Thursday, August 4, 2011

വയനാട്ടില്‍, മഴയത്ത്.അയച്ച മഴ കിട്ടി.
മഴക്കാലത്ത് ഇങ്ങനെയൊരു 
പുസ്തകം കിട്ടുന്നത്
മരുന്നു കഞ്ഞി കുടിക്കുന്ന 
ഫലം ചെയ്യും.

'വയനാട്ടിലെ മഴ' എന്ന പുസ്തകം കൈപ്പറ്റിയ വിവരം ശ്രീ. വി. കെ. ശ്രീരാമന്‍ അറിയിച്ചത് ഇങ്ങനെയായിരുന്നു. നാട്ടിലെ മഴ കാണുവാന്‍ വിദേശ ജോലി വേണ്ടെന്നുവെച്ചയാളാണ് വി. കെ. ശ്രീരാമന്‍ (B.C. 53 ലെ പുണര്‍തം ഞാറ്റുവേല 'മാതൃഭൂമി 87:22, 2009 ആഗസ്ത് 9)
മഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും ചുരം കയറി വയനാട്ടിലേക്കോടും. ഒരു കാലത്ത് കേരളത്തിലെ ചിറാപുഞ്ചിയായിരുന്നു വയനാട്ടിലെ ‘ലക്കിടി‘ എന്ന സ്ഥലം. അങ്ങനെയാണ് സ്‌ക്കൂള്‍ ക്ലാസ്സുകളില്‍ വയനാട്ടിനെക്കുറിച്ചറിയുന്നത്. പിന്നീടതു മാറി. 2009 ലെ മഴ ലക്കിടിയെയും, കബനിയെയും വയനാടിനെ ആകെത്തന്നെയും വീണ്ടും എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു. ഭൂമിശാസ്ത്രപരമായും അല്ലാതെയും വയനാട് കേരളത്തിലെ ഒരു പാര്‍ശ്വവല്‍കൃത പ്രദേശമാണ്. എങ്കിലും അത് ഇടക്കിടെ പലവിധത്തില്‍ ബൃഹദ് ലോകങ്ങളിലേക്ക് തല നീട്ടും. നക്‌സല്‍ രാഷ്ട്രീയം, വര്‍ഗ്ഗീസ്, കബനീനദി, മുത്തങ്ങ, ജാനു, വീരേന്ദ്രകുമാര്‍, അവിവാഹിതരായ ആദിവാസി അമ്മമാര്‍ ഇടയ്‌ക്കൊരു സിനിമ എന്നിങ്ങനെ അതിന് കാരണങ്ങള്‍ പലതാകാം. അതൊക്കെ ചുരമിറങ്ങി പടിഞ്ഞാറോട്ടൊഴുകി കേരളമാകെ പരക്കും. മഴയുടെ ജലമാകട്ടെ കബനി വഴി കിഴക്കോട്ടൊഴുകിപ്പോകും.
താഴെ നാട്ടിലിരുന്നുകൊണ്ട് മേലെ വയനാട്ടില്‍ പെയ്യുന്ന മഴയുടെ വൈവിദ്ധ്യം സങ്കല്പിക്കുന്നതിനുമുണ്ടൊരു രസം. കീഴ്‌നാടും മേല്‍നാടും- രണ്ടു നാടുകളുടേയും രീതികള്‍ വേറെ. ഭൂമിശാസ്ത്രം മാത്രമല്ല, അവയെ വേര്‍തിരിക്കുന്നത്.


കാല്‍ നൂറ്റാണ്ടിനുമുമ്പാണ് വയനാട്ടില്‍ ആദ്യം കാല്‍കുത്തിയത്. അന്ന് ഒരു അന്യഭൂഖണ്ഡത്തില്‍ ചെന്നെത്തിയതുപോലെയായിരുന്നു. കഠിനമായ മേയ് മാസത്തില്‍ താമരശ്ശേരി ചുരത്തിന്റെ പകുതി കയറി ചെല്ലുമ്പോഴേക്കും അന്തരീക്ഷത്തിന്റെ ലാഘവവും തണുപ്പും അത്ഭുതപ്പെടുത്തി. ചുരം വലിച്ചു കയറിയെത്തുന്ന ബസ്സുകളും അതിലെ യാത്രക്കാരും മേലെ സമനിരപ്പിലെത്തുന്നതോടെ വേറൊരു ഗിയറിലേക്ക് മാറുകയായി. വയനാട്ടില്‍ റവന്യു വകുപ്പില്‍ ജോലികിട്ടിയശേഷമുള്ള ആദ്യയാത്രയായിരുന്നു അത്. അക്കാലത്ത് ഞങ്ങളുടെ നാട്ടിലൂടെ ഗുരുവായൂരില്‍ നിന്ന് വയനാട് വഴി മൈസൂര്‍ വരെ പോകുന്ന ഒരു ബസ്സുണ്ടായിരുന്നു. ഏതോ വിദേശ രാജ്യത്ത് പോയി വരുന്നതിന്റെ അത്ഭുതാദരങ്ങളോടെയാണ് നാട്ടുകാര്‍ ആ ബസ്സിനെ കണ്ടത്. കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് (CWMSP) എന്ന് യാത്രാദൂരം പോലെ നീണ്ടൊരു പേരും അതിനുണ്ടായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് ചങ്ങരംകുളത്തെത്തുന്ന ആ ബസ്സില്‍ കയറിയാണ് വയനാട്ടിലേക്ക് ആദ്യ യാത്ര നടത്തിയത്.

