Sunday, July 10, 2011

സുന്ദരികളും സുന്ദരന്മാരും : ചില റെയില്‍വേസ്റ്റേഷന്‍ ചിന്തകള്‍

''ഒന്നുക്ക് രണ്ടെന്ന് വീരം പറഞ്ഞിറ്റ്
ഒക്കത്തുവെച്ചപ്പോ ചൂളംവിളിച്ചില്ലേ മാതുക്കുട്ടി''
(സുന്ദരികളുംസുന്ദരന്മാരും: 138)

ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും‘ എന്ന നോവലിലെ കഥാപാത്രങ്ങളായ രാധയും അനുജന്‍ ഗോപാലകൃഷ്ണനും പട്ടണത്തിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേസ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുകയാണ്. രാധയുടെ കണ്ണുകള്‍ എവിടെയുമുറയ്ക്കാതെ സ്റ്റേഷനിലെ ചുവരെഴുത്തുകളിലേക്ക് തിരിഞ്ഞു. അതിലൊരു ചുവരെഴുത്താണ് മുകളിലുള്ള വരികള്‍. ''കൊച്ചാമിനാനെ കെട്ടാന്നും പറഞ്ഞിറ്റ് നായരിച്ചിനീം കൊണ്ട് ചാടിപ്പോയ കൊസ്രക്കണ്ണാ'' ''കുട്ടൂസ്സാന്റെ ഉമ്മാനെ കൊളമ്പുകാരന്‍ കെട്ടിക്കൊണ്ടു പോയി'' എന്നിങ്ങനെ പലതരത്തിലുള്ള ചുവരെഴുത്തുകള്‍ വേറെയുമുണ്ടെങ്കിലും രാധയുടെ മനസ്സില്‍ നിന്ന് മാറാതിരുന്നത് ഈ രണ്ട് വരികളാണ് .അര്‍ത്ഥത്തെക്കുറിച്ചുള്ള ചിന്ത അവളെ കുഴക്കിയെങ്കിലും ആ വരികള്‍ അവളെ വിട്ടു പോകാന്‍ കൂട്ടാക്കിയില്ല.
''ആ പാട്ടിലെ കഥാനായികയായ മാതുക്കുട്ടി ഒരു പാവമായിരിക്കണമെന്നു തോന്നി. അവളെ ഉപദ്രവിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടാകാം . പാവം, ഒടുവില്‍ അവള്‍ നാടുവിട്ടുപോയതാകും. എല്ലാ പെണ്‍കുട്ടികളുടേയും ഗതി ഇതുതന്നെയാണോ? ചിന്തകള്‍ ആ വഴിക്കു തിരിഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് കടിഞ്ഞാണിട്ടു. ആലോചിക്കരുതെന്നു വിചാരിച്ചിടത്തേക്കാണ് മനസ്സ് പോകുന്നത്'' (ഉറൂബ് 2004 : 138)
വണ്ടിചൂളം വിളിച്ചപ്പോള്‍ രാധക്ക് ആ വരികള്‍ വീണ്ടും ഓര്‍മ്മവന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ മാതുക്കുട്ടിയെപ്പറ്റി ആലോചിച്ചു. ''ആരായിരിക്കും അവള്‍? നീണ്ടുനിവര്‍ന്നുകിടക്കുന്ന ഈ കുന്നിന്‍ നിരകളുടെ അങ്ങേപ്പുറത്തായിരിക്കും അവളുടെ വീട്. വെളുത്തിട്ടായിരിക്കും. അവള്‍ വലിയ വീടുകളില്‍ പണിക്ക് പോയിട്ടൊന്നുമില്ല. സിന്ദൂരപ്പൊട്ടാണ് എപ്പോഴും തൊടുന്നത്. പൊട്ടിപ്പൊട്ടിചിരിക്കുമ്പോള്‍ മുത്തുമണികള്‍ ചിതറുന്നത് പോലെയായിരിക്കും. അഞ്ഞം പിഞ്ഞം പറയാന്‍ വരുന്ന ആണുങ്ങളോട് 'ഒന്നുക്ക് രണ്ടെന്ന് വീരം പറയും.' എന്നിട്ട് ഒക്കത്ത് വെച്ചപ്പൊ ചൂളം വിളിച്ചു. അതെന്താണ്? അവള്‍ ഒക്കത്തുവെച്ചോ? അവളെ ഒക്കത്തുവെച്ചോ? എന്തോ? എന്തായാലും മാതുക്കുട്ടി നല്ലവളായിരുവെന്ന് രാധ തീര്‍ച്ചപ്പെടുത്തി.'' (140)
വീണ്ടും രാധ മാതുക്കുട്ടിയെ ഓര്‍ക്കുന്നു: ''മാതുക്കുട്ടിക്ക് കുട്ടികളുണ്ടായിരുന്നോ? ഒക്കത്തുവെച്ചപ്പോള്‍ ചൂളം വിളിച്ചുവെന്നല്ലേ പറഞ്ഞത്? കുട്ടിയെ ഒക്കത്തുവെച്ചിരിക്കും, അപ്പോഴേക്കും ഭര്‍ത്താവ് തീവണ്ടി കയറിപ്പോയിരിക്കും. മാതുക്കുട്ടിയുടെ ഭര്‍ത്താവും കുടുംബത്തിന്റെ ക്ഷേമത്തെ ഓര്‍ത്തു നാടുവിട്ടതായിരിക്കും. എല്ലാ ചെറുപ്പക്കാരുടെയും ഗതി ഇതുതന്നെയാണോ? ഈ കാലത്ത് ആര്‍ക്കും നാട്ടുമ്പുറത്ത് പൊറുക്കാന്‍ കഴിയുകയില്ലേ? ഭര്‍ത്താവു പോയപ്പോള്‍ മാതുക്കുട്ടി കഷ്ടപ്പെട്ടിരിക്കുമോ? അവളെ ആരെങ്കിലും കടന്ന് ആക്രമിച്ചിരിക്കുമോ? എല്ലാ പെണ്‍കുട്ടികളും അക്രമം സഹിക്കേണമോ?'' (142)
സ്വന്തം ഭൂതകാലത്തെപ്പറ്റി ഓര്‍ക്കാതിരിക്കാനാണ് രാധ റെയില്‍പ്പാളങ്ങളെക്കുറിച്ചും മാതുക്കുട്ടിയെക്കുറിച്ചും ഓര്‍ക്കുന്നത്. എന്നാല്‍ മാതുക്കുട്ടിയെ ആസ്പദിച്ചുള്ള ചിന്തകളോരോന്നും സ്വന്തം ഭൂതകാലത്തിലേക്കുതന്നെ പാഞ്ഞുകയറുകയാണ്. സ്വജീവിതത്തിന്റെ അ(ന)ര്‍ത്ഥം കൊണ്ടാണ് രാധ ആ അജ്ഞാതകവിയുടെ ഈരടികള്‍ വായിച്ചെടുക്കുന്നത്. രാധയുടെ അമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും മരണം, വിശ്വം എന്ന അവളുടെ സഹോദരന്‍ നാടുവിട്ട്‌പോയത്, കുഞ്ഞിരാമന്‍ എന്ന കൂട്ടുകാരന്‍ ജോലിതേടി പട്ടണത്തിലെത്തിയത്, കൃഷ്ണന്‍ നമ്പിടിയുടെ വീട്ടില്‍ ജോലിക്കു നിന്നപ്പോള്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ ഇങ്ങനെയോരോന്നും അവള്‍ മാതുക്കുട്ടിയിലൂടെ വായിക്കാന്‍ ശ്രമിക്കുകയാണ്. ഒന്നാമത്തെ വരിയുടെ അര്‍ത്ഥം പിടികിട്ടുന്നുണ്ടെങ്കിലും രണ്ടാമത്തെ വരി അര്‍ത്ഥ വിശദീകരണത്തിന് പൂര്‍ണ്ണമായി വഴങ്ങുന്നില്ല. അഥവാ രണ്ടാമത്തെ വരി മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതുകൊണ്ടാവുമോ ഇങ്ങനെ സംഭവിച്ചത്. ആര്‍ക്കും വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്ന ഒരു പൊതു ചുമരിനു സമീപമാണ് രാധ ഇരിക്കുന്നത്. ആ ചുമരില്‍ത്തന്നെ രാധ കാണുന്ന ഒരു ചിത്രമുണ്ട് ''കാതില്‍ വളയിട്ട ഒരു താടിക്കാരന്‍ വായും പൊളിച്ചു നില്ക്കുന്നു. അവന്റെ വായില്‍ നിന്ന് ഒരു തെങ്ങ് മുളച്ചു പൊന്തിയിരിക്കുന്നു. മുഖം വരച്ചതൊരാളും തെങ്ങു കൂട്ടിച്ചേര്‍ത്തതു മറ്റൊരാളുമാണെന്നു സ്പഷ്ടം. അതു കണ്ടപ്പോള്‍ രാധക്ക് ചിരി വന്നു'' (138)
പല ദേശക്കാരും പല നാട്ടിലേക്ക് പോകുന്നവരും നിറഞ്ഞ ആ പ്ലാറ്റ്‌ഫോറവും അവിടത്തെ ചുമരെഴുത്തുകളും അതിന്റെ അര്‍ത്ഥരാഹിത്യവും എല്ലാം ചേര്‍ന്ന് ഒരു അയുക്തിക ലോകത്തിലെക്കാണ് താന്‍ നയിക്കപ്പെടുന്നതെന്ന് രാധ മനസ്സിലാക്കുന്നുണ്ട്. '' താന്‍ അനുഭവിക്കുന്ന എന്തോ ഒന്ന് ആ ചക്രങ്ങള്‍ക്കിടയിലും നടക്കുന്നുവെന്നൊരു തോന്നല്‍. അപ്പോള്‍ ആ ചുമര്‍ സാഹിത്യം ഒരിക്കല്‍ക്കൂടി മനസ്സില്‍ വന്നു. ''ഒന്നുക്ക് രണ്ടെന്ന് വീരം പറഞ്ഞിറ്റ്..................' ഒന്നുറക്കെ പാടിയാലെന്താണ്? ആരാണ് പറയാന്‍? പക്ഷെ ചുററും നോക്കിയപ്പോള്‍ വേണ്ടെന്ന് വെച്ചു'' (146)

2.

വായനയുടെ ചരിത്രം എഴുതപ്പെടാത്ത പലതരം ചരിത്രങ്ങളിലൊന്നാണ് (ഇ. വി. രാമകൃഷ്ണന്‍: 38). സാഹിത്യമെന്നത് സമൂഹ മനസ്സില്‍ നടക്കുന്നൊരു സംഭാഷണമാണ്. തലമുറകളിലൂടെയുള്ള ഗാഢവായനയിലൂടെയാണ് ഒരു കൃതി സമൂഹമനസ്സില്‍ കയറിപ്പറ്റുന്നത്. കാലാതീതമായ സത്തകളെന്നതിലുപരി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിരവധി പാഠങ്ങളായി പുന:സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ് ഒരു കൃതി ജീവിക്കുന്നതെന്ന് ഹാന്‍സ് റോബര്‍ട്ട് ജോസ് നിരീക്ഷിക്കുന്നുണ്ട്. ഒരു കൃതിയുടെ ലാവണ്യ ഘടനയില്‍ അന്തര്‍നിഹിതമായി ഒരു വായനക്കാരന്‍ ഒളിച്ചിരിപ്പുണ്ട് എന്ന വുള്‍ഫ് ഗാങ്ങ് ഈസര്‍ എന്ന നിരൂപകന്റെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. മൂന്നു ഘട്ടങ്ങളിലൂടെയാണ് കവിതയുടെ വായനയും ഗ്രഹണവും പൂര്‍ത്തിയാവുന്നതെന്നാണ് ഹാന്‍സ് റോബര്‍ട്ട് ജോസിന്റെ അഭിപ്രായം. വായനയുടെ വിവിധ ഘട്ടങ്ങളെ വിശകലന വിധേയമാക്കുന്നു എന്നതാണ്  ഈ ആശയത്തിന്റെ പ്രധാന്യം.വായന എന്നത് ഏതെങ്കിലും നിശ്ചിത ഘട്ടങ്ങളില്‍ സമ്പൂര്‍ണ്ണമാകുമെന്നു കരുതാനാവാത്ത ഒരു നിരന്തര പ്രക്രിയയാണ്. ഒരു കൃതിയുടെ നിര്‍ദ്ദിഷ്ട പാഠം മുന്നില്‍ വെച്ചുകൊണ്ടുമാത്രം പൂര്‍ത്തിയാവുന്നതുമല്ല അത്. ചരിത്ര പ്രക്രിയകളിലേക്കും സാമൂഹിക ഇടപാടുകളിലേക്കും അത് പൂര്‍ണ്ണതതേടി സഞ്ചരിക്കുന്നുണ്ട്.

സുന്ദരികളും സുന്ദരന്‍മാരും എന്ന നോവല്‍ നാം വായിക്കുമ്പോള്‍ അതിലെ ഒരു കഥാപാത്രമായ രാധ വായിക്കുന്ന ഈരടികളും നാം വായിക്കുന്നുണ്ട്. ഈ വിധത്തില്‍ നോവലിനകത്തുതന്നെ രണ്ടു വായനകള്‍ നടക്കുന്നു. രാധ എന്നവായനക്കാരിയുടെ വായനയും, പൊതുവായനക്കാരന്റെവായനയും. രാധ വായനയില്‍ കണ്ടെത്തുന്നതെല്ലാം അവളുടെ ഭൗതിക ജീവിത പരിസരത്തു നിന്നുള്ള വിശദീകരണങ്ങളാണ്. നോവല്‍ വായിക്കുന്ന വായനക്കാരനാകട്ടെ ഈ വിവരങ്ങളെ രാധ എന്ന കഥാപാത്രവും നോവല്‍ എന്ന ആഖ്യാനരൂപവും തങ്ങളുടെ വിജ്ഞാന മണ്ഡലവും എല്ലാം ചേര്‍ന്ന ഒരു പശ്ചാത്തലത്തിലാണ് വായിച്ചെടുക്കുന്നത്. അങ്ങനെ വായന കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നതായി നമുക്കനുഭവപ്പെടുന്നു.

രാധ വായിക്കുന്ന ഈരടികള്‍ ഏതു കാലത്തെപ്രതിനിധീകരിക്കുന്നു? പ്രത്യക്ഷത്തില്‍ അത് ഭൂതകാലത്തിലാണ് സ്ഥിതി ചെയ്യുന്നത് .അത് ലിഖിത രൂപത്തിലുള്ളതുമാണ്. റെയില്‍വേ സ്റ്റേഷനിലെ ചുമരില്‍ അത് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ലിഖിത പാഠത്തിന്റെ ഒരു സ്വഭാവം അതിനില്ലെന്ന് രാധയുടെ നിരീക്ഷണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ചുമരെഴുത്തുകളെ വരമൊഴിയോട് ചാര്‍ച്ചയുള്ളതായി കണക്കാക്കാമെങ്കിലും ഈ വരികള്‍ വാമൊഴിയോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് കാണാം. ഇങ്ങനെ നോക്കുമ്പോള്‍ ലിഖിത രൂപത്തിലുള്ള വാമൊഴിയാണത്. എഴുതപ്പെട്ടത് വര്‍ത്തമാനത്തിലും ഭാവിയിലും പുതിയ പാഠങ്ങളായി പിറവിയെടുക്കുന്നതുപോലെയല്ല, വാമൊഴിയുടെ പെരുമാററങ്ങള്‍. അത് വര്‍ത്തമാനത്തിലും ഭാവിയിലും ഇടപെട്ടു കൊണ്ട് വളരുന്നു. രാധ ഈരടികള്‍ വെറുതെ വായിക്കുകയല്ല. അത് ആരോ ചൊല്ലിക്കേള്‍ക്കുന്നതു പോലെ അനുഭവിക്കുന്നു. അല്ലെങ്കില്‍ അവള്‍ത്തന്നെ മനസ്സില്‍ ആവര്‍ത്തിച്ചു ചൊല്ലുന്നു. ഒരു ഘട്ടത്തില്‍ രാധക്ക് ആ വരികള്‍ ഉറക്കെ ചൊല്ലണമെന്നും തോന്നുന്നുണ്ട്. തീവണ്ടി യാത്രയോടൊപ്പവും തുടര്‍ന്ന് ജീവിതത്തിലങ്ങോളവും ഈ ഈരടികള്‍  അവള്‍ ഒപ്പം കൊണ്ടു പോകുന്നുണ്ട്. ഈ വരികളുടെ അര്‍ത്ഥാന്വേഷണവും കൂടിയാണ് രാധയുടെ പില്ക്കാല ജീവിതം.

