ഒക്കത്തുവെച്ചപ്പോ ചൂളംവിളിച്ചില്ലേ മാതുക്കുട്ടി''
(സുന്ദരികളുംസുന്ദരന്മാരും: 138)
ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും‘ എന്ന നോവലിലെ കഥാപാത്രങ്ങളായ രാധയും അനുജന് ഗോപാലകൃഷ്ണനും പട്ടണത്തിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേസ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുകയാണ്. രാധയുടെ കണ്ണുകള്‍ എവിടെയുമുറയ്ക്കാതെ സ്റ്റേഷനിലെ ചുവരെഴുത്തുകളിലേക്ക് തിരിഞ്ഞു. അതിലൊരു ചുവരെഴുത്താണ് മുകളിലുള്ള വരികള്‍. ''കൊച്ചാമിനാനെ കെട്ടാന്നും പറഞ്ഞിറ്റ് നായരിച്ചിനീം കൊണ്ട് ചാടിപ്പോയ കൊസ്രക്കണ്ണാ'' ''കുട്ടൂസ്സാന്റെ ഉമ്മാനെ കൊളമ്പുകാരന്‍ കെട്ടിക്കൊണ്ടു പോയി'' എന്നിങ്ങനെ പലതരത്തിലുള്ള ചുവരെഴുത്തുകള്‍ വേറെയുമുണ്ടെങ്കിലും രാധയുടെ മനസ്സില്‍ നിന്ന് മാറാതിരുന്നത് ഈ രണ്ട് വരികളാണ് .അര്‍ത്ഥത്തെക്കുറിച്ചുള്ള ചിന്ത അവളെ കുഴക്കിയെങ്കിലും ആ വരികള്‍ അവളെ വിട്ടു പോകാന്‍ കൂട്ടാക്കിയില്ല.
''ആ പാട്ടിലെ കഥാനായികയായ മാതുക്കുട്ടി ഒരു പാവമായിരിക്കണമെന്നു തോന്നി. അവളെ ഉപദ്രവിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടാകാം . പാവം, ഒടുവില്‍ അവള് നാടുവിട്ടുപോയതാകും. എല്ലാ പെണ്‍കുട്ടികളുടേയും ഗതി ഇതുതന്നെയാണോ? ചിന്തകള്‍ ആ വഴിക്കു തിരിഞ്ഞപ്പോള്‍ അവള് പെട്ടെന്ന് കടിഞ്ഞാണിട്ടു. ആലോചിക്കരുതെന്നു വിചാരിച്ചിടത്തേക്കാണ് മനസ്സ് പോകുന്നത്'' (ഉറൂബ് 2004 : 138)
വണ്ടിചൂളം വിളിച്ചപ്പോള്‍ രാധക്ക് ആ വരികള്‍ വീണ്ടും ഓര്‍മ്മവന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അവള് മാതുക്കുട്ടിയെപ്പറ്റി ആലോചിച്ചു. ''ആരായിരിക്കും അവള്? നീണ്ടുനിവര്‍ന്നുകിടക്കുന്ന ഈ കുന്നിന് നിരകളുടെ അങ്ങേപ്പുറത്തായിരിക്കും അവളുടെ വീട്. വെളുത്തിട്ടായിരിക്കും. അവള് വലിയ വീടുകളില്‍ പണിക്ക് പോയിട്ടൊന്നുമില്ല. സിന്ദൂരപ്പൊട്ടാണ് എപ്പോഴും തൊടുന്നത്. പൊട്ടിപ്പൊട്ടിചിരിക്കുമ്പോള്‍ മുത്തുമണികള്‍ ചിതറുന്നത് പോലെയായിരിക്കും. അഞ്ഞം പിഞ്ഞം പറയാന്‍ വരുന്ന ആണുങ്ങളോട് 'ഒന്നുക്ക് രണ്ടെന്ന് വീരം പറയും.' എന്നിട്ട് ഒക്കത്ത് വെച്ചപ്പൊ ചൂളം വിളിച്ചു. അതെന്താണ്? അവള് ഒക്കത്തുവെച്ചോ? അവളെ ഒക്കത്തുവെച്ചോ? എന്തോ? എന്തായാലും മാതുക്കുട്ടി നല്ലവളായിരുവെന്ന് രാധ തീര്‍ച്ചപ്പെടുത്തി.'' (140)
