Sunday, April 17, 2016

ഉറൂബിന്റെ പൂന്തോട്ടങ്ങള്‍

`` ആ പൂവ്‌ നീ എന്തു ചെയ്‌തു?''
``ഏതു പൂവ്‌?''
``രക്ത നക്ഷത്രം പോലെ കടും ചുവപ്പായ ആ പൂവ്‌''
............

``എന്റെ ഹൃദയമായിരുന്നു അത്‌''

പലവട്ടം ഉദ്ധരിക്കപ്പെട്ടതാണെങ്കിലും നര്‍മ്മം പുരണ്ട ശോകമുള്ള ഈ വരികള്‍ അതിന്റെ ആലോചനയില്‍ നിന്ന്‍ അവസാനം പൂവിനെ  ഒഴിവാക്കുകയാണ്‌ പതിവ്‌. പകരം അവിടെ രക്താഭിക്ഷിക്തമായ ആ ഹൃദയം കയറിയിരിക്കും. ബഷീറിന്റെ കാലമാകുമ്പോഴേക്കും പൂവുകളെ അതുമാത്രമായി കാണാന്‍ സാദ്ധ്യമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. കവിതയില്‍ കുമാരനാശാനില്‍ത്തന്നെ അത്‌ തുടങ്ങിക്കഴിഞ്ഞിരുന്നു.
പൂക്കളെയും പൂന്തോട്ടങ്ങളെയും കുറിച്ച്‌ ഒരേ കാലത്ത്‌ രണ്ടിടങ്ങളിലിരുന്നു രണ്ടുതരത്തിലെ ഴുതിയവരാണ്‌ ബഷീറും ഉറൂബും. ആധുനികത സാഹിത്യത്തെ ആവേശിച്ചുകഴിഞ്ഞിരു ന്നില്ലെങ്കിലും, ജീവിതത്തെ ആവേശിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്‌. ഒരു ബാഹ്യ പ്രതിഭാസമായി കടന്നു വരികയായിരുന്നില്ല ആധുനികത ചെയ്‌തത്‌. ജീവിതത്തിലും സാമൂഹ്യ വ്യവഹാരങ്ങളിലും വന്ന മാറ്റം ആധുനികതയായി മെല്ലെ മെല്ലെ തിരിച്ചറിയപ്പെടുക യായിരുന്നു.
പൂക്കളും പൂന്തോട്ടവും സാഹിത്യത്തില്‍ ഒരു പുതിയ ആഖ്യാന വിഷയമല്ല. കവിതയില്‍ കാല്‌പനികതയുടെ കാലത്തും അതിനു മുമ്പും പിമ്പുമൊക്കെ പൂവുകള്‍ പലതരം പ്രതിനിധാന ങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഒരു കാലത്ത്‌ പൂക്കളുടെ ധാരാളിത്തമായിരുന്നു കാല്‌പനിക കവിത. കുമാരനാശാന്റെ കവിതയില്‍ മലരും മലര്‍വാടിയുമൊക്കെ ധാരാളമുണ്ടെങ്കിലും വീണപൂവിനെക്കുറിച്ചെഴുതിയതാണ്‌ കാവ്യചരിത്രത്തിലെ പ്രധാന അടയാളമായത്‌. പ്രകൃതിയുടെ മാത്രം ഭാഗമായി നിന്നിരുന്ന പൂക്കള്‍ സംസ്ക്കാരത്തിലേക്ക് കുടിയേറുകയായിരുന്നു. (വീണ) പൂവിനെക്കുറിച്ച്‌ ആ വിധത്തില്‍ ചിന്തിക്കപ്പെടുന്നത്‌ ആദ്യമാണ്‌. ``കണ്ണേമടങ്ങുക,  കരിഞ്ഞുമലിഞ്ഞുമാശു/ മണ്ണാകുമീമലരു വിസ്‌മൃത മാകുമിപ്പോള്‍ /എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി'' എന്ന്‌ കുമാരനാശാന്‍ കാവ്യത്തിന്‌ വിരാമിടുമ്പോള്‍ അത്‌ അന്നു വരെയുമില്ലാത്ത ഒരു കുസുമദര്‍ശനമായിരുന്നു. എന്നാല്‍ ചങ്ങമ്പുഴയുടെ കാലത്ത് `മലരണിക്കാടുകള്‍ തിങ്ങി വിങ്ങി' പൂവുകളെല്ലാം വെറുംപൂവുകള്‍ മാത്രമായിത്തീര്‍ന്നുവെങ്കിലും പില്‍ക്കാലത്ത്‌ കവിതകളില്‍ പൂവുകളുടെ ധാരാളിത്തം കുറഞ്ഞു. അവ ബാഹ്യമായ പലതിന്റെയും പ്രതിനിധാനങ്ങളായി. അപ്പോഴേക്കും പൂവുകളും പൂന്തോട്ടങ്ങളും ആധുനിക സാമൂഹ്യജീവിതത്തെത്തന്നെ പ്രതിനിധീകരിക്കാന്‍ തുടങ്ങി.