3

രണ്ടു മഹായുദ്ധങ്ങള്‍ക്കിടക്ക് നിബന്ധിക്കപ്പെട്ട ജീവിതങ്ങള്‍ എന്ന് 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് സാമാന്യമായിപ്പറയാം. ഒന്നാം ലോക മഹായുദ്ധം അതിന്റെ അനന്തര ഫലങ്ങളിലൊന്നായ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് മലബാര്‍ സമൂഹത്തെ നേരിട്ടു സ്വാധീനിച്ചത്. ' എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്' എന്ന ഏറെപ്പഴകിയ ഒരു ശൈലിയല്ലാതെ മറ്റൊന്നും അക്കാലത്തെ മലബാറിനെ വിശേഷിപ്പിക്കാന്‍ കാണുന്നില്ല. ''പൊട്ടിച്ചിതറിയ സമൂഹം'' എന്ന് മലബാറിനെ അതിന്റെ മുന്‍കാല ചരിത്രവും കൂടി ഉള്‍പ്പെടുത്തി വിളിച്ചത് വലിയൊരു ശരിയാണ്. ( എന്‍. എം. നമ്പൂതിരി : 694). മലബാര്‍ കലാപകാലം നോവലിലെ ഒരു തലമുറയുടെ യൗവന കാലവും മറ്റൊരു തലമുറയുടെ കുട്ടിക്കാലവുമാണ്. രണ്ടാം ലോകമഹായുദ്ധമാകുമ്പോഴേക്ക് ആദ്യത്തെ കൂട്ടര്‍ വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുകയും രണ്ടാമത്തെ കൂട്ടര്‍ യൗവനത്തിലെത്തുകയും ചെയ്യുന്നു. മലബാര്‍ കലാപ കാലത്ത് നേരിടേണ്ടി വന്ന വിപത്തുകളുടെ അതേ അളവിലോ, സ്വഭാവത്തിലോ അല്ല ലോക മഹായുദ്ധം ജനങ്ങളെ നേരിട്ടത്. രണ്ടിനേയും വ്യക്തി പരമായിത്തന്നെ അനുഭവിച്ച തലമുറയുടെ പ്രാതിനിധ്യമാണ് ഇരുമ്പന്‍ ഗോവിന്ദന്‍ നായരുടേത്. രണ്ടു മതങ്ങളെ സൂചിപ്പിക്കുന്ന രണ്ടു പേരുകളില്‍ നിന്നു കൊണ്ടാണ് അയാള്‍ ഈ രണ്ടു യുദ്ധങ്ങളുടേയും സാക്ഷിയും ഇരയുമാകുന്നത്. മലബാര്‍ കലാപത്തിന്റെ ആരംഭത്തില്‍ അയാള്‍ ഇരുമ്പന്‍ ഗോവിന്ദന്‍ നായരായിരുന്നു. കലാപത്തിന്റെ അപഭ്രംശങ്ങളും അയുക്തികതകളും അയാളെ സുലൈമാനാക്കി. സുലൈമാന്‍ എന്ന ഇരുമ്പന്‍ ഗോവിന്ദന്‍ നായരാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ അനുഭവങ്ങള്‍ ഏറ്റുവാങ്ങുന്നത്. കൃഷി, മതം തുടങ്ങിയ ആശയങ്ങളാല്‍ നയിക്കപ്പെട്ടിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ് മലബാര്‍ കലാപ കാലത്തു നിലനിന്നിരുന്നതെങ്കില്‍ രണ്ടാം ലോകമഹായുദ്ധമാവുമ്പോഴേക്കും വ്യവസായം, മതേതരത്വം തുടങ്ങിയ ആശയങ്ങള്‍ നിര്‍ണ്ണായകമാവാന്‍ തുടങ്ങിയിരുന്നു. നഗരങ്ങള്‍ അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്നു വരുന്ന ഒരാള്‍ക്ക് നഗരം വലിയൊരു അയുക്തികതയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ രാധയ്ക്കനുഭവപ്പെടുന്ന വിഭ്രമങ്ങള്‍ ഗ്രമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള മാററത്തിന്റെ ആദ്യഘട്ടത്തിലെ അനുഭവങ്ങളാണ്. നഗരത്തിലുള്ളവരെല്ലാം മാനം മര്യാദക്ക് ജീവിക്കുന്നവരാണെന്ന രാധയുടെ ധാരണക്കും പിന്നീട് മാറ്റം വരുന്നുണ്ട്. (164).
കെ.ദാമോദരന്‍
സ്വാഭാവികവും യുക്തിബദ്ധവുമായ പരിണത രൂപങ്ങളെക്കുറിച്ചുള്ള ധാരണകളാണ് രാധക്കു മുന്നില്‍ തകര്‍ന്നു വീഴുന്നത്.. ഒന്നിനൊന്നായ പൂര്‍വ്വാപര ബന്ധമാണ് കവിതയിലും ജീവിതത്തിലും നമ്മള്‍ പ്രതീക്ഷിക്കുന്നത്. ആദ്യത്തെ വരിയില്‍ നിന്ന് രണ്ടാമത്തെ വരിയിലേക്ക് ഒരു നേര്‍വഴിയുണ്ടെന്ന് നാം കരുതുന്നു. വ്യക്തി ജീവിതത്തില്‍ പൂര്‍വ്വകാലം വര്‍ത്തമാനത്തെ ന്യായീകരിക്കാന്‍ കഴിയുന്നതാകണമെന്ന് നമുക്കാഗ്രഹമുണ്ട്. വ്യക്തിയുടെ ഗുണദോഷങ്ങള്‍ക്ക് സ്വാഭാവികവും നേര്‍ രേഖയിലുള്ളതുമായ ഒരു പരിണതി ഭാവന ചെയ്യപ്പെടുന്നു. ഇതിനെ പൂര്‍വ്വാപരബന്ധം എന്ന് വിളിക്കുകയും ചെയ്യുന്നു. ഇതിന് നിരക്കാത്ത മാറ്റങ്ങളെ യാദൃശ്ചികം/ ആകസ്മികം/ അസംബന്ധം/ അയുക്തികം/ എന്നൊക്കെയുള്ള പരികല്പനകളാലാണ് വ്യവഹരിച്ചു പോരുന്നത്. എന്നാല്‍ പൂര്‍വ്വാപരബന്ധത്തിലെ സയുക്തികത എന്നത് ചില നിശ്ചിത മാതൃകകളിലേക്കൊ ചിന്താരീതികളിലേക്കോ ഉള്ള ചുരുക്കലുകള്‍ കൂടിയായിത്തീരുന്നു.

സൗന്ദര്യത്തെക്കുറിച്ചുള്ള നിശ്ചിത ധാരണകളെ തിരുത്തിക്കൊണ്ട് ഉറൂബ് ഇതേ കാര്യം മറ്റൊരു വിധത്തില്‍ വിശദീകരിക്കുന്നുണ്ട്. കേവലമായ സൊന്ദര്യവും വൈരൂപ്യവും ഉറൂബിന്റെ കഥാലോകത്തില്ല. ആപേക്ഷികമാണ് സൗന്ദര്യത്തിന്റെ നിദാനം. പോര്‍ക്കിന്‍ കുട്ടികളില്‍ സൗന്ദര്യം കാണാന്‍ അച്ഛന്‍ പഠിപ്പിച്ചതിനെ ആസ്പദമാക്കി രാധ ഇക്കാര്യം ഓര്‍ക്കുന്നു.
''...ഗുരുവായൂരില്‍ തൊഴാന്‍ പോയി വരികയായിരുന്നു. ബസ്സ് ഒരിടത്തു നിന്നപ്പോള്‍ ധാരാളം പോര്‍ക്കിന്‍ കുട്ടികള്‍ ഓടിക്കളിക്കുന്നത് കണ്ടു. അറയ്ക്കുന്ന ജീവികളാണെന്ന് അമ്മ പറഞ്ഞു. കൊച്ചു വാലുമാട്ടി നടക്കുന്ന അവയെ കുറച്ചുനേരം നോക്കി കൊണ്ടിരുന്നാല്‍ കൗതുകം തോന്നുമെന്നായിരുന്നു അച്ഛന്റെ പക്ഷം. ആദ്യം അമ്മ പറഞ്ഞതാണ് ശരിയെന്നു തോന്നി. പതുക്കെ അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. (331)

പൂര്‍വ്വ നിശ്ചിതമായ ചില സൗന്ദര്യങ്കല്പങ്ങളില്‍ നിന്നു കൊണ്ടാണ് ആദ്യം രാധ പോര്‍ക്കിന്‍ കുട്ടികളില്‍ വൈരൂപ്യം കാണുന്നത്. അവ സുന്ദര രൂപങ്ങളാണെന്ന അച്ഛന്റെ അഭിപ്രായം ' ആദ്യ വായന' യില്‍ രാധക്ക് പിടി കിട്ടുന്നില്ല. എന്നാല്‍ പിന്നീട് അവള്‍ക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നു.

രാധയുടെ അച്ഛന്‍ രാമന്‍ മാസ്റ്ററുടെ ജീവിതവീക്ഷണത്തില്‍ സംഭവിക്കുന്ന 'ഐറണി ' ഇങ്ങനെയാണ്: '' മാനവും മര്യാദയുമായി ജീവിക്കാമെന്നു വിചാരിക്കണ്ട. പാപത്തെപ്പറ്റിയും പുണ്യത്തെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് എമ്പാടും വിഡ്ഢിത്തം പറഞ്ഞു തന്നിട്ടുണ്ട്. അതൊക്കെ മറക്കണം. അതൊക്കെ നുണയാണ്. കക്കാം.ആരും കണ്ടുപിടിക്കാതിരിക്കാന്‍ സൂക്ഷിക്കണം. നുണപറയാം. ആ നുണപൊളിയരുത്. നിനക്കു തോന്നിയതൊക്കെ ചെയ്യാം. പക്ഷേ നിന്നെ പിടി കിട്ടരുത്'' (110). രാമന്‍ മാസ്റ്ററുടെ ജീവിതത്തിന്റെ ആദ്യപാതി ആദര്‍ശഭരിതവും മാനവ സ്‌നേഹത്താല്‍ പ്രകാശിതവും ആയിരുന്നു. എന്നാല്‍ ആരും ആഗ്രഹിക്കാത്തതും സങ്കല്പിക്കാത്തതുമാണ് ഈ രണ്ടാം പാതി. സ്വാതന്ത്ര്യാനന്തര നെഹ്റുവിയന്‍ ആശയങ്ങളുടെ പരാജയം എങ്ങനെ വ്യക്തികളെ 'സിനിസിസ' ത്തിലെത്തിച്ചു വെന്ന് ഉറൂബ് തന്നെ അദ്ദേഹത്തിന്റെ മറ്റു രചനകളില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യ പൂര്‍വ്വഘട്ടത്തിലും കാലമേല്പിക്കുന്ന നിരാശതകള്‍ വ്യക്തികളെ ചിന്താവൈരുദ്ധ്യങ്ങളിലേക്കെടുത്തെറിഞ്ഞിട്ടുണ്ട്. അധികാര രൂപങ്ങള്‍ മാനവികതയ്‌ക്കെതിരില്‍ നില്ക്കുന്നതും പ്രതിലോമ ശക്തികള്‍ നിരന്തര വിജയം നേടുന്നതുമാണ് രാമന്‍മാസ്റ്ററെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ക്വിറ്റിന്ത്യാ പ്രക്ഷോഭവും, രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യ സഖ്യശക്തികളോടൊപ്പം ചേര്‍ന്നതുമായ രാഷ്ട്രീയ പശ്ചാത്തലം ചിലര്‍ക്ക് സയുക്തികവും മറ്റു ചിലര്‍ക്ക് അയുക്തികവുമായി ഭവിക്കുകയുണ്ടായി. ഈ വീക്ഷണ ഭിന്നത മനുഷ്യ ബന്ധങ്ങളെയും വികലമാക്കുകയുണ്ടായി. വിശ്വത്തെ ഒറ്റിക്കൊടുത്തവനെന്ന പഴി കേള്‍ക്കേണ്ടിവന്നുവെങ്കിലും, കുഞ്ഞിരാമന് സംശയങ്ങളേതുമുണ്ടായിരുന്നില്ല. നാടിനോടുള്ള സ്‌നേഹം കുറഞ്ഞതിനാലാണ് ജനകീയ യുദ്ധത്തോടൊപ്പം ചേര്‍ന്നതെന്ന പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. കുഞ്ഞിരാമന്റെ ജീവിതം. ഒരേ സമയം സാര്‍വ്വദേശീയതക്കും ദേശീയതക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. മനസ്സുകൊണ്ട് അടുത്തറിയാമെന്നു കരുതുന്ന രാധക്കുപോലും ഈയൊരു ഭാഗം വായിച്ചെടുക്കാന്‍ കഴിയുന്നില്ല. ആശയപരമായ നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ടാണ് കുഞ്ഞിരാമനെപ്പോലൊരാള്‍ സ്‌നേഹത്തിന്റെ ആഴമളക്കുന്നത്. കണിശമായി വെറുക്കുന്നവനേ കണിശമായി സ്‌നേഹിക്കാന്‍ കഴിയൂ എന്ന വിശ്വാസ പ്രമാണമാണ് കുഞ്ഞിരാമനുള്ളത്. വെറുപ്പ് സ്‌നേഹത്തിലേക്കുള്ള കുറുക്കുവഴിയാണ്.  അമര്‍ന്നു സ്‌നേഹിക്കേണ്ടവര്‍ അധികമധികം വിദ്വേഷം കൊള്ളണം. ( 234)

ഇങ്ങനെ വിരുദ്ധതകളില്‍ നിന്ന് ധനാത്മക ചിന്ത വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഉറൂബിന്റെ എഴുത്തിലെങ്ങുമുണ്ട്. കാല്പനിക നോവലുകളിലെയും, ആധുനിക നോവലുകളിലെയും ധീരോദാത്തരും ടൈപ്പുകളുമായ കഥാപാത്ര സങ്കല്പങ്ങളെ തിരിച്ചിടുകയും അങ്ങനെ അവരുടെ പരിണാമത്തിന്റെ 'നൈരന്തര്യ‘ത്തെ തകര്‍ക്കുകയും ചെയ്യുന്നുണ്ട് ഉറൂബ് .ഈ നോവലില്‍ ഉടനീളം അയുക്തികമായി പെരുമാറിയ ഒരു കഥാപത്രം വിശ്വം മാത്രമായിരിക്കും. വിശ്വത്തിന്റെ അന്വേഷണങ്ങളിലെ അടിസ്ഥാന സ്വാഭാവം അയാള്‍ രാധയുമൊത്ത് ഒരു കുടുംബ ജീവിതം നയിക്കുന്ന കാര്യത്തിലുമുണ്ട് .കുടുംബത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു സങ്കല്പം നിലനിര്‍ത്തിക്കൊണ്ടാണെങ്കിലും 'കുടുംബം' എന്നൊരു വ്യവസ്ഥയിലേക്കുള്ള മടക്കവുമാണിത്. വിശ്വത്തിന്റെയും രാധയുടേയും അന്വേഷണങ്ങള്‍ രണ്ടു ദിശകളിലായിരുന്നെങ്കിലും അവര്‍ ഒരു പ്രത്യേക സ്ഥാനത്ത് (സ്ഥലത്തിലും കാലത്തിലും) ഒന്നിച്ചു ചേരുന്നുണ്ട്. സാവധാനത്തിലാണെങ്കിലും സമൂഹം, ദേശം, സംസ്‌ക്കാരം എന്നിവയുടെ അറിഞ്ഞ രൂപങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതയായ ആളാണ് രാധ. എന്നാല്‍ വിശ്വം ആദ്യമേ തന്നെ ഇതിനെല്ലാം പുറത്ത് നിലയുറപ്പിക്കുകയും സാഹചര്യങ്ങള്‍ ആയാളെ മെല്ലെ അകത്തു കടക്കാന്‍ പ്രേരിപ്പിക്കുകയുമാണ്. സമൂഹവും രാഷ്ട്രീയവും കുടുംബവുമെല്ലാം ഇത്തരത്തിലാണ് വിശ്വത്തിലേക്കെത്തിച്ചേരുന്നത്. അകത്തേക്കും പുറത്തേക്കുമുള്ള ഈ സഞ്ചാരങ്ങള്‍ക്കിടയിക്കാണ് അവര്‍ ഒരു പ്രത്യേക സ്ഥല കാലത്തില്‍, കുടുംബം എന്നൊരു വ്യവസ്ഥയിലേക്കെത്തുന്നത്. രണ്ടു പേര്‍ ഭിന്ന വായനകളിലൂടെ എത്തിച്ചേരുന്ന ഒരു ജീവിത സന്ധിയെന്ന് ഇതിനെ പറയാം. എന്നാല്‍ പരിപൂര്‍ണമായും ഒരു കുടുംബ വ്യവസ്ഥയിലേക്ക് വിശ്വം എത്തിച്ചേരുന്നുമില്ല.

'' നിങ്ങള്‍ക്ക് എന്നേക്കാള്‍ സ്വല്പം പ്രായക്കൂടുതലുണ്ട്. ഞാനതു വിശ്വസിച്ചിട്ടില്ല. പക്ഷെ അതെനിക്കൊരു കാര്യമല്ല. എനിക്ക് സ്‌നേഹാദരങ്ങള്‍ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് എന്നോടു കൂടിയുള്ള ജീവിതത്തില്‍ സുഖം കണ്ടെത്താന്‍ കഴിയുമോ? (340). വിശ്വം തന്നെക്കുറിച്ചു സംസാരിക്കുന്നത് ഏതാണ്ട് 'ഒരുണക്കമരത്തെപ്പറ്റി വിവരിക്കുന്നതുപോലെയാണ്' (341) എന്ന് രാധക്കു തോന്നുന്നു.

ഇടശ്ശേരിയുംഉറൂബും
4.