വീണ്ടും രാധ മാതുക്കുട്ടിയെ ഓര്‍ക്കുന്നു: ''മാതുക്കുട്ടിക്ക് കുട്ടികളുണ്ടായിരുന്നോ? ഒക്കത്തുവെച്ചപ്പോള്‍ ചൂളം വിളിച്ചുവെന്നല്ലേ പറഞ്ഞത്? കുട്ടിയെ ഒക്കത്തുവെച്ചിരിക്കും, അപ്പോഴേക്കും ഭര്‍ത്താവ് തീവണ്ടി കയറിപ്പോയിരിക്കും. മാതുക്കുട്ടിയുടെ ഭര്‍ത്താവും കുടുംബത്തിന്റെ ക്ഷേമത്തെ ഓര്‍ത്തു നാടുവിട്ടതായിരിക്കും. എല്ലാ ചെറുപ്പക്കാരുടെയും ഗതി ഇതുതന്നെയാണോ? ഈ കാലത്ത് ആര്‍ക്കും നാട്ടുമ്പുറത്ത് പൊറുക്കാന്‍ കഴിയുകയില്ലേ? ഭര്‍ത്താവു പോയപ്പോള്‍ മാതുക്കുട്ടി കഷ്ടപ്പെട്ടിരിക്കുമോ? അവളെ ആരെങ്കിലും കടന്ന് ആക്രമിച്ചിരിക്കുമോ? എല്ലാ പെണ്‍കുട്ടികളും അക്രമം സഹിക്കേണമോ?'' (142)
സ്വന്തം ഭൂതകാലത്തെപ്പറ്റി ഓര്‍ക്കാതിരിക്കാനാണ് രാധ റെയില്‍പ്പാളങ്ങളെക്കുറിച്ചും മാതുക്കുട്ടിയെക്കുറിച്ചും ഓര്‍ക്കുന്നത്. എന്നാല്‍ മാതുക്കുട്ടിയെ ആസ്പദിച്ചുള്ള ചിന്തകളോരോന്നും സ്വന്തം ഭൂതകാലത്തിലേക്കുതന്നെ പാഞ്ഞുകയറുകയാണ്. സ്വജീവിതത്തിന്റെ അ(ന)ര്‍ത്ഥം കൊണ്ടാണ് രാധ ആ അജ്ഞാതകവിയുടെ ഈരടികള്‍ വായിച്ചെടുക്കുന്നത്. രാധയുടെ അമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും മരണം, വിശ്വം എന്ന അവളുടെ സഹോദരന് നാടുവിട്ട്പോയത്, കുഞ്ഞിരാമന് എന്ന കൂട്ടുകാരന് ജോലിതേടി പട്ടണത്തിലെത്തിയത്, കൃഷ്ണന് നമ്പിടിയുടെ വീട്ടില്‍ ജോലിക്കു നിന്നപ്പോള്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ ഇങ്ങനെയോരോന്നും അവള് മാതുക്കുട്ടിയിലൂടെ വായിക്കാന്‍ ശ്രമിക്കുകയാണ്. ഒന്നാമത്തെ വരിയുടെ അര്‍ത്ഥം പിടികിട്ടുന്നുണ്ടെങ്കിലും രണ്ടാമത്തെ വരി അര്‍ത്ഥ വിശദീകരണത്തിന് പൂര്‍ണ്ണമായി വഴങ്ങുന്നില്ല. അഥവാ രണ്ടാമത്തെ വരി മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതുകൊണ്ടാവുമോ ഇങ്ങനെ സംഭവിച്ചത്. ആര്‍ക്കും വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്ന ഒരു പൊതു ചുമരിനു സമീപമാണ് രാധ ഇരിക്കുന്നത്. ആ ചുമരില്‍ത്തന്നെ രാധ കാണുന്ന ഒരു ചിത്രമുണ്ട് ''കാതില്‍ വളയിട്ട ഒരു താടിക്കാരന് വായും പൊളിച്ചു നില്ക്കുന്നു. അവന്റെ വായില്‍ നിന്ന് ഒരു തെങ്ങ് മുളച്ചു പൊന്തിയിരിക്കുന്നു. മുഖം വരച്ചതൊരാളും തെങ്ങു കൂട്ടിച്ചേര്‍ത്തതു മറ്റൊരാളുമാണെന്നു സ്പഷ്ടം. അതു കണ്ടപ്പോള്‍ രാധക്ക് ചിരി വന്നു'' (138)
പല ദേശക്കാരും പല നാട്ടിലേക്ക് പോകുന്നവരും നിറഞ്ഞ ആ പ്ലാറ്റ്ഫോറവും അവിടത്തെ ചുമരെഴുത്തുകളും അതിന്റെ അര്‍ത്ഥരാഹിത്യവും എല്ലാം ചേര്‍ന്ന് ഒരു അയുക്തിക ലോകത്തിലെക്കാണ് താന്‍ നയിക്കപ്പെടുന്നതെന്ന് രാധ മനസ്സിലാക്കുന്നുണ്ട്. '' താന്‍ അനുഭവിക്കുന്ന എന്തോ ഒന്ന് ആ ചക്രങ്ങള്‍ക്കിടയിലും നടക്കുന്നുവെന്നൊരു തോന്നല്‍. അപ്പോള്‍ ആ ചുമര് സാഹിത്യം ഒരിക്കല്‍ക്കൂടി മനസ്സില്‍ വന്നു. ''ഒന്നുക്ക് രണ്ടെന്ന് വീരം പറഞ്ഞിറ്റ്..................' ഒന്നുറക്കെ പാടിയാലെന്താണ്? ആരാണ് പറയാന്‍? പക്ഷെ ചുററും നോക്കിയപ്പോള്‍ വേണ്ടെന്ന് വെച്ചു'' (146)
2.
