപാത്ര സങ്കല്പങ്ങളെ തിരിച്ചിടുകയും അങ്ങനെ അവരുടെ പരിണാമത്തിന്റെ 'നൈരന്തര്യ‘ത്തെ തകര്‍ക്കുകയും ചെയ്യുന്നുണ്ട് ഉറൂബ് .ഈ നോവലില്‍ ഉടനീളം അയുക്തികമായി പെരുമാറിയ ഒരു കഥാപത്രം വിശ്വം മാത്രമായിരിക്കും. വിശ്വത്തിന്റെ അന്വേഷണങ്ങളിലെ അടിസ്ഥാന സ്വാഭാവം അയാള്‍ രാധയുമൊത്ത് ഒരു കുടുംബ ജീവിതം നയിക്കുന്ന കാര്യത്തിലുമുണ്ട് .കുടുംബത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു സങ്കല്പം നിലനിര്‍ത്തിക്കൊണ്ടാണെങ്കിലും 'കുടുംബം' എന്നൊരു വ്യവസ്ഥയിലേക്കുള്ള മടക്കവുമാണിത്. വിശ്വത്തിന്റെയും രാധയുടേയും അന്വേഷണങ്ങള്‍ രണ്ടു ദിശകളിലായിരുന്നെങ്കിലും അവര്‍ ഒരു പ്രത്യേക സ്ഥാനത്ത് (സ്ഥലത്തിലും കാലത്തിലും) ഒന്നിച്ചു ചേരുന്നുണ്ട്. സാവധാനത്തിലാണെങ്കിലും സമൂഹം, ദേശം, സംസ്‌ക്കാരം എന്നിവയുടെ അറിഞ്ഞ രൂപങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതയായ ആളാണ് രാധ. എന്നാല്‍ വിശ്വം ആദ്യമേ തന്നെ ഇതിനെല്ലാം പുറത്ത് നിലയുറപ്പിക്കുകയും സാഹചര്യങ്ങള്‍ ആയാളെ മെല്ലെ അകത്തു കടക്കാന്‍ പ്രേരിപ്പിക്കുകയുമാണ്. സമൂഹവും രാഷ്ട്രീയവും കുടുംബവുമെല്ലാം ഇത്തരത്തിലാണ് വിശ്വത്തിലേക്കെത്തിച്ചേരുന്നത്. അകത്തേക്കും പുറത്തേക്കുമുള്ള ഈ സഞ്ചാരങ്ങള്‍ക്കിടയിക്കാണ് അവര്‍ ഒരു പ്രത്യേക സ്ഥല കാലത്തില്‍, കുടുംബം എന്നൊരു വ്യവസ്ഥയിലേക്കെത്തുന്നത്. രണ്ടു പേര്‍ ഭിന്ന വായനകളിലൂടെ എത്തിച്ചേരുന്ന ഒരു ജീവിത സന്ധിയെന്ന് ഇതിനെ പറയാം. എന്നാല്‍ പരിപൂര്‍ണമായും ഒരു കുടുംബ വ്യവസ്ഥയിലേക്ക് വിശ്വം എത്തിച്ചേരുന്നുമില്ല.

'' നിങ്ങള്‍ക്ക് എന്നേക്കാള്‍ സ്വല്പം പ്രായക്കൂടുതലുണ്ട്. ഞാനതു വിശ്വസിച്ചിട്ടില്ല. പക്ഷെ അതെനിക്കൊരു കാര്യമല്ല. എനിക്ക് സ്‌നേഹാദരങ്ങള്‍ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് എന്നോടു കൂടിയുള്ള ജീവിതത്തില്‍ സുഖം കണ്ടെത്താന്‍ കഴിയുമോ? (340). വിശ്വം തന്നെക്കുറിച്ചു സംസാരിക്കുന്നത് ഏതാണ്ട് 'ഒരുണക്കമരത്തെപ്പറ്റി വിവരിക്കുന്നതുപോലെയാണ്' (341) എന്ന് രാധക്കു തോന്നുന്നു.

ഇടശ്ശേരിയുംഉറൂബും
4.

