"അപ്പോള്‍ വചനം രൂപമായതാണ് കവിത...കാവ്യത്തിനു വൈവിധ്യവും വൈചിത്ര്യവും നല്‍കുന്നത് അതിന്റെ രൂപമാണ് ;കവിയുടെ മൌലിക പ്രതിഭാവിലാസവും കാവ്യരൂപത്തില്‍ തന്നെയാണ് സാക്ഷാത്കാരം കണ്ടെത്തുന്നത്.(ഈ'രൂപ'മെന്ന പദം ഉപയോഗിക്കാന്‍ പ്രയാസമുണ്ട്;പക്ഷെ നിവൃത്തിയില്ലല്ലോ.അതിനു സാധാരണ മനസ്സിലാക്കാപ്പെടുന്ന അര്‍ത്ഥമല്ല ഉള്ളത് എന്ന് മാത്രം അറിയുക)" [സച്ചിദാനന്ദന്/കുരുക്ഷേത്രം]
ആദിയില്‍ വചനമാണുണ്ടായത്. പിന്നീടാണതിന് രൂപമുണ്ടായത്.
സാഹിത്യത്തിലെ രൂപപരവും ഭാവ/ഭാവുകത്വപരവുമായ പരിണാമങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ മലയാളത്തില്‍ ഇത്തരം മാറ്റങ്ങളുടെ ആരംഭം നിലനില്‍ക്കുന്ന രൂപങ്ങള്‍ക്കകത്തു നടന്ന ഭാവുകത്വ പരീക്ഷണങ്ങളാണെന്നു കാണാം. കുമാരനാശാന് വരുത്തിയ ഭാവുകത്വ മാറ്റങ്ങളൊക്കെ ഒരു നിയോക്ലാസിക്ക് രൂപഘടനയ്ക്കുള്ളിലായിരുന്നു. അറുപതാണ്ടു പൂര്‍ത്തിയാവുന്ന രണ്ടു കൃതികളെ ആസ്പദമാക്കി ഇത് കൂടുതല്‍ വിശദീകരിക്കാവുന്നതാണ്. . വൈലോപ്പിള്ളിയുടെ “ കുടിയൊഴിയ്ക്ക” ലും അക്കിത്തത്തിന്റെ ‘“ ഇരുപതാം നൂറ്റാണ്ടിന്റെഇതിഹാസ” വുമാണവ. രണ്ടു കൃതികളും പുറത്തു വന്നത് 1952ലാണ്. ‘ ഇതിഹാസ‘ ത്തിന്റെത് അനുഷ്ഠുപ്പ് വൃത്തത്തിലുള്ള ക്ലാസിക് രൂപഘടനയാണ്. എന്നാല്‍ അത് കൈകാര്യം ചെയ്ത പ്രമേയം ആധുനികാഖ്യാനങ്ങളിലേക്ക് നയിച്ച രാഷ്ട്രീയവും സാമൂഹികവും വൈയക്തികവുമായ ഉദ്വിഗ്നതകളായിരുന്നു. കാല്പനികഭാവം മുറ്റിനില്ക്കുന്ന ദ്രാവിഡ വൃത്തത്തിലുള്ള “കുടിയൊഴിക്കല്‍” ഇതേ ഉദ്വിഗ്നതകളെത്തന്നെ മറ്റൊരു വിധത്തില്‍ ആവിഷ്കരിക്കുന്നു.ദേശീയസ്വാതന്ത്ര്യാനന്തരം വ്യക്തി / സമൂഹം എന്നീ ദ്വന്ദ്വങ്ങള്‍ക്കു സംഭവിച്ചതോ സംഭവിക്കുമെന്ന് ആശങ്കപ്പെട്ടതോ ആയ പരിണാമങ്ങളാണ് ഇരുവരും ഖണ്ഡകാവ്യ രൂപത്തിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. ഇതേ ആശങ്കകളുടെ