മാനവികതയുടേയും മതേതരത്വത്തിന്റെയും 'മലബാര്‍ സ്‌ക്കൂളി‘ന് ആധാരശിലയായത് മലബാര്‍ കലാപാനന്തര സാമൂഹവും സാഹചര്യങ്ങളുമാണ്. ഇടശ്ശേരി, ഉറൂബ്, കെ. ദാമോദരന്‍, എം. ടി. എന്നിവരിലെല്ലാം പല പ്രകാരത്തില്‍ നിലനിന്ന ഈ ധാരയെ രണ്ടാം ലോകയുദ്ധാനന്തര കാലം കലുഷമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഏത് അര്‍ത്ഥരാഹിത്യത്തെയും അര്‍ത്ഥസഹിതമാക്കാനാണ് അവരെല്ലാം കിണഞ്ഞു ശ്രമിച്ചത്. അയുക്തികതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഒരു കുട്ടിയുടെ നിലവിളിയിലേക്കും '' എന്റെ ഈശ്വരാ'' എന്ന ഈശ്വരനോടല്ലാത്ത വിളിയിലേക്കും പരിണമിക്കുന്ന ''ഉമ്മാച്ചു'' എന്ന നോവലിന്റെ തുടര്‍ച്ചയാണ് ''സുന്ദരികളും സുന്ദരന്മാരും''. ഉറൂബിന്റെ മറ്റു ചില ചെറുകഥകളിലും ഇതേ പരിണാമം കാണാവുന്നതാണ്. അര്‍ത്ഥരാഹിത്യങ്ങളേയും അയുക്തികതളേയും അങ്ങനെത്തന്നെ വളരാനനുവദിക്കാതെ അര്‍ത്ഥം നല്കി പൊലിപ്പിച്ചെടുക്കുകയാണ് ഉറൂബ്. അയുക്തികള്‍ പലപ്പോഴും ജീവിതം എന്നയുക്തിയിലാണ് അന്വയിക്കപ്പടുന്നത്. ജീവിതം എന്നാല്‍ മാനവികമാണ്. അത് മനുഷ്യപരം മാത്രമല്ല. പലതരം ചെടികള്‍ക്കും പന്നിക്കുട്ടികള്‍ക്കും കൂടി ഇടമുള്ള മാനവികതയാണത്.

റെയില്‍വേ സ്റ്റേഷനിലിരുന്ന് രാധ നെയ്തടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ പലപ്പോഴും പൊട്ടിപ്പോകുന്നതുമായ അര്‍ത്ഥാന്വേഷണം തന്നെയാണ് പിന്നീട് വിവാഹത്തിലൂടെ ജീവിതാന്വേഷണമായിത്തീരുന്നത്. നഗരത്തിലെത്തിയതു മുതല്‍ ഓരോ നിമിഷവും ' അര്‍ത്ഥവത്താ‘ക്കാനാണ് രാധയുടെ ശ്രമം. പൊട്ടിപ്പോകാമെങ്കിലും നെയ്തുകൊണ്ടിരിക്കലാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്ന് ആ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രാധ പഠിച്ചു തുടങ്ങുന്നത്.

ഗ്രന്ഥസൂചി .
1. ഉറൂബ് (2004) സുന്ദരികളും സുന്ദരന്മാരും, ഡി. സി. ബുക്‌സ്, കോട്ടയം.
2. രാമകൃഷ്ണന്‍ ഇ. വി.(2001) അക്ഷരവും ആധുനികതയും, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
3. നമ്പൂതിരി എന്‍. എം. (2002) കേരള സംസ്‌ക്കാരം അകവും പുറവും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി.

Friday, April 1, 2011

സനില്‍ദാസിന്റെ ഓര്‍മ്മ


      ആരോര്‍ക്കുന്നുണ്ടാവും സനില്‍ ദാസിനെ?കവിയും പത്രപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായിരുന്ന സനില്‍ദാസ് 1981 മാര്‍ച്ച് 31ന് ആത്മഹത്യ ചെയ്തു.ഇന്നേയ്ക്ക് കൃത്യം മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ്. എണ്‍പതുകളുടെ(ഹാ!എണ്‍പതുകള്‍)ഒരു ഉല്പന്നമായിരുന്നു സനില്‍ദാസ്.അന്നൊക്കെ സമാന്തര മാസികാ പ്രവര്‍ത്തനവും സാര്‍വ്വത്രികമായ ഒരു സാംസ്കാരികപ്രവര്‍ത്തനം തന്നെയായിരുന്നു.സനില്‍ദാസും’നാവ്’എന്ന പേരില്‍ ഒരു ചെറുമാസികപുറത്തിറക്കിയിരുന്നു.അതിന്റെ ഒരു ലക്കം ഇപ്പോഴും എന്റെ കൈവശമുണ്ട്.അന്നത്തെ സാംസ്കാരികാന്തരീക്ഷത്തില്‍ എന്തെങ്കിലും ഗൌരവതരമായ ഇടപെടല്‍ അതുകൊണ്ടു സാധ്യമായോ എന്ന് എനിക്കറിഞ്ഞുകൂടാ.സനില്‍ദാസിനെ മറന്നപോലെ ആമാസികയും മറവിയിലാണ്ടുപോയി.മരണാനന്തരം അയാളുടെ ഒരു കവിതാപുസ്തകം പുറത്തിറങ്ങുകയുണ്ടായി-‘ഘടികാര‘മെന്നപേരില്‍.നിയോഗം ബുക്സിന്റെ പേരില്‍ കെ.എന്‍.ഷാജിയാണ് അതിനു മുന്‍‌കയ്യെടുത്തത്.(സനില്‍ദാസ് എഴുതിവെച്ച അന്ത്യ സന്ദേശങ്ങളിലൊന്ന് ഷാജിക്കുള്ളതായിരുന്നു).ജീവിച്ചിരുന്നപ്പൊള്‍ അയാള്‍ എറെ കൊതിച്ചതും എന്നാല്‍ നടക്കാതെ പോയതുമായ ഒരു കാര്യം.ഒരു പക്ഷെ മരണത്തിനുമുന്‍പ് ആ പുസ്തകമിറങ്ങിയിരുന്നുവെങ്കില്‍ അയാളുടെ മരണം നീട്ടി വെക്കപ്പെടുമായിരുന്നുവോ?അറിഞ്ഞുകൂടാ.
      എണ്‍പതുകളിലെ ചെറുപ്പക്കാര്‍ കടന്നുപോയ വിഹ്വലതകളുടേയും ആകുലതകളുടേയും അസ്തിത്വ വ്യഥകളുടെയും ആകത്തുകയായിരുന്നു സനില്‍ദാസും.വിപ്ലവരാഷ്ട്രീയം കയ്യാളിയിരുന്നവരും ഇതില്‍ നിന്ന് വേറിട്ടു നിന്നില്ല.ഇതൊക്കെ ചേര്‍ന്നതായിരുന്നു അന്നത്തെ ചെറുപ്പം.ആത്മഹത്യയും ഒരു സാംസ്കാരിക പ്രവര്‍ത്തനമായി കരുതപ്പെട്ടു.അങ്ങനെയാവാം സനില്‍ദാസും ആത്മഹത്യ ചെയ്യുന്നത്.‘പ്രതീക്ഷകളുടെ നെയ്ത്തിരികള്‍ക്കുംകാല്പനിക സ്വപ്നങ്ങള്‍ക്കും മങ്ങല്‍ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ്‘ ആത്മഹത്യ സംഭവിക്കുന്നതെന്നാണ് ഷാജി ‘ഘടികാര’ത്തിന്റെ ആമുഖത്തില്‍ അതിനെ വിലയിരുത്തുന്നത്.  സുബ്രഹ്മണ്യദാസിനെപ്പോലെ, ഗുഹനെപ്പോലെ, അവരൊക്കെ സച്ചിദാനന്ദന്റേയും മറ്റു പലരുടേയും കവിതകളിലൂടെ ആ കാലത്തിന്റെ പ്രതിനിധികളായി മാറുകയും ചെയ്തു.സുബ്രഹ്മണ്യദാസിന്റെ മരണശേഷം അയാളുടെ മുറി പരതിയപ്പൊള്‍ സനില്‍ദാസിന്റെ മരണത്തെക്കുറിച്ച് താനെഴുതിയ വരികള്‍ക്കു(വേനല്‍മഴ) അടിവരയിട്ടു സൂക്ഷിച്ചിരുന്ന ഒരു പകര്‍പ്പ് കിട്ടുകയുണ്ടായെന്ന് സച്ചിദാനന്ദന്‍ ‘ഘടികാര’ത്തിന്റെ അവതാരികയിലെഴുതിയിട്ടുണ്ട്.സനില്‍ദാസ് ഒറ്റപ്പെട്ട ഒരാളയിരുന്നില്ല.അയാള്‍ക്ക് തുടര്‍ച്ചകളുണ്ടായിരുന്നു..
     സനില്‍ അവസാനമായി അമ്മക്കു സമര്‍പ്പിച്ചിരുന്ന ഒറ്റ വരിക്കവിത ഇതായിരുന്നു-“അമ്മയ്ക്കു ഞാന്‍ ദുഖങ്ങള്‍ നല്‍കുന്നു”.മരിക്കുന്നതിന് കുറെ ദിവസം മുന്‍പ് ഒരു രാത്രി ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് അമ്മയെ ഉണര്‍ത്തി ഇയാള്‍ പറഞ്ഞുവത്രെ:“ഗ്രാമങ്ങളില്‍ ശക്തിയാര്‍ജ്ജിച്ച് നഗരങ്ങളെ വളയണം”ആ വാക്കുകളുടെ പൊരുളറിയാതെ അമ്പരക്കുവാനേ ആ അമ്മയ്ക്കു കഴിഞ്ഞുള്ളു.
    ‘ബലിക്കുറിപ്പുകള്‍’ എന്ന കവിതയില്‍ സനില്‍ദാസ് ഇങ്ങനെയെഴുതി:
ആറാമിന്ദ്രിയത്തിലൂടെയെനിക്കൊരു
മരണസന്ദേശമെത്തുന്നു.
പഞ്ച ഭൂതങ്ങളേയും കുടിയിരുത്തി
പഞ്ചലോഹങ്ങളുമുരുക്കിച്ചേര്‍ത്ത വാളുമേന്തി
വെളിച്ചപ്പാടിനെപ്പോലെ
വെളിപാടുമായ്
കലിയുറഞ്ഞു തുള്ളി
മരണ സന്ദേശമെന്നിലെത്തുന്നു...
      വളരെയേറെ ആത്മബന്ധം ഞാനും സനില്‍ദാസും തമ്മില്‍ഊണ്ടായിട്ടില്ല.ഈയിടെ ചിതലരിച്ച പഴയപുസ്തകങ്ങള്‍ മാറ്റിവെക്കുമ്പോള്‍ സനില്‍ദാസിന്റെ കവിതാപുസ്തകവും മാസികയും അയാള്‍ എനിക്കയച്ച രണ്ടുമൂന്ന് കത്തുകളും കണ്ടുകിട്ടി.അവ ചിതലരിക്കാതെ എനിക്കുവേണ്ടി ഇക്കാലമത്രയും കാത്തിരുന്നതാവണം.15പൈസ കാര്‍ഡില്‍ ഭംഗിയുള്ള കൈയക്ഷരങ്ങളില്‍ ചുവന്നമഷികൊണ്ട് അയാളെഴുതിയതൊന്നും നിറം മങ്ങിയിട്ടില്ല.
    സനില്‍ദാസ് കേരളവര്‍മ്മാ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.ഈയിടെ അവിടെ തമ്പി മാഷിന്റെ(വി.ജി.തമ്പി)വിരമിക്കല്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടന്നുവെന്നു കേട്ടു.അപ്പോഴെങ്ങാനും സനില്‍ദാസിനെ അനുസ്മരിക്കുകയുണ്ടായോ?വേണ്ടതായിരുന്നു.സനില്‍ ദാസിന്റെ തലമുറയുടെ വിഹ്വലകാലത്തിലൂടെ കടന്നുപോന്ന തമ്പിമാഷും സി.ആര്‍.രാജഗോപാലന്‍ മാഷും ഹിരണ്യന്‍ മാഷുമൊക്കെ അവിടെയുണ്ടായിരുന്നുവല്ലൊ.എന്നാല്‍കാര്യങ്ങള്‍  എഴുപതുകളെക്കുറിച്ച് ഹിരണ്യന്‍ ഭാഷാപോഷിണീയിലെഴുതിയ കവിതയിലെ(ക്ലാസ്സ്മേറ്റ്സ്/മാര്‍ച്ച് 2011)പ്പോലെയാകുന്നതാണ്(ഉദയം കാണാന്‍ ഉറക്കമൊഴിച്ചൊരാ/പഴയമൌഡ്ഡ്യങ്ങള്‍ എല്ലാം മറക്കുക/തെരുവിലെ സൂര്യോദയം കണികാണാന്‍ /കവിത തീര്‍ത്തതുമിന്നു മറക്കുക) കൂടുതല്‍ എളുപ്പം!നമ്മളെയൊക്കെ അത്തരമൊരു രൂപാന്തരണത്തിനു കാലം വിധേയപ്പെടുത്തിയിരിക്കുന്നു.പക്ഷേ,സനില്‍ദാസിന്റെ കാലം ഇതല്ല.അത് മുപ്പതാണ്ടുകള്‍ക്കപ്പുറത്താണ്.അവിടേക്കെത്താന്‍ കുറെയേറെ ദൂരം സഞ്ചരിക്കുകതന്നെ വേണം.
സനില്‍ദാസിനെക്കുരിച്ച് ‘ഘടികാര‘ത്തിലുള്ള വിവരങ്ങള്‍ ഇത്രയുമാണ്:
ജനനം:29.8.1960
മരണം:31.3.1981
അച്ഛന്‍:ഇട്ട്യേടത്ത് ചന്ദ്രന്‍
അമ്മ:സരോജിനി
മണ്ണുത്തിയില്‍  ജനിച്ചു.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബി.എസ്.സി(ബോട്ടണി)പൂര്‍ത്തിയാക്കി.കുറച്ചു നാള്‍ ‘നാവ്’എന്ന ചെറു മാസിക നടത്തി.’‘81 മാര്‍ച്ച് മുപ്പത്തിഒന്നാം തിയ്യതി ആത്മഹത്യ ചെയ്തു.