മാനവികതയുടേയും മതേതരത്വത്തിന്റെയും 'മലബാര്‍ സ്‌ക്കൂളി‘ന് ആധാരശിലയായത് മലബാര്‍ കലാപാനന്തര സാമൂഹവും സാഹചര്യങ്ങളുമാണ്. ഇടശ്ശേരി, ഉറൂബ്, കെ. ദാമോദരന്‍, എം. ടി. എന്നിവരിലെല്ലാം പല പ്രകാരത്തില്‍ നിലനിന്ന ഈ ധാരയെ രണ്ടാം ലോകയുദ്ധാനന്തര കാലം കലുഷമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഏത് അര്‍ത്ഥരാഹിത്യത്തെയും അര്‍ത്ഥസഹിതമാക്കാനാണ് അവരെല്ലാം കിണഞ്ഞു ശ്രമിച്ചത്. അയുക്തികതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഒരു കുട്ടിയുടെ നിലവിളിയിലേക്കും '' എന്റെ ഈശ്വരാ'' എന്ന ഈശ്വരനോടല്ലാത്ത വിളിയിലേക്കും പരിണമിക്കുന്ന ''ഉമ്മാച്ചു'' എന്ന നോവലിന്റെ തുടര്‍ച്ചയാണ് ''സുന്ദരികളും സുന്ദരന്മാരും''. ഉറൂബിന്റെ മറ്റു ചില ചെറുകഥകളിലും ഇതേ പരിണാമം കാണാവുന്നതാണ്. അര്‍ത്ഥരാഹിത്യങ്ങളേയും അയുക്തികതളേയും അങ്ങനെത്തന്നെ വളരാനനുവദിക്കാതെ അര്‍ത്ഥം നല്കി പൊലിപ്പിച്ചെടുക്കുകയാണ് ഉറൂബ്. അയുക്തികള്‍ പലപ്പോഴും ജീവിതം എന്നയുക്തിയിലാണ് അന്വയിക്കപ്പടുന്നത്. ജീവിതം എന്നാല്‍ മാനവികമാണ്. അത് മനുഷ്യപരം മാത്രമല്ല. പലതരം ചെടികള്‍ക്കും പന്നിക്കുട്ടികള്‍ക്കും കൂടി ഇടമുള്ള മാനവികതയാണത്.

റെയില്‍വേ സ്റ്റേഷനിലിരുന്ന് രാധ നെയ്തടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ പലപ്പോഴും പൊട്ടിപ്പോകുന്നതുമായ അര്‍ത്ഥാന്വേഷണം തന്നെയാണ് പിന്നീട് വിവാഹത്തിലൂടെ ജീവിതാന്വേഷണമായിത്തീരുന്നത്. നഗരത്തിലെത്തിയതു മുതല്‍ ഓരോ നിമിഷവും ' അര്‍ത്ഥവത്താ‘ക്കാനാണ് രാധയുടെ ശ്രമം. പൊട്ടിപ്പോകാമെങ്കിലും നെയ്തുകൊണ്ടിരിക്കലാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്ന് ആ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രാധ പഠിച്ചു തുടങ്ങുന്നത്.

ഗ്രന്ഥസൂചി .
1. ഉറൂബ് (2004) സുന്ദരികളും സുന്ദരന്മാരും, ഡി. സി. ബുക്‌സ്, കോട്ടയം.
2. രാമകൃഷ്ണന്‍ ഇ. വി.(2001) അക്ഷരവും ആധുനികതയും, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
3. നമ്പൂതിരി എന്‍. എം. (2002) കേരള സംസ്‌ക്കാരം അകവും പുറവും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി.

Friday, April 1, 2011

സനില്‍ദാസിന്റെ ഓര്‍മ്മ


      ആരോര്‍ക്കുന്നുണ്ടാവും സനില്‍ ദാസിനെ?കവിയും പത്രപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായിരുന്ന സനില്‍ദാസ് 1981 മാര്‍ച്ച് 31ന് ആത്മഹത്യ ചെയ്തു.ഇന്നേയ്ക്ക് കൃത്യം മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ്. എണ്‍പതുകളുടെ(ഹാ!എണ്‍പതുകള്‍)ഒരു ഉല്പന്നമായിരുന്നു സനില്‍ദാസ്.അന്നൊക്കെ സമാന്തര മാസികാ പ്രവര്‍ത്തനവും സാര്‍വ്വത്രികമായ ഒരു സാംസ്കാരികപ്രവര്‍ത്തനം തന്നെയായിരുന്നു.സനില്‍ദാസും’നാവ്’എന്ന പേരില്‍ ഒരു ചെറുമാസികപുറത്തിറക്കിയിരുന്നു.അതിന്റെ ഒരു ലക്കം ഇപ്പോഴും എന്റെ കൈവശമുണ്ട്.അന്നത്തെ സാംസ്കാരികാന്തരീക്ഷത്തില്‍ എന്തെങ്കിലും ഗൌരവതരമായ ഇടപെടല്‍ അതുകൊണ്ടു സാധ്യമായോ എന്ന് എനിക്കറിഞ്ഞുകൂടാ.സനില്‍ദാസിനെ മറന്നപോലെ ആമാസികയും മറവിയിലാണ്ടുപോയി.മരണാനന്തരം അയാളുടെ ഒരു കവിതാപുസ്തകം പുറത്തിറങ്ങുകയുണ്ടായി-‘ഘടികാര‘മെന്നപേരില്‍.നിയോഗം ബുക്സിന്റെ പേരില്‍ കെ.എന്‍.ഷാജിയാണ് അതിനു മുന്‍‌കയ്യെടുത്തത്.(സനില്‍ദാസ് എഴുതിവെച്ച അന്ത്യ സന്ദേശങ്ങളിലൊന്ന് ഷാജിക്കുള്ളതായിരുന്നു).ജീവിച്ചിരുന്നപ്പൊള്‍ അയാള്‍ എറെ കൊതിച്ചതും എന്നാല്‍ നടക്കാതെ പോയതുമായ ഒരു കാര്യം.ഒരു പക്ഷെ മരണത്തിനുമുന്‍പ് ആ പുസ്തകമിറങ്ങിയിരുന്നുവെങ്കില്‍ അയാളുടെ മരണം നീട്ടി വെക്കപ്പെടുമായിരുന്നുവോ?അറിഞ്ഞുകൂടാ.
