ആരോര്‍ക്കുന്നുണ്ടാവും സനില്‍ ദാസിനെ?കവിയും പത്രപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായിരുന്ന സനില്‍ദാസ് 1981 മാര്‍ച്ച് 31ന് ആത്മഹത്യ ചെയ്തു.ഇന്നേയ്ക്ക് കൃത്യം മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ്. എണ്‍പതുകളുടെ(ഹാ!എണ്‍പതുകള്‍)ഒരു ഉല്പന്നമായിരുന്നു സനില്‍ദാസ്.അന്നൊക്കെ സമാന്തര മാസികാ പ്രവര്‍ത്തനവും സാര്‍വ്വത്രികമായ ഒരു സാംസ്കാരികപ്രവര്‍ത്തനം തന്നെയായിരുന്നു.സനില്‍ദാസും’നാവ്’എന്ന പേരില്‍ ഒരു ചെറുമാസികപുറത്തിറക്കിയിരുന്നു.അതിന്റെ ഒരു ലക്കം ഇപ്പോഴും എന്റെ കൈവശമുണ്ട്.അന്നത്തെ സാംസ്കാരികാന്തരീക്ഷത്തില്‍ എന്തെങ്കിലും ഗൌരവതരമായ ഇടപെടല്‍ അതുകൊണ്ടു സാധ്യമായോ എന്ന് എനിക്കറിഞ്ഞുകൂടാ.സനില്‍ദാസിനെ മറന്നപോലെ ആമാസികയും മറവിയിലാണ്ടുപോയി.മരണാനന്തരം അയാളുടെ ഒരു കവിതാപുസ്തകം പുറത്തിറങ്ങുകയുണ്ടായി-‘ഘടികാര‘മെന്നപേരില്‍.നിയോഗം ബുക്സിന്റെ പേരില്‍ കെ.എന്‍.ഷാജിയാണ് അതിനു മുന്‍കയ്യെടുത്തത്.(സനില്‍ദാസ് എഴുതിവെച്ച അന്ത്യ സന്ദേശങ്ങളിലൊന്ന് ഷാജിക്കുള്ളതായിരുന്നു).ജീവിച്ചിരുന്നപ്പൊള്‍ അയാള്‍ എറെ കൊതിച്ചതും എന്നാല്‍ നടക്കാതെ പോയതുമായ ഒരു കാര്യം.ഒരു പക്ഷെ മരണത്തിനുമുന്പ് ആ പുസ്തകമിറങ്ങിയിരുന്നുവെങ്കില്‍ അയാളുടെ മരണം നീട്ടി വെക്കപ്പെടുമായിരുന്നുവോ?അറിഞ്ഞുകൂടാ.


‘ബലിക്കുറിപ്പുകള്‍’ എന്ന കവിതയില്‍ സനില്‍ദാസ് ഇങ്ങനെയെഴുതി:
ആറാമിന്ദ്രിയത്തിലൂടെയെനിക്കൊരു
മരണസന്ദേശമെത്തുന്നു.
പഞ്ച ഭൂതങ്ങളേയും കുടിയിരുത്തി
പഞ്ചലോഹങ്ങളുമുരുക്കിച്ചേര്‍ത്ത വാളുമേന്തി
വെളിച്ചപ്പാടിനെപ്പോലെ
വെളിപാടുമായ്
കലിയുറഞ്ഞു തുള്ളി
മരണ സന്ദേശമെന്നിലെത്തുന്നു...
വളരെയേറെ ആത്മബന്ധം ഞാനും സനില്‍ദാസും തമ്മില്‍ഊണ്ടായിട്ടില്ല.ഈയിടെ ചിതലരിച്ച പഴയപുസ്തകങ്ങള്‍ മാറ്റിവെക്കുമ്പോള്‍ സനില്‍ദാസിന്റെ കവിതാപുസ്തകവും മാസികയും അയാള്‍ എനിക്കയച്ച രണ്ടുമൂന്ന് കത്തുകളും കണ്ടുകിട്ടി.അവ ചിതലരിക്കാതെ എനിക്കുവേണ്ടി ഇക്കാലമത്രയും കാത്തിരുന്നതാവണം.15പൈസ കാര്‍ഡില്‍ ഭംഗിയുള്ള കൈയക്ഷരങ്ങളില്‍ ചുവന്നമഷികൊണ്ട് അയാളെഴുതിയതൊന്നും നിറം മങ്ങിയിട്ടില്ല.
സനില്‍ദാസ് കേരളവര്‍മ്മാ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.ഈയിടെ അവിടെ തമ്പി മാഷിന്റെ(വി.ജി.തമ്പി)വിരമിക്കല്‍ ചടങ്ങുകളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടന്നുവെന്നു കേട്ടു.അപ്പോഴെങ്ങാനും സനില്‍ദാസിനെ അനുസ്മരിക്കുകയുണ്ടായോ?വേണ്ടതായിരുന്നു.സനില്‍ ദാസിന്റെ തലമുറയുടെ വിഹ്വലകാലത്തിലൂടെ കടന്നുപോന്ന തമ്പിമാഷും സി.ആര്.രാജഗോപാലന്‍ മാഷും ഹിരണ്യന് മാഷുമൊക്കെ അവിടെയുണ്ടായിരുന്നുവല്ലൊ.എന്നാല്‍കാര്യങ്ങള്‍ എഴുപതുകളെക്കുറിച്ച് ഹിരണ്യന് ഭാഷാപോഷിണീയിലെഴുതിയ കവിതയിലെ(ക്ലാസ്സ്മേറ്റ്സ്/മാര്‍ച്ച് 2011)പ്പോലെയാകുന്നതാണ്(ഉദയം കാണാന്‍ ഉറക്കമൊഴിച്ചൊരാ/പഴയമൌഡ്ഡ്യങ്ങള്‍ എല്ലാം മറക്കുക/തെരുവിലെ സൂര്യോദയം കണികാണാന്‍ /കവിത തീര്‍ത്തതുമിന്നു മറക്കുക) കൂടുതല്‍ എളുപ്പം!നമ്മളെയൊക്കെ അത്തരമൊരു രൂപാന്തരണത്തിനു കാലം വിധേയപ്പെടുത്തിയിരിക്കുന്നു.പക്ഷേ,സനില്‍ദാസിന്റെ കാലം ഇതല്ല.അത് മുപ്പതാണ്ടുകള്‍ക്കപ്പുറത്താണ്.അവിടേക്കെത്താന്‍ കുറെയേറെ ദൂരം സഞ്ചരിക്കുകതന്നെ വേണം.

ജനനം:29.8.1960
മരണം:31.3.1981
അച്ഛന്:ഇട്ട്യേടത്ത് ചന്ദ്രന്
അമ്മ:സരോജിനി
മണ്ണുത്തിയില്‍ ജനിച്ചു.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബി.എസ്.സി(ബോട്ടണി)പൂര്‍ത്തിയാക്കി.കുറച്ചു നാള് ‘നാവ്’എന്ന ചെറു മാസിക നടത്തി.’‘81 മാര്‍ച്ച് മുപ്പത്തിഒന്നാം തിയ്യതി ആത്മഹത്യ ചെയ്തു.
മറന്ന ഓര്‍മയ്ക്ക് ആദരാജ്ഞ്ജലികള് അര്‍പ്പിക്കുന്നതിനൊപ്പം വൈകിപ്പിറക്കുന്ന,
ReplyDeleteഈ കവിതാ സമാഹാരത്തിനു ശ്രേയസ്സ് നേരുന്നു.
നന്നായി...!
ReplyDelete