വിപുലീകരണമായിരുന്നു പില്ക്കാല കവിതയിലെ ആധുനികപ്രവണത. ആധുനികതയുടെ വിവിധ പരിണാമഘട്ടങ്ങളിലായി ഖണ്ഡകാവ്യം എന്ന കാവ്യരൂപം ഏറെക്കുറെ നിഷ്ക്രമിക്കുകയും വൃത്തപരീക്ഷണങ്ങളും ഗദ്യരൂപങ്ങളുടെ പ്രയോഗങ്ങളും വ്യാപകമായി ആധുനികതയുടെ രൂപം വ്യവസ്ഥപ്പെടുകയും ചെയ്തു.(അഥവാ ആധുനികയ്ക്ക് അങ്ങനെയൊരു നിശ്ചിത രൂപം ഉണ്ടോയെന്നു തര്‍ക്കിക്കുകയുമാവാം. ആധുനികത വ്യാപകമായി ഉപയോഗിച്ച രൂപം,അതിനെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ രൂപം, എന്നൊക്കെ അര്‍ത്ഥമാക്കിയാല്‍ മതി). ആധുനിക കവിതയുടെ ആദ്യമാതൃകകളിലൊന്നായി കരുതപ്പെടുന്ന അയ്യപ്പപ്പണിക്കരുടെ “ കുരുക്ഷേത്ര” ത്തിന്റെ ഘടന “ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ” ത്തെ പല വിധത്തില്‍ ഓര്‍മ്മയില്‍ കൊണ്ടു വരും.(അഥവാ സച്ചിദാനന്ദന് തന്നെ വളരെ പണ്ട് നിരീക്ഷിച്ച പോലെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തില്‍ നിന്ന്നാം സ്വാഭാവികമായും കടക്കുക അയ്യപ്പപണിക്കരുടെ 'കുരുക്ഷേത്ര'ത്തിലേക്കാണ്)
എന്നാല്‍ മലയാളകഥ (നോവലും ചെറുകഥയുമുള്‍പ്പടെ) രൂപപരമായി ഏറെ പരിണാമങ്ങള്‍ക്കു വിധേയമായിട്ടില്ലെന്നു കാണാം. ഭാവുകത്വപരമായിരുന്നു കഥയുടെ പരിണാമസ്വഭാവമേറെയും. വിശാലാര്‍ത്ഥത്തില്‍ ചില ആശയതലങ്ങള്‍ പങ്കുവെച്ചു എങ്കിലും കഥയും കവിതയും വേറിട്ടു സഞ്ചരിക്കാനാണ് ശ്രമിച്ചത്. (കഥയില്‍ കവിതയുണ്ടാവുന്നതും കവിതയില്‍ കഥയുണ്ടാവുന്നതും മറ്റൊരു കാര്യം).കഥയ്ക്ക് സ്വായത്തമായ വിസ്തൃത ഘടനയ്ക്കകത്ത് ഭാവുകത്വത്തിന്റെ നിരവധി മാറ്റങ്ങളെ ഏറെക്കുറെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നത് രൂപപരിണാമത്തിന്റെ ആവശ്യകത തുലോം കുറയ്ക്കുകയും ചെയ്തു.