നാടും വയനാടും.
വയനാട്ടുകാരായ രണ്ടുപേര്‍ പരസ്പരം പരിചയപ്പെട്ടാല്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നാവും. ഓരോ വയനാട്ടുകാരനുമുണ്ട് രണ്ടു ദേശങ്ങള്‍. ഒന്ന് വയനാട്ടിലും മറ്റേത് മധ്യ തിരുവിതാംകൂറിലോ, കോഴിക്കോട്ടോ, കണ്ണൂരോ ആകാം. രണ്ട് ദേശങ്ങള്‍ക്കിടക്കുള്ള ഈ സഞ്ചാരമാണ് ഒരു വയനാടന്റെ ജീവിതമെന്നും പറയാം. വയനാട്ടുകാരന്‍ എപ്പോഴും കീഴ്‌നാടിനെക്കുറിച്ചാലോചിക്കും. കാരണം, തന്റെ തറവാടും ബന്ധുക്കളും, പാരമ്പര്യവുമൊക്കെ അവിടെയാണുള്ളത്. എത്രകാലം വയനാട്ടില്‍ കഴിഞ്ഞാലും നാട്ടിലെത്തണമെന്ന വാഞ്ഛയില്‍ നിന്ന് അയാള്‍ മുക്തനാവില്ല. ചുരത്തിനു താഴെയുള്ള ഏതെങ്കിലുമൊരു പ്രദേശത്തു നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ എല്ലാം ഉപേക്ഷിച്ചിട്ടാണ് (ഉപേക്ഷിക്കാന്‍ ഏറെയൊന്നും ഉണ്ടായിരുന്നില്ല) വയനാട്ടിലെത്തിയത്. എങ്കിലും സ്വന്തം മാതൃ/പിതൃഭൂമിയായി ചുരത്തിനു താഴെയുള്ള ഒരു സ്ഥലം മനസ്സിലെങ്കിലും സൂക്ഷിക്കുന്നുണ്ടാവും. പലപ്പോഴും അങ്ങനെ ഒരു സ്ഥലം അവര്‍ക്ക് സ്വന്തമായിരിക്കില്ല. എങ്കിലും ആ ഇടത്തിലേക്കെത്താനുള്ള പരിശ്രമങ്ങളില്‍ കുടുങ്ങിയതാണ് അവന്റെ/അവളുടെ കുടിയേറ്റ ജീവിതം. പെണ്‍കുട്ടികളെ താഴെ നാട്ടിലേക്ക് വിവാഹം കഴിച്ചു കൊടുക്കാനും ആണ്‍കുട്ടികള്‍ക്ക് നാട്ടില്‍ നിന്ന് വധുക്കളെ കണ്ടെത്താനും അവര്‍ ശ്രമിക്കും.
എന്നാല്‍ കീഴ് നാട്ടുകാരന്റെ ചിന്തയിലും പ്രവര്‍ത്തിയിലുമൊക്കെയുള്ള വയനാട് ഇപ്പോഴും ഒരു ഇരുണ്ട ഭൂഖണ്ഡമാണ്. ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ പകല്‍ സമയത്തും റോഡില്‍ വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന നിഷ്‌ക്കളങ്കരായ ആദിവാസികളുടെ പ്രദേശം. കീഴ്‌നാടിന്റെ അപരമായ ഒരു പ്രദേശം. നാല്പതിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് വയനാടിനെക്കുറിച്ച് ശ്രീ. കെ.പാനൂര്‍ ഒരു പുസ്തകമെഴുതിയപ്പോള്‍ അതിന് 'കേരളത്തിലെ ആഫ്രിക്ക‘ എന്നാണ് പേരു നല്‍കിയത്. ആദ്യമായി കണ്ടത്തപ്പെടുന്ന ഭൂഖണ്ഡമെന്ന പ്രതീതിയായിരുന്നു പാനൂരിന്റെ പുസ്തകം പുറത്തുവന്നപ്പോഴുണ്ടായിരുന്നത്. പുറം ലോകത്തിന് അറയാത്ത അനുഭവങ്ങളുടേയും അറിവുകളുടേയും ഒരു അത്ഭുത ദേശമായി വയനാട് മാറുകയായിരുന്നു. നാട്ടിലുള്ളവരുടെ വയനാടന്‍ നിര്‍മ്മാണത്തില്‍ വിപ്ലവഭൂമി എന്നൊരു പ്രതിനിധാനം അതിന് എക്കാലത്തും നല്കപ്പെട്ടിട്ടുണ്ട്. അതിനു കാരണവുമുണ്ട്. നക്‌സല്‍ കലാപങ്ങളിലേറെയും നടന്നത് ആ നാട്ടിലായിരുന്നുവല്ലോ. പില്‍ക്കാലത്ത് ജാനുവിന്റെ നേതൃത്വത്തിലുള്ള മുത്തങ്ങ സമരം നടന്നതും അവിടെയായിരുന്നു. അജിത, ഫിലിപ്പ് എം. പ്രസാദ്, വെള്ളത്തൂവല്‍ സ്റ്റീഫന്‍, കെ. വേണു, സിവിക് ചന്ദ്രന്‍, സച്ചിദാനന്ദന്‍ തുടങ്ങി നിരവധി 'അന്യ നാട്ടുകാരുടെ' ജീവിത പുസ്തകത്തില്‍ ഒരു വയനാടന്‍ പര്‍വ്വം നീണ്ടു കിടക്കുന്നുണ്ട്. അവരൊക്കെ വയനാടിനെ കണ്ടെത്താന്‍ ശ്രമിക്കുകയും അതിലൂടെ തങ്ങളെത്തന്നെ കണ്ടെത്തുകയുമായിരുന്നു. ഒരര്‍ത്ഥത്തില്‍ ആര്‍ക്കും അത് ഒരു കണ്ണാടിയായിരുന്നു. അതിനൊക്കെ മുമ്പ് യഥാര്‍ത്ഥ കണ്ടെത്തല്‍ നടത്തിയത് കരിന്തണ്ടന്‍ എന്ന ആദിവാസിയില്‍ നിന്ന് വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴി മനസ്സിലാക്കിയ ബ്രിട്ടീഷ് സായ്പായിരുന്നു. വയനാട് എന്ന ഭൂപ്രദേശത്തിന്റെയൊക്കെ പേറ്റന്റ് കൈവശപ്പെടുത്താനുള്ള ആഗ്രഹമാണ് കരിന്തണ്ടന്റെ കൊലപാതകത്തില്‍ കലാശിച്ചത്. എങ്കിലും ചുരം കയറി പുതിയൊരു ഭൂഖണ്ഡത്തിലേക്ക് കാലെടുത്തുവെക്കുന്ന ഏതൊരാള്‍ക്കും ഒരോര്‍മ്മപ്പെടുത്തലും താക്കീതുമായി കരിന്തണ്ടന്‍ ലക്കിടിയിലൊരു മരത്തില്‍ ബന്ധിക്കപ്പെട്ടു കിടപ്പുണ്ട്. വഴി മനസ്സിലാക്കിയ സായ്പ് വയനാട്ടിന്റെ അധികാരിയും വഴി പറഞ്ഞു കൊടുത്ത ആദിവാസി ബന്ധനസ്ഥനുമായ വിപര്യയം തന്നെയാണ് പിന്നടുണ്ടായ
കുടിയേറ്റങ്ങളിലെല്ലാം  സംഭവിച്ചത്.
വയനാടിനകത്തു തന്നെ ആദിമവാസികളും കുടിയേറ്റക്കാരും രണ്ടായി നില്ക്കും. ഇവര്‍ തമ്മിലുള്ള അതിര്‍ത്തി എവിടെയാണെന്നു പറയുക ബുദ്ധിമുട്ടാവും. കാലപ്പഴക്കത്തില്‍ ഓരോ വിഭാഗവും ആദിമനിവാസികളായി മാറും. എങ്കിലും ആദിവാസികള്‍ എന്ന വിഭാഗത്തിലുള്‍പ്പെട്ടവര്‍ മാത്രമായിരിക്കും മറ്റൊരു നാടില്ലാത്തവരായിട്ടുള്ളത്. കാട് തന്നെയായിരുന്നുവല്ലൊ അവരുടെ നാട്. വയനാടന്‍ ചെട്ടിമാര്‍, ജൈനര്‍ തുടങ്ങിയവരൊക്കെ നൂറ്റാണ്ടുകള്‍ നീണ്ട വയനാടന്‍ വാസത്തിലൂടെ അന്യ നാട് ഇല്ലാത്തവരായിട്ടുണ്ടാവാം. അവര്‍ക്ക് മറ്റൊരു നാട് ഓര്‍മ്മിച്ചെടുക്കാനോ, സങ്കല്പിച്ചെടുക്കാനോ ഇല്ല. എന്നാല്‍ ഉടലും മനസ്സും രണ്ടായി വിഭജിക്കപ്പെട്ടവരാണ് കുടിയേറ്റക്കാര്‍ എന്ന വിഭാഗത്തിലുള്ളവര്‍. ഇങ്ങനെ പലമാതിരി യാഥാര്‍ത്ഥ്യങ്ങളുടെ ഒരു കൊളാഷാണ് വയനാട്. ചിലര്‍ക്കത് വിപ്ലവഭൂമി, മറ്റു ചിലര്‍ക്ക് കുറഞ്ഞ വിലക്ക് ഭൂമി ലഭിക്കുന്ന പ്രദേശം, സസ്യവൈവിദ്ധ്യങ്ങളുടെ പ്രദേശം, പിതൃശാന്തിയുടെ നാട്, ജൈന ക്ഷേത്രങ്ങളുടെയും ഗുഹാചിത്രങ്ങളുടേയും നാട്, ചിലര്‍ക്ക് സ്വന്തദേശം, ചിലര്‍ക്ക് വന്യ ദേശം, മറ്റു ചിലര്‍ക്ക് ഇടത്താവളം. താഴെ നിന്നു നോക്കുമ്പോള്‍ മൂടല്‍ മഞ്ഞു പൊതിഞ്ഞ വയനാട് ഒരൊറ്റ പ്രദേശമാണ്. ചുരം കയറിയെത്തി മൂടല്‍ മഞ്ഞ് വകഞ്ഞു മാറ്റുമ്പോള്‍ മലയും തോടും മനുഷ്യരെയും വേറെ വേറെ കാണുകയും ചെയ്യും.