എന്നാല്‍ നോവലുകളിലും കഥകളിലും പൂവുകള്‍ ഏറെ പ്രത്യക്ഷപ്പെടുകയുണ്ടായില്ല. പലപ്പോഴും പശ്ചാത്തല വര്‍ണ്ണനയുടെ ഭാഗമായി മാത്രമേ അവ തനി സ്വരൂപത്തില്‍ നിലനിന്നുള്ളൂ.കവിതയിലെ കാല്പനികാഖ്യാനത്തില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരുന്നു നോവലിലെ ആഖ്യാന പരിസരം. സമകാലിക ജീവിതാഖ്യാനങ്ങളായിരുന്നു നോവലിന്റെ പ്രമേയ മണ്ഡലം. എന്നാല്‍ പഴയ കാല മലര്‍വാടികളില്‍ നിന്നും വ്യത്യസ്‌തമായ അനുഭവമായി ആധുനിക ജീവിതവ്യവസ്ഥകളുടെ ഭാഗമായി പുതിയ പൂക്കളും പൂന്തോട്ടങ്ങളും ഉണ്ടായി.ബോഗന്‍‌വില്ലകളും  ഗുല്‍മോഹറുകളും അങ്ങിങ്ങ് പൂത്തുനിന്നു.  അണുകുടുംബങ്ങളുടെ രൂപീകരണവുമായും ഇത്തരം പൂന്തോട്ടങ്ങള്‍ക്ക് ചാര്‍ച്ചയുണ്ട്‌. മക്കത്തായത്തിലേക്ക്‌ മാറിയ ചെറിയ വീടും ചെറിയ കുടുംബവും പ്രസ്‌തുത ആശയത്തെ ദ്യോതിപ്പിക്കുന്ന ചെറിയൊരു പൂന്തോട്ടവും എന്നൊരു കാഴ്‌ചപ്പാട്‌ രൂപപ്പെട്ടുവന്നിരുന്നു. ഇത്‌ കൊളോണിയല്‍ അനുഭവങ്ങളില്‍ നിന്നും മലയാളികളുടെ ദേശാന്തരഗമനങ്ങളില്‍ നിന്നും ലഭിച്ചതാണെന്നതും വസ്‌തുതയാണ്‌. അന്യദേശങ്ങളിലേക്കുപോയ മക്കത്തായത്തിലെ അച്ഛന്‍, നവീനങ്ങളായ പലതും അവിടെ നിന്നുകൊണ്ടുവന്നു.
ഇത്തരത്തില്‍ കുടുംബക്രമത്തില്‍ സംഭവിച്ച മാറ്റങ്ങളോടൊപ്പമാണ്‌ ആധുനികതയുടെ തന്നെ ആശയങ്ങളിലുള്‍പ്പെടുന്ന ദേശീയതയും ദേശീയസ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവുന്നത്‌.  ദേശീയ സ്വാതന്ത്യത്തിന്റെ ഒരു ഘട്ടത്തിലാണ്‌ ആധുനികത സാമൂഹ്യ ജീവിതത്തെ ആവേശിച്ചതെന്നതിനാല്‍, ദേശരാഷ്‌ട്ര നിര്‍മ്മാണത്തിന്റെ പ്രതീകങ്ങളായും ഇത്തരം പൂന്തോട്ടങ്ങള്‍ മാറുകയുണ്ടായി. `ഇന്ദുലേഖ'യില്‍ ആധുനികരെല്ലാം ഇംഗ്ളീഷില്‍ പരിജ്ഞാനമുള്ളവരായിരിക്കുന്നതുപോലെ, പൂന്തോട്ടനിര്‍മ്മാണവും ആധുനികരായിരി ക്കുന്നവരെ പ്രതിനിധീകരിച്ചു.
ബഷീറും ഉറൂബും പൂവുകളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ അതിന്‌ ഏറെ വിവക്ഷകളുണ്ട്‌. നമ്മുടെ നവോത്ഥാന നോവല്‍ പാരമ്പര്യത്തെ രണ്ടു രീതിയില്‍ സമീപിച്ചവരാണവര്‍. ആധുനികതയുടെ പരിഷ്‌ക്കാരങ്ങളെ ശങ്കാപൂര്‍വ്വം വീക്ഷിച്ചവരിലൊരാളാണ്‌ ബഷീര്‍. ആധുനികതയുടെ ദ്വന്ദ്വാത്മക സമീപനത്തെ കെയൊഴിച്ച്‌ എല്ലാവരും‘ സുന്ദരികളും സുന്ദരന്മാരും‘ എന്ന സമീപനം കൈക്കൊണ്ടയാളാണ്‌ ഉറൂബ്‌. ദീര്‍ഘകാലം പലനാടുകള്‍ ചുറ്റിവന്നവരാണ്‌ ഇരുവരും. പല തൊഴിലുകളിലും അവര്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഭാഷയിലും പ്രമേയത്തിലും റിയലിസത്തിന്റെ സാധാരണ മാതൃകകളില്‍ നിന്ന്‌ ഏറെ മുന്നേറിയതാണ്‌ ബഷിറിന്റെ ആഖ്യാനങ്ങള്‍. കാല്‌പനികാനുഭവത്തില്‍ നിന്ന്‌ തന്റെ ഭാഷയെ മുക്തമാക്കാന്‍ ബോധപൂര്‍വ്വം തന്നെ ശ്രമിച്ച ബഷീറിന്റെ പൂന്തോട്ടങ്ങളുടെ ആഖ്യാനവും കാല്പനികതയില്‍ അഭിരമിക്കുന്നില്ല.