മലയാളത്തിലെ കഥയും കവിതയും ആധുനികതയുടെ ഭിന്നാശയങ്ങള്‍ ഉള്‍കൊണ്ടാണ് മുന്നേറിയത്. നഗരഭീതികളും, സംഘര്‍ഷങ്ങളും, അസ്ഥിത്വ വ്യഥകളുമായി മുന്നോട്ടു നീങ്ങിയ ആധുനിക കവിതയില്‍ പ്രകടമായ രാഷ്ട്രീയ ചിന്ത കടന്നു കയറുന്നത് എഴുപതുകളിലാണ്. സച്ചിദാനന്ദന്, കെ.ജി. ശങ്കരപ്പിള്ള തുടങ്ങി പലരിലൂടെയും സ്ഥാനപ്പെടുത്തപ്പെട്ട
( ആധുനികതയുടെ ചുവന്ന വാല് എന്ന് പരിഹസിക്കപ്പെട്ട) ഈ ആധുനികതയാണ് ഉത്തരാധുനിക കവിതയുടെ ആധാരമായി പ്രവര്‍ത്തിച്ചത് എന്ന് കാണുന്നതില്‍ പന്തികേടുണ്ടാവില്ല. ഉത്തരാധുനികതയുടെ സൂക്ഷ്മ രാഷ്ട്രീയവും, ദളിത്, സ്ത്രീ, പരിസ്ഥിതി ചിന്തകളും ഈ ചുവന്ന ദശകമാണ് കൊണ്ടുവന്നത്. ആദ്യകാല ആധുനികതയുടേതായി വ്യവസ്ഥപ്പെട്ട ഒരു 'രൂപ'ത്തെത്തന്നെ ആശ്രയിക്കേണ്ടി വന്നു എന്നതായിരുന്നു ചുവപ്പു ഭാവുകത്വം നേരിട്ടപ്രതിസന്ധി എന്നത് വിലയിരുത്തപ്പെട്ടു കഴിഞ്ഞതാണ്.(ഇത് തന്നെയാവാം ' കൂടുനീങ്ങുന്നീലെന്തഭിശാപം ' എന്ന് വൈലോപ്പിള്ളി പറയാന്‍ ശ്രമിച്ചത്)ആധുനികതയുടെ പോക്കുവെയില്‍ ചുവപ്പില്‍ നിന്നാണ് ഉത്തരാധുനികത കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന സൂക്ഷ്മരാഷ്ട്രീയം, ലഭിച്ചതെന്നതില്‍ ഉത്തരാധുനികതക്ക് ആധമര്‍ണ്ണ്യം തോന്നേണ്ടതുമില്ല. കഥയാകട്ടെ റിയലിസത്തിന്റെ വഴിയില്‍ നിന്ന് ഏറെയൊന്നും മാറി സഞ്ചരിച്ചില്ലെങ്കിലും ഫാന്റസി, അലിഗറി, അസംബന്ധാത്മകത എന്നിങ്ങനെയുള്ള ഒറ്റപ്പെട്ട പരീക്ഷണങ്ങള്‍ക്കുമുതിര്‍ന്നു. കഥയും കവിതയും അഭിമുഖീകരിച്ചതും ആവിഷ്കരിച്ചതും ഒരേ കാലത്തെത്തന്നെയാണെങ്കിലും അവയുടെ ഭാഷയും രീതിയും രണ്ട് കലാരൂപങ്ങള്‍ എന്ന വ്യതിരിക്തതയ്ക്കുമപ്പുറമായിരുന്നു. പൊതുസ്വാധീനങ്ങള്‍ മനുഷ്യാവസ്ഥകളെ സംബന്ധിച്ച ആധുനികതയുടെ ഉത്കണ്ഠകളില്‍ ഒതുങ്ങിനിന്നു.വൈയക്തികതയില്‍നിന്ന സാമൂഹികതയിലേക്ക് പരിണമിച്ചപ്പോഴും അതങ്ങനെ തന്നെയായിരുന്നു. പാശ്ചാത്യ ലോകത്ത് എലിയറ്റും കാഫ്കയുമൊക്കെ ഒരേ കാലത്ത് ജീവിച്ച് ഒരേ ഉത്കണ്ഠകള്‍ പങ്കുവെച്ചവരായിരുന്നെങ്കിലും അവര്‍ തമ്മില്‍ ഒരു പൊതു പരിസരം സാദ്ധ്യമായിട്ടുണ്ടോ എന്നത് സംശയമാണ്. എലിയറ്റ് ക്ലാസിസിസത്തിലേക്കും ഭാരതീയ ദര്‍ശനങ്ങളിലേക്കുമൊക്കെ ശ്രദ്ധതിരിച്ചപ്പോള്‍ കാഫ്ക ആധുനിക മനുഷ്യന്റെ പരിണാമങ്ങളെ അസംബന്ധമായാവിഷ്കരിക്കാനാണ് പരിശ്രമിച്ചത്. പാശ്ചാത്യ സാഹിത്യം പഠിച്ചവരും പഠിപ്പിച്ചവരും യൂറോപ്പിന്റെ സ്ഥലകാലങ്ങളെ ഇങ്ങോട്ടു പറിച്ചു നടാന്‍ പരിശ്രമിച്ചുവെങ്കിലും ഇവിടെ അത് വളര്‍ച്ച നേടിയെന്നു പറഞ്ഞുകൂടാ. ആശയപരമായ മാറ്റങ്ങള്‍ക്കു അത് ആദ്യ മാതൃക നല്‍കിയെങ്കിലും പില്ക്കാലത്ത് ദേശസ്വത്വങ്ങളിലെക്ക് മടങ്ങിയെത്തി.കവിത അതിന്റെ പാരമ്പര്യ രൂപങ്ങളെ പൂര്‍ണ്ണമായും കൈവെടിഞ്ഞതുമില്ല.