നഗരങ്ങളെ വളയുന്ന ഗ്രാമങ്ങള്‍

നഗരങ്ങളെ ഗ്രാമങ്ങള്‍ വളയുക എന്ന മാവോ സിദ്ധാന്തത്തിന്റെ പ്രയോഗിക പിന്‍ ബലം നക്‌സല്‍ ബാരി പ്രസ്ഥാനത്തിന് ഏറെ കിട്ടിയ പ്രദേശം വയനാടായിരിക്കും. ഇടക്കിടെ ഗ്രാമങ്ങള്‍ തല നീട്ടുന്ന വലിയൊരു പട്ടണമായി കേരളത്തെ സങ്കല്പിക്കാറുണ്ട്. എന്നാല്‍ വയനാട് ഇതിന്റെ നേര്‍ വിപരീതമാണ്. അക്ഷരാര്‍ത്ഥത്തില്‍ നഗരങ്ങളെ ഗ്രാമങ്ങള്‍ വളഞ്ഞു വെച്ച ഒരു ഭൂപ്രദേശം. കല്പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ പട്ടണങ്ങളെ പൊതിഞ്ഞു നില്ക്കുന്ന ഗ്രാമീണതയും വന്യതയും പട്ടണത്തെപ്പോലും ഗ്രാമമാക്കി മാറ്റുന്നു. പട്ടണത്തിന്റെ വിപരീത ദ്വന്ദ്വങ്ങളല്ല ഈ ഗ്രാമങ്ങള്‍. കാടിന്റെ ഏകാന്തതയും നിശ്ശബ്ദതയും കൂടിച്ചേര്‍ന്ന ഈ ‘വനഗ്രാമങ്ങള്‍‘ ഏതു പട്ടണത്തോടൊപ്പവുമുണ്ട്. കല്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്ന് ടൗണിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍ക്ക് പട്ടണത്തിരക്കിനിടയിലും ഇടക്കിടെ തലനീട്ടുന്ന ഈ ഗ്രാമത്തെ കാണാം. സുല്‍ത്താന്‍ ബത്തേരി ചുങ്കത്തു നിന്ന് കെ. എസ്. ആര്‍. ടി. സി. ബസ്സ്റ്റാന്റ് വരെ യാത്ര ചെയ്താലുമുണ്ട് ഈ അനുഭവം. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഓഫീസ് ,സര്‍വ്വജന ഹൈസ്‌ക്കൂള്‍ എന്നിവയെയെല്ലാം ഒരു നിശബ്ദ ഗ്രാമം പൊതിഞ്ഞു നില്ക്കുന്നു. മാനന്തവാടി ടൗണിനു നടുവില്‍ നിന്നുതന്നെ ഒരു കാട് ഉയര്‍ന്നു വരും.

ആഴ്ചയവസാനത്തിലും അവധി ദിവസങ്ങളിലും വയനാട്ടിലെ നഗരങ്ങള്‍ ആളൊഴിഞ്ഞതാകും. താഴെ നാട്ടില്‍ നിന്നെത്തിയ സര്‍ക്കാര്‍ ജീവനക്കാരായ ഭൂരിപക്ഷമാളുകളും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സ്ഥലം വിടും. വയനാട്ടില്‍ സ്ഥിര താമസമാക്കിയവരാകട്ടെ ആ ദിവസങ്ങളില്‍ വീടുകളില്‍ത്തന്നെ കഴിയുകയും ചെയ്യും. കേരളത്തിലെ മറ്റേതു നഗരങ്ങളേക്കാളും ഭീകരമായ ശൂന്യതയും ഏകാന്തതയും ഒഴിവു ദിനങ്ങളില്‍ വയനാടന്‍ നഗരങ്ങള്‍ക്കുണ്ട്. തിരക്കുള്ള ദിവസങ്ങളില്‍ പാതവക്കിലെ മരച്ചുവടുകളിലും ഇടവഴികളിലും മറ്റുമായി ഒളിഞ്ഞിരിക്കുന്ന ഏകാന്തത ആളൊഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങും. മുളക്കൂട്ടങ്ങള്‍ക്കു പുറകില്‍ പതുങ്ങി നില്ക്കുന്ന ഒറ്റയാനെപ്പോലെ നിങ്ങളെ ആക്രമിക്കും.

വയല്‍നാട്.