``ബാല്യകാലസഖി'' ``ന്റു പ്പാപ്പാക്കൊരാനേണ്ടാര്‍ന്ന്‌'' എന്നീ നോവലുകളിലും ‘മതിലുകള്‍ ‘എന്ന കഥയിലുമാണ്‌ ബഷീര്‍ പൂന്തോട്ടനിര്‍മ്മാണത്തിന്‌ പരിശ്രമിച്ചത്‌. `ബാല്യകാലസഖി' യിലെ പൂന്തോട്ടവും മറ്റുകൃതികളിലെ പൂന്തോട്ടവും തമ്മിലുള്ള വ്യത്യാസം ആ നോവലുകള്‍ തമ്മിലുള്ള വ്യത്യാസം തന്നെയാണ്‌. ബാല്യകാലസഖി, ബഷീറിന്റെ മറ്റുനോവലുകളില്‍ നിന്ന്‌ വേറിട്ടുനില്‌ക്കുന്നത്‌ അതിന്റെ ആഖ്യാനത്തില്‍ അദ്ദേഹം സ്വീകരിച്ച വ്യത്യസ്‌ത സമീപനം കൊണ്ടാണ്‌.ബാല്യകാലസഖിയില്‍ മജീദാണ്‌ പൂന്തോട്ടനിര്‍മ്മാണത്തിന്‌ മുന്നിട്ടിറങ്ങുന്നത്‌. മജീദും സുഹ്‌റയും കൂടിയാണ്‌ അയല്‍ വീടുകളില്‍ നിന്ന്‌ പൂച്ചെടിക്കമ്പുകള്‍ ശേഖരിച്ചു കൊണ്ടുവരുന്നത്‌. മജീദിന്റെ തൃപ്‌തിക്കുവേണ്ടി സഹോദരിമാര്‍ മത്സരിച്ച്‌ വെള്ളമൊഴിച്ചു. അതില്‍ ഒരു ചെമ്പരത്തി സുഹ്‌റയുടെ പ്രത്യേക ഓര്‍മ്മയാണ്‌.അഥവാ സുഹറ തന്നെയാണ്. നിസാര്‍ അഹമ്മതാണ്‌. `ന്റുപ്പുപ്പാ'യില്‍ കക്കൂസ്‌ നിര്‍മ്മാണത്തിനൊപ്പം പൂന്തോട്ട നിര്‍മ്മാണത്തിനും മുന്നിട്ടിറങ്ങുന്നത്‌. നിസാര്‍ അഹമ്മതും അയാളുടെ സഹോദരിയുമാണ്‌ നോവലില്‍ പുരോഗമന ചിന്തയുടെയും ആധുനികാശയങ്ങളുടേയും പ്രാതിനിധ്യം വഹിക്കുന്നത്‌. `മതിലുക'ളിലെ ആത്മസ്‌പര്‍ശമുള്ള കഥാപാത്രം ജയിലിനുള്ളിലാണ്‌ ഒരു പൂന്തോട്ടം വച്ചു പിടിപ്പിക്കുന്നത്‌. ആണ്‍ ജയിലിന്റെ മതിലിനപ്പുറത്തുള്ള പെണ്‍ജയിലിലെ നാരായണിക്കു നല്‍കിയ ഒരു റോസാചെടികൊണ്ട്‌ അവള്‍ ഒരു പൂങ്കാവനം തന്നെ ഉണ്ടാക്കി. ഇരുവരും അപ്പുറത്തും ഇപ്പുറത്തുമായി സൃഷ്‌ടിച്ച പൂന്തോട്ടങ്ങളിലൂടെ മതിലുകളുടെ വിഭജനങ്ങളെയും അവര്‍ സര്‍ഗ്ഗാത്മകമാക്കി.അതയാള്‍ക്ക് സ്വാതന്ത്ര്യം പോലും അപ്രസക്തമാക്കി. സ്വതന്ത്രനാക്കപ്പെട്ട അയാള്‍ക്കു പിറകില്‍ ജയിലിന്റെ പടുകൂറ്റന്‍ വാതില്‍ ഭയങ്കര ശബ്‌ദത്തോടെ അടഞ്ഞു എന്നാണ്‌ ബഷീര്‍ എഴുതുന്നത്‌.
‘വിനീത ചരിത്രകാരന്‍’ എന്നാണ് ബഷീര്‍ സ്വയം വിശേഷിപ്പിച്ചതെങ്കില്‍ ചരിത്രത്തെ  പ്രത്യക്ഷസാന്നിദ്ധ്യമായി കൂടെ നടത്തുകയാണ്‌ ഉറൂബ്‌ ചെയ്‌തത്‌. ബൃഹദാകാരമുള്ള നോവലുകള്‍ അദ്ദേഹം എഴുതി. മുസ്ലീം സമൂഹത്തെക്കുറിച്ചാണ്‌ ബഷീര്‍ എഴുതിയതെങ്കില്‍ ഉറൂബ്‌ എഴുതിയവയിലേറെയും മുസ്ലിം ജീവിതത്തേയും മതേതതര സമൂഹത്തെയുമായിരുന്നു. നന്മ/തിന്മ തുടങ്ങിയ ദ്വന്ദ്വങ്ങളെ പാടെ നിഷേധിക്കുകയും ജീവിത വൈവിദ്ധ്യങ്ങളെയും ബഹുസ്വരതകളെയും അതായിത്തന്നെ കാണുകയും ചെയ്‌ത ഉറൂബിന്‌ പൂന്തോട്ട നിര്‍മ്മാണം, ജീവജാതികളിലാകെ സൗന്ദര്യം കണ്ടെത്താനുള്ള പരിശ്രമമായിരുന്നു. പന്നിക്കുട്ടികളുടെ സൗന്ദര്യത്തെക്കുറിച്ച്‌ ഉപന്യസിച്ച ആളാണ്‌ ഉറൂബ്‌.
