വയലറ്റ് മഷികൊണ്ടാണ് സുധീര്‍കുമാര്‍ മിശ്ര എഴുതിയിരുന്നത്. കത്തുകളെഴുതിയിരുന്നതും പുസ്തകങ്ങളില്‍ ഒപ്പിട്ടതും ഇഷ്ടപ്പെട്ട വരികള്‍ക്ക് അടിവരയിട്ടതും എല്ലാം അതേ മഷികൊണ്ടുതന്നെ.
എം.ടിയുടെ മഞ്ഞിന്റെ 3 രൂപ വിലയുള്ള എന്‍.ബി.എസ്. പതിപ്പാണ് ഏറെക്കാലം എന്റെ കൈയ്യിലുണ്ടായിരുന്നത്. അതിലെ മിക്കവാറും എല്ലാ വരികളുടെയുമിടയില് സുധീര്‍കുമാര്‍ മിശ്രയെപ്പോലെ വയലറ്റ് മഷികൊണ്ട് വരച്ചിരുന്നു. വയലറ്റായിരുന്നു അന്നത്തെക്കാലത്തെ മഷി. വിപ്ലവത്തിന്റെ ചുവപ്പും, പ്രണയത്തിന്റെ നീലയും അതില്‍ ലയിച്ചു ചേര്‍ന്നിരുന്നു.
ഒരിക്കല്‍ പ്രിയങ്കരമായിരുന്ന പല പുസ്തകങ്ങളെയും മറ്റു പലതിനേയുമെന്നപോലെ പില്ക്കാലത്ത് മറക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ മഞ്ഞും ഖസാക്കിന്റെ ഇതിഹാസവും അങ്ങനെയല്ല. അവ രണ്ടും ഇപ്പോഴും കൂടെതന്നെയുണ്ട്. ഖസാക്കിന്റെ ഇതിഹാസം ഭാവുകത്വ പരിണാമത്തിന്റെ അടയാളശിലയായി വിലയിരുത്തപ്പെട്ടതിനാല്‍ ആ ഇഷ്ടം ആര്‍ക്കും മസ്സിലാവും. എന്നാല്‍ മഞ്ഞ് അങ്ങനെ മനസ്സിലാക്കപ്പെടണമെന്നില്ല. അങ്ങനെ ഇപ്പോഴും കൂടെക്കൊണ്ടു നടക്കുന്നത് അഭിരുചിയുടെ ദുര്ബലതയാണെന്നൊക്കെ പറയുന്നവരുമുണ്ടാവാം. അങ്ങനെ ആവട്ടെ. ഭാവുകത്വപരമായ വലുപ്പച്ചെറുപ്പങ്ങള്ക്കപ്പുറവും ഒരാള്‍ക്ക് ഒരു പുസ്തകത്തെ പല കാരണങ്ങളാല്‍ ഇഷ്ടപ്പെടാം. വിമല പറയുന്ന നൃത്തം വെക്കുന്ന വയലറ്റ് അക്ഷരങ്ങളാവാം കാരണം. അറിയില്ല.
അജയ്. പി. മങ്ങാട്ട് (തോര്‍ച്ച നവം.2011) എഴുതുന്ന ഇഷ്ടങ്ങളും നഷ്ടങ്ങളും അദ്ദേഹത്തിന്റേതു മാത്രമല്ല.അവയിലൊന്നാണ് മഷിപ്പേനകളോടുള്ള കമ്പം. ബോള്‍ പേനകളും കമ്പ്യൂട്ടറുകളും സര്‍വ്വസാധാരണമായ ഇക്കാലത്തും മഷിപ്പേനകള്‍ വാങ്ങികൂട്ടുന്നു. പൂര്‍ണ്ണ തൃപ്തിയോടെ അക്ഷരവടിവോടെ എഴുതാന്‍ കഴിയുന്ന ഒരു പേന ഇന്നു വരെ കിട്ടിയിട്ടുമില്ല. അച്ഛന് ആധാരമെഴുത്തുകാരനും പൊതുകാര്യക്കാരനും ഒക്കെ ആയിരുന്നത് കൊണ്ട് ഗള്‍ഫില്‍ നിന്നു വരുന്ന സുഹൃത്തുക്കള്‍ പേനകള്‍ സമ്മാനമായി നല്കാറുണ്ടായിരുന്നു. അങ്ങനെ പാര്‍ക്കര്‍, ഷിഫേഴ്സ് തുടങ്ങിയ പേനകള്‍ കൊണ്ട് കുട്ടിക്കാലത്തു തന്നെ എഴുതാന്‍ കഴിഞ്ഞു. കറുത്ത മഷികൊണ്ടുമാത്രമാണ് അച്ഛന് എഴുതിയിരുന്നത്. അച്ഛന് ഇടത്തോട്ടും അക്ഷരങ്ങള്‍ വലത്തോട്ടും ചെരിഞ്ഞിരുന്നു. അതിനാല്‍ അച്ഛന് എഴുതിയ പേനകള്‍ കൊണ്ട് മറ്റൊരാള്‍ക്ക് എഴുതാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അതാണ് മഷിപ്പേനയുടെ സവിശേഷത. അതുകൊണ്ട് ഒരാള്‍ക്ക് മാത്രമേ എഴുതാന്‍ പറ്റൂ.