      എണ്‍പതുകളിലെ ചെറുപ്പക്കാര്‍ കടന്നുപോയ വിഹ്വലതകളുടേയും ആകുലതകളുടേയും അസ്തിത്വ വ്യഥകളുടെയും ആകത്തുകയായിരുന്നു സനില്‍ദാസും.വിപ്ലവരാഷ്ട്രീയം കയ്യാളിയിരുന്നവരും ഇതില്‍ നിന്ന് വേറിട്ടു നിന്നില്ല.ഇതൊക്കെ ചേര്‍ന്നതായിരുന്നു അന്നത്തെ ചെറുപ്പം.ആത്മഹത്യയും ഒരു സാംസ്കാരിക പ്രവര്‍ത്തനമായി കരുതപ്പെട്ടു.അങ്ങനെയാവാം സനില്‍ദാസും ആത്മഹത്യ ചെയ്യുന്നത്.‘പ്രതീക്ഷകളുടെ നെയ്ത്തിരികള്‍ക്കുംകാല്പനിക സ്വപ്നങ്ങള്‍ക്കും മങ്ങല്‍ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ്‘ ആത്മഹത്യ സംഭവിക്കുന്നതെന്നാണ് ഷാജി ‘ഘടികാര’ത്തിന്റെ ആമുഖത്തില്‍ അതിനെ വിലയിരുത്തുന്നത്.  സുബ്രഹ്മണ്യദാസിനെപ്പോലെ, ഗുഹനെപ്പോലെ, അവരൊക്കെ സച്ചിദാനന്ദന്റേയും മറ്റു പലരുടേയും കവിതകളിലൂടെ ആ കാലത്തിന്റെ പ്രതിനിധികളായി മാറുകയും ചെയ്തു.സുബ്രഹ്മണ്യദാസിന്റെ മരണശേഷം അയാളുടെ മുറി പരതിയപ്പൊള്‍ സനില്‍ദാസിന്റെ മരണത്തെക്കുറിച്ച് താനെഴുതിയ വരികള്‍ക്കു(വേനല്‍മഴ) അടിവരയിട്ടു സൂക്ഷിച്ചിരുന്ന ഒരു പകര്‍പ്പ് കിട്ടുകയുണ്ടായെന്ന് സച്ചിദാനന്ദന്‍ ‘ഘടികാര’ത്തിന്റെ അവതാരികയിലെഴുതിയിട്ടുണ്ട്.സനില്‍ദാസ് ഒറ്റപ്പെട്ട ഒരാളയിരുന്നില്ല.അയാള്‍ക്ക് തുടര്‍ച്ചകളുണ്ടായിരുന്നു..
     സനില്‍ അവസാനമായി അമ്മക്കു സമര്‍പ്പിച്ചിരുന്ന ഒറ്റ വരിക്കവിത ഇതായിരുന്നു-“അമ്മയ്ക്കു ഞാന്‍ ദുഖങ്ങള്‍ നല്‍കുന്നു”.മരിക്കുന്നതിന് കുറെ ദിവസം മുന്‍പ് ഒരു രാത്രി ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് അമ്മയെ ഉണര്‍ത്തി ഇയാള്‍ പറഞ്ഞുവത്രെ:“ഗ്രാമങ്ങളില്‍ ശക്തിയാര്‍ജ്ജിച്ച് നഗരങ്ങളെ വളയണം”ആ വാക്കുകളുടെ പൊരുളറിയാതെ അമ്പരക്കുവാനേ ആ അമ്മയ്ക്കു കഴിഞ്ഞുള്ളു.
    ‘ബലിക്കുറിപ്പുകള്‍’ എന്ന കവിതയില്‍ സനില്‍ദാസ് ഇങ്ങനെയെഴുതി:
ആറാമിന്ദ്രിയത്തിലൂടെയെനിക്കൊരു
മരണസന്ദേശമെത്തുന്നു.
പഞ്ച ഭൂതങ്ങളേയും കുടിയിരുത്തി
പഞ്ചലോഹങ്ങളുമുരുക്കിച്ചേര്‍ത്ത വാളുമേന്തി
വെളിച്ചപ്പാടിനെപ്പോലെ
വെളിപാടുമായ്
കലിയുറഞ്ഞു തുള്ളി
മരണ സന്ദേശമെന്നിലെത്തുന്നു...