വയനാട്ടില്‍ 'വയനാടെ'ന്നൊരു നാടില്ല. അല്ലെങ്കില്‍ എല്ലാനാടും ചേര്‍ന്നതാണ് വയനാട്. നിരവധി വയല്‍ നാടുകള്‍ വയനാട്ടിലുണ്ട്. അമ്പലവയല്‍, നടവയല്‍, കാക്കവയല്‍, പാട്ടവയല്‍, അരിവയല്‍....... അങ്ങനെ പോകുന്നവ. എന്നാല്‍ ഇവയില്‍ പലതും യഥാര്‍ത്ഥ വയലുകളല്ല. വയനാടിനെക്കുറിച്ചുള്ള പുറം നാട്ടുകാരന്റെ സങ്കല്പത്തിന് കാടും, മലയും, കാട്ടുമൃഗങ്ങളും എന്ന പരിമിത വൃത്തം മാത്രമായതില്‍ കുറ്റപ്പെടുത്തേണ്ടകാര്യമില്ല. അത്തരമൊരു ചിത്രമാണ് മറ്റുലോകത്തേക്ക് അത് സംപ്രേഷണം ചെയ്തിട്ടുള്ളത്. എന്നാല്‍ വയലുകളുടെ നാടും കൂടിയാണ് വയനാട്. ചെറിയ ചെറിയ കുന്നുകളുടെ താഴ്‌വരയില്‍ വയലുകളും അതില്‍ സമൃദ്ധമായ നെല്‍കൃഷിയുമാണ് വയനാടിനെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. കാടിനു നടുവിലുള്ള വയലുകളിലും ഇങ്ങനെ കൃഷിനടക്കും. കൂടാതെ കാപ്പി, തേയില, കുരുമുളക്, ഇഞ്ചി എന്നിങ്ങനെയുള്ള കൃഷികള്‍ വേറെയും. അടിസ്ഥാനപരമായി ഒരു കര്‍ഷക ജീവിതമാണ് വയനാട്ടുകാര്‍ ഇപ്പോഴും നയിക്കുന്നത്. താഴെനിന്ന് കുടിയേറിയെത്തിയവര്‍ കണ്ടതും ഭൂമിയും കൃഷിയുമല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടാണ് കൃഷി ഇനി സാദ്ധ്യമല്ല എന്നുവരുമ്പോള്‍ ജീവിതം ഇനി സാദ്ധ്യമല്ല എന്നൊരര്‍ഥം അതിനുകൈവരുന്നത്. ചിലരൊക്കെ കൃഷിയുടെ പുതിയ ഇടങ്ങള്‍ തേടി കുടകിലേക്കും മറ്റും പോയി. കുടകില്‍ ഇഞ്ചിപ്പണിക്കുപോയ ആദിവാസി സ്ത്രീ പുരുഷന്മാരിലേറെപ്പേര്‍ മടങ്ങി വരാത്തവരായി മാറി, ശൂന്യതയില്‍ വിലയം പ്രാപിച്ചു.

വയനാടിന്റെ ഭൂമിയും ഭൗതികതയുമെല്ലാം എഴുത്തുകാര്‍ക്കും തങ്ങളെ കണ്ടെത്താനുള്ള ഇടങ്ങള്‍ കൂടിയായിരുന്നു. കര്‍ഷകയുവാക്കളെ ആകര്‍ഷിച്ചടുപ്പിച്ച് അവരുടെ രക്തമൂറ്റിക്കുടിക്കുന്ന വിഷ കന്യകയാണ് വയനാടന്‍ ഭൂമി എസ്. കെ. പൊറ്റെക്കാടിന്റെ ‘വിഷകന്യക‘യില്‍ പ്രത്യക്ഷപ്പെടുന്നത്. എം. ടി യുടെ'നാലുകെട്ടിലെ'  അപ്പുണ്ണി നാടുപേക്ഷിച്ചു പോകുന്നത് വയനാട്ടിലേക്കാണെന്നത് അത്ഭുതകരമായി തോന്നാം. അക്കാലത്തൊക്കെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ജോലിതേടി നഗരങ്ങളിലേക്കാണ് പോയിരുന്നത്. എന്നാല്‍ അപ്പുണ്ണി കൂടല്ലൂരില്‍ നിന്ന് കോഴിക്കോട് നഗരവും കടന്ന് വയനാട്ടിലെത്തുന്നത്. ഉറൂബിന്റെ 'ഉമ്മാച്ചു'  വിലെ മായന്‍, ബീരാനെ കൊലപ്പെടുത്തിയശേഷം വയനാട്ടിലെത്തി സ്വര്‍ണ്ണമരിക്കല്‍ ജോലിയെടുത്തു കഴിഞ്ഞു. നെല്ലും (പി. വത്സല) മാവേലിമന്റവും ( കെ. ജെ. ബേബി) വയനാടിനകത്തു നിന്നു കൊണ്ടുള്ള കുറേക്കൂടി സമഗ്രമായ വയനാടന്‍ ആഖ്യാനങ്ങളാണ്.

