Tuesday, February 5, 2013

ചുവന്ന ബസ്സിനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നു‘ ഓര്‍ഡിനറി’ എന്ന പേരിലിറങ്ങിയ  സിനിമ ' ഗവി' എന്നൊരു ഭൂപ്രദേശത്തിന്റെ കയറ്റിറക്കങ്ങള്‍ താണ്ടി കിതയ്ക്കുന്ന  കെ.എസ്.ആര്‍.റ്റി.സി എന്ന ചുവന്ന ബസ്സിന്റെ കഥയും പറയുന്നു.ഒരു നാടും ബസ്സും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ആഖ്യാനവും കൂടിയാണ് ആ സിനിമ.
 കേള്‍ക്കുന്നവാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ കെ.എസ്.ആര്‍.റ്റി.സി  ഓര്‍മ്മകള്‍ മാത്രമായിത്തീരാന്‍ അധിക കാലമില്ല.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ഷെരീഫിന്റെ ചിത്രം(ട്രൂ കോപ്പി)കൂടി കണ്ടപ്പോള്‍ എന്നെങ്കിലുമെഴുതാമല്ലോ എന്ന് മടിപിടിച്ച ഈ(ഓര്‍മ്മ)കുറിപ്പ് ഇനി നീട്ടി വെയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.എങ്ങോട്ടു പോകണമെന്നറിയാത്ത, ഡ്രൈവറും കണ്ടക്ടരും യാത്രികരുമില്ലാത്ത ആ ബസ്സ് നാമോരോരുത്തരോടും പലതും പറയാതെ പറയുന്നുണ്ട്.ഇപ്പോഴൊന്നു തിരിഞ്ഞു നോക്കിയാല്‍ അതൊരു വെറും ബസ്സല്ല,ഓര്‍മ്മയുടെ ഒരു ചുവന്ന അദ്ധ്യായമാണെന്ന് തിരിച്ചറിയും.

ചുവന്ന ബസ്സിന് കല്ലെറിയാന്‍ പടച്ചു വിട്ടൊരു പ്രസ്ഥാനം എന്ന് കെ.എസ്.യു ക്കാരെ കളിയാക്കി പണ്ട് കോളേജുകളില്‍ മുദ്രാവാക്യം വിളിക്കുമായിരുന്നു.വിമോചനസമരക്കാലത്തെ അവരുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ആ പരിഹാസം.പച്ചയും നീലയും മഞ്ഞയുമൊക്കെയായി പില്‍ക്കാലത്ത് കെ.എസ്.ആര്‍.റ്റി.സി .ബസ്സുകള്‍ നിറവൈവിദ്ധ്യം നേടിയെങ്കിലും  അടിസ്ഥാന നിറം ചുവപ്പു തന്നെയായിരുന്നു. ഏറെ കല്ലേറു കൊണ്ടതും ആ ബസ്സുകള്‍ തന്നെ.എങ്കിലും ചുവന്ന ബസ്സിനു കിട്ടിയ പ്രണയം മറ്റു ബസ്സുകള്‍ക്ക് ലഭിച്ചില്ല.മറ്റു നിറക്കാരെ അല്പം മാറിനിന്ന് വീക്ഷിച്ച് ചാര്‍ജ്ജ് കൂടുതലാകുമോ,ഇറങ്ങാനുള്ള സ്റ്റോപ്പില്‍ നിര്‍ത്തുമോ എന്നൊക്കെ ആശങ്കപ്പെട്ട് അതില്‍ കയറാന്‍ മടിച്ചു .