ബഹുസ്വര സാന്നിദ്ധ്യം കൊണ്ട് പൂന്തോട്ടമായ`സുന്ദരികളും സുന്ദരന്മാരും' എന്ന നോവലില്‍ തന്നെയാണ്‌ ഏറ്റവും മികച്ച പൂന്തോട്ടനിര്‍മ്മാണവുമുള്ളത്‌. നോവലിന്റെ ആരംഭത്തില്‍ കുഞ്ചുകുട്ടിയുടെ ഏകാന്തതയെക്കുറിച്ച്‌ സൂചിപ്പിക്കുമ്പോള്‍തന്നെ തേവിനനച്ച ചെടിയെ ക്കുറിച്ചുള്ള പരാമര്‍ശം കടന്നു വരുന്നു.``പൂക്കാലം കാട്ടുചെടിയിലും ആകര്‍ഷകത്വം വിടര്‍ത്തുന്നു. ഉണ്ണികള്‍ വിരിയുമ്പോള്‍ ആ മനോജ്ഞത ഘനീഭവിച്ച ഓര്‍മ്മകളായി ഉന്മേഷം നേടും. എന്നാല്‍ മുരടിച്ച വസന്തത്തിന്റെ പഴുതുകളിലേക്ക്‌ തണുപ്പും വഴുവഴുപ്പുമെഴുന്ന വിഷാദം ഇഴഞ്ഞെത്തുന്നു. കുഞ്ചുകുട്ടിയുടെ മുഖത്തും അതായിരുന്നു. എന്തോ പൊയ്‌പോകുന്നുണ്ട്‌... തേവിനനച്ച ചെടിയെപ്പോലെ“ (പു.33)പിന്നീട്‌ നോവലിന്റെ അവസാനത്തില്‍, കുഞ്ഞിരാമന്റെ മരണശേഷം രാധയും വിശ്വവും ഒരു പുതിയ ജീവിതത്തിലേക്ക്‌ പ്രവേശിക്കും മുമ്പാണ്‌ പൂന്തോട്ട നിര്‍മ്മാണമെന്ന ആശയം വിശ്വം അവതരിപ്പിക്കുന്നത്‌.
``ഇവിടെ നല്ലൊരു പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥലമുണ്ട്‌!'' എന്നു പറഞ്ഞു കൊണ്ടാണ്‌ വിശ്വം കടന്നു വരുന്നത്‌.
``സ്ഥലമുണ്ട്‌''
``പിന്നെ?''
``സ്ഥലമുണ്ടെന്ന്‌''
``പൂന്തോട്ടമുണ്ടാക്കാന്‍ തയ്യാറുള്ള ആളില്ലന്നേ ഉള്ളൂ, അല്ലേ?''
..........
``ഇവിടെ അതൊക്കെ പിടിക്കുമോ?''
``ഭൂമിക്കു പക്ഷഭേദങ്ങളില്ല. നാം അല്‌പം അദ്ധ്വാനിക്കണമെന്നേയുള്ളൂ'' (പു 329). അടുത്ത ദിവസം വലിയൊരു കെട്ടു പൂച്ചെടികളുമായാണ്‌ വിശ്വം വന്നത്‌. പൂന്തോട്ടത്തിന്റെ പണി ആരംഭിച്ചു. രാധ കൈക്കോട്ടു കൊണ്ടുവന്നു. ക്രമേണ ഗോപാലകൃഷ്‌ണനും അവരോടു ചേര്‍ന്നു. മുന്തിയ ചെടികളൊന്നുമില്ല. എങ്കിലും നിറപ്പകിട്ടുള്ളതും പൂവുണ്ടാകുന്നവയുമായ കുറച്ചു ചെടികള്‍. ഒരു കൊച്ചു പൂന്തോട്ടം രൂപമെടുത്തു. വെള്ളം നനയ്‌ക്കുമ്പോള്‍ വിശ്വം പണ്ട്‌  കോഴിമുട്ട മുളയ്‌ക്കാന്‍ കുഴിച്ചിട്ടതിനെക്കുറിച്ച്‌ രാധ ഓര്‍മ്മിപ്പിച്ചു. `ഇനി ഞാന്‍ മുളയ്‌ക്കാത്തതതൊന്നും കുഴിച്ചിടാന്‍ വിചാരിക്കുന്നില്ല‘ എന്ന്‌ വിശ്വം മറുപടി പറയുകയും ചെയ്‌തു. സംഭാഷണവും നനയും ചിരിയും നടന്നുകൊണ്ടിരുന്നപ്പോള്‍ അടഞ്ഞുകിടന്ന ഒരു വാതില്‍ പതുക്കെ തുറന്നതുപോലെ ഗോപാലകൃഷ്‌ണനു തോന്നി. (പു.331)
കൃഷിയിലൂടെ വരുന്ന ചില മാറ്റങ്ങളെക്കുറിച്ചാണ്‌ ഇവിടെ സൂചിതമാവുന്നത്‌. ശത്രുവാണ്‌ പിന്നില്‍ നടക്കുന്നതെന്നുപോലും ഗോപാലകൃഷ്‌ണന്‍ ഓര്‍ക്കുന്നില്ല. രാഷ്‌ട്രീയ ശത്രുക്കളെ ഇല്ലായ്‌മ ചെയ്യാനുള്ള ശേഷി ഒരു പൂന്തോട്ടകൃഷി കൈവരിക്കുന്നു. രാഷ്‌ട്രീയത്തെ ത്തന്നെ അപ്രസക്തമാക്കിക്കൊണ്ടുമാണ്‌ പൂന്തോട്ടം വളരുന്നത്‌. അവസാനകാലത്ത് രാഷ്‌ട്രീയത്തില്‍ വിശ്വത്തിന്റെ എതിരാളിയായിരുന്ന കുഞ്ഞുരാമന്‍ പട്ടാളത്തില്‍ വെച്ച്‌ കൊല്ലപ്പെട്ടു കഴിഞ്ഞു. കുഞ്ഞുരാമന്റെ സഹയാത്രികനായിരുന്ന രാരിച്ചനെ അവര്‍ തങ്ങള്‍ക്കിടയില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്യുന്നു.