വായനയുടെ ചരിത്രം എഴുതപ്പെടാത്ത പലതരം ചരിത്രങ്ങളിലൊന്നാണ് (ഇ. വി. രാമകൃഷ്ണന്: 38). സാഹിത്യമെന്നത് സമൂഹ മനസ്സില്‍ നടക്കുന്നൊരു സംഭാഷണമാണ്. തലമുറകളിലൂടെയുള്ള ഗാഢവായനയിലൂടെയാണ് ഒരു കൃതി സമൂഹമനസ്സില്‍ കയറിപ്പറ്റുന്നത്. കാലാതീതമായ സത്തകളെന്നതിലുപരി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിരവധി പാഠങ്ങളായി പുന:സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ് ഒരു കൃതി ജീവിക്കുന്നതെന്ന് ഹാന്‍സ് റോബര്‍ട്ട് ജോസ് നിരീക്ഷിക്കുന്നുണ്ട്. ഒരു കൃതിയുടെ ലാവണ്യ ഘടനയില്‍ അന്തര്‍നിഹിതമായി ഒരു വായനക്കാരന് ഒളിച്ചിരിപ്പുണ്ട് എന്ന വുള്‍ഫ് ഗാങ്ങ് ഈസര്‍ എന്ന നിരൂപകന്റെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. മൂന്നു ഘട്ടങ്ങളിലൂടെയാണ് കവിതയുടെ വായനയും ഗ്രഹണവും പൂര്‍ത്തിയാവുന്നതെന്നാണ് ഹാന്‍സ് റോബര്‍ട്ട് ജോസിന്റെ അഭിപ്രായം. വായനയുടെ വിവിധ ഘട്ടങ്ങളെ വിശകലന വിധേയമാക്കുന്നു എന്നതാണ് ഈ ആശയത്തിന്റെ പ്രധാന്യം.വായന എന്നത് ഏതെങ്കിലും നിശ്ചിത ഘട്ടങ്ങളില്‍ സമ്പൂര്‍ണ്ണമാകുമെന്നു കരുതാനാവാത്ത ഒരു നിരന്തര പ്രക്രിയയാണ്. ഒരു കൃതിയുടെ നിര്‍ദ്ദിഷ്ട പാഠം മുന്നില്‍ വെച്ചുകൊണ്ടുമാത്രം പൂര്‍ത്തിയാവുന്നതുമല്ല അത്. ചരിത്ര പ്രക്രിയകളിലേക്കും സാമൂഹിക ഇടപാടുകളിലേക്കും അത് പൂര്‍ണ്ണതതേടി സഞ്ചരിക്കുന്നുണ്ട്.
സുന്ദരികളും സുന്ദരന്മാരും എന്ന നോവല്‍ നാം വായിക്കുമ്പോള്‍ അതിലെ ഒരു കഥാപാത്രമായ രാധ വായിക്കുന്ന ഈരടികളും നാം വായിക്കുന്നുണ്ട്. ഈ വിധത്തില്‍ നോവലിനകത്തുതന്നെ രണ്ടു വായനകള്‍ നടക്കുന്നു. രാധ എന്നവായനക്കാരിയുടെ വായനയും, പൊതുവായനക്കാരന്റെവായനയും. രാധ വായനയില്‍ കണ്ടെത്തുന്നതെല്ലാം അവളുടെ ഭൗതിക ജീവിത പരിസരത്തു നിന്നുള്ള വിശദീകരണങ്ങളാണ്. നോവല്‍ വായിക്കുന്ന വായനക്കാരനാകട്ടെ ഈ വിവരങ്ങളെ രാധ എന്ന കഥാപാത്രവും നോവല്‍ എന്ന ആഖ്യാനരൂപവും തങ്ങളുടെ വിജ്ഞാന മണ്ഡലവും എല്ലാം ചേര്‍ന്ന ഒരു പശ്ചാത്തലത്തിലാണ് വായിച്ചെടുക്കുന്നത്. അങ്ങനെ വായന കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നതായി നമുക്കനുഭവപ്പെടുന്നു.