കെ.എസ്.ആര്‍.റ്റി.സി ബസ്സുകളുടെ സ്ഥിരമായ നിറം, ഏറെ മാറാത്ത രൂപഘടന എന്നിവയൊക്കെ ചേര്‍ന്ന പൊടിപിടിച്ചൊരു ചിത്രം എല്ലാവരുടെ മനസ്സിലുമുണ്ട്  . ഒരു മഴ പെയ്താല്‍ പൊടിയിളകി അതിന് തെളിച്ചം വരും.സ്വകാര്യ ബസ്സുകള്‍ എത്രയേറെ മാറിയെന്നത് കെ.എസ്.ആര്‍..റ്റി.സി ബസ്സുകള്‍ കാണുമ്പോളാണ് നാമറിയുക.പുഷ് ബാക്ക് സീറ്റുകള്‍‍, സംഗീതം,ടെലിവിഷന്‍ എന്നീ ആര്‍ഭാടങ്ങളൊന്നും കെ.എസ്.ആര്‍.റ്റി.സി ബസ്സിലില്ല.മഴക്കാലത്ത് ചോര്‍ന്നുവെന്നും വരും.ഇടയ്ക്ക് വെച്ച് ബ്രേക്ക് ഡൌണായാല്‍കാര്യം കുഴങ്ങിയതു തന്നെ . എന്നിരുന്നാലും പരിമിതികളുടെ ആ ലാളിത്യത്തിനുള്ളില്‍ കടന്നിരിക്കാനാണ് ഇത്ര കാലവും ആഗ്രഹിച്ചത്.അത് പൊതു മേഖലയോടുള്ള അനുകൂല മനോഭാവം കൊണ്ടു മാത്രമാണെന്ന് കരുതുന്നില്ല.അതിനകത്ത് അനുഭവപ്പെടുന്ന സ്വസ്ഥതയെന്നോ, ആത്മവിശ്വാസമെന്നോ, തിരക്കു കുറവെന്നോ, പരിമിത വേഗമെന്നോ  പേരിട്ടു പറയാന്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്ത പല കാരണങ്ങളാവാം.അല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ ഇങ്ങോളം ഓടിയെത്തിയ ഓര്‍മ്മയുടെ വാഹനത്തില്‍ ഇത്തിരി സ്ഥലം പിടിക്കാനാവാം.അതല്ലാതെ എന്നെക്കാണാന്‍ ഒരു പ്രണയവും കെ.എസ്.ആര്‍.റ്റി.സിയില്‍ വന്നിറങ്ങിയിട്ടില്ല.ആ ബസ്സ് തന്നെയായിരുന്നു പ്രണയവും പ്രേയസിയും.

തൃശ്ശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന നിരവധി സ്വകാര്യ ബസ്സുകള്‍ നിറയെ യാത്രക്കാരുമായി കെ.എസ്.ആര്‍.റ്റി.സിയെ മറികടന്നു പോകുമ്പോള്‍ അതിലെ ഡ്രൈവര്‍ക്കും കണ്ടക്റ്റര്‍ക്കും ക്ലീനര്‍ക്കുമൊപ്പം  യാത്രക്കാരും കെ.എസ്.ആര്‍.റ്റി.സി ബസ്സിനെയും അതിലെ കുറച്ചു യാത്രികരേയും പുച്ഛത്തോടെ നോക്കുന്നത് പലപ്പോഴും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.എല്ലാ സ്റ്റോപ്പിലും അവര്‍ ആദ്യമെത്തുകയും യാത്രക്കാരെ മുഴുവന്‍ റാഞ്ചിക്കൊണ്ടു പോവുകയും ചെയ്യും.എന്നെപ്പോലുള്ള ചിലര്‍ മാത്രം ചുവന്ന ബസ്സ് വരാന്‍ ഒറ്റയ്ക്ക് കാത്തു നിന്നേക്കും.മാത്രവുമല്ല വല്ലപ്പോഴും ഒരു പ്രൈവറ്റ് ബസ്സിനെ അത് മറികടന്നു പോയാല്‍ ആ ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററും ചേര്‍ന്ന് പാവം കെ.എസ്.ആര്‍.റ്റി.സി ഡ്രൈവറെ ചീത്തവിളിക്കുന്നതും മറ്റും അയാളോടോപ്പം എനിക്കും നിസ്സഹായനായി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങളെ അവയ്ക്കെതിരായ കയ്യേറ്റങ്ങളില്‍ നിന്ന് പരിരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ ജീവനക്കാരായ പൊതുജനത്തിനുപോലുമുണ്ടെന്ന് തോന്നിയിട്ടില്ല.സര്‍ക്കാര്‍ ജീവനക്കാര്‍ അതില്‍ കയറണമെന്നു തീരുമാനിച്ചാല്‍ തന്നെ അതിന്റെ നിലനില്‍പ്പ് പാതിയെങ്കിലും ഉറപ്പാക്കപ്പെടും.സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സ്ഥിതി തന്നെയാണ് കെ.എസ്.ആര്‍.റ്റി.സി യുടേതും എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.പൊളിഞ്ഞ മേല്‍ക്കൂരയും ഒടിഞ്ഞ ബെഞ്ചുകളുമുള്ളതെങ്കിലും ഒരു സര്‍ക്കാര്‍ എല്‍.പി സ്കൂള്‍  വെറുമൊരു കെട്ടിടമല്ലാത്ത പോലെ കെ.എസ്.ആര്‍.റ്റി.സി എന്നാല്‍ ഏതാനും ബസ്സുകളും ചില ഓഫിസുകളുമല്ല.അത് യാത്രയാണ്.യാത്രയെന്നാല്‍ തുടക്കത്തിനും ഒടുക്കത്തിനും ഇടയ്ക്കുള്ള ഇത്തിരി ദൂരം മാത്രമല്ല, നമ്മെ കൊണ്ടുപോകുന്ന വാഹനവും കൂടിയാണ് .  ഒരുക്കങ്ങള്‍,കിട്ടിയ ബസ്സുകള്‍,കിട്ടാത്ത ബസ്സുകള്‍,കണ്ടെത്തിയവര്‍,കാണാതെ പോയവര്‍,പിന്നിലേക്കോടി മറഞ്ഞ കാഴ്ചകള്‍, യാത്രയുടെ ഇരമ്പങ്ങള്‍,അങ്ങനെ പലതുമാണ്.