പൂന്തോട്ടത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ഉറൂബ്‌ വിവരിക്കുന്നുണ്ട്‌. ചെടികള്‍ക്ക്‌ പതുക്കെ പതുക്കെ വേരുപിടിക്കുന്നതോടെ അവരിലോരൊരുത്തരുടേയും ജീവിതത്തിലും സമൂഹത്തിലും സമാന്തരമായ മാറ്റങ്ങളുണ്ട്‌.
``നനയും വളവും പുത്തന്‍ തളിരുകളുണ്ടാക്കി, ജീവന്‍ പുതുതായി രൂപം കൊള്ളുന്നു. നനുത്ത കവിള്‍ത്തുടുപ്പുകള്‍, ചില്ലക്കൈകള്‍, രാധ അവയിലേക്ക്‌ നോക്കിനിന്നു. മുറിച്ചകറ്റിയവയാണ്‌. എങ്കിലും ആര്‍ദ്രയായ ഭൂമിയോടു ബന്ധപ്പെട്ടപ്പോള്‍ അവിടെ ജീവിതം തള്ളിക്കയറി വന്നു''. (പു.332) ജീവന്‍ അതിന്റെ എല്ലാ ചൈതന്യത്തോടെയും ഉദിച്ചുയരുന്നതിന്റെയും നിഴല്‍പ്പാടുകള്‍ ചുരുങ്ങുന്നതിന്റെയും അനുഭവം രാധയ്‌ക്കുണ്ടാവുന്നു. മുമ്പൊരിയ്‌ക്കല്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന്, ചുവരിന്മേല്‍ എഴുതിയിരുന്ന രണ്ടുവരികള്‍ക്ക്‌ (``ഒന്നുക്ക്‌ രണ്ടെന്ന്‌ വീരം പറഞ്ഞിറ്റ്‌, ഒക്കത്തു വെച്ചപ്പൊ ചൂളം വിളിച്ചില്ലേ മാതുക്കുട്ടി'') അര്‍ത്ഥ പൊലിമ നല്‍കി, തന്റെ ജീവിതവ്യാഖ്യാനം തന്നെയാക്കി രാധ മാറ്റിയതു പോലെ, ഈപൂന്തോട്ട കൃഷിയെയും അവള്‍ അങ്ങനെത്തന്നെ കാണുന്നു.

പില്‍ക്കാലത്ത്‌ വിശ്വം രാധയുടെ ജീവിത്തിലേക്ക്‌ ഒറ്റച്ചോദ്യം ചോദിച്ചുകൊണ്ട്‌ കയറി വരുന്നുണ്ട്‌. രാധയുമൊത്ത് ഒരു കുടുംബജീവിതം ആരംഭിക്കാനുള്ള ആഗ്രഹമായിരുന്നു അത്.ആ ചോദ്യം കേട്ട്‌ രാധ ഞെട്ടുകയും ചെയ്‌തു. വളരെക്കാലത്തെ ആലോചനക്കു ശേഷമാണ്‌ രാധ അതിന്‌ പരോക്ഷമായ മറുപടി പറയുന്നത്‌. മാത്രവുമല്ല, നോവലിനു പുറത്ത്‌, ഉറൂബിന്‌ ഈ വിവാഹത്തിലെ സദാചാര രാഹിത്യത്തിന്‌ വിശദീകരണം നല്‍കേണ്ടിയും വന്നു.  പക്ഷേ, പൂന്തോട്ട കൃഷി ആരംഭിച്ച കാലം മുതല്‍ ഓരോ ഇല വിരിയുന്നതും രാധ എന്ന ചെടിയിലാണെന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ടെന്നതാണ്‌ വസ്‌തുത. മുമ്പൊക്കെ കമ്പനിയില്‍ നിന്നു വന്നാല്‍ കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ശ്രദ്ധിച്ചിരുന്ന രാധ ഇപ്പോള്‍ സഞ്ചിയും കുടയും ഒരു വശത്തേക്കിട്ട്‌ ചെടികള്‍ക്കിടയിലേക്ക്‌ ചെല്ലുന്നു. വേണ്ടത്ര വളര്‍ച്ചയില്ലാത്ത മുല്ലവള്ളിയോട്‌ അവള്‍ ചോദിക്കുന്നു. ``മോളേ നീ എന്താണിങ്ങനെ മെലിഞ്ഞുപോകുന്നത്‌? നിനക്കെന്താടി ഇനി വേണ്ടത്‌? (പു.332). ആരും നട്ടുവളര്‍ത്താതെ കാട്ടുചെടിയായി വളരുന്ന നന്ത്യാര്‍വട്ടമാണ്‌ മുല്ലച്ചെടി വളരാതിരിക്കാന്‍ കാരണം. അതിനെ വെട്ടിമാറ്റണമെന്ന്‌ കദീജ പറഞ്ഞെങ്കിലും രാധയ്‌ക്കത്‌ സാധ്യമല്ല.