      വളരെയേറെ ആത്മബന്ധം ഞാനും സനില്‍ദാസും തമ്മില്‍ഊണ്ടായിട്ടില്ല.ഈയിടെ ചിതലരിച്ച പഴയപുസ്തകങ്ങള്‍ മാറ്റിവെക്കുമ്പോള്‍ സനില്‍ദാസിന്റെ കവിതാപുസ്തകവും മാസികയും അയാള്‍ എനിക്കയച്ച രണ്ടുമൂന്ന് കത്തുകളും കണ്ടുകിട്ടി.അവ ചിതലരിക്കാതെ എനിക്കുവേണ്ടി ഇക്കാലമത്രയും കാത്തിരുന്നതാവണം.15പൈസ കാര്‍ഡില്‍ ഭംഗിയുള്ള കൈയക്ഷരങ്ങളില്‍ ചുവന്നമഷികൊണ്ട് അയാളെഴുതിയതൊന്നും നിറം മങ്ങിയിട്ടില്ല.
    സനില്‍ദാസ് കേരളവര്‍മ്മാ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.ഈയിടെ അവിടെ തമ്പി മാഷിന്റെ(വി.ജി.തമ്പി)വിരമിക്കല്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടന്നുവെന്നു കേട്ടു.അപ്പോഴെങ്ങാനും സനില്‍ദാസിനെ അനുസ്മരിക്കുകയുണ്ടായോ?വേണ്ടതായിരുന്നു.സനില്‍ ദാസിന്റെ തലമുറയുടെ വിഹ്വലകാലത്തിലൂടെ കടന്നുപോന്ന തമ്പിമാഷും സി.ആര്‍.രാജഗോപാലന്‍ മാഷും ഹിരണ്യന്‍ മാഷുമൊക്കെ അവിടെയുണ്ടായിരുന്നുവല്ലൊ.എന്നാല്‍കാര്യങ്ങള്‍  എഴുപതുകളെക്കുറിച്ച് ഹിരണ്യന്‍ ഭാഷാപോഷിണീയിലെഴുതിയ കവിതയിലെ(ക്ലാസ്സ്മേറ്റ്സ്/മാര്‍ച്ച് 2011)പ്പോലെയാകുന്നതാണ്(ഉദയം കാണാന്‍ ഉറക്കമൊഴിച്ചൊരാ/പഴയമൌഡ്ഡ്യങ്ങള്‍ എല്ലാം മറക്കുക/തെരുവിലെ സൂര്യോദയം കണികാണാന്‍ /കവിത തീര്‍ത്തതുമിന്നു മറക്കുക) കൂടുതല്‍ എളുപ്പം!നമ്മളെയൊക്കെ അത്തരമൊരു രൂപാന്തരണത്തിനു കാലം വിധേയപ്പെടുത്തിയിരിക്കുന്നു.പക്ഷേ,സനില്‍ദാസിന്റെ കാലം ഇതല്ല.അത് മുപ്പതാണ്ടുകള്‍ക്കപ്പുറത്താണ്.അവിടേക്കെത്താന്‍ കുറെയേറെ ദൂരം സഞ്ചരിക്കുകതന്നെ വേണം.
സനില്‍ദാസിനെക്കുരിച്ച് ‘ഘടികാര‘ത്തിലുള്ള വിവരങ്ങള്‍ ഇത്രയുമാണ്:
ജനനം:29.8.1960
മരണം:31.3.1981
അച്ഛന്‍:ഇട്ട്യേടത്ത് ചന്ദ്രന്‍
അമ്മ:സരോജിനി
മണ്ണുത്തിയില്‍  ജനിച്ചു.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബി.എസ്.സി(ബോട്ടണി)പൂര്‍ത്തിയാക്കി.കുറച്ചു നാള്‍ ‘നാവ്’എന്ന ചെറു മാസിക നടത്തി.’‘81 മാര്‍ച്ച് മുപ്പത്തിഒന്നാം തിയ്യതി ആത്മഹത്യ ചെയ്തു.

Friday, March 4, 2011

പാവങ്ങളും പള്ളിപ്പാടും പൊന്നാനിക്കളരിയും

      പി. എം. പള്ളിപ്പാട്‌ എന്ന പൊന്നാനിക്കാരന്‍ കവി അന്തരിക്കുമ്പോള്‍ ഞാന്‍ നാട്ടിലില്ലായിരുന്നു. തിരിച്ചെത്തി ദിനപ്പത്രങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ തിരയുന്നതിനിടയിലാണ്‌ പള്ളിപ്പാടിന്റെ മരണ വാര്‍ത്തയും അറിയുന്നത്‌. എന്റെ സുഹൃത്തുക്കളിലാരെങ്കിലും ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും.ഞാന്‍ പരിധിക്കു പുറത്തായിരുന്നിരിക്കും.
      പൊന്നാനി പ്രദേശത്തുള്ള പത്രങ്ങളില്‍ അതൊരു പ്രധാന പ്രാദേശിക വാര്‍ത്തയായി. മലപ്പുറം ജില്ലയില്‍ ചെറിയൊരു കോളം വാര്‍ത്ത. ജില്ലക്കു പുറത്ത്‌ അതൊരു വാര്‍ത്തയേ ആയില്ല. വാര്‍ത്തകളുടെ പൊതുവിന്യാസ രീതി വെച്ച്‌ അതില്‍ തെറ്റു പറയാനില്ല. പ്രധാനമായും പൊന്നാനി പ്രദേശങ്ങള്‍ തന്നെയായിരുന്നു പള്ളിപ്പാടിന്റെ കര്‍മ്മ മണ്ഡലം. അത്‌ തൃശ്ശൂര്‍, പാലക്കാട്‌ ജില്ലകളുടെ സമീപ പ്രദേശത്തേക്കു കൂടി ഇത്തിരി വ്യാപിച്ചിട്ടുണ്ടാകാം. അത്രമാത്രം.
പി.എം.പള്ളിപ്പാട്
     ആരായിരുന്നു പള്ളിപ്പാട്‌?  പലതുമായിരുന്നു,അദ്ദേഹം എന്നു പറഞ്ഞാല്‍ അതൊരു ഉത്തരമാവുകയില്ല. എന്നാല്‍ പള്ളിപ്പാട് പരമേശ്വരന്‍ മൂസ്സത് എന്നൊരാള്‍ 84 ലേറെക്കൊല്ലം നമ്മള്‍ക്കിടയില്‍ ജീവിച്ചുതീര്‍ത്തുവെന്നത്  നാമറിയാതെ പോകരുത്. ഞങ്ങളൊക്കെ അദ്ദേഹത്തെ ബഹുമാനത്തോടെ പള്ളിപ്പാട്‌ മാഷെന്ന്‌ വിളിച്ചു. അദ്ധ്യാപകനായിട്ടാണ്‌ അദ്ദേഹം ജീവിതവൃത്തി കഴിച്ചത്‌. സര്‍വ്വോദയ പ്രസ്ഥാനം , സാക്ഷരതാ പ്രസ്ഥാനം എന്നിവയോടെല്ലാമൊപ്പം അദ്ദേഹമുണ്ടായിരുന്നു. ഇതിനെയെല്ലാം ചേര്‍ത്തു നിര്‍ത്തിയത്‌ ഒരു പക്ഷേ പള്ളിപ്പാട്‌ എന്ന കവിയായിരിക്കണം. കവിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിരന്തരം കവിതകളെഴുതി.കവിയരങ്ങുകളില്‍ നിത്യ സാന്നിദ്ധ്യമായി.  അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ നിന്ന്‌ അവസാനകാലത്തെകവിതകളിലേക്കുള്ള അകലം വെറും പ്രായവ്യത്യാസത്തിന്റേതായിരുന്നില്ല. അത്‌ ഭാവുകത്വപരം കൂടിയായിരുന്നു എന്ന്‌ ശ്രദ്ധിച്ചാലറിയാം. കവിതകളിലും ജീവിതത്തിലും സംഭവിക്കുന്ന മാറ്റങ്ങളെ അദ്ദേഹം കാണാതിരുന്നില്ല. കവിതയിലെ പഴയ പാരമ്പര്യത്തോടൊപ്പമാണ്‌  നിലയുറപ്പിച്ചതെങ്കിലും പുതു കവികളെയും കവിതകളെയും അദ്ദേഹം ശ്രദ്ധയോടെ കണ്ടു. അവര്‍ക്കൊപ്പം കവിതാചര്‍ച്ചകളില്‍ പങ്കെടുത്തു, കവിത വായിച്ചു. തനിക്കുള്‍ക്കൊള്ളാവുന്നതും, അല്ലാത്തതും തുറന്നു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രായത്തില്‍ സമശീര്‍ഷനും, അയല്‍പക്കക്കാരനുമായ അക്കിത്തം തന്നെയാണ്‌ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി.   ‘ഒരീറന്‍ നിലാവ്‌ മിഴി പൊത്തിക്കരഞ്ഞതും‘ (യാത്രാമൊഴി/ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്ന വരിയില്‍  അര്‍ത്ഥങ്ങളുടെ അമിതഭാരം ആരോപിച്ച ഒരാള്‍ക്കെതിരെ ഒരിക്കല്‍ അദ്ദേഹം ക്ഷോഭിച്ചതോര്‍ക്കുന്നു. ‘മാപ്പുസാക്ഷി‘യെഴുതിയ ചുള്ളിക്കാടിനെയും, ‘അമാവാസി‘ എഴുതിയ ചുള്ളിക്കാടിനെയും ഒരേപോലെ ആഘോഷിക്കുന്നതിനെതിരെ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചത് ആ രണ്ടു കവിതകളെയും നന്നായി ഉള്‍ക്കൊണ്ടതു കൊണ്ട്‌ തന്നെയാണ്‌.