വയനാട്ടിലെ മഴ

വയനാട്ടിലെ മഴകൂടി കണ്ടിട്ടാവണം സച്ചിദാനന്ദന്‍ 'മഴയുടെ നാനാര്‍ത്ഥമെഴുതിയത്. 'ബഹുസ്വരതയാണ് വയനാടന്‍ മഴകളുടെ പ്രത്യേകത. വൈത്തിരിയിലൊക്കെ പണ്ട് നിത്യേനയെന്നോണം മഴയായിരുന്നെന്നു കേട്ടിട്ടുണ്ട്. മഴയുടെ നേര്‍ത്ത നൂലുകള്‍ 365 ദിവസവും പാറി വീണു കൊണ്ടിരിക്കും. വൈത്തിരിക്കടുത്താണ് ലക്കിടി. പടിഞ്ഞാറു നിന്നെത്തുന്ന മേഘങ്ങളുടെ ആദ്യത്തെ വിശ്രാന്തി സ്ഥലമാണ് ലക്കിടി. മേഘാലയയെക്കുറിച്ചു പറയുന്നതുപോലെ മേഘങ്ങളുടെ മറ്റൊരു വീട് ലക്കിടിയില്‍ നിന്നു കിഴക്കോട്ടു സഞ്ചരിച്ച് മുത്തങ്ങയും കടന്ന് വയനാടിന്റെ അതിര്‍ത്തി പിന്തുടര്‍ന്നതോടെ മഴയുടെ പ്രഭാവം മെല്ലെ കുറയുകയും കര്‍ണ്ണാടകത്തിന്റെ ഈഷരത തെളിയുകയും ചെയ്യും. അലക്‌സാണ്ടര്‍ ഫ്രേറ്ററുടെ 'മണ്‍സൂണ്‍ അനുയാത്ര' (Chasing the Monsoon) തിരുവനന്തപുരം മുതല്‍ ആസ്സാമിലെ ചിറാപുഞ്ചിവരെയായിരുന്നു. അതില്‍ വയനാട് ഉള്‍പ്പെട്ടിരുന്നില്ല. വയനാട്ടില്‍ അദ്ദേഹം എത്തിയിരുന്നെങ്കില്‍ മഴയുടെ മറ്റൊരു നടനദൃശ്യത്തിന് സാക്ഷിയാവുകയും അതുതന്നെ മറ്റൊരു പുസ്തകത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥ ചിറാപുഞ്ചി അന്വേഷിച്ചു പോയ അദ്ദേഹത്തോട് കേരളത്തിലെ ചിറാപുഞ്ചി വയനാട്ടിലാണെന്ന് ഓര്‍മ്മിപ്പിക്കാനും ആരുമുണ്ടാവില്ല.
വയനാട്ടിലാകെ പെയ്യുന്ന മഴയുടെ വരവേല്പു കേന്ദ്രമായ ലക്കിടിയിലും, വൈത്തിരിയിലും തന്നെയാണ് മഴ അതിന്റെ നാനാഭാവങ്ങളോടെ നിറഞ്ഞാടുന്നത്. ചാഞ്ഞും ചെരിഞ്ഞും ഇടത്തും വലത്തുമായി പാറി വീഴുന്ന നൂല്‍മഴ പെയ്യുന്നതേറേയും വൈത്തിരിയില്‍ തന്നെയാണ്. നൂല്‍ മഴയും നൂല്‍പ്പുഴയും തമ്മില്‍ ബന്ധമൊന്നുമില്ല. നൂല്‍പ്പുഴ എന്നത് നൂലുപോലുള്ള ഒരു തോടുമാത്രമാണെന്ന് വയനാട്ടുകാര്‍ക്കറിയാം. കബനിയല്ലാതെ പുഴയെന്നു വിളിക്കാവുന്ന ജലസ്രോതസ്സുകളൊന്നും വയനാട്ടിലില്ല.
ലക്കിടിയില്‍ പണ്ടേ സ്ഥാപിച്ചൊരു മഴ മാപിനിയുണ്ട്. വൈത്തിരി തഹസില്‍ദാര്‍ക്കാണ് അന്നന്നത്തെ അളവ് രേഖപ്പെടുത്തി അയയ്ക്കാനുള്ള ചുമതല. ഏതു മഴ പെയ്താലും ജലത്തിന്റെ അളവ് മാത്രം രേഖപ്പെടുത്താനുള്ള അറിവേ മഴമാപിനിക്കുള്ളൂ. അതിന്റെ അഴകളവുകള്‍ വെറും കണ്ണു കൊണ്ടുതന്നെ അളന്നു കാണണം. അത് തഹസില്‍ദാറുടെ ജോലിയുമല്ല.
തിമര്‍ത്തു പെയ്യുന്ന വയനാടന്‍ മഴയുടെ പല വേഷവിധാനങ്ങള്‍ ധാരാളമായി ഞാനും കണ്ടിട്ടുണ്ട്. രണ്ടു കുന്നുകള്‍ക്കിടയിലുള്ള കാഴ്ചയുടെ നൂല്‍പ്പാലം പൊട്ടി, കുന്നുകളും അതിലെ വീടുകളും പിന്നെയും ഏകാകികളായി മാറുന്നത് നോക്കി നിന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട മഴ തോര്‍ന്ന്, കാഴ്ച തെളിഞ്ഞ് വീടിനു പുറത്തു വരുമ്പോള്‍ അവരാരും ഇതിനു മുമ്പ് കണ്ട മനുഷ്യരല്ലെന്ന് തോന്നിപ്പോകും. ദിവസങ്ങളുടെ ഒറ്റപ്പെടലിന്റെ മഴ കുടിച്ചു വറ്റിച്ചാണ് അവര്‍ പുറത്തു വരുന്നത്. ഷില്ലോങ്ങിലെ ജനങ്ങളെക്കുറിച്ച് തലച്ചോറിലും വെള്ളം കയറിയവരെന്ന് അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ തന്റെ പുസ്‌തകത്തില്‍ പറഞ്ഞത് വയനാട്ടുകാര്‍ക്കും യോജിക്കും.

വയനാട്ടിലായാലും ഏതു നാട്ടിലായാലും നിബിഡ വനത്തിനുള്ളില്‍ പെയ്യുന്ന മഴ എപ്രകാരമെന്നു കാണാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. വന്യതയുടെ ആഴത്തില്‍ മഴ പെരുകുമ്പോള്‍ അണു വിസ്‌ഫോടനം പോലെ പലമടങ്ങ് വര്‍ദ്ധിക്കുന്ന ഏകാന്തതയെ നേരിടാനുള്ള കരളുറപ്പും ഭൗതികമായ കരുത്തും ഇല്ലാത്തതാണ് ഒരു കാരണം. സംഘം ചേര്‍ന്നാലും പ്രതിരോധിക്കാവുന്നതാവില്ല ആ ഭീകര നടന പ്രത്യക്ഷമെന്ന് തോന്നുന്നു. എന്നാല്‍ കാട്ടിലെ കാണാത്ത മഴയല്ല വയലിലെ മഴ. അതല്ല പുഴയിലെ മഴ. പൂക്കോട്ട് തടാകത്തില്‍ മഴ തിമിര്‍ക്കുന്നത് നോക്കി നിന്നാല്‍ ആകാശത്തിന്റെയും തടാകത്തിന്റെയും അതിരുകളെ അത് മായ്ച്ചു കളയുന്നത് കാണാം. തിരുനെല്ലിക്കാട്ടിലെ പക്ഷി പാതാളത്തില്‍ മഴയത്ത് പെട്ടുപോകുന്ന ഒരാളായി സങ്കല്‍പിച്ചു നോക്കാന്‍ പോലും ധൈര്യമുണ്ടായിട്ടില്ല.