``കാട്ടുചെടി ബളരാന്‍ ബിട്ടാല്‍ അതു തോട്ടം മുടിക്കൂലേ?''
അതിനിടയില്‍ കദീജയുടെ കല്യാണക്കാര്യവും പുരോഗമിക്കുന്നുണ്ട്‌. രാധയും ഖദീജയും പരിശ്രമിച്ചിട്ടും നടക്കാതിരുന്ന `നന്ത്യാര്‍വട്ടപ്രശ്‌നം'വിശ്വം വരുന്നതോടെ പരിഹരിക്കപ്പെടുന്നു.
``നന്ത്യാര്‍വട്ടം അപ്പുറത്തേക്കു പറിച്ചുവെക്കും. രണ്ടു ദിവസം നനച്ചാന്‍ അത്‌ അപ്പുറത്തുനിന്ന്‌ പുഞ്ചിരി തൂകുന്നതു കാണാം''.
ഈ യുക്തി തനിക്കെന്തുകൊണ്ടു തോന്നിയില്ല എന്ന്‌ രാധയ്ക്ക് അത്ഭുതം തോന്നി. തേവി നനയ്‌ക്കലും പരിപാലനവുമല്ലാതെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പൂന്തോട്ടം എങ്ങനെ യാവണമെന്ന്‌ തീരുമാനിക്കുന്നതും ബുദ്ധിപൂര്‍വ്വമായ ഉപദേശം നല്‍കുന്നതും വിശ്വമാണ്‌. പണ്ട്‌ കോഴിമുട്ടമുളക്കാനായി കഴിച്ചിട്ട വിശ്വം എന്ന കുട്ടി വളര്‍ന്ന്‌ പൂന്തോട്ടം എന്ന രാഷ്‌ട്രരൂപത്തെ നിര്‍ണ്ണയിക്കാനുള്ള പ്രാപ്‌തിനേടുമ്പോള്‍ വിശ്വത്തേക്കാള്‍ മുതിര്‍ന്നവളും ഒരു കാലത്ത്‌ അവള്‍ വഴി നടത്തിയവനുമായ വിശ്വത്തിനു കീഴിലേക്ക്‌ കൂടുതല്‍ കൂടുതല്‍ വിധേയപ്പെടുന്നു.
`കുടുംബമില്ലാത്തിടത്തോളം കാലംമനുഷ്യന്‍ ഭൂമിയില്‍ വേരുപിടിക്കുന്നില്ല' എന്ന്‌ വിശ്വം മനസ്സിലാക്കുന്നത്‌, ഈ പൂന്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ സുലൈമാന്‍ നല്‌കുന്ന ഉപദേശം മൂലമാണ്‌.‘ വിവാഹം വേരാണോ?‘ എന്ന്‌ രാധ വിശ്വത്തോട്‌ ചോദിക്കുന്നതും പൂന്തോട്ടത്തിന്റെ നടുവില്‍ നിന്നു കൊണ്ടാണ്‌.
വിശ്വം തന്നോടൊപ്പം ജീവിക്കാന്‍ രാധയെ ക്ഷണിച്ചപ്പോള്‍, എന്തുമറുപടി പറയണ മെന്നറിയാതെ അവള്‍ മുറ്റത്തേക്ക്‌ നോക്കിയപ്പോള്‍ നന്ത്യാര്‍വട്ടം കാറ്റത്ത്‌ തലയാട്ടി നില്‍ക്കുന്നത്‌ കാണുന്നു. അത്‌ ആകെ രോമാഞ്ചം കൊണ്ടു നില്‍ക്കുകയാണെന്ന്‌ അവള്‍ക്കുതോന്നുന്നു.
``ആ നന്ത്യാര്‍വട്ടച്ചെടി പോലെയല്ല, മനുഷ്യരുടെ ജീവിതമെന്നു തോന്നുന്നു. പറിച്ചു നട്ടപ്പോള്‍  അതു നന്നായി. എനിക്ക്‌ അങ്ങനെ പറിച്ചു നടുവാന്‍, സാധിക്കുമെന്നു തോന്നിന്നില്ല'' (പു 341) .
``വേരു പിടിക്കുന്നതു വരെ വിഷമം തോന്നും'' വിശ്വം അടുത്തു നില്‌ക്കുന്ന ഒരു പനിനീര്‍ ച്ചെടിയെപ്പറ്റി സംസാരിച്ചു. അതിനു കൂടുതല്‍ വളമാവശ്യമുണ്ടെന്ന്‌ തോന്നുന്നു.