രാധ വായിക്കുന്ന ഈരടികള്‍ ഏതു കാലത്തെപ്രതിനിധീകരിക്കുന്നു? പ്രത്യക്ഷത്തില്‍ അത് ഭൂതകാലത്തിലാണ് സ്ഥിതി ചെയ്യുന്നത് .അത് ലിഖിത രൂപത്തിലുള്ളതുമാണ്. റെയില്‍വേ സ്റ്റേഷനിലെ ചുമരില്‍ അത് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ലിഖിത പാഠത്തിന്റെ ഒരു സ്വഭാവം അതിനില്ലെന്ന് രാധയുടെ നിരീക്ഷണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ചുമരെഴുത്തുകളെ വരമൊഴിയോട് ചാര്‍ച്ചയുള്ളതായി കണക്കാക്കാമെങ്കിലും ഈ വരികള്‍ വാമൊഴിയോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് കാണാം. ഇങ്ങനെ നോക്കുമ്പോള്‍ ലിഖിത രൂപത്തിലുള്ള വാമൊഴിയാണത്. എഴുതപ്പെട്ടത് വര്‍ത്തമാനത്തിലും ഭാവിയിലും പുതിയ പാഠങ്ങളായി പിറവിയെടുക്കുന്നതുപോലെയല്ല, വാമൊഴിയുടെ പെരുമാററങ്ങള്‍. അത് വര്‍ത്തമാനത്തിലും ഭാവിയിലും ഇടപെട്ടു കൊണ്ട് വളരുന്നു. രാധ ഈരടികള്‍ വെറുതെ വായിക്കുകയല്ല. അത് ആരോ ചൊല്ലിക്കേള്‍ക്കുന്നതു പോലെ അനുഭവിക്കുന്നു. അല്ലെങ്കില്‍ അവള്‍ത്തന്നെ മനസ്സില്‍ ആവര്‍ത്തിച്ചു ചൊല്ലുന്നു. ഒരു ഘട്ടത്തില്‍ രാധക്ക് ആ വരികള്‍ ഉറക്കെ ചൊല്ലണമെന്നും തോന്നുന്നുണ്ട്. തീവണ്ടി യാത്രയോടൊപ്പവും തുടര്‍ന്ന് ജീവിതത്തിലങ്ങോളവും ഈ ഈരടികള്‍ അവള് ഒപ്പം കൊണ്ടു പോകുന്നുണ്ട്. ഈ വരികളുടെ അര്‍ത്ഥാന്വേഷണവും കൂടിയാണ് രാധയുടെ പില്ക്കാല ജീവിതം.
3
രണ്ടു മഹായുദ്ധങ്ങള്‍ക്കിടക്ക് നിബന്ധിക്കപ്പെട്ട ജീവിതങ്ങള്‍ എന്ന് 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് സാമാന്യമായിപ്പറയാം. ഒന്നാം ലോക മഹായുദ്ധം അതിന്റെ അനന്തര ഫലങ്ങളിലൊന്നായ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് മലബാര്‍ സമൂഹത്തെ നേരിട്ടു സ്വാധീനിച്ചത്. ' എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്' എന്ന ഏറെപ്പഴകിയ ഒരു ശൈലിയല്ലാതെ മറ്റൊന്നും അക്കാലത്തെ മലബാറിനെ വിശേഷിപ്പിക്കാന്‍ കാണുന്നില്ല. ''പൊട്ടിച്ചിതറിയ സമൂഹം'' എന്ന് മലബാറിനെ അതിന്റെ മുന്‍കാല ചരിത്രവും കൂടി ഉള്‍പ്പെടുത്തി വിളിച്ചത് വലിയൊരു ശരിയാണ്. ( എന്‍. എം. നമ്പൂതിരി : 694). മലബാര്‍ കലാപകാലം നോവലിലെ ഒരു തലമുറയുടെ യൗവന കാലവും മറ്റൊരു തലമുറയുടെ കുട്ടിക്കാലവുമാണ്. രണ്ടാം ലോകമഹായുദ്ധമാകുമ്പോഴേക്ക് ആദ്യത്തെ കൂട്ടര് വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുകയും രണ്ടാമത്തെ കൂട്ടര് യൗവനത്തിലെത്തുകയും ചെയ്യുന്നു. മലബാര്‍ കലാപ കാലത്ത് നേരിടേണ്ടി വന്ന വിപത്തുകളുടെ അതേ അളവിലോ, സ്വഭാവത്തിലോ അല്ല ലോക മഹായുദ്ധം ജനങ്ങളെ നേരിട്ടത്. രണ്ടിനേയും വ്യക്തി പരമായിത്തന്നെ അനുഭവിച്ച തലമുറയുടെ പ്രാതിനിധ്യമാണ് ഇരുമ്പന്‍ ഗോവിന്ദന് നായരുടേത്. രണ്ടു മതങ്ങളെ സൂചിപ്പിക്കുന്ന രണ്ടു പേരുകളില്‍ നിന്നു കൊണ്ടാണ് അയാള്‍ ഈ രണ്ടു യുദ്ധങ്ങളുടേയും സാക്ഷിയും ഇരയുമാകുന്നത്. മലബാര്‍ കലാപത്തിന്റെ ആരംഭത്തില്‍ അയാള്‍ ഇരുമ്പന്‍ ഗോവിന്ദന് നായരായിരുന്നു. കലാപത്തിന്റെ അപഭ്രംശങ്ങളും അയുക്തികതകളും അയാളെ സുലൈമാനാക്കി. സുലൈമാന്‍ എന്ന ഇരുമ്പന്‍ ഗോവിന്ദന് നായരാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ അനുഭവങ്ങള്‍ ഏറ്റുവാങ്ങുന്നത്. കൃഷി, മതം തുടങ്ങിയ ആശയങ്ങളാല്‍ നയിക്കപ്പെട്ടിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ് മലബാര്‍ കലാപ കാലത്തു നിലനിന്നിരുന്നതെങ്കില്‍ രണ്ടാം ലോകമഹായുദ്ധമാവുമ്പോഴേക്കും വ്യവസായം, മതേതരത്വം തുടങ്ങിയ ആശയങ്ങള്‍ നിര്‍ണ്ണായകമാവാന്‍ തുടങ്ങിയിരുന്നു. നഗരങ്ങള്‍ അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്നു വരുന്ന ഒരാള്‍ക്ക് നഗരം വലിയൊരു അയുക്തികതയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ രാധയ്ക്കനുഭവപ്പെടുന്ന വിഭ്രമങ്ങള്‍ ഗ്രമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള മാററത്തിന്റെ ആദ്യഘട്ടത്തിലെ അനുഭവങ്ങളാണ്. നഗരത്തിലുള്ളവരെല്ലാം മാനം മര്യാദക്ക് ജീവിക്കുന്നവരാണെന്ന രാധയുടെ ധാരണക്കും പിന്നീട് മാറ്റം വരുന്നുണ്ട്. (164).
കെ.ദാമോദരന്‍ |
സൗന്ദര്യത്തെക്കുറിച്ചുള്ള നിശ്ചിത ധാരണകളെ തിരുത്തിക്കൊണ്ട് ഉറൂബ് ഇതേ കാര്യം മറ്റൊരു വിധത്തില്‍ വിശദീകരിക്കുന്നുണ്ട്. കേവലമായ സൊന്ദര്യവും വൈരൂപ്യവും ഉറൂബിന്റെ കഥാലോകത്തില്ല. ആപേക്ഷികമാണ് സൗന്ദര്യത്തിന്റെ നിദാനം. പോര്ക്കിന് കുട്ടികളില്‍ സൗന്ദര്യം കാണാന്‍ അച്ഛന് പഠിപ്പിച്ചതിനെ ആസ്പദമാക്കി രാധ ഇക്കാര്യം ഓര്‍ക്കുന്നു.
''...ഗുരുവായൂരില്‍ തൊഴാന്‍ പോയി വരികയായിരുന്നു. ബസ്സ് ഒരിടത്തു നിന്നപ്പോള്‍ ധാരാളം പോര്ക്കിന് കുട്ടികള്‍ ഓടിക്കളിക്കുന്നത് കണ്ടു. അറയ്ക്കുന്ന ജീവികളാണെന്ന് അമ്മ പറഞ്ഞു. കൊച്ചു വാലുമാട്ടി നടക്കുന്ന അവയെ കുറച്ചുനേരം നോക്കി കൊണ്ടിരുന്നാല്‍ കൗതുകം തോന്നുമെന്നായിരുന്നു അച്ഛന്റെ പക്ഷം. ആദ്യം അമ്മ പറഞ്ഞതാണ് ശരിയെന്നു തോന്നി. പതുക്കെ അച്ഛന് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. (331)
പൂര്‍വ്വ നിശ്ചിതമായ ചില സൗന്ദര്യങ്കല്പങ്ങളില്‍ നിന്നു കൊണ്ടാണ് ആദ്യം രാധ പോര്ക്കിന് കുട്ടികളില്‍ വൈരൂപ്യം കാണുന്നത്. അവ സുന്ദര രൂപങ്ങളാണെന്ന അച്ഛന്റെ അഭിപ്രായം ' ആദ്യ വായന' യില്‍ രാധക്ക് പിടി കിട്ടുന്നില്ല. എന്നാല്‍ പിന്നീട് അവള്‍ക്കത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നു.