Friday, March 4, 2011

പാവങ്ങളും പള്ളിപ്പാടും പൊന്നാനിക്കളരിയും

      പി. എം. പള്ളിപ്പാട്‌ എന്ന പൊന്നാനിക്കാരന്‍ കവി അന്തരിക്കുമ്പോള്‍ ഞാന്‍ നാട്ടിലില്ലായിരുന്നു. തിരിച്ചെത്തി ദിനപ്പത്രങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ തിരയുന്നതിനിടയിലാണ്‌ പള്ളിപ്പാടിന്റെ മരണ വാര്‍ത്തയും അറിയുന്നത്‌. എന്റെ സുഹൃത്തുക്കളിലാരെങ്കിലും ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും.ഞാന്‍ പരിധിക്കു പുറത്തായിരുന്നിരിക്കും.
      പൊന്നാനി പ്രദേശത്തുള്ള പത്രങ്ങളില്‍ അതൊരു പ്രധാന പ്രാദേശിക വാര്‍ത്തയായി. മലപ്പുറം ജില്ലയില്‍ ചെറിയൊരു കോളം വാര്‍ത്ത. ജില്ലക്കു പുറത്ത്‌ അതൊരു വാര്‍ത്തയേ ആയില്ല. വാര്‍ത്തകളുടെ പൊതുവിന്യാസ രീതി വെച്ച്‌ അതില്‍ തെറ്റു പറയാനില്ല. പ്രധാനമായും പൊന്നാനി പ്രദേശങ്ങള്‍ തന്നെയായിരുന്നു പള്ളിപ്പാടിന്റെ കര്‍മ്മ മണ്ഡലം. അത്‌ തൃശ്ശൂര്‍, പാലക്കാട്‌ ജില്ലകളുടെ സമീപ പ്രദേശത്തേക്കു കൂടി ഇത്തിരി വ്യാപിച്ചിട്ടുണ്ടാകാം. അത്രമാത്രം.
പി.എം.പള്ളിപ്പാട്
     ആരായിരുന്നു പള്ളിപ്പാട്‌?  പലതുമായിരുന്നു,അദ്ദേഹം എന്നു പറഞ്ഞാല്‍ അതൊരു ഉത്തരമാവുകയില്ല. എന്നാല്‍ പള്ളിപ്പാട് പരമേശ്വരന്‍ മൂസ്സത് എന്നൊരാള്‍ 84 ലേറെക്കൊല്ലം നമ്മള്‍ക്കിടയില്‍ ജീവിച്ചുതീര്‍ത്തുവെന്നത്  നാമറിയാതെ പോകരുത്. ഞങ്ങളൊക്കെ അദ്ദേഹത്തെ ബഹുമാനത്തോടെ പള്ളിപ്പാട്‌ മാഷെന്ന്‌ വിളിച്ചു. അദ്ധ്യാപകനായിട്ടാണ്‌ അദ്ദേഹം ജീവിതവൃത്തി കഴിച്ചത്‌. സര്‍വ്വോദയ പ്രസ്ഥാനം , സാക്ഷരതാ പ്രസ്ഥാനം എന്നിവയോടെല്ലാമൊപ്പം അദ്ദേഹമുണ്ടായിരുന്നു. ഇതിനെയെല്ലാം ചേര്‍ത്തു നിര്‍ത്തിയത്‌ ഒരു പക്ഷേ പള്ളിപ്പാട്‌ എന്ന കവിയായിരിക്കണം. കവിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിരന്തരം കവിതകളെഴുതി.കവിയരങ്ങുകളില്‍ നിത്യ സാന്നിദ്ധ്യമായി.  അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ നിന്ന്‌ അവസാനകാലത്തെകവിതകളിലേക്കുള്ള അകലം വെറും പ്രായവ്യത്യാസത്തിന്റേതായിരുന്നില്ല. അത്‌ ഭാവുകത്വപരം കൂടിയായിരുന്നു എന്ന്‌ ശ്രദ്ധിച്ചാലറിയാം. കവിതകളിലും ജീവിതത്തിലും സംഭവിക്കുന്ന മാറ്റങ്ങളെ അദ്ദേഹം കാണാതിരുന്നില്ല. കവിതയിലെ പഴയ പാരമ്പര്യത്തോടൊപ്പമാണ്‌  നിലയുറപ്പിച്ചതെങ്കിലും പുതു കവികളെയും കവിതകളെയും അദ്ദേഹം ശ്രദ്ധയോടെ കണ്ടു. അവര്‍ക്കൊപ്പം കവിതാചര്‍ച്ചകളില്‍ പങ്കെടുത്തു, കവിത വായിച്ചു. തനിക്കുള്‍ക്കൊള്ളാവുന്നതും, അല്ലാത്തതും തുറന്നു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രായത്തില്‍ സമശീര്‍ഷനും, അയല്‍പക്കക്കാരനുമായ അക്കിത്തം തന്നെയാണ്‌ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി.   ‘ഒരീറന്‍ നിലാവ്‌ മിഴി പൊത്തിക്കരഞ്ഞതും‘ (യാത്രാമൊഴി/ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്ന വരിയില്‍  അര്‍ത്ഥങ്ങളുടെ അമിതഭാരം ആരോപിച്ച ഒരാള്‍ക്കെതിരെ ഒരിക്കല്‍ അദ്ദേഹം ക്ഷോഭിച്ചതോര്‍ക്കുന്നു. ‘മാപ്പുസാക്ഷി‘യെഴുതിയ ചുള്ളിക്കാടിനെയും, ‘അമാവാസി‘ എഴുതിയ ചുള്ളിക്കാടിനെയും ഒരേപോലെ ആഘോഷിക്കുന്നതിനെതിരെ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചത് ആ രണ്ടു കവിതകളെയും നന്നായി ഉള്‍ക്കൊണ്ടതു കൊണ്ട്‌ തന്നെയാണ്‌.
    പള്ളിപ്പാടിനെ ഭാവിയില്‍ പൊന്നാനിക്കാരെങ്കിലും ഓര്‍ക്കുന്നത്‌ ഏതു വിധത്തിലാവും? അദ്ദേഹത്തിന്റെ കവിതകളെ ആസ്‌പദിച്ച്‌ പഠനങ്ങളുണ്ടാവുമോ? സിമ്പോസിയങ്ങള്‍ നടക്കുമോ? ഏതെങ്കിലും സാഹിത്യപ്രസ്ഥാനത്തിലെ കവിയായി അദ്ദേഹം വിലയിരുത്തപ്പെടുമോ? ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളാല്‍,അതുമല്ലെങ്കില്‍ ഏതാനും വരികളാല്‍ അദ്ദേഹം മതിക്കപ്പെടുമോ? ‘മാമ്പഴ‘ത്തില്‍ ഏതെങ്കിലും കുട്ടികള്‍ ആ കവിതകള്‍ ആലപിക്കുമോ? അറിയില്ല. വട്ടംകുളത്തെയും, എടപ്പാളിലെയും ചങ്ങരംകുളത്തെയും, പൊന്നാനിയിലേയും, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക്‌- അതില്‍ പ്രായമായവരും, ചെറുപ്പക്കാരുമുണ്ട്‌- ആ സാംസ്‌ക്കാരിക ജീവിതത്തെ ഏറ്റെടുത്ത് പലവിധത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും.കവിതയിലെ പുതുരീതികള്‍ക്കൊപ്പം സഞ്ചരിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ജീവിച്ച ആളാണദ്ദേഹം.
ഇടശ്ശേരി
    ‘പൊന്നാനിക്കളരി‘യുടെ ഭിന്നധാരകള്‍ക്കൊപ്പം ഇത്ര ദൂരം സഞ്ചരിച്ചതിന്റെ പേരില്‍ മറ്റൊരു വിധത്തിലും പള്ളിപ്പാട്‌ സാഹിത്യ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് എനിയ്ക്ക് പ്രതീക്ഷയുണ്ട്.  ‘പൊന്നാനിക്കളരി‘ എന്ന സാംസ്‌ക്കാരിക കൂട്ടായ്‌മയിലെ ഇനിയും ബാക്കിയുള്ള പ്രമുഖന്‍ അക്കിത്തമാണ്‌.  ‘കൊടുങ്ങല്ലൂര്‍ കളരി‘ ,കോഴിക്കോട്ടെ ‘കോലായ‘എന്നിവയൊക്കെപ്പോലെ ഒരു അനൌപചാരിക കൂട്ടായ്‌മയായിരുന്നു‘പൊന്നാനിക്കളരി‘യും ‌. ‘വള്ളത്തോള്‍ കളരി‘യുടെ തുടര്‍ച്ചയോ, പരിണാമമോ, അതിലടങ്ങിയിട്ടുണ്ട്‌. വള്ളത്തോള്‍കളരി കവിതയുടെ മാത്രം സ്കൂളായിരുന്നെങ്കില്‍ പൊന്നാനിക്കളരി പൊതു സ്കൂളായിരുന്നു.സാഹിത്യം ,കല,സംസ്ക്കാരം തുടങ്ങിയ യാതൊന്നും അതിന് അന്യമായിരുന്നില്ല.(‘ഹന്ത സൌന്ദര്യമേ നാരിതന്‍ മേയ് ചേര്‍ന്നാല്‍‘‍..എന്ന വള്ളത്തോളിന്റെ വരികളെ ഇടശ്ശേരിയുടെ ‘നെല്ലുക്ത്തുകാരി പാറുവിന്റെ കഥ’യിലെ പാറുവിന്റെ ശരീരവുമായി  ‘ഹന്ത ദാരിദ്ര്യമേ നാരിതന്‍ മെയ് ചേര്‍ന്നാല്‍‘..എന്ന് പള്ളിപ്പാടുതന്നെതാരതമ്യം ചെയ്തിട്ടുണ്ട്.) പൊന്നാനിയിലെ ഭാരതപ്പുഴയുടെ തീരത്തും, കൃഷ്‌ണപ്പണിക്കര്‍ വായനശാലയിലും എ. വി. ഹൈസ്‌ക്കൂളിലൂമൊക്കെ അവര്‍ ഒത്തുകൂടുകയും സാഹിത്യ ചര്‍ച്ചയും കവിതാ വായനയും നാടകാവതരണവുമൊക്കെ നടത്തുകയും ചെയ്‌തു. ആരൊക്കെയായിരുന്നു അവര്‍? ഇടശ്ശേരിയായിരുന്നു പലപ്പോഴും ഇതിന്റെയൊക്കെ മുമ്പില്‍. ഉറൂബ്‌, അക്കിത്തം കടവനാട്‌ കുട്ടികൃഷ്‌ണന്‍, ഇ. നാരായണന്‍ കുട്ടികൃഷ്‌ണമാരാര്‌ നാലാപ്പാടന്‍ തുടങ്ങിയവരൊക്കെ വിവിധ ഘട്ടങ്ങളില്‍ അതിനോടൊപ്പമുണ്ടായിരുന്നു. അവരിലൊരാളായിരുന്നു പള്ളിപ്പാടും. ഇതില്‍ ചില പേരുകാര്‍ ഏറെ പ്രസിദ്ധി നേടിയവരാണെങ്കില്‍ മറ്റു ചിലര്‍ പരിമിത വൃത്തങ്ങളില്‍ ഒതുങ്ങിയവരാണ്‌.പൊന്നാനി പ്രദേശത്ത് അത്തരത്തിലുള്ള അപ്രശസ്തരായ നിരവധി എഴുത്തുകാരുണ്ട്.
    എന്തായിരുന്നു പൊന്നാനിക്കളരിയുടെ തത്വ രൂപം. ചുരുക്കം ചില പഠനങ്ങള്‍ ഈ മേഖലയില്‍ നടക്കാതിരുന്നിട്ടില്ല. അവയില്‍ ചിലതെല്ലാം ഗവേഷണ പ്രബന്ധങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നു. വള്ളത്തോള്‍കളരി, പൊന്നാനി ക്കളരിയാവുമ്പോഴേക്ക്‌ മാനുഷികതയുടെ ഒരു മതേതരഭാവം അതിന്റെ പ്രമാണമായിക്കഴിഞ്ഞിരുന്നു. അതേ സമയം ഒരേ സ്‌ക്കുളില്‍ നിന്നുള്ള ഉല്‌പന്നമെന്ന്‌ തിരിച്ചിറിയാവുന്ന ബാഹ്യമാതൃകകളൊന്നും അതിനകത്ത്‌ സൂക്ഷിക്കുന്നുമില്ല. ഇടശ്ശേരിയും, ഉറൂബും, തന്നെ എത്ര ഭിന്നര്‍! അവര്‍ കണ്ട മതേതരത്വം തന്നെ ഏറെഭിന്നമായിരുന്നുവല്ലൊ. പൊന്നാനിക്കളരിയുടെ വിലയിരുത്തല്‍ അതിലുള്‍പ്പെട്ട എഴുത്തുകാരിലൂടെമാത്രം നടത്തപ്പെടുമ്പോള്‍‌ എഴുതാതെ പോയ കാര്യങ്ങള്‍ ആര്‍ക്കുമറിയാതെ പോകുന്നുണ്ടാവാം. എഴുതിയതില്‍ കൂടുതല്‍ അതാണെങ്കിലും.
നാലപ്പാട്ട്
എങ്കിലും  എപ്പോളാണതിന്റെ തുടക്കം?‘പൊന്നാനിക്കളരി‘എന്ന പുസ്‌തകത്തില്‍ അക്കിത്തം പറയുന്നത്‌1930കളില്‍ എന്നാണ്. ഇത്തരം കൂട്ടായ്‌മകള്‍ക്കൊന്നും കൃത്യമായ തുടക്കകാലം വേര്‍തിരിച്ചെടുക്കുക സാധ്യമല്ലെങ്കിലും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക്‌ ഗൌരവ സ്വഭാവം വന്ന , ഒന്നാം ലോകമഹായുദ്ധാനന്തരവും മലബാര്‍ കലാപാനന്തരവുമുള്ള ഒരു കാലമാണത്. 1934 ഓടെ ഇടശ്ശേരി പൊന്നാനിയില്‍ വക്കീല്‍ രാമന്‍ മേനോന്റെ ഗുമസ്ഥനായെത്തുന്നു. എന്നാല്‍ അതിനു മുന്‍പ് മറ്റൊന്നു കൂടിസംഭവിച്ചിരുന്നു. പൊന്നാനിയില്‍ നിന്ന് വിളിപ്പാടു ദൂരെ,പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ട്‌ നാരായണ മേനോന്‍ അക്കാലത്ത്‌ വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍‘ വിവര്‍ത്തനം ചെയ്‌തു കൊണ്ട് ലോക സാഹിത്യത്തിലെ വലിയഅ‌ത്ഭുതങ്ങളിലൊന്നിലേക്ക്‌ മലയാളത്തെ പ്രവേശിപ്പിക്കുകയായിരുന്നു. 1925 ല്‍ ‘പാവങ്ങള്‍‘ പുറത്തു വന്നു. അത്‌ സൃഷ്‌ടിച്ച അലകള്‍ മലയാളത്തില്‍ ഇനിയും അടങ്ങിയിട്ടില്ല. പൊന്നാനിക്കളരിയുടെ ആശയതലം മാത്രമല്ല, നവോത്ഥാനം, പുരോഗമന സാഹിത്യ പ്രസ്ഥാനം എന്നിവയുടെയെല്ലാം അന്തസ്സത്ത ഈയൊരു പുസ്‌തകത്തില്‍ നിന്നാണാരംഭിക്കുന്നതെന്നു കരുതാനാണെനിക്കിഷ്‌ടം. 1925 ല്‍ ‘പാവങ്ങ‘ളുടെ പ്രസിദ്ധീകരണത്തോടെ ആരംഭിക്കുന്ന ആശയരൂപം ക്രമേണ ഭൌതിക രൂപം കൈക്കൊള്ളുകയാണുണ്ടായത്‌. എങ്കിലും പൊന്നാനിക്കളരിയുടെ പ്രവര്‍ത്തനങ്ങളില്‍ നാലാപ്പാടന്‍ ഏറെയൊന്നും പങ്കുകൊണ്ടതായി കേട്ടിട്ടില്ല. അതിന്റെ ബീജാവാപം തന്റെ പുസ്‌തകത്തിലൂടെ താനറിയാതെ നടത്തി, അദ്ദേഹം ‘രതിസാമ്രാജ്യ‘ത്തിലേക്കും “ആര്‍ഷപൈതൃക’ത്തിലേക്കും ‘കണ്ണുനീര്‍ത്തുള്ളി’യിലേക്കും മാറി നടന്നു.
     ‘കുട്ടികാലത്തേവായിച്ചിരിക്കെണ്ട പുസ്‌തകം‘ എന്താണ്‌ ‘പാവങ്ങ‘ളെ ജോസ് സരമാഗു വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ ചെറുപ്പകാലത്തൊന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിച്ചില്ല. വായനയില്‍ നിന്നു പലകാരണങ്ങളാല്‍ വഴുതിയകന്ന പല പുസ്‌തകളെയും പോലെ ഈ പുസ്‌തകവും എന്നെക്കടന്നു പോയി.  ഇപ്പോള്‍ ‘മാതൃഭൂമി‘ പാവങ്ങളുടെ പുതിയപതിപ്പ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു. അങ്ങനെ വളരെവൈകി ഞാനാപുസ്‌തകം വായിക്കുന്നു.മലയാളത്തെ ആകെ മാറ്റിയ പുസ്തകം.  അതിനു മുമ്പുള്ള മലയാള ഗദ്യം ഏതാണ്ട്‌ ആധാരഭാഷയുടെ നിലവാരത്തിലുള്ളതായിരുന്നു എന്നാണ്‌ അക്കിത്തത്തിന്റെ അഭിപ്രായം. നോവല്‍ എന്ന സാഹിത്യ രൂപം കുട്ടികൃഷ്ണമാരാരുടെ പരിഗണനക്ക്‌ പാത്രമായില്ലെങ്കിലും പാവങ്ങള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്‌തകമായിരുന്നു. തന്നോടിഷ്‌ടമുണ്ടെങ്കില്‍ പ്രസ്‌തുത ഗ്രന്ഥം ഒന്നു കൂടി വായിക്കണമെന്ന്‌ എല്ലാവരോടും അഭ്യര്‍ത്ഥിക്കുണ്ട്‌ അദ്ദേഹം.
പള്ളിപ്പാട് ഒരു പുസ്തകപ്രകാശനവേദിയില്‍-അക്കിത്തം,ആലങ്കോട് ലീലാകൃഷ്ണന്‍,                                              സെബാസ്റ്റ്യന്‍,അഭിരാമി എന്നിവര്‍ക്കൊപ്പം
    പള്ളിപ്പാടാണ്‌ ഈ ചിന്തകളൊക്കെ ഉണര്‍ത്തിയത്‌.അതിന് കാരണമുണ്ട്. പള്ളിപ്പാടിനോട്‌ പൊന്നാനിക്കളരി, പാവങ്ങള്‍, അങ്ങിനെ പലതിനെക്കുറിച്ചും ഏറെ നേരം തനിച്ച്‌ സംസാരിക്കണമെന്ന് മനസ്സില്‍ കരുതിയിരുന്നു. അടുത്തുള്ള ആള്‍, എപ്പോള്‍ വേണമെങ്കിലുമാവാമല്ലോ, എന്നൊക്കേ കരുതി കാലം കഴിഞ്ഞു പോയി. എന്നാല്‍ എന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ കാത്തു നില്‌ക്കാതെ അദ്ദേഹം കടന്നു പോയി.
        എങ്കിലും ‘പാവങ്ങള്‍‘ വായിക്കാനെടുക്കുമ്പോള്‍ ‘പാവം’പള്ളിപ്പാടിനെ ഓര്‍ക്കുന്നു.കവിതയില്‍ ഒരു ‘പാവ’മായിരുന്നു പള്ളിപ്പാട്.കവിതയുടെ മുഖ്യധാരക്ക് പുറത്ത് ചുറ്റിനടക്കേണ്ടി വന്നു എന്ന കാരണത്താലാണ് പള്ളിപ്പാട് എനിക്ക് പാവമാവുന്നത്.അങ്ങനെയുള്ള നിരവധി ‘പാവങ്ങള്‍’പൊന്നാനിയിലും കേരളത്തിലുമുണ്ട്.പരാജയപ്പെട്ട എഴുത്തുകാരെന്ന് അവരെ വിളിക്കണമെങ്കില്‍ വിജയിച്ച എഴുത്തിന്റെ മാനദണ്ഡം കൈയിലുണ്ടാവണം.
    ഒരു പക്ഷേ,ഇതൊക്കെയായിരിക്കാം ഇനിയുള്ള കാലം എന്റെ പള്ളിപ്പാടോര്‍മ്മ.

Monday, December 20, 2010

ആരറിയുന്നു കക്കാടിനെ?

‘സഫലമീയാത്ര’ഇവിടെ കേള്‍ക്കാം..