സ്വകാര്യബസ്സിലെ ഡ്രൈവര്‍ അതിവേഗത്തില്‍  കെ.എസ്.ആര്‍.റ്റി.സി ബസ്സിനെ മറികടന്നു പോകുമ്പോള്‍ അനല്പമായ ആനന്ദം അതിലെ യാത്രക്കാരും അനുഭവിക്കുന്നുണ്ടാവാം. കെ.എസ്.ആര്‍.റ്റി.സി ഡ്രൈവര്‍ ബസ്സോടിക്കാനറിയാത്തവനെന്നു കരുതുന്നുണ്ടാവണം. കേരളത്തിലെ എറ്റവും പ്രഗല്‍ഭരായ അദ്ധ്യാപകരുള്ളത് സര്‍ക്കാര്‍ സ്കൂളുകളിലാണെങ്കിലും പഠിപ്പിക്കാന്‍ മികച്ച ഭൌതിക സാഹചര്യങ്ങളൊ നല്ല വിദ്യാര്‍ത്ഥികളേയൊ അവര്‍ക്ക് ലഭിക്കാത്തതു പോലെ ഏറ്റവും മികച്ച ഡ്രൈവര്‍മാരുള്ള കെ.എസ്.ആര്‍.റ്റി.സിയില്‍ ഓടിക്കാന്‍ നല്ല ബസ്സുകളും കിട്ടാറില്ല.

എന്റെ ചെറുപ്പകാലത്ത് അഴീക്കോട് (കൊടുങ്ങല്ലൂര്‍)‍)‍)) )നിന്ന് കോഴിക്കോട്ടേയ്ക്ക് പോയിരുന്ന ഒരു കെ.എസ്.ആര്‍.റ്റി.സി ബസ്സാണ്  ഒര്‍മ്മയിലിപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന മാതൃകാ ബസ്സ്.എന്നും കഴുകി വൃത്തിയാക്കി ചില്ലിന്മേല്‍ ചന്ദനവും തൊട്ടാണ് ആ ബസ്സ് വന്നിരുന്നത്.കൃത്യസമയത്ത് വരുമെന്നുറപ്പുള്ള ഒരേഒരു കെ.എസ്.ആര്‍.റ്റി.സി ബസ്സായിരുന്നു അത്. ചുവന്ന അക്ഷരങ്ങള്‍ക്ക് ചുറ്റും മഞ്ഞബോര്‍ഡറൂള്ള അതിന്റെ നെയിം ബോര്‍ഡിന് അന്നത്തെ നിലയ്ക്ക് ഇത്തിരി ആര്‍ഭാടം കൂടുതലായിരുന്നു.സൌമ്യരായ അതിലെ കണ്ടക്റ്ററേയും ഡ്രൈവറെയും ഓര്‍ത്ത് ആ ബസ്സില്‍ തന്നെ കയറാന്‍ പലരും കാത്തുനിന്നു.സ്ഥിരമായി ഒരേ കണ്ടക്റ്ററും ഡ്രൈവറുമാണ് ആ ബസ്സിലുണ്ടായിരുന്നതെന്നു പറഞ്ഞു കേട്ടിരുന്നു.അത് ശരിയാവാനിടയുണ്ട്.അവര്‍ക്ക് വല്ല ഗുഡ് സര്‍വ്വീസ് എന്‍ട്രിയും കിട്ടിയോ അതോ  അച്ചടക്ക നടപടിയാണോ ഉണ്ടായത് എന്നൊന്നും അറിഞ്ഞില്ല.