രാധയുടെ അച്ഛന് രാമന് മാസ്റ്ററുടെ ജീവിതവീക്ഷണത്തില്‍ സംഭവിക്കുന്ന 'ഐറണി ' ഇങ്ങനെയാണ്: '' മാനവും മര്യാദയുമായി ജീവിക്കാമെന്നു വിചാരിക്കണ്ട. പാപത്തെപ്പറ്റിയും പുണ്യത്തെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് എമ്പാടും വിഡ്ഢിത്തം പറഞ്ഞു തന്നിട്ടുണ്ട്. അതൊക്കെ മറക്കണം. അതൊക്കെ നുണയാണ്. കക്കാം.ആരും കണ്ടുപിടിക്കാതിരിക്കാന്‍ സൂക്ഷിക്കണം. നുണപറയാം. ആ നുണപൊളിയരുത്. നിനക്കു തോന്നിയതൊക്കെ ചെയ്യാം. പക്ഷേ നിന്നെ പിടി കിട്ടരുത്'' (110). രാമന് മാസ്റ്ററുടെ ജീവിതത്തിന്റെ ആദ്യപാതി ആദര്‍ശഭരിതവും മാനവ സ്നേഹത്താല്‍ പ്രകാശിതവും ആയിരുന്നു. എന്നാല്‍ ആരും ആഗ്രഹിക്കാത്തതും സങ്കല്പിക്കാത്തതുമാണ് ഈ രണ്ടാം പാതി. സ്വാതന്ത്ര്യാനന്തര നെഹ്റുവിയന്‍ ആശയങ്ങളുടെ പരാജയം എങ്ങനെ വ്യക്തികളെ 'സിനിസിസ' ത്തിലെത്തിച്ചു വെന്ന് ഉറൂബ് തന്നെ അദ്ദേഹത്തിന്റെ മറ്റു രചനകളില്‍ വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യ പൂര്‍വ്വഘട്ടത്തിലും കാലമേല്പിക്കുന്ന നിരാശതകള്‍ വ്യക്തികളെ ചിന്താവൈരുദ്ധ്യങ്ങളിലേക്കെടുത്തെറിഞ്ഞിട്ടുണ്ട്. അധികാര രൂപങ്ങള്‍ മാനവികതയ്ക്കെതിരില്‍ നില്ക്കുന്നതും പ്രതിലോമ ശക്തികള്‍ നിരന്തര വിജയം നേടുന്നതുമാണ് രാമന്‍മാസ്റ്ററെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ക്വിറ്റിന്ത്യാ പ്രക്ഷോഭവും, രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യ സഖ്യശക്തികളോടൊപ്പം ചേര്‍ന്നതുമായ രാഷ്ട്രീയ പശ്ചാത്തലം ചിലര്‍ക്ക് സയുക്തികവും മറ്റു ചിലര്‍ക്ക് അയുക്തികവുമായി ഭവിക്കുകയുണ്ടായി. ഈ വീക്ഷണ ഭിന്നത മനുഷ്യ ബന്ധങ്ങളെയും വികലമാക്കുകയുണ്ടായി. വിശ്വത്തെ ഒറ്റിക്കൊടുത്തവനെന്ന പഴി കേള്‍ക്കേണ്ടിവന്നുവെങ്കിലും, കുഞ്ഞിരാമന് സംശയങ്ങളേതുമുണ്ടായിരുന്നില്ല. നാടിനോടുള്ള സ്നേഹം കുറഞ്ഞതിനാലാണ് ജനകീയ യുദ്ധത്തോടൊപ്പം ചേര്‍ന്നതെന്ന പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. കുഞ്ഞിരാമന്റെ ജീവിതം. ഒരേ സമയം സാര്‍വ്വദേശീയതക്കും ദേശീയതക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. മനസ്സുകൊണ്ട് അടുത്തറിയാമെന്നു കരുതുന്ന രാധക്കുപോലും ഈയൊരു ഭാഗം വായിച്ചെടുക്കാന്‍ കഴിയുന്നില്ല. ആശയപരമായ നിലപാടുകളുടെ കാര്‍ക്കശ്യം കൊണ്ടാണ് കുഞ്ഞിരാമനെപ്പോലൊരാള്‍ സ്നേഹത്തിന്റെ ആഴമളക്കുന്നത്. കണിശമായി വെറുക്കുന്നവനേ കണിശമായി സ്നേഹിക്കാന്‍ കഴിയൂ എന്ന വിശ്വാസ പ്രമാണമാണ് കുഞ്ഞിരാമനുള്ളത്. വെറുപ്പ് സ്നേഹത്തിലേക്കുള്ള കുറുക്കുവഴിയാണ്. അമര്‍ന്നു സ്നേഹിക്കേണ്ടവര്‍ അധികമധികം വിദ്വേഷം കൊള്ളണം. ( 234)
ഇങ്ങനെ വിരുദ്ധതകളില്‍ നിന്ന് ധനാത്മക ചിന്ത വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഉറൂബിന്റെ എഴുത്തിലെങ്ങുമുണ്ട്. കാല്പനിക നോവലുകളിലെയും, ആധുനിക നോവലുകളിലെയും ധീരോദാത്തരും ടൈപ്പുകളുമായ കഥാപാത്ര സങ്കല്പങ്ങളെ തിരിച്ചിടുകയും അങ്ങനെ അവരുടെ പരിണാമത്തിന്റെ 'നൈരന്തര്യ‘ത്തെ തകര്‍ക്കുകയും ചെയ്യുന്നുണ്ട് ഉറൂബ് .ഈ നോവലില്‍ ഉടനീളം അയുക്തികമായി പെരുമാറിയ ഒരു കഥാപത്രം വിശ്വം മാത്രമായിരിക്കും. വിശ്വത്തിന്റെ അന്വേഷണങ്ങളിലെ അടിസ്ഥാന സ്വാഭാവം അയാള്‍ രാധയുമൊത്ത് ഒരു കുടുംബ ജീവിതം നയിക്കുന്ന കാര്യത്തിലുമുണ്ട് .കുടുംബത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു സങ്കല്പം നിലനിര്‍ത്തിക്കൊണ്ടാണെങ്കിലും 'കുടുംബം' എന്നൊരു വ്യവസ്ഥയിലേക്കുള്ള മടക്കവുമാണിത്. വിശ്വത്തിന്റെയും രാധയുടേയും അന്വേഷണങ്ങള്‍ രണ്ടു ദിശകളിലായിരുന്നെങ്കിലും അവര്‍ ഒരു പ്രത്യേക സ്ഥാനത്ത് (സ്ഥലത്തിലും കാലത്തിലും) ഒന്നിച്ചു ചേരുന്നുണ്ട്. സാവധാനത്തിലാണെങ്കിലും സമൂഹം, ദേശം, സംസ്ക്കാരം എന്നിവയുടെ അറിഞ്ഞ രൂപങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ നിര്‍ബന്ധിതയായ ആളാണ് രാധ. എന്നാല്‍ വിശ്വം ആദ്യമേ തന്നെ ഇതിനെല്ലാം പുറത്ത് നിലയുറപ്പിക്കുകയും സാഹചര്യങ്ങള്‍ ആയാളെ മെല്ലെ അകത്തു കടക്കാന്‍ പ്രേരിപ്പിക്കുകയുമാണ്. സമൂഹവും രാഷ്ട്രീയവും കുടുംബവുമെല്ലാം ഇത്തരത്തിലാണ് വിശ്വത്തിലേക്കെത്തിച്ചേരുന്നത്. അകത്തേക്കും പുറത്തേക്കുമുള്ള ഈ സഞ്ചാരങ്ങള്‍ക്കിടയിക്കാണ് അവര്‍ ഒരു പ്രത്യേക സ്ഥല കാലത്തില്‍, കുടുംബം എന്നൊരു വ്യവസ്ഥയിലേക്കെത്തുന്നത്. രണ്ടു പേര് ഭിന്ന വായനകളിലൂടെ എത്തിച്ചേരുന്ന ഒരു ജീവിത സന്ധിയെന്ന് ഇതിനെ പറയാം. എന്നാല്‍ പരിപൂര്‍ണമായും ഒരു കുടുംബ വ്യവസ്ഥയിലേക്ക് വിശ്വം എത്തിച്ചേരുന്നുമില്ല.