    പള്ളിപ്പാടിനെ ഭാവിയില്‍ പൊന്നാനിക്കാരെങ്കിലും ഓര്‍ക്കുന്നത്‌ ഏതു വിധത്തിലാവും? അദ്ദേഹത്തിന്റെ കവിതകളെ ആസ്‌പദിച്ച്‌ പഠനങ്ങളുണ്ടാവുമോ? സിമ്പോസിയങ്ങള്‍ നടക്കുമോ? ഏതെങ്കിലും സാഹിത്യപ്രസ്ഥാനത്തിലെ കവിയായി അദ്ദേഹം വിലയിരുത്തപ്പെടുമോ? ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളാല്‍,അതുമല്ലെങ്കില്‍ ഏതാനും വരികളാല്‍ അദ്ദേഹം മതിക്കപ്പെടുമോ? ‘മാമ്പഴ‘ത്തില്‍ ഏതെങ്കിലും കുട്ടികള്‍ ആ കവിതകള്‍ ആലപിക്കുമോ? അറിയില്ല. വട്ടംകുളത്തെയും, എടപ്പാളിലെയും ചങ്ങരംകുളത്തെയും, പൊന്നാനിയിലേയും, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക്‌- അതില്‍ പ്രായമായവരും, ചെറുപ്പക്കാരുമുണ്ട്‌- ആ സാംസ്‌ക്കാരിക ജീവിതത്തെ ഏറ്റെടുത്ത് പലവിധത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും.കവിതയിലെ പുതുരീതികള്‍ക്കൊപ്പം സഞ്ചരിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ജീവിച്ച ആളാണദ്ദേഹം.
ഇടശ്ശേരി
    ‘പൊന്നാനിക്കളരി‘യുടെ ഭിന്നധാരകള്‍ക്കൊപ്പം ഇത്ര ദൂരം സഞ്ചരിച്ചതിന്റെ പേരില്‍ മറ്റൊരു വിധത്തിലും പള്ളിപ്പാട്‌ സാഹിത്യ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് എനിയ്ക്ക് പ്രതീക്ഷയുണ്ട്.  ‘പൊന്നാനിക്കളരി‘ എന്ന സാംസ്‌ക്കാരിക കൂട്ടായ്‌മയിലെ ഇനിയും ബാക്കിയുള്ള പ്രമുഖന്‍ അക്കിത്തമാണ്‌.  ‘കൊടുങ്ങല്ലൂര്‍ കളരി‘ ,കോഴിക്കോട്ടെ ‘കോലായ‘എന്നിവയൊക്കെപ്പോലെ ഒരു അനൌപചാരിക കൂട്ടായ്‌മയായിരുന്നു‘പൊന്നാനിക്കളരി‘യും ‌. ‘വള്ളത്തോള്‍ കളരി‘യുടെ തുടര്‍ച്ചയോ, പരിണാമമോ, അതിലടങ്ങിയിട്ടുണ്ട്‌. വള്ളത്തോള്‍കളരി കവിതയുടെ മാത്രം സ്കൂളായിരുന്നെങ്കില്‍ പൊന്നാനിക്കളരി പൊതു സ്കൂളായിരുന്നു.സാഹിത്യം ,കല,സംസ്ക്കാരം തുടങ്ങിയ യാതൊന്നും അതിന് അന്യമായിരുന്നില്ല.(‘ഹന്ത സൌന്ദര്യമേ നാരിതന്‍ മേയ് ചേര്‍ന്നാല്‍‘‍..എന്ന വള്ളത്തോളിന്റെ വരികളെ ഇടശ്ശേരിയുടെ ‘നെല്ലുക്ത്തുകാരി പാറുവിന്റെ കഥ’യിലെ പാറുവിന്റെ ശരീരവുമായി  ‘ഹന്ത ദാരിദ്ര്യമേ നാരിതന്‍ മെയ് ചേര്‍ന്നാല്‍‘..എന്ന് പള്ളിപ്പാടുതന്നെതാരതമ്യം ചെയ്തിട്ടുണ്ട്.) പൊന്നാനിയിലെ ഭാരതപ്പുഴയുടെ തീരത്തും, കൃഷ്‌ണപ്പണിക്കര്‍ വായനശാലയിലും എ. വി. ഹൈസ്‌ക്കൂളിലൂമൊക്കെ അവര്‍ ഒത്തുകൂടുകയും സാഹിത്യ ചര്‍ച്ചയും കവിതാ വായനയും നാടകാവതരണവുമൊക്കെ നടത്തുകയും ചെയ്‌തു. ആരൊക്കെയായിരുന്നു അവര്‍? ഇടശ്ശേരിയായിരുന്നു പലപ്പോഴും ഇതിന്റെയൊക്കെ മുമ്പില്‍. ഉറൂബ്‌, അക്കിത്തം കടവനാട്‌ കുട്ടികൃഷ്‌ണന്‍, ഇ. നാരായണന്‍ കുട്ടികൃഷ്‌ണമാരാര്‌ നാലാപ്പാടന്‍ തുടങ്ങിയവരൊക്കെ വിവിധ ഘട്ടങ്ങളില്‍ അതിനോടൊപ്പമുണ്ടായിരുന്നു. അവരിലൊരാളായിരുന്നു പള്ളിപ്പാടും. ഇതില്‍ ചില പേരുകാര്‍ ഏറെ പ്രസിദ്ധി നേടിയവരാണെങ്കില്‍ മറ്റു ചിലര്‍ പരിമിത വൃത്തങ്ങളില്‍ ഒതുങ്ങിയവരാണ്‌.പൊന്നാനി പ്രദേശത്ത് അത്തരത്തിലുള്ള അപ്രശസ്തരായ നിരവധി എഴുത്തുകാരുണ്ട്.