രാഷ്ട്രീയ മഴകള്‍

നമ്മള്‍ കാണുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയമോ ജയ പരാജയങ്ങളോ അല്ലാതെ വയനാടിന് ഒരു ആന്തരിക രാഷ്ട്രീയമുണ്ട്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിനും കീഴ് നാട്ടുകാര്‍ക്കും മനസ്സിലാക്കാന്‍ വിഷമമുള്ള ഒന്ന്. വയനാട്ടില്‍ രാഷ്ട്രീയം ഏതൊക്കെ ഋതുസംക്രമണങ്ങളിലൂടെയാണ് പ്രത്യക്ഷമായതും അപ്രത്യക്ഷമായതും? മഴയായി പെയ്ത് വെയിലായി തിളച്ച് മഞ്ഞായുറഞ്ഞ് കോടമഞ്ഞില്‍ പരസ്പരം കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം മറയുകയാണോ അത് ചെയ്തത്. വയനാട് അതിന്റെ രാഷ്ട്രീയവും കൊണ്ടാണ് ആരുടെയും ധാരണയില്‍ ആദ്യമെത്തുന്നത്. നക്‌സലൈറ്റ് പ്രസ്ഥാനം, വര്‍ഗ്ഗീസ്, മുത്തങ്ങ അങ്ങനെ പലതും പെട്ടെന്ന് ഓര്‍മ്മയിലെത്തും. മൈസൂര്‍ രാജാക്കന്മാരും, പഴശ്ശി സമരങ്ങളും, ബ്രിട്ടീഷ് ഇടപെടലുകളും അല്പം കൂടി പഴയൊരു കാലത്തിന്റേതാണ്. വയനാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ശ്രമിച്ച ഭരണാധികാരികളും സാധാരണ ജനങ്ങളിലേറേയും അന്യനാട്ടുകാരുമായിരുന്നു. വയനാട്ടിലെ ആദിവാസികളുമായി ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയ പഴശ്ശിരാജ കോട്ടയം രാജവംശത്തിലെ അനന്തരാവകാശിയായിരുന്നു. തന്റെ ഒളിപ്പോരാട്ടങ്ങള്‍ക്കു പറ്റിയ ഭൂമി എന്നതു കൂടിയായിരുന്നു വയനാടിനെ പഴശ്ശിയുടെ സമരരംഗമാക്കിയത്. ടിപ്പുസുല്‍ത്താന്‍ വന്നത് മൈസൂരില്‍ നിന്നായിരുന്നു.

നാടിനേക്കാള്‍ കാടുകള്‍ നിറഞ്ഞ ഈ ഭൂപ്രദേശം എന്നും സമരങ്ങളുടെ ഭൂമിയായിരുന്നു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. വയനാട്ടില്‍ ഞാനെത്തുന്നതിനേറെ മുമ്പ് പെയ്‌തൊഴിഞ്ഞ വലിയൊരു മേഘമായിരുന്നു വര്‍ഗ്ഗീസ്. അതിന്റെ ഇറ്റു വീഴുന്ന തുള്ളികളായിരുന്നു പില്‍ക്കാല നക്‌സലൈറ്റ് പ്രസ്ഥാനം. കേരളത്തിലെ ഏതൊരു നക്‌സല്‍ പ്രവര്‍ത്തകനും വയനാടുമായി ബന്ധമുണ്ടായിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ തലസ്ഥാനം വയനാടായിരുന്നു. വയനാടന്‍ ജനതയിലെ കഴിഞ്ഞ തലമുറയിലെ വലിയൊരു ഭാഗം ആ പ്രസ്ഥാനവുമായി പല വിധത്തില്‍ അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ശാരീരികമായ പീഢകളും, പില്‍ക്കാലത്ത് മാനസികമായ ശൂന്യതയും അവര്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്.

താഴെ നാട്ടില്‍ നിന്നെത്തിയ പലരും അവരുടെ രാഷ്ട്രീയവും പാരിസ്ഥിതികവുമായ നിലപാടുകളുടെ അടിസ്ഥാനം രൂപീകരിച്ചത് വയനാട്ടില്‍ നിന്നായിരുന്നു. സിവിക് ചന്ദ്രന്റെ ഔദ്യോഗികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു കാലം വയനാട്ടിലായിരുന്നു. സാരംഗ് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അവരുടെ അദ്ധ്യാപക ജീവിതത്തിനു തുടക്കമിടുന്നത് ഇവിടെ നിന്നാണ്. പരിസ്ഥിതി പ്രവര്‍ത്തകനായ പി. കെ. ഉത്തമന്‍ വളരെക്കാലം വയനാടന്‍ കാടുകളിലലഞ്ഞിട്ടുണ്ട്. അങ്ങനെ അലഞ്ഞവര്‍ക്കും അന്വേഷിച്ചവര്‍ക്കും വഴികളും വഴിത്തിരിവുകളും നല്കിയിട്ടുണ്ട് ഈ നാട്.

ജോണ്‍ മ(ര)ണം.

ജന്മനാ സഞ്ചാരിയായിരുന്ന ജോണ്‍ അബ്രഹാമിന് വയനാട്ടില്‍ പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. 'അമ്മ അറിയാന്‍' എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങളുടെ വലിയൊരു പങ്ക് വയനാടുമായി ബന്ധപ്പെട്ടാണ് നടന്നത്. കേരളത്തിലെ ആദ്യത്തെ ജനകീയ സിനിമയായ 'അമ്മഅറിയാന്‍' നിര്‍മ്മിക്കുന്നതിനുള്ള മൂലധനം നാട്ടുകാരില്‍ നിന്ന് ചെറിയ വിഹിതം സ്വരുക്കൂട്ടിയാണ് കണ്ടെത്തിയത്.
1987 ലെ മെയ് മാസത്തിലെ അവസാന ദിവസം വൈകുന്നേരം സൂല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസിനു മുന്നില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കോഴിക്കോട് ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ജോണ്‍ അബ്രഹാം മരിച്ച വിവരം ആരോ വന്ന് എന്റെ സഹപ്രവര്‍ത്തകനായിരുന്ന കോയാമുവിനെ അറിയിക്കുന്നത്. ജോണ്‍ ജീവിച്ച രീതികളുടെ ഒരു സ്വാഭാവിക പരിണാമം അദ്ദേഹത്തിന്റെ മരണത്തിനുമുണ്ടായിരുന്നു. ജോണിലെ സിനിമക്കാരനെന്നതിലുപരി നാട്ടുകാരോടിടപഴകി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതമാണ് കോയാമുവിനും മറ്റു പലര്‍ക്കും പ്രിയപ്പെട്ടതായത്.  ജോണിന് വയനാട്ടില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ മരണശേഷവും കോയാമുവിന്റെ അനുഭവവിവരണങ്ങളിലൂടെയുമാണ് അറിഞ്ഞത്. 'അമ്മ അറിയാന്‍' എന്ന സിനിമയിലൂടെ വയനാടിന്റെ രാഷ്ട്രീയം ഉള്ളില്‍ വഹിച്ചവരിലൊരാളായിരുന്നു ജോണെന്ന് വയനാട്ടുകാര്‍ കരുതി. വയനാട്ടില്‍ വെച്ച് തൂങ്ങി മരിച്ച വിപ്ലവപ്രവര്‍ത്തകനും കലാകാരനുമായിരുന്ന ഹരിയുടെ മരണ വിവരം കൊച്ചിയിലുള്ള അമ്മയെ അറിയിക്കാനുള്ള യാത്രയാണ് 'അമ്മ അറിയാന്‍' എന്ന സിനിമ. ജോണ്‍ പലര്‍ക്കും പലതായിരുന്നു. കവിതകളായും കഥകളായും സിനിമകളായും ഹ്യൂമറുകളായും അതിലും വലിയ ജീവിതമായും കടന്നു പോയ ജോണ്‍ മുഴുവന്‍ പെയ്യാത്ത മേഘമായി അവശേഷിച്ചു. ' അമ്മ അറിയാന്‍' പുറത്തു വന്നിട്ട് 25 വര്‍ഷമായി. ജോണ്‍ മരിച്ചിട്ട് 24 വര്‍ഷവും. ആ സന്ദര്‍ഭത്തില്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാനും ജോണിനെ അനുസ്മരിക്കാനും വയനാട്ടിലെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെങ്കിലും അനുഭാവ സമീപനം കുറവായിരുന്നതിനാല്‍ ആ പരിശ്രമം ഉപേക്ഷിച്ചു എന്നവര്‍ പറഞ്ഞു. ഇത് എന്നെ അത്ഭുതപ്പെടുത്തി. ജോണിനെയും അവര്‍ മറന്നു കളയുകയാണോ ?