'' നിങ്ങള്‍ക്ക് എന്നേക്കാള്‍ സ്വല്പം പ്രായക്കൂടുതലുണ്ട്. ഞാനതു വിശ്വസിച്ചിട്ടില്ല. പക്ഷെ അതെനിക്കൊരു കാര്യമല്ല. എനിക്ക് സ്നേഹാദരങ്ങള്‍ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് എന്നോടു കൂടിയുള്ള ജീവിതത്തില്‍ സുഖം കണ്ടെത്താന്‍ കഴിയുമോ? (340). വിശ്വം തന്നെക്കുറിച്ചു സംസാരിക്കുന്നത് ഏതാണ്ട് 'ഒരുണക്കമരത്തെപ്പറ്റി വിവരിക്കുന്നതുപോലെയാണ്' (341) എന്ന് രാധക്കു തോന്നുന്നു.
ഇടശ്ശേരിയുംഉറൂബും |
മാനവികതയുടേയും മതേതരത്വത്തിന്റെയും 'മലബാര്‍ സ്ക്കൂളി‘ന് ആധാരശിലയായത് മലബാര്‍ കലാപാനന്തര സാമൂഹവും സാഹചര്യങ്ങളുമാണ്. ഇടശ്ശേരി, ഉറൂബ്, കെ. ദാമോദരന്‍, എം. ടി. എന്നിവരിലെല്ലാം പല പ്രകാരത്തില്‍ നിലനിന്ന ഈ ധാരയെ രണ്ടാം ലോകയുദ്ധാനന്തര കാലം കലുഷമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഏത് അര്‍ത്ഥരാഹിത്യത്തെയും അര്‍ത്ഥസഹിതമാക്കാനാണ് അവരെല്ലാം കിണഞ്ഞു ശ്രമിച്ചത്. അയുക്തികതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഒരു കുട്ടിയുടെ നിലവിളിയിലേക്കും '' എന്റെ ഈശ്വരാ'' എന്ന ഈശ്വരനോടല്ലാത്ത വിളിയിലേക്കും പരിണമിക്കുന്ന ''ഉമ്മാച്ചു'' എന്ന നോവലിന്റെ തുടര്‍ച്ചയാണ് ''സുന്ദരികളും സുന്ദരന്മാരും''. ഉറൂബിന്റെ മറ്റു ചില ചെറുകഥകളിലും ഇതേ പരിണാമം കാണാവുന്നതാണ്. അര്‍ത്ഥരാഹിത്യങ്ങളേയും അയുക്തികതളേയും അങ്ങനെത്തന്നെ വളരാനനുവദിക്കാതെ അര്‍ത്ഥം നല്കി പൊലിപ്പിച്ചെടുക്കുകയാണ് ഉറൂബ്. അയുക്തികള്‍ പലപ്പോഴും ജീവിതം എന്നയുക്തിയിലാണ് അന്വയിക്കപ്പടുന്നത്. ജീവിതം എന്നാല്‍ മാനവികമാണ്. അത് മനുഷ്യപരം മാത്രമല്ല. പലതരം ചെടികള്‍ക്കും പന്നിക്കുട്ടികള്‍ക്കും കൂടി ഇടമുള്ള മാനവികതയാണത്.
റെയില്‍വേ സ്റ്റേഷനിലിരുന്ന് രാധ നെയ്തടുക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ പലപ്പോഴും പൊട്ടിപ്പോകുന്നതുമായ അര്‍ത്ഥാന്വേഷണം തന്നെയാണ് പിന്നീട് വിവാഹത്തിലൂടെ ജീവിതാന്വേഷണമായിത്തീരുന്നത്. നഗരത്തിലെത്തിയതു മുതല്‍ ഓരോ നിമിഷവും ' അര്‍ത്ഥവത്താ‘ക്കാനാണ് രാധയുടെ ശ്രമം. പൊട്ടിപ്പോകാമെങ്കിലും നെയ്തുകൊണ്ടിരിക്കലാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്ന് ആ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രാധ പഠിച്ചു തുടങ്ങുന്നത്.
ഗ്രന്ഥസൂചി .
1. ഉറൂബ് (2004) സുന്ദരികളും സുന്ദരന്മാരും, ഡി. സി. ബുക്സ്, കോട്ടയം.
2. രാമകൃഷ്ണന് ഇ. വി.(2001) അക്ഷരവും ആധുനികതയും, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
3. നമ്പൂതിരി എന്‍. എം. (2002) കേരള സംസ്ക്കാരം അകവും പുറവും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി.
Thanks sir.
ReplyDeleteഅക്ഷരങ്ങൾ കുറച്ച് കൂടി size ൽ ആക്കാൻ പറ്റുമോ?