എന്‍. എന്‍. കക്കാടിനെ ആകെ രണ്ടുതവണയാണ് നേരില്‍കാണാന്‍ കഴിഞ്ഞിട്ടുള്ളത്.  ആദ്യത്തെ കാഴ്ച  1978ല്‍ തവനൂരില്‍ വെച്ചു നടത്തിയ ഒരു കവിതാക്യാമ്പിലാണ്. ക്യാമ്പ് തുടങ്ങുന്ന ദിവസം രാവിലെ തവനൂര്‍ പോസ്റ്റ് ബേസിക് സ്‌കൂളിലെത്തുമ്പോള്‍, ക്ലാസ്സുമുറിയില്‍ വെറും നിലത്ത്, പാന്റ്‌സും ഓറഞ്ച് നിറത്തിലുള്ള ടിഷര്‍ട്ടുംധരിച്ച്സുഖമായിക്കിടന്നുറ ങ്ങുകയായിരുന്ന ഒരു രൂപം ഇന്നും ഓര്‍മ്മയിലുണ്ട്. ക്യാമ്പ് തുടങ്ങിക്കഴിഞ്ഞാണ് അത് എന്‍. എന്‍. കക്കാടാണെന്നറിയുന്നത്. അദ്ദേഹമായിരുന്നു ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പിലാകെ ഊര്‍ജ്ജപ്രസരവുമായി നടന്ന അദ്ദേഹം അത് ഞങ്ങളിലോരോരുത്തരിലേക്കും അനായാസം വ്യാപിപ്പിച്ചു. ക്യാമ്പംഗങ്ങളില്‍ ജോസ് വെന്മേലി, പി. സുരേന്ദ്രന്‍, ശൂലപാണി തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. എം. ആര്‍. രാഘവവാര്യര്‍, കുഞ്ഞുണ്ണിമാഷ്, എം. ഗംഗാധരന്‍, കെ. വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. തവനൂര്‍ക്കാരനായ എം. ഗോവിന്ദന്‍ അക്കാലത്ത് മദിരാശിയില്‍ നിന്നെത്തി നാട്ടിലുണ്ടായിരുന്നു.അദ്ദേഹംഎല്ലാ ദിവസവും ക്യാമ്പിലെത്തും. ഓരോ കവിതയും സശ്രദ്ധം കേള്‍ക്കും.
കവിതയില്‍ 'കഠിനകാലം' കഴിക്കുകയായിരുന്നു അക്കാലത്ത് കക്കാട് .ആധുനിക മലയാളകവിതയുടെ 'സംസ്‌കൃതപര്‍വ്വം' എന്നു വിശേഷിപ്പിക്കാവുന്ന കവിതകള്‍ എഴുതിയവരായിരുന്നു കക്കാടും വിഷ്ണുനാരായണന്‍നമ്പൂതിരിയും. അതില്‍ തന്നെ കക്കാടിന്റെ കവിതകള്‍ കൂടുതല്‍ സംസ്‌കൃതപദജഡിലവും ദുര്‍ഗ്രഹവുമെന്ന് അധികമാളുകളും കരുതി.
 പിന്നീട്, കക്കാടിനെ കൂടുതല്‍ ‘അടുത്തു കണ്ട‘  സന്ദര്‍ഭത്തില്‍ അദ്ദേഹം ജീവിതത്തിന്റെയും കവിതയുടെയും രണ്ടാം പര്‍വ്വത്തിലായിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം ശാരീരികമായി ഏറെ  അവശനായിരുന്നു. 'സഫലമീയാത്ര'യും ,'നന്ദി തിരുവോണമേ നന്ദി'യും എഴുതിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ ചില ചെറുപ്പക്കാരുടെ മുന്‍ കയ്യില്‍ കക്കാടിന്റെ കവിതയെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയായിരുന്നു സന്ദര്‍ഭം. ക്ഷീണിതമെങ്കിലും ഉറപ്പുള്ള ശബ്ദത്തില്‍ അന്നദ്ദേഹം സംസാരിച്ചത് ഓര്‍മ്മയിലുണ്ട്. അദ്ദേഹത്തിന്റെ കവിത അതിനകം കൈവരിച്ച തെളിമയും ലാളിത്യവും ജനകീയതയും ഒരു വശത്തും ക്ഷീണിതമായ ശരീരവുംശാരീരവും മറുവശത്തും നിന്ന സന്ദര്‍ഭമായിരുന്നു അത്.
കക്കാടിനെ ഓര്‍ക്കുമ്പോഴെല്ലാം കവിതയിലെയും ജീവിതത്തിലെയും ഈ രണ്ടുസന്ദര്‍ഭങ്ങളാണ് മനസ്സിലെത്തുന്നത്. ആസന്നമരണത്തിന്റെ പടിവാതില്ക്കല്‍ നിന്നു കൊണ്ട് അദ്ദേഹം ജീവിതത്തെ ശോകാകുലമായ പ്രസന്നതയോടെ സംബോധന ചെയ്തതിനെക്കുറിച്ച് ആലോചിച്ചുപോകാറുണ്ട്. 
കക്കാടിനെക്കുറിച്ചുള്ള സമഗ്രപഠനങ്ങളുടെ അഭാവം ആ കവിതകളെ സാമാന്യേന മനസ്സിലാക്കുന്നതിന് തടസ്സമായിട്ടുണ്ട്. ചിലര്‍ ആദ്യകാല കവിതകളുടെ പേരിലും മറ്റുള്ളവര്‍ അവസാനകാല കവിതകളുടെ പേരിലുമായി അദ്ദേഹത്തെ രണ്ടു വിധത്തില്‍ വിലയിരുത്തി.
      ഡോ : എന്‍. എം. നമ്പൂതിരിയുടെ ''കക്കാട് കവിയും കവിതയും'' എന്ന പഠനഗ്രന്ഥം, കക്കാടിന്റെ കവിതകളെ സമഗ്രതയില്‍ വിലയിരുത്താനുള്ള ശ്രമമാണ്. കക്കാടുമായി നിരന്തര സമ്പര്‍ക്കവും അടുപ്പവുമുണ്ടായിരുന്ന ആളാണ് ഡോ: എന്‍. എം. നമ്പൂതിരി. കോഴിക്കോടന്‍ സാഹിത്യ സൗഹൃദങ്ങളിലും 'കോലായ' ചര്‍ച്ചകളിലും ഇരുവരുമുണ്ടായിരുന്നു. എം. എന്‍. വിജയനും കക്കാടിനുമൊപ്പം ഓടക്കുഴല്‍ വായന ശീലിച്ച ഡോ: നമ്പൂതിരിയും, മറ്റിരുവരെയും പോലെ തന്നെ ആ രംഗത്തല്ല തുടര്‍ന്നത്. കക്കാടിനെക്കുറിച്ച് അദ്ദേഹമെഴുതുന്ന പുസ്തകം അനുഭവ തീവ്രതയാല്‍ സമ്പന്നമാകാതെ വയ്യ. ''കക്കാടുതന്നെയാണ് എന്നെ ആകര്‍ഷിച്ച തേജസ്സ്. കക്കാടിന്റെ രചനകളല്ല'' എന്ന് അദ്ദേഹം ആമുഖമായി പറയുന്നുണ്ടെങ്കിലും ഈ പുസ്തകത്തില്‍ നിന്ന് കക്കാടെന്ന വ്യക്തിയെ ഏറെക്കുറെ ഒഴിച്ചു നിര്‍ത്തിയിരിക്കുകയാണ് അദ്ദേഹം. പഠനം കവിതയിലേക്കും, അതു പുലര്‍ത്തുന്ന ജീവിത കാഴ്ചപ്പാടുകളിലേക്കും പരിമിതപ്പെടുത്തിയിരിക്കുന്നു. 

ആധുനികതക്കു നേരേ പൊതുവേയുണ്ടായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടേണ്ടി വന്ന കവികളിലൊരാളാണ് കക്കാട്. അതിനുപുറമേ അദ്ദേഹത്തിന്റെ കവിതകളെ മാത്രം കേന്ദ്രീകരിച്ചുള്ളവിമര്‍ശനങ്ങളുമുണ്ടായി. 'മലയാള കവിതയിലെ ഒരു ശല്യമാണ് കക്കാട്' എന്നു വരെ പറയാന്‍ മടിയുണ്ടായില്ല. ദുര്‍ഗ്രഹത, സംസ്‌കൃതപക്ഷപാതിത്വം തുടങ്ങിയവയുടെ എല്ലാം പേരില്‍ ആ കവിത പരിഹസിക്കപ്പെട്ടു. ആധുനികതയുടെ ഉച്ചൃംഖലതയില്‍ കഴിഞ്ഞ കക്കാട്, സമകാലീനരായ കവികളേക്കാളുപരി നഗരഭീതികളെക്കുറിച്ചെഴുതിയയാളാണ്. നഗര ഗ്രാമദ്വന്ദ്വങ്ങളിലൂന്നിയതായിരുന്നു,ആധുനികതയുടെ നഗര വിമര്‍ശനങ്ങള്‍. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അത്തരമൊരു ഭീതി കേരളീയ സാഹചര്യത്തില്‍ ഏറെക്കുറെ അസ്ഥാനത്തായിരുന്നുവെന്നു കരുതുന്നവരുണ്ട്. നഗരം നഗരമല്ല- ആധുനിക മനുഷ്യന്റെ ഹൃദയമായാണ് കക്കാട് കണ്ടിരുന്നതെന്ന് എന്‍. എം. നമ്പൂതിരി വിലയിരുത്തുന്നുണ്ട്. 

''സഫലമീയാത്ര'' എന്ന കവിത മുതല്‍ ആരംഭിക്കുന്ന ഘട്ടത്തെ കക്കാടിന്റെ കവിതകളുടെ രണ്ടാം പര്‍വ്വമെന്നാണ് പറയാറ്. പട്ടിപ്പാട്ട്, ചെറ്റകളുടെ പാട്ട് തുടങ്ങിയ കവിതകളോടെ ആരംഭിക്കുന്ന ഒരു ഘട്ടത്തെ ദ്രാവിഡപര്‍വ്വമെന്ന് ഡോ: ആര്‍ വിശ്വനാഥന്‍ വിലയിരുത്തിയിട്ടുണ്ട്. (അവതാരിക, കവിത, എന്‍. എന്‍. കക്കാട്) അതിനുമുമ്പുള്ളത് ആര്യപര്‍വ്വം. അങ്ങിനെയാകുമ്പോള്‍ മൂന്നാമതൊരു പര്‍വ്വത്തിലാണ് ‘സഫലമീയാത്ര‘യും തുടര്‍ന്നുള്ള കവിതകളും ഉള്‍പ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഘട്ട വിഭജനങ്ങള്‍ക്കൊന്നും ഡോ: നമ്പൂതിരി മുതിരുന്നില്ല. അദ്ദേഹം എഴുതുന്നു: 
''ചലിച്ചിട്ടാണ് പരിണാമവും വരുന്നത്. കലാശക്തി ഒരു വസ്തുവില്‍ വ്യാപിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവാണ്, അതിന്റെ ചലനവും പരിണാമവും....കവിതയെ ഒരു ജൈവ രൂപമായിട്ടു കരുതണം എന്നു പൗരസ്ത്യ ചിന്തകളെപ്പറ്റി പറയുമ്പോള്‍, കക്കാട് ''മറ്റു ജീവരൂപങ്ങള്‍'' ക്കെന്ന പോലെ പരിത:സ്ഥിതികളുടെ സ്വാധീനം കൊണ്ടുണ്ടാവുന്ന പരിണാമങ്ങള്‍ക്കു കവിതയും വിധേയമാണെന്നു സമ്മതിക്കേണ്ടിവരും  എന്നു പറയുന്നുണ്ട്.“ ( പു. 25) കവിതകളുടെ ആസ്വാദന രീതിയിലെ സാമ്പ്രദായികതയെ പിളര്‍ന്നു മാറ്റി ആശയ നൈരന്തര്യം പ്രധാനമാക്കി പഠിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ( പു. 41 ). 

ഈ വിധത്തിലുള്ള നൈരന്തര്യത്തിന്റെ ഇങ്ങേയറ്റത്തു നില്‍ക്കുന്നതെങ്കിലും കക്കാടിന്റെ സമസ്ത രചനകളുടേയും ആകത്തുകയാണ് ''സഫലമീയാത്ര''എന്ന ക്ലാസിക്ക് രചന എന്ന് അദ്ദേഹം വിലയിരുത്തുമ്പോള്‍, പല വഴികളിലൂടെയാണെങ്കിലും ആ കവിതയുടെ സവിശേഷതകള്‍ തെളിഞ്ഞുകിട്ടുന്നു. അക്കാരണത്താല്‍ തന്നെ വളരെ വിശദമായ ചര്‍ച്ചയാണ് ആ കവിതയെക്കുറിച്ച് ഈ പുസ്തകത്തില്‍ നടത്തിയിരുക്കുന്നത്. ‘സഫലമീ യാത്ര‘യുടെ പിറവിയെക്കുറിച്ചും കവിതയുടെ വ്യതിരിക്ത സ്വഭാവത്തെക്കുറിച്ചും, ആ കവിതക്ക് മുമ്പും പിമ്പുമായി രചിക്കപ്പെട്ട കവിതകളെക്കുറിച്ചും, കക്കാടിന്റെ ജീവിത പശ്ചാത്തലം കൂടി കണക്കിലെടുത്തു വിശകലനം ചെയ്യപ്പെടുന്നു.
1981 ഡിസംബര്‍ 5ാം തിയ്യതിയാണ് ''സഫലമീയാത്ര'' രചിക്കപ്പെടുന്നത്. സവിശേഷമായ വ്യക്തിപരത, പ്രപഞ്ച ഗതിയിലുള്ള അത്ഭുതാദരങ്ങള്‍ എന്നിങ്ങനെ ഭാവതലത്തില്‍ കണ്ടു തുടങ്ങിയ മാറ്റത്തിന്റെ തുടര്‍ച്ചയാണ് 'സഫലമീയാത്ര'. പാരമ്പര്യത്തിലടക്കി വെച്ചിരുന്ന സാമൂഹികാവസ്ഥകളുടെ വെളിപ്പെടല്‍ കൂടിയാണത്. തന്റെ രോഗാവസ്ഥയെക്കുറിച്ച് കക്കാടിന് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്ന ഇക്കാലത്ത് 1981 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പത്തോളം രചനകളുണ്ട്. 
' ആശുപത്രിയിലെ തിരുവാതിര' എന്നായിരുന്നു. സഫലമീയാത്രയുടെ ആദ്യത്തെ പേര്. ഈ രചനയുടെ ഓരോ പകര്‍പ്പുകളും (അഞ്ച് പകര്‍പ്പുകള്‍) അവയിലോരോന്നിലും കവി വരുത്തിയ മാറ്റങ്ങളും ഡോ:നമ്പൂതിരി വിശദമാക്കുന്നുണ്ട്. പലപ്പോഴും കക്കാട് പേനയും, മഷിയും മാറ്റിയതു പോലും രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ രൂപത്തിലുള്ള ' സഫമീയാത്ര' യിലേക്കെത്തിയ വഴികള്‍ നമുക്കു മുന്നില്‍ വെളിവാക്കപ്പെടുമ്പോള്‍ സാഹിത്യ നിരൂപകനേക്കാള്‍ സൂക്ഷ്മപടുവായ അദ്ദേഹത്തിലെ ചരിത്ര നിരൂപകന്‍ തലനീട്ടുന്നതായി തോന്നും.

കക്കാട് 'ദുര്‍ഗ്രഹ'നായത് കാലവിഛിത്തിയാല്‍ അറിവു നമ്മുടെ കയ്യില്‍ നിന്നു നഷ്ടമായതിനാലാണ് (പു. 291).നമ്മള്‍ക്ക് കയ്യെത്താവുന്ന അകലത്തിലുള്ള അറിവുകളുടെ ആവിഷ്‌ക്കാരമായതിനാലാണ് 'സഫലമീയാത്രയും' 'നന്ദി തിരുവോണമേ നന്ദി'യും നമുക്ക് 'സുഗ്രഹ'മായത്. ഇനിയൊരു കാലത്ത് ഈ അറിവുകളും നമുക്ക് നഷ്ടമാകുമ്പോള്‍ പ്രസ്തുത കവിതകളും ദുര്‍ഗ്രഹമാവാ തിരിക്കില്ല. 