തോട്ടത്തിനൊരു വേലി കെട്ടേണ്ടന്നതിനെപ്പറ്റിയും മണിപ്പൂവള്ളി പടര്‍ത്തേണ്ടതിനെപ്പറ്റിയും അയാള്‍ പറഞ്ഞു..... മുക്കുറ്റി ഒരു തറവാട്ടുകാരിയാണ്‌. റോസപ്പൂ ഒരു കൊച്ചു സുന്ദരി. മുല്ല ബുദ്ധിയുള്ളവളാണെന്നു തോന്നും ചമ്പകം അഹമ്മതിക്കാരിയായണ്‌. ജമന്തി വിഡ്‌ഢിയും വിലാസവതിയുമാണെന്നു തോന്നുന്നു. (പു 342)
നന്ത്യാര്‍വട്ടത്തെ പറിച്ചു നട്ടപ്പോള്‍ പുതിയ തളിരുകള്‍ വന്ന മുല്ലയെ സാക്ഷിയാക്കിയാണ്‌ വിശ്വവും രാധയും പുതിയ ജീവിതത്തിലേക്ക്‌ കടന്നുകയറുന്നത്. രാധ വളര്‍ത്തിയെടുക്കുന്ന പൂന്തോട്ടത്തില്‍ പല ചെടികളെയും വെട്ടിക്കളയുന്നില്ലെങ്കിലും അവയെ പറിച്ചു ഓരങ്ങളിലേക്ക്‌ മാറ്റി നടുന്നുണ്ട്‌. രാഷ്‌ട്രീയത്തേയും കുഞ്ഞുരാമനേയും രാരിച്ചനേയുമൊക്കെ പുറത്തു നിര്‍ത്തി ‘ശാന്ത‘വും ‘സ്വാഭാവിക‘വുമായ ഒരു കുടുംബ ക്രമത്തിലേക്കാണ്‌ പൂന്തോട്ട കൃഷിയിലൂടെ രാധയും വിശ്വവും പ്രവേശിക്കാന്‍ ശ്രമിക്കുന്നതെങ്കിലും വിധ്വംസകമാണ് ആ കുടുംബത്തിന്റെ ഉള്ളടക്കമെന്നതാണ്‌ സ്ഥിതി. ഉറൂബ്‌ അതിനെക്കുറിച്ച്‌ നോവലിന്റെ ആമുഖത്തില്‍ എഴുതി:“രാധയും വിശ്വവും കൂടി ഒരു കുടുംബം സ്ഥാപിക്കാനുറയ്ക്കുന്ന കഥയുടെ പര്യവസാനം സദാചാരത്തിലേക്കല്ല വിരല്‍ ചൂണ്ടുന്നതെന്നും ചില സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.’ഉമ്മാച്ചു’വിന്റെ പര്യവസാനത്തെപ്പറ്റിയും ഇതേവിധമുള്ള ആക്ഷേപമുണ്ടായിരുന്നു.സദാചാരങ്ങള്‍ അനുഷ്ഠിക്കപ്പെടേണ്ടവ തന്നെ. പക്ഷേ, സദാചാരങ്ങള്‍ യുഗധര്‍മ്മങ്ങളാണ്.മാറിക്കൊണ്ടിരിക്കുന്നവയാണ്.ജീവിച്ചിരിക്കുവാനും കര്‍മ്മം ചെയ്യുവാനുമാണ് എല്ലാ ജീവികളും അബോധമായിട്ടെങ്കിലും ആഗ്രഹിക്കുന്നത്.ഈ ഇച്ഛ മനുഷ്യര്‍ക്കു സബോധമായിത്തീരട്ടെ എന്നേ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ”
പക്ഷേ,രാധയും വിശ്വവും തങ്ങളെത്തന്നെ കണ്ടെത്തിയതായി ഉറൂബ് രേഖപ്പെടുത്തുന്നു. പൂന്തോട്ടനിര്‍മ്മാണമാണ് അതിനവരെ പ്രാപ്തരാക്കിയത്.
`ചുഴിക്കു പിമ്പേ ചുഴി'യില്‍ കവികളെക്കുറിച്ച്‌ ഇന്ദിര പുലര്‍ത്തുന്ന സങ്കല്‌പം കൊക്കും ചിറകുമുള്ള ഒരു തരം വെളുത്ത മന്ദാരപ്പൂക്കള്‍ എന്നാണ്‌. മോഹനന്‌ തന്റെ പൂന്തോപ്പിനെ ക്കുറിച്ച്‌ വലിയ മതിപ്പാണ്‌ .ആ തോട്ടത്തിലെ ജമന്തികള്‍ പ്രസരിപ്പുള്ള പെണ്‍കിടാങ്ങളെ പ്പോലെയാണ്‌. വിനീതകളാണ്‌ മുല്ലപ്പൂക്കള്‍. രാജ്യം മാറിവന്ന്‌ അമ്പരന്നു നില്‌ക്കുന്നതു പോലെയാണ്‌ പനിനീര്‍പ്പൂക്കള്‍. കുറുകണ്ണന്‍മാരാണ്‌ ഉണ്ടതെച്ചികള്‍.