കെ.എസ്.ആര്‍.റ്റി.സിയും ജനങ്ങളും തമ്മിലുള്ള ബന്ധമെന്തെന്ന് ആ ബസ്സുകളേറെയുള്ള പ്രദേശക്കാരും ‘ ഗവി‘ യിലെ നാട്ടുകാരുമൊക്കെ പറയും. വയനാട്ടിലേക്ക് പോകുന്ന പല കെ.എസ്.ആര്‍.റ്റി.സി ബസ്സുകളിലുള്ളത് ‘ ഓര്‍ഡിനറി‘ സിനിമയിലെ കണ്ടക്റ്ററും ഡ്രൈവറും തന്നെയാണ്.നഗരം നല്‍കാത്ത അനുഭവമാണത്.

ഇതു പോലെഏതുനാട്ടിലും ഏതെങ്കിലുമൊരു സ്വകാര്യ ബസ്സിനും ഇത്തരം കഥകളുണ്ടാവും പറയാന്‍ .പുറം നാടോ നഗരമോ ആയി ആനാടിനെ കൂട്ടിയിണക്കുന്നവാഹനമായിരിക്കുമത് . ചില ബസ്സുകള്‍ പ്രത്യേക പ്രദേശങ്ങളുടെ ബ്രാന്‍ഡ് നെയിം തന്നെയാണ്.  പാലക്കാട്ടുകാരുടെ ‘ മയില്‍ വാഹനം‘,തൃശ്ശൂര്‍ക്കാരുടെ
‘ കെ.കെ.മേനോന്‍‘ ‍,അങ്ങനെ ചിലത്.അവരുടെ ഗൃഹാതുരതയാണത്.എന്നാല്‍ കേരളമാകെ ഒന്നിച്ചൊരു കണ്ണിയില്‍ കോര്‍ത്തുനിര്‍ത്താന്‍ മറ്റൊരു ബസ്സിനും ഇതുവരെകഴിഞ്ഞിട്ടില്ല.കേരളത്തിലെ ഏതു കെ.എസ്.ആര്‍.റ്റി.സി സ്റ്റേഷനിലും എത്ര പാതിരാത്രിയിലും നിങ്ങള്‍ക്ക് കാത്തു നില്‍ക്കാം.അവിടെ നിന്നാല്‍ ഇത്തിരി വൈകിയാലും ഒരു ബസ്സ് നിങ്ങളെ കൊണ്ടു പോകാനെത്തും.കേരളത്തില്‍ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ രാപകലെന്യേ യാത്രക്കാരുടെ എണ്ണമോ ലാഭ ചേതങ്ങളോ നോക്കാതെ ഓടിക്കൊണ്ട് അത് മലയാള നാടിനെ ഒറ്റച്ചരടില്‍ കോര്‍ക്കുന്നു.അത് കയറിയിറങ്ങിയ കുന്നുകളും കുഴികളുമൊന്നും മറ്റൊരുവാഹനവും സഞ്ചരിച്ചിട്ടില്ല.അതിന്റെയത്രയും നാടു കണ്ടവരാരുമില്ല. അത് ഭേദിച്ച ഇരുട്ടിന്റെ റെക്കോര്‍ഡ് ഇനിയാരും മറികടക്കില്ല.ലാഭക്കണക്കുകളില്‍ മാത്രം വിലയിരുത്തപ്പെടേണ്ടതല്ല ആഓട്ടവും പാച്ചിലും.