'സഫലമീയാത്ര' കവിയുടെ കൈപ്പടയില്‍ തന്നെ ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. കക്കാടിന്റെ ഏതാനും ഫോട്ടോഗ്രാഫുകളുമുണ്ട്. ‘ലോകത്തെപ്പറ്റി അറിയാന്‍ സൂര്യനില്‍ സംയമനം നടത്തിയ‘ കക്കാടി (പു. 290) ലെ കവിയെയും കവിതയെയും സമഗ്രമായി വിലയിരുത്തുന്ന ഈ പുസ്തകം സൂക്ഷ്മ വായന ആവശ്യപ്പെടുന്നു.
(കക്കാട് കവിയും കവിതയും,ഡോ:എന്‍.എം.നമ്പൂതിരി,കേരള സാഹിത്യ അക്കാഡമി,തൃശ്ശൂര്‍,ഒക്റ്റോബര്‍ 2008.വില:205.00രൂപ)
                                                                                       

Monday, November 1, 2010

ആസന്ന മരണ ഭാഷാ ചിന്തകള്‍

ഡേവിഡ് ക്രിസ്റ്റല്‍

ഭാഷയുടെ മരണം മനുഷ്യന്റെ മരണത്തിന്‌ തുല്യമാകുന്നതിന്റെ ഉദാഹരണം ഡേവിഡ്‌ ക്രിസ്റ്റല്‍ (David Crystal) എന്ന ബ്രിട്ടീഷ്‌ ഭാഷാശാസ്‌ത്രജ്ഞന്‍ ഉദ്ധരിക്കുന്നുണ്ട്‌. കാമറൂണിലെ 'കസാബേ'ഭാഷ സംസാരിക്കുവാന്‍ ബാക്കിയുണ്ടായിരുന്നത്‌ ബോഗോണ്‍ എന്നപേരുള്ള ഒരേ ഒരാളായിരുന്നു എന്ന അറിവ് കിട്ടിയ ഒരുഭാഷാഗവേഷകന്‍ അയാളെ ചെന്നു കാണാന്‍ തീരുമാനിച്ചു . എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ്‌ അയാളെ കാണാന്‍ ചെല്ലുമ്പോഴേക്കും കസാബേ എന്ന ഭാഷയോടൊപ്പം അയാളും ഈ ലോകം വിട്ടുപോയിരുന്നു. 1995 നവംബര്‍ 5 മുതല്‍ ഒരു ഭാഷ കൂടി ഈ ലോകത്ത്‌ നിന്ന്‌ നിര്‍ഗ്ഗമിച്ചു. അദ്ദേഹത്തിന്റെ ജീവിച്ചിരുന്ന ഒരു സഹോദരിക്ക്‌ ഈ ഭാഷ മനസ്സിലാവുമെങ്കിലും സംസാരിക്കാറില്ല. കുട്ടികള്‍ക്കും പേരകുട്ടികള്‍ക്കുമാകട്ടെ ഈ ഭാഷ മനസ്സിലാവുകയില്ല.
മനുഷ്യന്റെ മരണവും ഭാഷയുടെ മരണവും ഇവിടെ രണ്ടല്ലാതാവുന്നു. മനുഷ്യനില്‍ നിന്നു വിട്ട്‌ ഭാഷക്ക്‌ നിലനില്‌പുമില്ല. മനുഷ്യന്റെ ഇച്ഛകളും കോയ്‌മകളും അധികാരങ്ങളുമാണ്‌ ഭാഷയെയും നിലനിര്‍ത്തുന്നത്‌. 1995 നവമ്പര്‍ 4 ന്‌ `കസാബേ' എന്നൊരു ഭാഷ ഭൂമിയിലുണ്ടായിരുന്നു. നവമ്പര്‍ 5 ന്‌ അതില്ല. എന്നാല്‍ ഭാഷാശാസ്‌ത്രപരമായി ഈ ഭാഷ അതിനുമുമ്പേ മരിച്ചുപോയിരുന്നു. കുറഞ്ഞത്‌ രണ്ടാളുകളെങ്കിലുമില്ലാതെ ഒരു ഭാഷകൊണ്ട്‌ ആശയവിനിമയം സാധ്യമല്ല. ചരിത്രവും വ്യാകരണവും രേഖപ്പെടുത്തപ്പെടാതെ ലിഖിത ഗ്രന്ഥങ്ങളൊന്നുമില്ലാതെ, ഒരു ഭാഷ മരണമടയുമ്പോള്‍ അങ്ങനെയൊന്നു നിലനിന്നതിന്‌ ചരിത്രത്തില്‍ യാതൊരു തെളിവുകളുമില്ലാതെ പോകുന്നു. 'കസാബേ' ക്ക്‌ സംഭവിച്ചതതാണ്‌. അങ്ങനെയൊരു ഭാഷ ഇനി അതിന്‍റ്റെ പേരില്‍ മാത്രമേ ഉള്ളൂ. മനുഷ്യന്റെ മരണവും ഭാഷയുടെ മരണവും ചില കാര്യങ്ങളിലെങ്കിലും വ്യത്യാസപ്പെടുന്നുണ്ട്‌. മനുഷ്യന്‍ ജീവിച്ചതിന്റെ എന്തെങ്കിലും അടയാളം ബാക്കിവെച്ചാണ്‌ മറഞ്ഞുപോകുന്നത്‌. എന്നാല്‍ ലിഖിതപാരമ്പര്യമില്ലാത്ത ഒരു ഭാഷ മരിക്കുമ്പോള്‍ യാതൊന്നും അവശേഷിപ്പിക്കുന്നില്ല.

മനുഷ്യനാല്‍ സൃഷ്‌ടിക്കപ്പെട്ടതാണ്‌ ഭാഷ എന്നതിനാല്‍ 'മരണം' എന്ന വാക്കും മനുഷ്യസൃഷ്‌ടിയാണ്‌. അതിന്റെ കേവലാര്‍ത്ഥത്തില്‍ ജീവനുള്ള വസ്‌തുക്കളുടെ ജീവ നഷ്‌ടത്തെ കുറിക്കാനാണ്‌ ആ വാക്ക്‌ ഭാഷയിലുപയോഗിക്കുന്നത്‌. എന്നാല്‍ മനുഷ്യന്റെ മരണത്തെ രേഖപ്പെടുത്താനാണ്‌ അത്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. എല്ലാ മനുഷ്യരുടേയും മരണത്തെ വിശേഷിപ്പിക്കാന്‍ ആ വാക്ക്‌ പര്യാപ്‌തവുമല്ല. മരണമെന്ന അവസ്ഥയെപ്പറ്റി പൊതുവായ ഒരു അര്‍ത്ഥോല്‍പാദനം മാത്രമെ അവിടെ നടക്കുന്നുള്ളൂ. മരണത്തിന്റെ സ്ഥാന വ്യത്യാസങ്ങളും പ്രാധാന്യവും ഗൗരവവും വ്യക്തമാക്കാന്‍ നിര്യാണം, തീപ്പെടല്‍, കാലം ചെയ്യല്‍, ദിവംഗതയാ(നാ)വല്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നു. മനുഷ്യ സമൂഹത്തിനു പുറത്തുള്ള ഒരു മരണത്തേയും കുറിച്ചു പറയാന്‍ ഈ വാക്കുപയോഗിക്കാറില്ല. മൃഗങ്ങള്‍ ചത്തു പോകുന്നു. ആന ചെരിയുന്നു. മരങ്ങളും മറ്റും ഉണങ്ങുന്നു.
മനുഷ്യന്റെ മരണത്തിന്‌ ഭാഷക്കകത്ത്‌ സമുന്നത പദവി ലഭിച്ചുവെങ്കിലും, ഭാഷയുടെ മരണം ഗൗരവമുള്ള വിഷയമായത്‌ അടുത്ത കാലത്താണ്‌. അതിനുകാരണമായത്‌ പാരിസ്ഥിതികമായ പുതിയ അവബോധമാണ്‌. ജീവജാലങ്ങളുടെയും പ്രകൃതിയുടെയും നാശം സൃഷ്‌ടിക്കുന്ന വലിയ വിപത്തുകളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നാണ്‌ മനുഷ്യന്റെ മഹാസൃഷ്‌ടികളിലൊന്നായ ഭാഷയുടെ മരണത്തിന്‌ ഗൗരവസ്വഭാവം കൈവന്നതെന്നത്‌ വിരോധാഭാസമായി തോന്നാം.
മരിച്ചഭാഷയും ജീവനുള്ള ഭാഷയുമുണ്ടെന്ന്‌ ഇന്ന്‌ ആര്‍ക്കുമറിയാം. ചിലഭാഷകളെങ്കിലും അവ നിലനിന്നതിന്റെ സാക്ഷ്യങ്ങളൊന്നും ബാക്കിവെക്കാതെ മറഞ്ഞു കഴിഞ്ഞിട്ടുണ്ട്‌, കസാബേയെപ്പോലെ. ലിഖിത സാഹിത്യമില്ലാത്ത ഭാഷകള്‍ക്കാണ്‌ ഇത്തരമൊരു ഗതിയുണ്ടായത്‌. സംസ്‌കൃതം, ലാറ്റിന്‍ തുടങ്ങിയ മൃത ഭാഷകള്‍ ഇന്നും നിലനില്‌ക്കുന്നത്‌ അവയുടെ സാഹിത്യത്തിലൂടെയും മറ്റുമാണ്‌. ഏറ്റവും വലിയ മൃത ഭാഷയായ സംസ്‌കൃതത്തിന്റെ സ്വന്തം നാടാണ്‌ ഭാരതം.
ഭാഷയുടെ ജനനവും മരണവും നിലനില്‌പ്പുമെല്ലാം മനുഷ്യന്റെയും, ജൈവവും അജൈവവുമായ ചുറ്റുപാടുകളുടെയും, ആശയങ്ങളുടെയും നിലനില്‌പുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയൊരു രാഷ്‌ട്രത്തിന്റെ പിറവിയോടൊപ്പം പുതിയൊരു ഭാഷ പിറവി കൊള്ളുകയോ ചില ഭാഷകള്‍ തിരോഭവിക്കുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്‌തിരിക്കും. ദേശീയത എന്ന ഒറ്റച്ചരടില്‍ കോര്‍ത്ത്‌ ഭിന്ന സംസ്‌കാരങ്ങളും ഭാഷകളുമുള്ള ഒരു രാഷ്‌ട്രം രൂപം കൊള്ളുമ്പോള്‍, അവയില്‍ മുന്‍ഗണന നേടുന്ന സംസ്‌കാരങ്ങള്‍ക്കെ, അവയുടെ ഭാഷയെയും നിലനിര്‍ത്താനാവൂ. അല്ലാത്തവ അഗണ്യകോടിയില്‍ തള്ളപ്പെടുകയാവും ഫലം. ഭാഷകളുടെ അതി ജീവനത്തിനു പിറകിലെ പലകാരണങ്ങളിലൊന്നായ രാഷ്‌ട്രീയമാണ്‌ ഇവിടെ പ്രധാന കഥാപാത്രം. എന്നാല്‍ സമകാലിക ലോക സാഹചര്യത്തില്‍ ദേശരാഷ്‌ട്രങ്ങള്‍ ഛിന്നഭിന്നമാവുകയും, സംസ്‌കാരങ്ങളുടെ കൊച്ചുയൂണിറ്റുകളായി അവമാറുകയും ചെയ്യുമ്പോള്‍ ഭാഷയ്‌ക്കും മുമ്പില്ലാത്ത പ്രാധാന്യം അതാത്‌ സമൂഹങ്ങള്‍ക്കിടയില്‍ കൈവരുന്നു. യുഗോസ്ലാവിയ എന്ന രാഷ്‌ട്രം 1990 കളിലെ ആഭ്യന്തരയുദ്ധങ്ങളെ തുടര്‍ന്ന്‌ സെര്‍ബിയ, ക്രൊയേഷ്യ, ബോസ്‌നിയ എന്നീ മൂന്ന്‌ ചെറുരാജ്യങ്ങളായി മാറിയപ്പോള്‍ സെര്‍ബിയോ ക്രൊയേഷ്യന്‍ എന്ന പേരില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭാഷ അപ്രസക്തമാവുകയും, പകരം അതാത്‌ രാജ്യങ്ങളുടെ പേരില്‍ തന്നെ മൂന്നുഭാഷകളായി മാറുകയും ചെയ്‌തു. 1990 ല്‍ ഒരൊറ്റഭാഷയാണ്‌ ഈ രാജ്യങ്ങളില്‍ സംസാരിച്ചിരുന്നത്‌. പിന്നീടത് മൂന്നായത് ഭാഷാഘടനയില്‍ പെട്ടെന്നുള്ള മാറ്റങ്ങളൊന്നും ഉണ്ടായതുകൊണ്ടല്ല, സാമൂഹിക രാഷ്‌ട്രീയ സ്ഥിതി, എന്നേയ്‌ക്കുമായി മാറിക്കഴിഞ്ഞതുകൊണ്ടാണ്‌.
ഭാഷയും പരിസ്ഥിതിയും
ലോകത്താകെ ഇന്ന്‌ നിലനില്‍കുന്നതായി കണക്കാക്കിയിട്ടുള്ള 6000 ഭാഷകളില്‍ 600 എണ്ണം മാത്രമാണ്‌ മരണ ഭീതിക്ക്‌ പുറത്തു നില്‍ക്കുന്നത്‌. ഭാഷകളുടെ നിലനില്‍പിനെ സംബന്ധിച്ച ഉത്‌കണ്‌ഠാജനകമായ ഈ അവസ്ഥ വിലയിരുത്തി യുനസ്‌ക്കോ 1993 നവംബര്‍ മാസത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ endangered language project അംഗീകരിക്കുകയും red book of endangered languages തയ്യാറാക്കുകയും ചെയ്‌തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ 1995 ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയില്‍ international clearing house of endangered languages ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. അതേ വര്‍ഷം തന്നെ endangered languages fund ഉം ഇംഗ്ലണ്ടില്‍ foundation of endangered languages ഉം സ്ഥാപിതമായി. ഇംഗ്ലണ്ടിലെ ഫൗണ്ടേഷന്റെ ന്യൂസ്‌ ലെറ്ററില്‍ ഇങ്ങനെവായിക്കാം: 'നമ്മളും നമ്മുടെ കുട്ടികളും, ഒരുപക്ഷേ രണ്ടു തലമുറകള്‍ക്കുള്ളില്‍, ലോകത്തിലെ മിക്കഭാഷകളും മരിച്ചു പോകാമെന്ന ചരിത്ര സന്ധിയിലാണ്‌ ജിവിക്കുന്നത്‌'.

1997 പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും (international year of the coral reefs), 1998 കടലിന്റെ സംരക്ഷണത്തിനും (international year of the ocean) ഐക്യരാഷട്രസഭ മാറ്റിവെക്കുകയുണ്ടായി. 2008 അന്താരാഷട്ര ഭാഷാ വര്‍ഷമായിരുന്നു (international year of language). പരിസ്ഥിതി സംരക്ഷണം പോലെ അതി പ്രധാന വിഷയമാണ്‌ ഭാഷാ സംരക്ഷണവുമെന്ന്‌ ഐക്യരാഷട്രസഭക്ക്‌ ബോദ്ധ്യം വന്നതിന്റെ ഫലമായിരുന്നു അത്‌. പാരിസ്ഥിതിക ഘടകങ്ങള്‍ നിരവധി വര്‍ഷങ്ങള്‍കൊണ്ട്‌ ഏതുവിധം ഉരുത്തിരിഞ്ഞു വന്നുവോ, അതില്‍ നിന്ന്‌ ഏറെ ഭിന്നമല്ല ഭാഷയുടെ പരിണാമവും. മനുഷ്യന്റെ മാത്രമല്ല ഭൂമിയിലെ ആകെ സംസ്‌കാരത്തെയും പ്രകൃതിയെത്തന്നെയും ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്‌ ഭാഷയിലാണ്‌. ഒരു ഭാഷ നശിക്കുമ്പോള്‍ പ്രകൃതിയുടെ തന്നെ ഒരംശം ഇല്ലാതാവുന്നു. പ്രകൃതിയുമായുള്ള ഈ പരസ്‌പര പൂരക സ്വഭാവമാണ്‌ ഹരിത ഭാഷാദര്‍ശനം എന്ന സങ്കല്‌പത്തിന്റെ ഹേതു.

ഭാഷാ മരണങ്ങള്‍
ലോകത്തിലെ മൊത്തം ഭാഷകളില്‍ 4% സംസാരിക്കുന്നത്‌ ജനസംഖ്യയുടെ 96% ആളുകളാണ്‌. ബാക്കിവരുന്ന 96% ഭാഷകളെല്ലാം കൂടി സംസാരിക്കുന്നത്‌ 4% ജനങ്ങളും. ലോകത്തിലെ സാമ്പത്തികാസമത്വങ്ങളുടെ തോത്‌ തന്നെയാണ്‌ ഭാഷയുടെ കാര്യത്തിലുമുള്ളത്‌. ഇന്ന്‌ നിലവിലുള്ള 6000 ഭാഷകളില്‍ 50% അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഇല്ലാതാകും. അതായത്‌ 3000 ഭാഷകള്‍. കുറേക്കൂടി സൂക്ഷ്‌മമായ ഒരു കാലഗണനയിലേക്ക്‌ ഇതിനെ പരാവര്‍ത്തനം ചെയ്‌താല്‍ 1200 മാസം കൊണ്ട്‌ 3000 മരണം. രണ്ടാഴ്‌ചയില്‍ ഒരു ഭാഷ എന്ന തോതില്‍ ഇല്ലാതായിക്കൊണ്ടിരിക്കും.

പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലോകത്ത്‌ 5000 നും, 20,000 നും ഇടയ്‌ക്ക്‌ ഭാഷകള്‍ ഉണ്ടായിരുന്നു എന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഏതെങ്കിലും ഘട്ടത്തില്‍ ലോകത്ത്‌ നിലനിന്നിരുന്ന ഭാഷകളുടെ ഏറ്റവും കൂടുതല്‍ എണ്ണമാണിത്‌. മനുഷ്യന്റെ പുരോഗതിയും, സാങ്കേതികവിദ്യകളും വര്‍ദ്ധിച്ചതോടുകൂടി ഭാഷകളുടെ എണ്ണം കുറയുകയാണുണ്ടായത്‌. ഭൗതിക നേട്ടങ്ങള്‍ അവന്റെ തന്നെ സൃഷ്‌ടിയായ ഭാഷക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ്‌ ഇത്‌ അര്‍ത്ഥമാക്കുന്നത്‌. സാങ്കേതികവിദ്യ പരിമിതമായിരിക്കുകയും ആശയ വിനിമയ സാദ്ധ്യതകള്‍ ഇത്ര മേല്‍ വിപുലമല്ലാതിരിക്കുകയും ചെയ്‌ത കാലത്ത്‌ ചെറിയ പ്രദേശങ്ങള്‍ക്കോരോന്നിനും ഓരോ ഭാഷയുണ്ടായിരുന്നു. ഭൗതികവും സാംസ്‌കാരികവുമായ കുടിയേറ്റങ്ങള്‍ ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ മാറ്റി വരക്കുകയും ആശയവിനിമയത്തിന്റെ മേഖല വലുതാക്കുകയും ചെയ്‌തപ്പോള്‍ പലഭാഷകള്‍ കൊണ്ട്‌ നടത്തിയ കാര്യങ്ങള്‍ കുറച്ചു ഭാഷകളിലേക്ക്‌ ചുരുങ്ങി. മറ്റു ഭാഷകളും സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കം കുറഞ്ഞ ചെറുസമൂഹങ്ങളിലാണ്‌ ഭാഷകള്‍ ഇപ്പോഴും മരണത്തെ അതിജീവിച്ചു നില്‌കുന്നത്‌. എന്നാല്‍ പുതിയ പദങ്ങളൊന്നും സൃഷ്‌ടിക്കപ്പെടാത്തതിനാല്‍ അത്തരം ഭാഷകള്‍ വളര്‍ച്ചയുടെ പാതയിലല്ല. വ്യത്യസ്‌ത സംസ്‌കാരങ്ങളും ഭാഷകളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി വളര്‍ന്നുകൊണ്ടല്ലാതെ ഒരു ഭാഷക്കും ഏറെക്കാലം നിലനില്‌ക്കാനാവില്ല. എന്നാല്‍ ഈ വികസനം അനിയന്ത്രിതമാകുമ്പോള്‍ ഭാഷയുടെ ഘടനാപരമായ ശൈഥില്യത്തിലേക്കും ഭാഷ തന്നെ മറ്റൊന്നായി തോന്നാവുന്ന വിപര്യയത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ്‌ പോലുള്ള ഭാഷകള്‍ മറ്റുഭാഷകളില്‍ നിന്ന്‌ പദങ്ങള്‍ ധാരാളമായി ഉള്‍കൊള്ളുന്നുണ്ടെങ്കിലും അതിന്റെ ആകാരവും അധികാരസ്വഭാവവും ചേര്‍ന്ന്‌ അടിസ്ഥാന സ്വഭാവത്തെ വലിയ മാറ്റം കൂടാതെ സംരക്ഷിക്കുന്നു. കടലില്‍ ചേരുന്ന പുഴകള്‍ക്ക്‌ കടലിന്റെ ഘടന മാറ്റാനാവില്ല. എന്നാല്‍ പുഴയിലേക്ക്‌ കയറുന്ന ഇത്തിരി ഉപ്പുവെള്ളം പുഴയുടെ ജൈവ ഘടനയെ താറുമാറാക്കും. എങ്കിലും ഇംഗ്ലീഷ്‌ എന്ന കടല്‍ ഇന്ന്‌ ഏക ശിലാഘടനയുള്ള ഒരു ഭാഷയല്ല എന്ന്‌ നാമോര്‍ക്കേണ്ടതുണ്ട്‌. പലനാട്ടിലും പലതാണ്‌ അതിന്റെ രീതി. ഉച്ചാരണത്തിലും എഴുത്തിലും എല്ലാം.
മനുഷ്യകുലത്തിനു വരുന്ന മാറ്റങ്ങള്‍ ഭാഷയുടെയും വളര്‍ച്ച തളര്‍ച്ചകളായി പരിണമിക്കും. രോഗങ്ങളാലോ, പ്രകൃതി ദുരന്തങ്ങള്‍ കാരണമോ, ഒരു ജന വിഭാഗം ഒന്നടങ്കം ഇല്ലാതാവുമ്പോള്‍, പിന്നെ ഭാഷ മാത്രം നിലനില്‌ക്കില്ല. വളരെ കുറച്ചാളുകള്‍ മാത്രമുള്ള ഗോത്രങ്ങളുടെ കാര്യത്തില്‍ ഇത്‌ എളുപ്പം സംഭവിക്കും. രോഗം പോലെ തന്നെ മറ്റു ഭാഷകള്‍ക്കും ഇത്തരം ഭാഷകളെ എളുപ്പം കീഴടക്കാനാവും. പുറം ലോകവുമായി ഒരു വ്യവഹാരവും സാധ്യമല്ലാത്ത ഭാഷ ഒരു ജനതക്കും ഏറെക്കാലം കൊണ്ടു നടക്കാനാവില്ല. കേരളത്തിലെ ആദിവാസി ഭാഷകളുടെ സ്ഥിതി ഇതാണ്‌. അവയിലൊന്നിനും ലിപിയില്ല. ലിപിയുണ്ടായിരുന്നാല്‍ തന്നെയും ആ ഭാഷയിലെഴുതിയ യാതൊന്നും ഒരു സര്‍ക്കാര്‍ ഓഫീസിലും സ്വീകരിക്കുകയില്ല. വാമൊഴിയായി ഒരു പരാതി സമര്‍പ്പിക്കാന്‍ പോലും ആ ഭാഷ ഉപകരിക്കാത്തപ്പോള്‍ ആരാണവ നിലനിര്‍ത്താന്‍ മെനക്കെടുക? സ്‌കൂളുകളില്‍ ആദിവാസിക്കുട്ടികള്‍ 'അഭിജാത ഭാഷ'യായ മലയാളം പഠിക്കുന്നു.
ഫാഷനുകള്‍ ഒരു പുത്തന്‍ സംസ്‌കാരവും ജീവിതരീതിയുമായാണ് കടന്നു വരുന്നത്‌. അതിനോടൊപ്പം പുതിയ പദങ്ങളുടേയും, ഒരു ആഗോള ഭാഷയുടേയും അകമ്പടിയുമുണ്ടാവും. യുവാക്കളുടെ തലമുറ ഈ ഫാഷനെ സ്വീകരിക്കുന്നതോടെ പുതിയ ഭാഷയും അവരിലേക്ക്‌ കടന്നെത്തുകയായി. തങ്ങളുടെ മാതൃഭാഷയില്‍ ഇതിനെയൊന്നും വിവരിക്കാന്‍ വാക്കുകളില്ലാത്തതിനാല്‍ മറുഭാഷാ വാക്കുകളെത്തന്നെ ആശ്രയിക്കാതെ നിവൃത്തിയുമില്ല. ഈ വിധം കീഴടക്കുന്നഭാഷ (dominant language) കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നത്‌ സ്വാഭാവികമാണ്‌. പുറം ലോകത്തേക്കുള്ള വാതില്‍ തുറക്കപ്പെടുന്നത്‌ അതിലൂടെയാണ്‌. ഒരു ചെറു സമൂഹത്തിന്‌ വലിയൊരു ലോകവുമായി സംവദിക്കാനുള്ള അവസരമാണത്‌ സൃഷ്‌ടിക്കുന്നത്‌. പലപ്പോഴും കീഴടക്കപ്പെടുന്നത്‌ ഭാഷയല്ല, സംസ്‌ക്കാരമാകെത്തന്നെയാണ്‌. ഇതുപോലും തിരിച്ചറിയപ്പെടുന്നില്ല.
കീഴടക്കപ്പെട്ട ഭാഷയുടെ പിന്നീടുള്ള പ്രസക്തി ഒരു സമൂഹത്തിന്റെ സ്വത്വബോധത്തെ പുനര്‍ നവീകരിക്കുക എന്നതുമാത്രമാണ്‌. ഇത്‌ പുതിയ ഭാഷക്ക്‌ സാധ്യമാകാത്തതാണ്‌. മര്‍ദ്ദക ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിരോധ ആയുധമായും ഇത്തരം ഭാഷകള്‍ക്ക്‌ നിലനില്‌ക്കാനാവും. വിവരങ്ങള്‍ രഹസ്യമായി കൈമാറ്റം ചെയ്യുന്നതിനും അത്‌ സഹായകമാണ്‌.
എങ്കിലും ഭാഷാമരണങ്ങള്‍ക്ക്‌ ഒറ്റക്കാരണം പറയാനാവില്ല. സമൂഹത്തിനു പുറത്തു നിന്നുള്ള കാരണങ്ങള്‍ പോലെ തന്നെ അതിനകത്തുനിന്നുള്ള കാരണങ്ങളുമുണ്ട്‌. ഭൗതികമാറ്റങ്ങളും, രാഷട്രീയ കാരണങ്ങളും ഭാഷയുടെ മരണ നിരക്കും എല്ലാം പരിഗണിക്കുമ്പോള്‍ അടുത്ത 100 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു രാജ്യത്ത്‌ ഒരു ഭാഷ എന്ന സ്ഥിതിയുണ്ടാവുമെന്ന്‌ കണക്കാക്കിയിരിക്കുന്നു. ഇംഗ്ലീഷ്‌ ഈ രീതിയില്‍ വളരുകയാണെങ്കില്‍ ഒരു ദിവസം ലോകത്തിലെ ഒരേ ഒരു ഭാഷയായി അത്‌ മാറുന്നതിനുള്ള സാധ്യത നിഷേധിക്കാനാവില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത്‌ പ്രപഞ്ചം കണ്ട ഏറ്റവും വലിയ ബൗദ്ധിക ദുരന്തവുമായിരിക്കും എന്ന്‌ ഡേവിഡ്‌ ക്രിസ്‌റ്റല്‍ വിലയിരുത്തുന്നു.
ഡേവിഡ്‌ ക്രിസ്റ്റലിന്റെ പുസ്‌തകം
ഭാഷാ മരണം (language death) എന്ന പുസ്‌തകം ഭാഷാശാസ്‌ത്രജ്ഞനായ ഡേവിഡ്‌ ക്രിസ്റ്റല്‍ പൂര്‍ത്തിയാക്കുന്നത്‌ 2000 ലാണ്‌. ആ പുസ്‌തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്ന ഒരു കാര്യം വളരെ ശ്രദ്ധേയമാണ്‌. പ്രകൃതിയുടേയും, ഭാഷയുടേയും നാശത്തിനുള്ള കാരണങ്ങളിലൊന്ന്‌ ചൂഷണാധിഷ്‌ഠിതമായ വികസന സങ്കല്‌പമാണ്‌. ഗവേഷണാന്വേഷണങ്ങളുടെ പേരില്‍ നാശോന്മുഖമായ സംസ്‌കാരങ്ങളെ കുറിച്ചും ഭാഷകളെകുറിച്ചും ഗ്രന്ഥ രചന നടത്തുകയും സാമ്പത്തിക ലാഭം നേടുകയും ചെയ്യുന്നുണ്ട്‌. ഇതിലൊരംശംപോലും അതാത്‌ സമൂഹങ്ങള്‍ക്ക്‌ ലഭ്യമാവുന്നില്ല. അതുകൊണ്ട്‌ തന്റെ പുസ്‌തകത്തിന്റെ മുഴുവന്‍ റോയല്‍റ്റിയും അപകടാവസ്ഥയിലായ ഭാഷകളുടെ ഫൗണ്ടേഷന്‌ (Foundation of endangered languages) നല്‌കികൊണ്ട്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബൗദ്ധികമെന്ന പോലെ പ്രായോഗികവുമായ ഫലമുണ്ടാകണമെന്ന്‌ അദ്ദേഹം ആഗ്രഹിക്കുന്നു.
മലയാളത്തിന്റെ സ്ഥിതി
മലയാളം മരണത്തെ അതിജീവിച്ചാലും ഇല്ലെങ്കിലും ആസന്ന മരണ ഭാഷകളുടെ പട്ടികയില്‍ അതില്ല. (മലയാളത്തിന്റെ സഹോദരി ഭാഷയെന്ന്‌ വിളിക്കാവുന്ന തുളു സുരക്ഷിതമല്ലാത്ത ഭാഷകളുടെ വിഭാഗത്തിലാണുള്ളത്‌) എങ്കിലും മലയാളം അതിന്റെ വളര്‍ച്ചയുടെ പാതയിലല്ല തളര്‍ച്ചയുടെ പാതയിലാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. സംസ്‌കാരവും ജീവിതരീതികളും കൊഴിഞ്ഞു പോകുന്നതോടൊപ്പം ഭാഷയിലെ പഴയവാക്കുകള്‍ ഉപയോഗശൂന്യമായിത്തീരുന്നു. ഭൂബന്ധവും കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട നിരവധിവാക്കുകള്‍ മലയാളത്തിലുണ്ട്‌. കുടുംബബന്ധങ്ങളിലെ മാറ്റം അവയെയും പുരാ ശേഖരത്തിലേക്ക്‌ മാറ്റി. പാട്ടം, പൊളിച്ചെഴുത്ത്‌, ജന്മം, കാണം എന്നിവയെല്ലാം അതില്‍പ്പെടും. അനന്തരവന്‍, അനന്തരാവകാശം, അമ്മാവന്‍ തുടങ്ങിയ വാക്കുകള്‍ക്കൊക്കെ ഇന്നുള്ള പരിമിതമായ അര്‍ത്ഥങ്ങളല്ല ഒരു കാലത്തുണ്ടായിരുന്നത്‌.
പുതിയ സംസ്‌കാരത്തിനൊപ്പം പുതിയ വാക്കുകള്‍ ഉണ്ടാവുന്നുമില്ല. തീവണ്ടി, മണ്ണെണ്ണ തുടങ്ങിയ ഉചിത പദങ്ങള്‍ കണ്ടെത്തിയ മലയാളിയുടെ പിന്നീടുള്ള അന്വേഷണങ്ങള്‍ സംസ്‌കൃതത്തിന്റെ വഴിക്കാണ്‌ പോയത്‌. സിനിമക്കുപോലും `ചലച്ചിത്ര' മെന്ന പേരും തിയേറ്ററിന്‌ `കൊട്ടക' യുമുണ്ടായി. എന്നാല്‍ പുതിയ കാലത്തിന്റെ സാങ്കേതികതയ്‌ക്കൊപ്പം ഒരു പുതിയ മലയാളവാക്കും ഉണ്ടായില്ല. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാങ്കേതികതകളുടെ ഇംഗ്ലീഷ്‌ വാക്കുകള്‍ അതേപടി സ്വീകരിക്കുകയല്ലാതെ പുതിയ വാക്കുകള്‍ക്കായി ഉത്‌കണ്‌ഠപ്പെടാന്‍ ആര്‍ക്കും സമയമുണ്ടായില്ല. എന്നാല്‍ എങ്ങനെയാണെന്നറിയില്ല, ഈ അവസ്ഥയെ ആകെ സൂചിപ്പിക്കാന്‍ `അടിപൊളി' എന്നൊരു മലയാളം വാക്ക്‌ രൂപപ്പെട്ടു.
ഇന്ത്യയിലെ സ്ഥിതി
മലയാളം അതിന്റെ തളര്‍ച്ചയുടെ പാതയിലാണെങ്കില്‍, ഇന്ത്യയില്‍ ആസന്ന മരണമായതും മരിച്ചു കഴിഞ്ഞതുമായ നിരവധി ഭാഷകളുണ്ട്‌. സംസ്‌കൃതം പോലെ അതി സമ്പന്നമായ സാംസ്‌കാരിക സമ്പത്തുള്ള ഒരു ഭാഷക്ക്‌ നിര്‍വ്വാണമടയാമെങ്കില്‍, ലിപിയും അധികാരങ്ങളുമില്ലാത്ത ഭാഷകളുടെ കാര്യം പറയേണ്ടതില്ല. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഭാഷകള്‍ അതിജീവന ഭീഷണി നേരിടുന്ന രാജ്യം ഇന്ത്യയാണ്‌. സുരക്ഷിതമല്ലാത്ത വിഭാഗത്തില്‍ 84 ഭാഷകളും കടുത്ത ഭീഷണി നേരിടുന്ന വിഭാഗത്തില്‍ 62 ഭാഷകളും, മരണം ഉറപ്പിച്ച 6 എണ്ണവും ഉണ്ട്.
ആഗോളവല്‍ക്കരണം, പ്രാദേശികവത്‌ക്കരണം
ആധുനിക ലോകം ആഗോളവല്‍ക്കരണത്തിലൂടെ, വലിയഭാഷകളേയും സംസ്‌കാരത്തേയും ലോകമെങ്ങുമെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അതിനു സമാന്തരമായി ചെറുഭാഷകളുടെയും സംസ്‌കാരങ്ങളുടേയും പ്രസക്തി ഉയര്‍ന്നു വരുന്നതായും കാണുന്നു. ആഗോള വിപണി അവരുടെ ഉത്‌പന്ന വിപണന തന്ത്രങ്ങളുടെ ഭാഗമായി, പ്രാദേശിക ഭാഷകളില്‍ പരസ്യങ്ങള്‍ ഉണ്ടാക്കുകയും, പ്രാദേശിക സമൂഹങ്ങള്‍ക്കു കൂടി രുചിക്കുന്നതാണ്‌, തങ്ങളുടെ ഉത്‌പന്നമെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആഗോളമായ രൂചികളുടേയും സംസ്‌കാരങ്ങളുടേയും ഭാഷകളുടേയും കാലം കഴിഞ്ഞുവെന്ന്‌ ആഗോളവത്‌ക്കരണത്തിന്റെ ഉദ്‌ഘോഷകര്‍ക്കു തന്നെ പലകാരണങ്ങളാല്‍ പറയേണ്ടി വരുന്നു. പ്രാദേശികവത്‌ക്കരണം എന്ന്‌ പേരിട്ടു വിളിക്കുന്ന ഈ ആശയം വിജ്ഞാന മാനേജ്‌മെന്റ്‌ രംഗത്ത്‌ ഒരു പുതിയ വ്യവസായമായിത്തന്നെ പരിഗണിക്കപ്പെടുന്നു. ഒരു ഉത്‌പന്നം ഒരു പ്രത്യേക ഭാഷാ വിഭാഗത്തിനും സംസ്‌കാര വിഭാഗത്തിനും അനുയോജ്യമാകുന്നതെങ്ങനെ എന്നു വ്യവഹരിക്കുന്നതാണ്‌ പ്രദേശികവത്‌ക്കരണം. ആഗോളവത്‌ക്കരണം (globalisation) അന്താരാഷ്‌ട്ര വത്‌ക്കരണം (internationalisation) എന്നിവയില്‍ നിന്ന്‌ ഇത്‌ വ്യത്യസ്‌തപ്പെട്ടിരിക്കുന്നു. സീമന്ത സിന്ദൂരം എന്ന ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തെ ക്യാംലിന്‍ എന്ന ചായക്കമ്പനി തങ്ങളുടെ ഉല്‌പന്ന വിപണനത്തിനുപയോഗിച്ച മനോഹരമായ ഒരു വീഡിയോ ഫേസ്‌ ബുക്കിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്‌.(http://www.youtube.com/watch?v=CKthceSGlyM) ഭര്‍ത്താവ്‌ മരിച്ചപ്പോള്‍ ബന്ധുക്കള്‍ ചേര്‍ന്ന്‌ ഭാര്യയുടെ നെറ്റിയിലെസിന്ദൂരം മായ്‌ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്കത്‌ മായ്‌ക്കാനാവുന്നില്ല. സീമന്ദസിന്ദൂരം മായാത്തതിനാല്‍ മരിച്ച ഭര്‍ത്താവ്‌ ഉയുര്‍ത്തെഴുന്നേല്‍ക്കുന്നു. തങ്ങളുടെ ഉല്‌പന്നം ഉപയോഗിച്ചതുകൊണ്ടാണ്‌ സീമന്ത സിന്ദൂരം മായാതിരുന്നതെന്ന്‌ വ്യക്തമാക്കുന്നതോടെ വീഡിയോ അതിന്റെ കര്‍മ്മം പൂര്‍ത്തിയാക്കുന്നു.
പ്രാദേശികവത്‌ക്കരണത്തിന്‌ ഉദാഹരമമായി ഈ പരസ്യം കണക്കാക്കാവുന്നതാണ്‌. പ്രാദേശികമായ സംസ്‌കാരം, ആചാരം, ഭാഷ എന്നിവയിലൂടെ തങ്ങളുടെ മാര്‍ക്കറ്റ്‌ വിപുലപ്പെടുത്തുക എന്ന വിപണന തന്ത്രമാണിവിടെ പ്രവര്‍ത്തിക്കുന്നതെങ്കിലും മരണം കാത്തു കിടക്കുന്ന ഭാഷയ്‌ക്കും സംസ്‌കാരത്തിനും ചിലപ്പോളത്‌ ആയുസ്സ്‌ നീട്ടിക്കൊടുത്തേക്കും.
ഹരിത ഭാഷാദര്‍ശനം
പരിസ്ഥിതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകള്‍ മലയാളിക്ക്‌ കൈവന്നിട്ട്‌ അമ്പതുവര്‍ഷങ്ങളെങ്കിലുമായി. പ്രായോഗികമായ അനുഭവങ്ങളും സമരങ്ങളുമാണ്‌ അതിന്റെ വായ്‌ത്തലമിനുക്കിയത്‌. സൈലന്റ്‌ വാലി സമരം അതിന്റെ മികച്ച ഉദാഹരണമായിരുന്നു. പരിസ്ഥിതി നാശത്തെ എങ്ങനെ നേരിടണമെന്ന തിരിച്ചറിവിലേക്ക്‌ ആത്‌ മലയാളിയെ നയിച്ചു. പാരിസ്ഥിതികമായ ഉത്‌ക്കണ്‌ഠകള്‍ അന്നൊക്കെ ഭാഷയിലാവിഷ്‌ക്കരിക്കപ്പെട്ടത്‌ തികച്ചും കാല്‌പനികമായിട്ടായിരുന്നു. എന്നാല്‍ പാരിസ്ഥിതികാഘാതങ്ങളാകട്ടെ ഒട്ടും കാല്‌പനികമായിരുന്നില്ല. ഭാഷയെ എങ്ങനെ കാല്‌പനികവല്‌ക്കരിക്കാം എന്ന ചിന്തയല്ല ഹരിത ഭാഷാദര്‍ശനം.
ഭാഷയിലെ പദങ്ങളെയും വ്യാകരണാദികളെയും പരിസരങ്ങളുമായുള്ള ജൈവ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനും വിശകലന വിധേയമാക്കാനുമാണ്‌ ഹരിതഭാഷാവാദികളുടെ ശ്രമം. സംസ്‌കാരത്തിന്റെ വികാസമെന്നത്‌ പ്രകൃതിയില്‍ നിന്ന്‌ എത്രമാത്രം അകന്നു നില്‌കുന്നു എന്നതിന്റെ അളവുകോലാണ്‌. ഭാഷയുടെ വികാസം സംസ്‌കാരത്തിന്റെ വികാസമാകയാല്‍ അത്‌ 'പ്രകൃതി വിരുദ്ധവും' കൂടിയാണ്‌. ആദ്യകാലത്ത്‌ ഭാഷകള്‍ പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങി കഴിഞ്ഞുകൂടിയിരുന്നതായി കരുതാവുന്നതാണ്. എഡ്‌വേര്‍ഡ്‌ സപിര്‍ (Edward Sapir) എന്ന പാശ്ചാത്യ ഭാഷാ ശാസ്‌ത്രജ്ഞന്‍ 1912 ല്‍ എഴുതിയ 'ഭാഷയും പരിസരവും' എന്ന പ്രബന്ധത്തില്‍ ഹരിത ഭാഷാ ചിന്തയുടെ ആദ്യകാല മാതൃകകളുണ്ട്‌. 1970 കളില്‍ എയ്‌നര്‍ ഹോഗനാണ്‌ ഇത്‌ ഒരു വേറിട്ട ചിന്തയായി അവതരിപ്പിച്ചത്‌.
ഭാഷ ഒരേ സമയം യാഥാര്‍ത്ഥ്യത്തിന്റെ ഭാഗവും യാഥാര്‍ത്ഥ്യത്തെ പരുവപ്പെടുത്തുന്ന വാഹകവുമാണെന്ന്‌ പറഞ്ഞത്‌ മൈക്കേല്‍ ഹാലിഡേയാണ്‌. ലോകത്തില്‍ കേവലമായ ചില യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നും ഭാഷ മറ്റൊരു യാഥാര്‍ത്ഥ്യമാണെന്നുമുള്ള പരമ്പരാഗത ചിന്തകളുമായി ചേര്‍ന്നു പോകുന്നതല്ല ഇത്‌. ലോകവും യാഥാര്‍ത്ഥ്യവുമൊന്നും ഭാഷാ നിരപേക്ഷമായ കേവലങ്ങളല്ല, ഭാഷയും കൂടിയാണ്‌ അവയെ രൂപപ്പെടുത്തിയത്‌.
മനുഷ്യനാല്‍ സൃഷ്‌ടിക്കപ്പെട്ടതാണെന്നതിനാല്‍ ഭാഷയുടെ മനുഷ്യ കേന്ദ്രിത സ്വഭാവം സ്വാഭാവികമാണ്‌. പാശ്ചാത്യ ആധുനികതയുടെ ഉപകരണവാദം ഭാഷയെയും ബാധിക്കാതിരുന്നിട്ടില്ല. മനുഷ്യരൊഴികെ എല്ലാത്തിനെയും അത്‌/അവ എന്ന സര്‍വ്വ നാമത്താല്‍ വ്യവഹരിക്കുമ്പോള്‍ അവയെല്ലാം മനുഷ്യനു കീഴെയാണെന്നു വരുന്നു (ശ്രീ വത്സന്‍. ടി, ഹരിത ഭാഷാ വിജ്ഞാനം) ഭാഷയില്‍ ബഹുമാനവും ആദരവും മനുഷ്യനുമാത്രമായി മാറ്റി വെച്ചതും മനുഷ്യന്റെ പക്ഷപാതമാണ്‌.
നിലനില്‌പും വികാസവും
ഭാഷയുടെ വികാസം പ്രകൃതിയില്‍ നിന്നുള്ള അതിന്റെ അകല്‌ച്ച വര്‍ദ്ധിപ്പിക്കുമ്പോള്‍ ഏതു ദിശയിലായിരിക്കണം പിന്നെ അതിന്റെ വളര്‍ച്ച സംഭവിക്കേണ്ടത്‌? വളര്‍ച്ചയില്ലെങ്കില്‍ പിന്നെ ഭാഷയുമില്ല. നൈസര്‍ഗ്ഗികമായ സ്വയം വികാസക്ഷമത ഭാഷകളില്‍ കണ്ടെത്തി അവയുടെ വളര്‍ച്ചക്ക്‌ അവസരമൊരുക്കുക മാത്രമേ ചെയ്യാനാവൂ എന്ന്‌ ഹരിതഭാഷാ വാദികള്‍ പറയുന്നു. പുതിയ പദങ്ങളെ ശുദ്ധാശുദ്ധികളോടെ സമീപിക്കുന്നത്‌ ഭാഷാ മൗലികവാദവും, ഭാഷയുടെ വികാസത്തിന്‌ അനുഗുണമല്ലാത്തതുമായിരിക്കും. കേരള പാണിനിയും ഭാഷാ വികസനത്തെക്കുറിച്ച്‌ ചിന്തിക്കുകയും നിലപാട്‌ രൂപീകരിക്കുകയും ചെയ്‌ടിട്ടുണ്ട്‌. പുതിയ വാക്കുകളുടെ ആഗമത്തിന്‌ ആഭ്യന്തരം/ബാഹ്യം എന്ന്‌ രണ്ടുപാധികളാണ്‌ അദ്ദേഹം മുന്നോട്ടു വെച്ചത്‌. ദ്രാവിഡഭാഷയില്‍ നിന്നുള്ള പദങ്ങളാണ്‌ ആഭ്യന്തരത്തില്‍ പെടുന്നത്‌. മറ്റുള്ളവ ബാഹ്യമാണ്‌. ആഭ്യന്തരത്തില്‍ തന്നെ സ്വന്തം, സാധാരണം, ദേശ്യം എന്നിങ്ങനെ തിരിച്ചിട്ടുമുണ്ട്‌. (ശ്രീവത്സന്‍ ടി, കേരള പാണിനീയത്തിലെ ശബ്‌ദോലപ്‌തി - ഒരു പാരിസ്ഥിതിക വിചാരം)
പാരിസ്ഥിതികമായ സൂക്ഷ്‌മതയോടെയല്ലെങ്കില്‍ പോലും പരിസ്ഥിതി സംബന്ധമായ ഉള്‍ക്കാഴ്‌ച പല അവസരങ്ങളിലും കേരള പാണിനീയം പ്രകടിപ്പിക്കുന്നുണ്ട്‌. ഭാഷയെ ഒരു വൃക്ഷമായി സങ്കല്‌പിക്കുന്നു, അദ്ദേഹം.
ഭാഷയുടെ തനിമ നിലനിര്‍ത്തുന്നതും അതിന്റെ വികാസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളും വിപരീത ദിശകളിലാണെങ്കില്‍, എങ്ങനെയാണ്‌ ഏകോപനം സാധിക്കേണ്ടത്‌? തനിമ നിലനിര്‍ത്തപ്പെടുന്നത്‌ പുറംലോകവും സാങ്കേതികതയുമായുള്ള ബന്ധം പരിമിതപ്പെടുത്തുന്നതിലൂടെയാണ്‌. ഈ വിധത്തില്‍ ഒരു ഭാഷക്കും ഏറെക്കാലം നിലനിന്നു പോകാനാവില്ല. പുതിയ സാങ്കേതികതയെയും സംസ്‌കാരവിശേഷങ്ങളെയും നൈസര്‍ഗ്ഗികമായി ഉള്‍കൊള്ളാന്‍ പാകത്തില്‍ ഭാഷയെ സജ്ജമാക്കുകയല്ലാതെ മറ്റുവഴികളില്ല. സംസ്‌കാരത്തെയും സാങ്കേതികതയെയും വിവര്‍ത്തനം ചെയ്‌തെടുക്കാനും അതിന്‌ കഴിയണം. ഇവിടെ ഹരിത ഭാഷാ ശാസ്‌ത്രം തുണയ്‌ക്കെത്തേണ്ടതാണ്‌. അതിനനുസരിച്ച്‌ പുതിയ വ്യാകരണ ഗ്രന്ഥങ്ങളുണ്ടാവേണ്ടി വരും. ഒരു ഭാഷക്ക്‌ ഒരു വ്യാകരണം എന്നൊരു നിയമം ആര്‍ക്കും അടിച്ചേല്‍പ്പിക്കാനാവില്ല.