വയലറ്റ് മഷിക്കമ്പം കുറേ കാലം കൊണ്ടു നടന്നു. പിന്നീടത് നീലപ്പച്ചയിലേക്ക് മാറി. സര്‍ക്കാര്‍ ഓഫീസില്‍ ജോലിയായപ്പോള്‍ അവിടെ ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ പലരും ഈ മഷി ഉപയോഗിക്കുന്ന കാരണം, ആ ഇഷ്ടവും വഴിയിലുപേക്ഷിച്ചു. ബ്രില്‍ കമ്പിനിയുടെ വയലറ്റ് മഷിയായിരുന്നു അന്നൊക്കെ ലഭിച്ചിരുന്നത്. എന്നാല്‍ അവരിപ്പോള്‍ ആ മഷി നിര്‍മ്മിക്കുന്നില്ല. പഴയൊരു പത്രവാര്‍ത്ത ഓര്‍മ്മ വന്നു. ക്രിംസണ്‍ വയലറ്റ് മഷികൊണ്ട് മാത്രമേ എഴുതൂ എന്ന് നിര്‍ബന്ധമുള്ള ഒരാള്‍ക്കു വേണ്ടി, ഉല്പാദനം നിര്‍ത്തിയ കമ്പനി ഒരു ലോഡ് മഷി നിര്‍മ്മിച്ചു നല്കിയ സംഭവം. കൊച്ചിയിലെവിടെയോ ഉണ്ടായതാണ്.
പേനയും മഷിയുമുണ്ടായാല് എഴുത്തു വരുമോ? എഴുത്ത് അസാധാരണ സന്ദര്‍ഭങ്ങളിലാവും സംഭവിക്കുന്നത്. അതിന് പലപ്പോഴും ഉപകാരപ്പെടുന്നത് ബോള്‍ പേനയോ പെന്‍സിലോ ആയിരിക്കും ഭാസ്കരന് എന്ന പേരില്‍ നല്ല ഗാനങ്ങളെഴുതിയിരുന്ന ഒരു സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ഭാസ്കരനും ഓഫീസ് മേലധികാരിയും കൂടി ഒന്നിച്ചുള്ള മദ്യപാനവും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കും. രാത്രി ഒരു ഉറക്കം കഴിയുമ്പോഴാണ് ഭാസ്കരന് എഴുത്ത് വരുന്നത്. ലൈറ്റിട്ട് മേലുദ്യോഗസ്ഥനെ ഉണര്‍ത്താനും പറ്റില്ല.ഭാസ്കരന് ഇരുട്ടത്ത് പേനയും കടലാസും തപ്പിയെടുത്ത് കിടന്നുകൊണ്ട് തന്നെ എഴുതാന്‍ തുടങ്ങും. നേരം പുലര്‍ന്നു നോക്കുമ്പോള്‍ ഒരു വരിക്കു മേലെ അടുത്ത വരി എഴുതിയതായി കാണാം. പകര്‍ത്തിയെഴുതി ആകാശവാണിക്കയച്ച ആ ഗാനങ്ങളില്‍ പലതും പ്രക്ഷേപണം ചെയ്യപ്പെട്ടു. മണമ്പൂര്‍ രാജന് ബാബു തന്റെ എഴുത്തു രഹസ്യം ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ചെറിയ തുണ്ടുകടലാസുകള്‍ അദ്ദേഹം എപ്പോഴും പോക്കറ്റില്‍ കരുതും. യാത്രക്കിടയിലായാലും എവിടെവെച്ചായാലും എഴുതണമെന്ന് തോന്നുന്നത് ആ കടലാസില്‍ കുറിച്ചു വെക്കും. ബസ്സില്‍ അപ്പുറവും ഇപ്പുറവും ആളുകളിരുന്നാലും എഴുതാനുള്ളത് എഴുതിയിരിക്കും.