ആകയാല്‍ സ്വകാര്യ ബസ്സിലിരുന്ന് കെ.എസ്.ആര്‍.റ്റി.സി ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുന്നതില്‍ ആഹ്ലാദിക്കുന്നവര്‍ ഒന്നോര്‍ക്കുക: കേരളമുണ്ടായ കാലം തൊട്ട് നമ്മെയും കൊണ്ടോടുന്ന ചുവന്ന ഓര്‍മ്മയെയാണ് നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുന്നത് .അത് കട്ടപ്പുറത്താവുമ്പോള്‍ കേരളം തന്നെയാണ് കട്ടപ്പുറത്താവുന്നത്.

 ഓര്‍മ്മകളുടെ ഇരമ്പവുമായി ഓടിയെത്തുന്ന ചുവന്ന ബസ്സിനോടുള്ള പ്രണയം ഞാന്‍ വീണ്ടും പ്രഖ്യാപിക്കുകയാണ്.

3 comments:

  1. നല്ല ലേഖനം. സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഇല്ലാതാക്കിയാലാണല്ലോ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പരിപൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുവാനാവുക. സ്വകാര്യ മേഖലയെ കയ്യഴിച്ചു സഹായിക്കുന്ന സര്‍ക്കാരുകള്‍ക്കു മുന്‍‌തൂക്കം വരുമ്പോള്‍ ഈ തകര്‍ച്ച വേഗത്തിലാകുന്നതാണ് നാം കാണുന്നത്. നഷ്ടം പൊതുജനത്തിനും.

    ReplyDelete
  2. പക്ഷെ ഇതേ ബസ്സുകള്‍ ദേശസാല്‍കൃത റുട്ടുകളില്‍ മോശം സര്‍വിസ് നടത്തുന്നു. പലപ്പോഴും ബസ്സ്‌ ജീവനക്കാര്‍ യാത്രക്കാരോട്‌ അപമര്യാദയായി പെരുമാറുന്നു. മൊത്തത്തില്‍ ഒരു അഴിച്ചു പണി വേണ്ടതാണ്. ഒരു സ്വകാര്യ സ്ഥാപനം നടത്തും വിധം കാര്യങ്ങള്‍ കൊണ്ട് പോയാല്‍ രക്ഷപെടും. ദല്‍ഹി മെട്രോ കണ്ട് പഠിക്കു. കേന്ദ്ര സര്‍ക്കാരും ദല്‍ഹി സര്‍ക്കാരും കൂടി നടത്തുന്ന സ്ഥാപനം ആണ് ഏറ്റവും മികച്ച സേവനം കാഴ്ച്ച വയ്ക്കുന്നത്.

    ReplyDelete
  3. മികച്ച മാനേജ്മെന്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും ഉള്ളവ പ്രായോഗികമാക്കാനുള്ള പ്രതിബന്ധങ്ങളും(ഡ്യൂട്ടി-ഷെഡ്യൂൾ എന്നിവയൊക്കെ പുനഃക്രമീകരിക്കുന്നതിൽ പോലും കൈകടത്തുന്ന യൂണിയൻ ഭരണം ഉൾപ്പടെ) കെടുകാര്യസ്ഥതയും ബസ്സുകൾക്കു ശരിയായ പരിചരണം ലഭിക്കാത്തതുമെല്ലാം കെ.എസ്.ആർ.ടി.സിയെ അകാലമരണത്തിലേക്കു നയിക്കുന്ന കാര്യങ്ങളാണ്. നടുവൊടിയാതെയും വാളുവെക്കാതെയും ലക്ഷ്യസ്ഥാനത്തു ചെല്ലാൻ പുതുമയുടെ വീര്യവും പാട്ടും വീഡിയോയും ഇല്ലെങ്കിലും ‘ആനവണ്ടി’ തന്നെ മെച്ചം.

    ReplyDelete