References:
1. കേരള പാണിനീയം
2. Language death(david crystal),cambridge University press,2000
3. പച്ച മലയാളം (www.sreevalsant.blogspot.com)

Saturday, December 5, 2009

നോവലിലെ മതം മാറ്റങ്ങള്‍


ഞങ്ങളുടെ നാട്ടിലൊരു കാളിപ്പാത്തുമ്മഉണ്ടായിരുന്നു. മലബാര്‍ കലാപകാലത്ത് മതം മാറ്റത്തിനു വിധേയയായ അവരുടെ പൂര്‍വ്വ മതത്തിലെ പേര് കാളി എന്നും പുതിയ മതഥ്തിലേത് പാത്തുമ്മ എന്നുമായിരുന്നു.രണ്ടും ചേര്‍ത്ത് കാളിപ്പാത്തുമ്മ എന്ന് നാട്ടുകാര്‍ വിളിച്ചുപോന്നു.കാളി എന്ന പേര്അവര്‍ ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്തതാണോ എന്നുംഅറിഞ്ഞുകൂടാ.മരിക്കുന്നതുവരേയും ഹിന്ദുസ്ത്രീകള്‍ മുടി കെട്ടുന്നതു പോലെ മുടികെട്ടുകയും അതിനു മേലെ തട്ടമിടുകയും ചെയ്തു പോന്നു.എങ്കിലും കെട്ടിവെച്ച മുടിയുടെ രൂപം തട്ടത്തിനുള്ളില്‍ മുഴച്ചു നിന്നു.

മതം മാറ്റത്തിന്റെ ആശയങ്ങള്‍ ഒരു സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്തുകളായത് ഏതുകാലഘട്ടത്തിലാ ണെന്ന് നിശ്ചയിക്കുക വയ്യ...................കൂടുതല്‍ >>>>
(സമകാലികമലയാളം വാരിക 2009 നവമ്പര്‍27)

Wednesday, May 27, 2009

സൂരിമുതല്‍ വി.ടി.വരെ:വിവാഹത്തിലെ സ്വജാതിയും മിശ്രജാതിയും

“ഈ അധ്യായത്തിലും ഇനി വരുന്ന ചില അധ്യായങ്ങളിലും കുറേ അവ്യവസ്ഥിത മനസ്സുകാരനും സ്ത്രീ ലോല നും ആയ ഒരു നമ്പൂതിരിപ്പാടിന്റെ കഥയെക്കുറിച് പറയേണ്ടി വരുന്നു. എനിക്ക് മലയാളത്തില്‍ നമ്പൂതിരിമാ രേക്കാള്‍ അധിക ബഹുമാനമുള്ളവര്‍ ആരും ഇല്ല. അവരില്‍ അതി ബുദ്ധിശാലികളും സമര്‍ഥന്മാരും ആയ പലരേയും ഞാന്‍ അറിയും. അതില്‍ ചിലര്‍ എന്റെ സ്നേഹിതന്മാരായും ഉണ്ട്. ഏതു ജാതിയിലും മനുഷ്യര്‍ സമര്‍ത്ഥന്മാരായും വിഡ്ഡികളായും ബുധിമാന്മാരായും ബുദ്ധിശൂന്യന്മാരായും സത്തുക്കളായും അസത്തുക്ക ളായും കാണപ്പെടുന്നുണ്ട്. അതുപ്രകാരംതന്നെയാണ് നമ്പൂതിരിമാരിലും ഉള്ളത്. ഈ കഥയില്‍ കാണുന്ന നമ്പൂ തിരിപ്പാട് കുറേ അമാന്തക്കാരനാണെങ്കിലും അദ്ദേഹത്തോട്കൂടിതന്നെ എന്റെ വായനക്കാര്‍ക്ക് പരിചയമാ കാന്‍ പോകുന്ന ചെറുശ്ശേരി നമ്പൂതിരിയുടെ സാമര്‍ഥ്യവും രസികത്വവും ഓര്‍ത്താല്‍ സാധാരണ ശ്ലാഘനീയ ന്മാരായും മലയാളത്തില്‍ അത്യുല്‍കൃഷ്ട സ്ഥിതിയില്‍ വയ്ക്കപ്പെട്ടിട്ടുള്ളവരുമായ നമ്പൂതിരിപ്പാടന്മാരെയും നമ്പൂതിരിമാരേയും പരിഹസിക്കണമെന്നുള്ള ഒരു ദുഷ്ടവിചാരം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എന്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളും ആയ വായനക്കാര്‍ക്ക് ധാരാളമായി മനസ്സിലാവുമെന്ന് ഞാന്‍ വിശ്വ സിക്കുന്നു.”
“ഇന്ദുലേഖ“ എന്ന നോവലില്‍ കണ്ണഴി മുര്‍ക്കില്ലാത്ത മനയ്ക്കല്‍സൂരിനമ്പൂതിരിപ്പാട് എന്ന അധ്യായത്തിന്റെ ആരംഭത്തില്‍ ചന്തു മേനോന്‍ നേരിട്ടു തന്നെ ഹാജരായി സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണിത്. ഇന്ദു ലേഖക്കും മാധവനുമൊപ്പം പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്ന പേരാണ് സൂരിനമ്പൂതിരിപ്പാടിന്റെത്. നമ്പൂതി രി വിഡ്ഡിത്തം, സംബന്ധ വിവാഹം, ഭോഷ്ക്ക്, പാമരത്വം, സ്ത്രീലമ്പടത്വം എന്നിവയുടെയെല്ലാം പരമാവധി യായി സൂരിനമ്പൂതിരിപ്പാടിനെ കണക്കാക്കി വരുന്നു. നോവലില്‍ ഏഴാം അധ്യായം മുതല്‍ പതിനഞ്ചാം അധ്യായം വരെ സൂരി നമ്പൂതിരിപ്പാടിന്റെ സാന്നിധ്യമുണ്ട്. പേജുകളുടെ എണ്ണമെടുത്താല്‍ ഇത് നോവലിന്റെ പകുതിയോളം വരുന്നുണ്ട്...
(ദേശാഭിമാനി വാരിക,2009,ഏപ്രില്‍26)