മനോഹരമായ കയ്പ്പടയാണ് മണമ്പൂര്‍ രാജന് ബാബുവിന്റേത്. അടുത്തറിയാവുന്ന നല്ല കയ്പട ആലംകോട് ലീലാകൃഷ്ണന്റേതാണ്. നല്ല കൈയക്ഷരമുണ്ടായിരുന്ന ബഷീര്‍ മേച്ചേരി ഇപ്പോള്‍ എഴുതിക്കാണാറില്ല. തോര്‍ച്ചയിലെ കവിത (നവം:2011) കമ്പ്യൂട്ടറിലെഴുതിയതാവണം. എഴുത്തുകാരില്‍ മനോഹരമായ കൈപ്പടയുള്ള നിരവധി പേരുണ്ടായിരുന്നു. എസ്.കെ.പൊറ്റക്കാടായിരുന്നു അവരിലൊരാള്‍. പല നിറങ്ങളിലുള്ള മഷികള്കൊണ്ടായിരുന്നുവത്രെ അദ്ദേഹം എഴുതിയിരുന്നത്. പിന്നെ ഇടശ്ശേരി. കൈയക്ഷരം നല്ലതാക്കൂ (പള്ളിക്കൂടത്തിലേക്ക് വീണ്ടും) എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശംസ. ‘“നിന്റെ ചൂരലില്‍ നീലപ്പാടുകള്‍ തിണര്‍ത്തതാണെന്റെ കൈപ്പടയിന്നും“ എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് .മുപ്പത് കൊല്ലങ്ങള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്ത കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന സനില്‍ദാസ് കാര്‍ഡില്‍ വടിവൊത്ത അക്ഷരങ്ങളില്‍ ചുവന്ന മഷിയില്‍ എനിക്കെഴുതുമായിരുന്നു. ആ ശുപാപ്തിവിശ്വാസം എവിടെയാണ്, എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് ഇന്നുമറിയില്ല.
ഉപയോഗിക്കാത്ത മഷിപോലെ എഴുതാത്ത പേന പോലെ പുസ്തകങ്ങളും എണ്ണമറ്റവ വാങ്ങിക്കൂട്ടുന്നു. പലതും വായിച്ചിട്ടില്ല. ഇനിയൊരിക്കലും വായിക്കുകയുമുണ്ടാവില്ല. ചില പുസ്തകങ്ങള്‍ വെറുതെ മറിച്ചു നോക്കുമ്പോള്‍ അവക്കിടയില്‍ നിന്ന് പല കുറിപ്പുകള്‍ പുറത്തു വരും. വയലറ്റ് മഷികൊണ്ടുള്ള ചില അടിവരകള്‍ നീണ്ടുവന്ന് വിരലില്‍ തൊടും. പലപ്പോഴും ആ അടിവരയുടെ ആവശ്യമെന്തായിരുന്നു വെന്ന് ഓര്‍ത്തെടുക്കാനാവില്ല. എനിക്കുശേഷം ഈ പുത്കങ്ങള്‍ ആരെങ്കിലും മറിച്ചു നോക്കുക പോലുമുണ്ടാവില്ല. പിന്നെയല്ലേ അടിവരകള്‍ കാണുന്നത്. ഈ കുറിപ്പെഴുതിയത് വയലറ്റ് മഷി നിറച്ച പേനകൊണ്ടല്ല. ഓര്‍മ്മയിലേ ഉള്ളൂ ഇപ്പോളാ മഷി. എങ്കിലും ലീക്ക് ചെയ്യുന്ന ഒരു പേനയില്‍ നിന്നു കിനിഞ്ഞ മഷിയുടെ പാടുകളുള്ള വിരലുകളുണ്ട്, ഇ തിനു പിന്നില്‍...(തോര്‍ച്ച മാസിക)