    എന്തായിരുന്നു പൊന്നാനിക്കളരിയുടെ തത്വ രൂപം. ചുരുക്കം ചില പഠനങ്ങള്‍ ഈ മേഖലയില്‍ നടക്കാതിരുന്നിട്ടില്ല. അവയില്‍ ചിലതെല്ലാം ഗവേഷണ പ്രബന്ധങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നു. വള്ളത്തോള്‍കളരി, പൊന്നാനി ക്കളരിയാവുമ്പോഴേക്ക്‌ മാനുഷികതയുടെ ഒരു മതേതരഭാവം അതിന്റെ പ്രമാണമായിക്കഴിഞ്ഞിരുന്നു. അതേ സമയം ഒരേ സ്‌ക്കുളില്‍ നിന്നുള്ള ഉല്‌പന്നമെന്ന്‌ തിരിച്ചിറിയാവുന്ന ബാഹ്യമാതൃകകളൊന്നും അതിനകത്ത്‌ സൂക്ഷിക്കുന്നുമില്ല. ഇടശ്ശേരിയും, ഉറൂബും, തന്നെ എത്ര ഭിന്നര്‍! അവര്‍ കണ്ട മതേതരത്വം തന്നെ ഏറെഭിന്നമായിരുന്നുവല്ലൊ. പൊന്നാനിക്കളരിയുടെ വിലയിരുത്തല്‍ അതിലുള്‍പ്പെട്ട എഴുത്തുകാരിലൂടെമാത്രം നടത്തപ്പെടുമ്പോള്‍‌ എഴുതാതെ പോയ കാര്യങ്ങള്‍ ആര്‍ക്കുമറിയാതെ പോകുന്നുണ്ടാവാം. എഴുതിയതില്‍ കൂടുതല്‍ അതാണെങ്കിലും.
നാലപ്പാട്ട്
എങ്കിലും  എപ്പോളാണതിന്റെ തുടക്കം?‘പൊന്നാനിക്കളരി‘എന്ന പുസ്‌തകത്തില്‍ അക്കിത്തം പറയുന്നത്‌1930കളില്‍ എന്നാണ്. ഇത്തരം കൂട്ടായ്‌മകള്‍ക്കൊന്നും കൃത്യമായ തുടക്കകാലം വേര്‍തിരിച്ചെടുക്കുക സാധ്യമല്ലെങ്കിലും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക്‌ ഗൌരവ സ്വഭാവം വന്ന , ഒന്നാം ലോകമഹായുദ്ധാനന്തരവും മലബാര്‍ കലാപാനന്തരവുമുള്ള ഒരു കാലമാണത്. 1934 ഓടെ ഇടശ്ശേരി പൊന്നാനിയില്‍ വക്കീല്‍ രാമന്‍ മേനോന്റെ ഗുമസ്ഥനായെത്തുന്നു. എന്നാല്‍ അതിനു മുന്‍പ് മറ്റൊന്നു കൂടിസംഭവിച്ചിരുന്നു. പൊന്നാനിയില്‍ നിന്ന് വിളിപ്പാടു ദൂരെ,പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ട്‌ നാരായണ മേനോന്‍ അക്കാലത്ത്‌ വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍‘ വിവര്‍ത്തനം ചെയ്‌തു കൊണ്ട് ലോക സാഹിത്യത്തിലെ വലിയഅ‌ത്ഭുതങ്ങളിലൊന്നിലേക്ക്‌ മലയാളത്തെ പ്രവേശിപ്പിക്കുകയായിരുന്നു. 1925 ല്‍ ‘പാവങ്ങള്‍‘ പുറത്തു വന്നു. അത്‌ സൃഷ്‌ടിച്ച അലകള്‍ മലയാളത്തില്‍ ഇനിയും അടങ്ങിയിട്ടില്ല. പൊന്നാനിക്കളരിയുടെ ആശയതലം മാത്രമല്ല, നവോത്ഥാനം, പുരോഗമന സാഹിത്യ പ്രസ്ഥാനം എന്നിവയുടെയെല്ലാം അന്തസ്സത്ത ഈയൊരു പുസ്‌തകത്തില്‍ നിന്നാണാരംഭിക്കുന്നതെന്നു കരുതാനാണെനിക്കിഷ്‌ടം. 1925 ല്‍ ‘പാവങ്ങ‘ളുടെ പ്രസിദ്ധീകരണത്തോടെ ആരംഭിക്കുന്ന ആശയരൂപം ക്രമേണ ഭൌതിക രൂപം കൈക്കൊള്ളുകയാണുണ്ടായത്‌. എങ്കിലും പൊന്നാനിക്കളരിയുടെ പ്രവര്‍ത്തനങ്ങളില്‍ നാലാപ്പാടന്‍ ഏറെയൊന്നും പങ്കുകൊണ്ടതായി കേട്ടിട്ടില്ല. അതിന്റെ ബീജാവാപം തന്റെ പുസ്‌തകത്തിലൂടെ താനറിയാതെ നടത്തി, അദ്ദേഹം ‘രതിസാമ്രാജ്യ‘ത്തിലേക്കും “ആര്‍ഷപൈതൃക’ത്തിലേക്കും ‘കണ്ണുനീര്‍ത്തുള്ളി’യിലേക്കും മാറി നടന്നു.