മോഹന്‍ എവിടെയൊക്കെയോ പോയി ചെടികള്‍  പറിച്ചു കൊണ്ടു വരുന്നു, കുഴിച്ചിടുന്നു. വളം ചേര്‍ക്കുന്നു വെള്ളമൊഴിക്കുന്നു. എന്തിനിതൊക്കെ ചെയ്യുന്നുവെന്ന്‌ ഇന്ദിര വിചാരിച്ചു നോക്കാറുണ്ട്‌. ആ പ്രവൃത്തികള്‍ ഒരു കവിയുടെ മനസ്സുപോലെയാണ്‌ ഇന്ദിരക്ക്‌ തോന്നുന്നത്‌.മോഹനും കവിയും പൂന്തോട്ടത്തിന്റെ ചന്തം നോക്കി നില്‌ക്കുന്നതുകണ്ട്‌ ഇന്ദിര വിചാരിച്ചു. ഈ ഭ്രാന്തന്‍ കവി മാത്രമാണ്‌ ഈ പൂന്തോട്ടം അംഗീകരിച്ചിട്ടുള്ളത്‌
`ഒരു പൂവുണ്ടായാല്‍ ഒരു രാജ്യം മുഴുവന്‍ മണക്കും' എന്നൊക്കെ പറയുന്നത് ശരിയാണോ എന്ന് ഇന്ദിര സംശയിച്ചു.അതിന്‍ ഭാസ്കരന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞു:‘എങ്ങനെ പറയാം.അത് ഇതുവരെ പൂത്തില്ലല്ലോ‘.
കവിയും പൂന്തോട്ടത്തെക്കുറിച്ച്‌ ശ്രദ്ധാലുവാണ്‌. പുതിയ റോസച്ചെടി പൂക്കാന്‍ തുടങ്ങിയ തിനെപ്പറ്റി അയാള്‍ പറയുന്നു. കുടുംബ ജീവിതത്തിന്റെ രൂപീകരണം തന്നെയാണത്‌. ഇന്ദിരയും കവിയും മാത്രമായി ഒരു പൂന്തോപ്പില്‍ നില്‌ക്കുന്നു. രണ്ടുതരം പൂക്കളുണ്ടാകുന്ന ചെടിയെപ്പറ്റി മോഹനന്‍ പറയുന്നു. ഇന്നൊരു വെളുത്തപൂ. പിന്നെ നാളയോ മറ്റന്നാളോ ഒരു ചുവന്ന പൂവാകാം. മനുഷ്യനും ഇങ്ങനെയൊക്കെത്തന്നെയല്ലേ? മോഹനന്‍ സീനിയ ചെടികളെ കുറിച്ചു പറയുമ്പോള്‍ ഇന്ദിര ശ്രദ്ധിച്ചകാര്യം അതിന്‌ തന്നോളം ഉയരമുണ്ടാകും എന്നാണ്‌.
പ്രകൃതിയും ചരാചരങ്ങളുമെല്ലാം മനുഷ്യപ്രകൃതിയുടെ ദുരന്തങ്ങളും സന്തോഷങ്ങളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായി സങ്കല്‌പിക്കുന്നത് പണ്ട്‌ മുതലേ സ്വീകരിച്ചുവന്ന സങ്കേതങ്ങളിലൊന്നാണ്. എന്നാല്‍ ഉറൂബ്‌ ആ വിധത്തിലല്ല പൂക്കളെയും മറ്റും കാണുന്നത്‌. യാദൃശ്ചികത എന്നൊരു ഘടകത്തിന്‌ തന്റെ നോവലുകളില്‍ വലിയ പ്രാധാന്യം നല്‍കിയൊരാളാണ്‌ ഉറൂബ്‌. പൂന്തോട്ടങ്ങള്‍ യാദൃശ്ചികങ്ങളല്ല. കൃത്യമായ ആസൂത്രണത്തോടെ നിര്‍മ്മിക്കുന്നവയാണവ. പൂന്തോട്ടനിര്‍മ്മാണത്തിലേര്‍പ്പെടുന്നതും അതിനെ പശ്ചാത്തല മാക്കി ജീവിത്തെക്കുറിച്ചും സംസാരിക്കുന്നതും ബോധപൂര്‍വ്വം തന്നെ. കാരണം ദേശരാഷ്‌ട്ര ത്തിന്റെ അന്യാപദേശങ്ങളായിരുന്നു ആ പൂന്തോട്ടങ്ങള്‍.
ദേശരാഷ്‌ട്രത്തിലെ പൗരന്മാര്‍ക്കു മേല്‍ യാദൃശ്ചികതകള്‍ വന്നു ഭവിക്കാം . എന്നാല്‍ ദേശമെന്നത്‌ സവിശേഷ ആസൂത്രണങ്ങളോടെ സംഘടിപ്പിക്കപ്പെട്ടതാണ്‌. യാദൃശ്ചികമല്ല അതില്‍ യാതൊന്നും.  അരികുകളിലേക്ക്‌ മാറ്റപ്പെടേണ്ടതും ഒത്തനടുവില്‍ നില്‌ക്കേണ്ടതുമായ പലതരം ചെടികള്‍ക്ക് സ്ഥാനം നിശ്ചയിക്കപ്പെട്ട പൂന്തോട്ടം.

(ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2 ഏപ്രില്‍ 2016)

2 comments:

  1. നല്ല പഠനം
    സുന്ദരികളും സുന്ദരന്മാരും വായിച്ചശേഷം എനിക്ക് ലോകത്തോട്, ലോകരോട് അല്പവും കൂടി സ്നേഹം വർദ്ധിച്ചിരുന്നു

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്.

    ReplyDelete