വയനാടന്‍ കാല പ്രമാണങ്ങള്‍

നിരവധി സംസ്‌ക്കാരവൈജാത്യങ്ങളെ ഉള്ളിലേറ്റുന്ന പോലെ അനന്ത കാലത്തിന്റെ അവശിഷ്ട രേഖകളും വയനാട് കാത്തു സൂക്ഷിക്കുന്നുണ്ട്. ചരിത്രത്തിന്റെ പ്രാചീനതകള്‍ എടക്കല്‍  ഗുഹയിലും തിരുനെല്ലിയിലും ജൈന ബസ്തികളിലും വള്ളിയൂര്‍ക്കാവിലും മറ്റുമായി ചിതറിക്കിടക്കുനനു. എടക്കല്‍ ഗുഹാ ചിത്രങ്ങളാണ് അതി പ്രാചീന കാലത്തിന്റെ അവശേഷിപ്പുകളായി ഇപ്പോഴുമുള്ളത്. എണ്ണായിരത്തിലധികം വര്‍ഷങ്ങളാണ് ഇതിന്റെ കാലപ്പഴക്കമെന്ന് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. തിരുനെല്ലി, വള്ളിയൂര്‍ക്കാവ് ക്ഷേത്രങ്ങളും, നിരവധി ജൈനക്ഷേത്രങ്ങളും ദീര്‍ഘകാലത്തെ സംസ്‌ക്കാരത്തിന്റെ ചിഹ്നങ്ങളായി ബാക്കി നില്ക്കുന്നു. വ്യാപാരവുമായി ബന്ധപ്പെട്ടതാണ് വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ പ്രാചീനത. ആദിവാസികളെ അടിമകളാക്കി വില്പന നടത്തിയിരുന്നത് വള്ളിയൂര്‍ക്കാവ് ഉത്സവത്തിനാണ്. എട്ട് ഉറുപ്പികക്ക് കൈപ്പാടന്‍ എന്ന അടിമയെ അമ്പു നായര്‍ എന്ന ഉടമ സുബ്ബരായ പട്ടര്‍ക്ക് പണയം വെച്ചതിന്റെ രേഖ 'മാവേലി മന്റം' എന്ന നോവലില്‍ കെ. ജെ. ബേബി ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. വയനാട് തുക്കിടി കോടതിയിലെ 1834 ലെ രേഖയാണത്. എന്നാല്‍ അടിമ വ്യാപാരം ഏറെ പഴയതല്ലാത്ത കാലം വരെയും പല പ്രകാരത്തിലും ഇവിടെ നില നിന്നിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വ്യാപാരങ്ങളില്‍ ഒന്നു മാത്രമായിരുന്നു ആദിവാസി വ്യാപാരം. കേരളത്തിലും കേരളത്തിനു പുറത്തു നിന്നുമായി ധാരാളമാളുകള്‍ ഈ വ്യാപാരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുകയും ചെയ്തിരിക്കണം.
ജൈനമത വിശ്വാസികളും ജൈനക്ഷേത്രങ്ങളും ഇപ്പോഴും ഏറെയുള്ള പ്രദേശമാണ് വയനാട്. മറ്റു മതക്കാര്‍ക്കൊപ്പം ജൈനരും ആദിവാസികളും ഇടകലര്‍ന്നു ജീവിക്കുന്ന പ്രദേശമെന്ന വ്യത്യസ്തത വയനാടിനു മാത്രമുള്ളതാണ്. ജൈനമതത്തിന്റെ സ്വാധീനത അതിനു മുമ്പ് ഒരു ബൗദ്ധ കേന്ദ്രം വയനാട്ടില്‍ നിലനിന്നിരുന്നതിന്റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നു. രാമായണത്തിന്റെ നിരവധി വ്യത്യസ്ത പാഠങ്ങള്‍ വയനാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളുള്ള സ്ഥലനാമങ്ങളും ക്ഷേത്രങ്ങളുമുണ്ട്. പുല്‍പള്ളിയില്‍ സീതാ ദേവി ക്ഷേത്രവും സീതാമൗണ്ട് എന്ന സ്ഥലനാമവുമുണ്ട്. അമ്പു കുത്തി മലയ്ക്ക് ലവ കുശന്മാരുമായി ബന്ധം കല്പിക്കപ്പെട്ടിരിക്കുന്നു. കാളിന്ദി എന്ന പേരില്‍ ഒരു നദിയുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട സ്ഥല നാമങ്ങളും രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളും ഇത്ര ചെറിയൊരു പ്രദേശത്ത് എങ്ങനെയുണ്ടായി എന്ന അന്വേഷണം ഇന്നു നാം കാണുന്ന വയനാടിന്റെ അടിയിലുള്ള മറ്റൊരു വയനാടിനെ കാണിച്ചു തരേണ്ടതാണ്.
പതിനാറാം നൂറ്റാണ്ടുവരെ തേക്കേ ഇന്ത്യയിലെ സമൃദ്ധമായ സ്ഥലങ്ങളിലൊന്നായി നിലനിന്നിരുന്നതായി പറയപ്പെടുന്ന ഈ പ്രദേശത്തിന് പിന്നീടെന്ത് സംഭവിച്ചു? 'മാവേലി മന്റ'ത്തില്‍ നോവലിസ്റ്റ് വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഒരു മാവേലിക്കാലം വയനാട്ടില്‍ നിലനിന്നിരുന്നു എന്നു കരുതാനുള്ള ന്യായങ്ങളെല്ലാമുണ്ട്. കാര്‍ഷികസംസ്‌ക്കാരം (agriculture) പ്രബലമായിരുന്ന ഏതു നാട്ടിലും സംസ്‌ക്കാരത്തിനും (culture) മുന്‍തൂക്കമുണ്ടാവും. വയലുകളുടെയും, കൃഷിയിടങ്ങളുടെയും നാടാണ് വയനാട്. നെല്‍ വയലുകള്‍ ഭക്ഷ്യ സമൃദ്ധിയുടേയും അതുവഴി സാമ്പത്തിക സമൃദ്ധിയുടേയും കാരണമായിത്തീര്‍ന്ന ചരിത്രം കേരളത്തിലെ മറ്റു പ്രദേശങ്ങള്‍ക്കുണ്ട്. ഒരു കാലത്ത് സമൃദ്ധമായിരുന്ന പാലക്കാടന്‍ നെല്‍ വയലുകളാണ് വള്ളുവനാടന്‍ സംസ്‌ക്കാരത്തിന്റെ ആധാരങ്ങളിലൊന്ന്. ഈ വള്ളുവനാടിനു വേണ്ടിയാണ് വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ യുദ്ധം ചെയ്തത്. വള്ളിയൂര്‍ക്കാവില്‍ വലിയ തോതില്‍ വ്യാപാരം നടന്നിട്ടുണ്ടെങ്കില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്കുള്ള ഉല്പന്ന സമൃദ്ധിയും സാമ്പത്തിക സമൃദ്ധിയും അവിടെ ഉണ്ടായിരുന്നിരിക്കും. ഒരു കാലത്ത് കീഴ്‌നാടുകളെയും സ്വാധീനിക്കാന്‍ കെല്പുണ്ടായിരുന്ന ഈ ഭൂപ്രദേശം പിന്നീടെന്നാവും എങ്ങനെയാവും ഒരു പാര്‍ശ്വവല്‍കൃത പ്രദേശമായത്?