     ‘കുട്ടികാലത്തേവായിച്ചിരിക്കെണ്ട പുസ്‌തകം‘ എന്താണ്‌ ‘പാവങ്ങ‘ളെ ജോസ് സരമാഗു വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ ചെറുപ്പകാലത്തൊന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിച്ചില്ല. വായനയില്‍ നിന്നു പലകാരണങ്ങളാല്‍ വഴുതിയകന്ന പല പുസ്‌തകളെയും പോലെ ഈ പുസ്‌തകവും എന്നെക്കടന്നു പോയി.  ഇപ്പോള്‍ ‘മാതൃഭൂമി‘ പാവങ്ങളുടെ പുതിയപതിപ്പ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു. അങ്ങനെ വളരെവൈകി ഞാനാപുസ്‌തകം വായിക്കുന്നു.മലയാളത്തെ ആകെ മാറ്റിയ പുസ്തകം.  അതിനു മുമ്പുള്ള മലയാള ഗദ്യം ഏതാണ്ട്‌ ആധാരഭാഷയുടെ നിലവാരത്തിലുള്ളതായിരുന്നു എന്നാണ്‌ അക്കിത്തത്തിന്റെ അഭിപ്രായം. നോവല്‍ എന്ന സാഹിത്യ രൂപം കുട്ടികൃഷ്ണമാരാരുടെ പരിഗണനക്ക്‌ പാത്രമായില്ലെങ്കിലും പാവങ്ങള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്‌തകമായിരുന്നു. തന്നോടിഷ്‌ടമുണ്ടെങ്കില്‍ പ്രസ്‌തുത ഗ്രന്ഥം ഒന്നു കൂടി വായിക്കണമെന്ന്‌ എല്ലാവരോടും അഭ്യര്‍ത്ഥിക്കുണ്ട്‌ അദ്ദേഹം.
പള്ളിപ്പാട് ഒരു പുസ്തകപ്രകാശനവേദിയില്‍-അക്കിത്തം,ആലങ്കോട് ലീലാകൃഷ്ണന്‍,                                              സെബാസ്റ്റ്യന്‍,അഭിരാമി എന്നിവര്‍ക്കൊപ്പം
    പള്ളിപ്പാടാണ്‌ ഈ ചിന്തകളൊക്കെ ഉണര്‍ത്തിയത്‌.അതിന് കാരണമുണ്ട്. പള്ളിപ്പാടിനോട്‌ പൊന്നാനിക്കളരി, പാവങ്ങള്‍, അങ്ങിനെ പലതിനെക്കുറിച്ചും ഏറെ നേരം തനിച്ച്‌ സംസാരിക്കണമെന്ന് മനസ്സില്‍ കരുതിയിരുന്നു. അടുത്തുള്ള ആള്‍, എപ്പോള്‍ വേണമെങ്കിലുമാവാമല്ലോ, എന്നൊക്കേ കരുതി കാലം കഴിഞ്ഞു പോയി. എന്നാല്‍ എന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ കാത്തു നില്‌ക്കാതെ അദ്ദേഹം കടന്നു പോയി.
        എങ്കിലും ‘പാവങ്ങള്‍‘ വായിക്കാനെടുക്കുമ്പോള്‍ ‘പാവം’പള്ളിപ്പാടിനെ ഓര്‍ക്കുന്നു.കവിതയില്‍ ഒരു ‘പാവ’മായിരുന്നു പള്ളിപ്പാട്.കവിതയുടെ മുഖ്യധാരക്ക് പുറത്ത് ചുറ്റിനടക്കേണ്ടി വന്നു എന്ന കാരണത്താലാണ് പള്ളിപ്പാട് എനിക്ക് പാവമാവുന്നത്.അങ്ങനെയുള്ള നിരവധി ‘പാവങ്ങള്‍’പൊന്നാനിയിലും കേരളത്തിലുമുണ്ട്.പരാജയപ്പെട്ട എഴുത്തുകാരെന്ന് അവരെ വിളിക്കണമെങ്കില്‍ വിജയിച്ച എഴുത്തിന്റെ മാനദണ്ഡം കൈയിലുണ്ടാവണം.
    ഒരു പക്ഷേ,ഇതൊക്കെയായിരിക്കാം ഇനിയുള്ള കാലം എന്റെ പള്ളിപ്പാടോര്‍മ്മ.