നാട്ടില്‍ പാര്‍ക്കും വയനാട്ടുകാര്‍

വയനാട്ടില്‍ നിന്നുത്ഭവിക്കുന്ന പല നീര്‍ച്ചാലുകള്‍ പലപേരുകളില്‍ തിടം വെച്ചൊഴുകി കേരളം വിടും മുമ്പ് കബനിയായിത്തീരുന്നു. കബനി പിന്നീട് കാവേരിയായി മാറുന്നു. കാവേരി എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലത്തര്‍ക്കമാണ്. വയനാട്ടിലെ രാഷ്ട്രീയ കാലാവസ്ഥയുടെ മാപിനി കൂടിയായിരുന്നു കബനി. അതുകൊണ്ടാണ് പി. എ. ബക്കര്‍ തന്റെ ചിത്രത്തിന് 'കബനീ നദി ചുവന്നപ്പോള്‍' എന്ന് പേരിട്ടത്. സിവിക് ചന്ദ്രന്റെ മക്കളിലൊരാളുടെ പേര് കബനി എന്നായത് അദ്ദേഹത്തിന്റെ വയനാടന്‍ ജീവിത പര്‍വ്വത്തിന്റെ ബാക്കി പത്രമാവാം. വെറുതെ ഒഴുകി മറയുന്ന ജലത്തിന്റെ പെയ്ത്ത് മാത്രമായി വയനാട്ടിലെ മഴയും, അതിന്റെ വാഹനമായി കബനിയും മാറിക്കഴിഞ്ഞ കാലത്ത് മഴയെന്നാല്‍ ഉരുള്‍ പൊട്ടലും, വെള്ളപ്പൊക്കവും മലയിടിച്ചിലും മാത്രമാണെന്നുവരാം. മഴയുടെ കേവല സൗന്ദര്യം ആസ്വദിക്കാവുന്ന കാലം ഇനി നിലനില്‍ക്കണമെന്നില്ല.

മലയാളികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ളപോലെ വയനാട്ടുകാര്‍ നാടിന്റെ നാനാഭാഗങ്ങളിലും പാര്‍ക്കുന്നു. അവരിലേറെയും വയനാട്ടില്‍ ജനിച്ചവരോ വയനാട്ടില്‍ ഭൂമിയോ ബന്ധുജനങ്ങളോ ഉള്ളവരോ അല്ല. വയനാടിനെ ചിന്തയിലും പ്രവര്‍ത്തിയിലും സൂക്ഷിക്കുന്നവരാണവര്‍. അപേക്ഷ നല്‍കാതെ ആര്‍ക്കും പൗരത്വം നല്‍കുന്ന നാടാണ് വയനാട്. എവിടെ താമസിച്ചാലും അവര്‍ വയനാട്ടുകാര്‍ തന്നെ. സിവിക് ചന്ദ്രനും അജിതയും കോഴിക്കോട് താമസിക്കും. കെ. വേണുവും ശ്രീധരനും ചന്ദ്രശേഖരനും തൃശ്ശൂരിലും രവിയും ടോമും മുഹമ്മദും കണ്ണൂരിലും അശ്വിന്‍ കുമാര്‍ തിരുവനന്തപുരത്തും താമസിക്കുന്ന വയനാട്ടുകാരാണ്. രാജേന്ദ്രന്‍ തലശ്ശേരിയിലും ഫെലിക്‌സ് എറണാകുളത്തും, ജയിംസ് കോട്ടയത്തും ഷാജിലാല്‍ തിരുവനന്തപുരത്തും ശ്മശാനങ്ങളിലുറങ്ങുന്ന വയനാട്ടുകാരാണ്.
കേരളത്തിലെ ചിറാപുഞ്ചിയായിരുന്ന വയനാട്ടിലെ മഴ ഏറെ കേരളീയര്‍ നനഞ്ഞിട്ടുണ്ട്. ഈ മഴക്കാലത്തുമവര്‍ നാനാനാടുകളിലിരുന്ന് അതേ മഴ നനയുന്നുണ്ടാവും, എന്നെപ്പോലെ.(കടപ്പാട്:പച്ചക്കുതിര,ജൂലൈ,2011)

6 comments:

 1. എത്ര എഴുതിയാലും തീരില്ല വയനാടൻ വിശേഷങ്ങൾ, ഇനി എത്ര കാലം കൂടി ആ പ്രകൃതി അതേപടി നില്ക്കും എന്ന് ആർക്കറിയാം.

  ReplyDelete
 2. വയനാട് നശിച്ചു കൊണ്ടിരിക്കയാണ്.വയനാട്ടിലെ മഴ ഇപ്പോഴും സുന്ദരം തന്നെ.പക്ഷെ,അത് എത്ര കാലമുണ്ടാകുമെന്ന് അറിയില്ല..

  ReplyDelete
 3. വയനാടന്‍ വിശേഷങ്ങള്‍ നന്നായി!

  ReplyDelete
 4. വയനാടന്‍ വിശേഷങ്ങള്‍ നന്നായി!

  ReplyDelete
 5. Vayal naadukale kurichulla ningalude blog valare manoharamayirikkunnu. John abrahaminte utta suhruthaaya prof sobheendran sir nte oru sishyanaanu njan .

  ReplyDelete