അയഥാര്‍ഥ നഗര ഗ്രാമങ്ങള്‍
‘ ഇല്ലാത്ത‘ നഗരത്തെയായിരുന്നു ആധുനികതയുടെ തുടക്കകാലത്ത് കഥയും കവിതയും ഒരുപോലെ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. ഇത് പാശ്ചാത്യ മാതൃകയില്‍ നിന്ന് ലഭിച്ചതാണ്. കക്കാടിന്റെ കവിതയിലാണ് നഗരം കൂടുതല്‍ ഭീകരരൂപിയായത്. കഥയിലാകട്ടെ കവിതയെ അപേക്ഷിച്ച് അല്പം വൈകിയാണ് നഗര ഭീകരത കടന്നു വന്നത്.(ഇന്ദുലേഖയുടെ കാലം തൊട്ടേ നഗരം മലയാള നോവലിലുണ്ട്) പ്രവാസി എഴുത്തുകാരിലൂടെയാണ് ഇത് പ്രകടമായത്. അത് സ്വാഭാവികമായിരുന്നെന്നു പറയാം. ദല്‍ഹിയിലും ബോംബെയിലും താമസിച്ചവര്‍ കണ്ട നഗരം കേരളത്തിലുള്ളതിനെ അപേക്ഷിച്ച് ഭീമാകാരമാര്‍ന്നവ തന്നെയായിരുന്നു.എന്നാല്‍ അക്കാലത്തെ കോഴിക്കോട് പോലൊരു നഗരത്തെ അങ്ങനെ കാണേണ്ടതില്ല. എം.ടി, ഉറൂബ് തുടങ്ങിയവരൊക്കെ ഗ്രാമത്തിന്റെ ഒരുമറുപുറം (അപരം) എന്ന രീതിയില്‍തന്നെനഗരത്തെ കാണുന്നുണ്ട്. ഗ്രാമത്തില്‍ നില്‍ക്കക്കള്ളിയില്ലാതായൊരാള്‍ക്ക് ചെന്നു ചേരാവുന്ന സ്ഥലം. ഫ്യൂഡല്‍ ഘടനയുടെ അപചയവും നഗരത്തെ പ്രസക്തമാക്കി.ഗ്രാമത്തില്‍ സ്ഥാനമാനങ്ങളും പരിഗണനകളും ഗുണവും ദോഷവുമായതിനൊന്നും നഗരത്തില്‍ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. നഗരത്തില്‍ വ്യക്തിക്ക് അലിഞ്ഞു ചേരാന്‍ വിഷമമില്ലായിരുന്നു. ആദ്യകാല കഥകളില്‍ നഗരം ഒരു അഭയസ്ഥാനവും സാന്ത്വന സ്ഥലവുമായിരുന്നു.ഈ വിധത്തില്‍ സൃഷ്ടിക്കപ്പെട്ട നഗര സ്വത്വത്തിന്റെ വിപരീതമാണ് പില്ക്കാലത്ത് മുകുന്ദന്റെയും കടമ്മനിട്ടയുടെയും കാവാലത്തിന്റെയും ഗ്രാമങ്ങളായി പ്രത്യക്ഷപ്പെടുന്നത്.സാഹിത്യം സൃഷ്ടിച്ച നഗരങ്ങളിലാണ് മലയാളികളാകെ കഴിയുന്നതെന്ന വിശ്വാസത്തില്‍ നിന്നുല്‍ഭവിച്ച ഗ്രാമങ്ങളായിരുന്നു അവ.
പില്ക്കാല പരിണാമങ്ങള്‍
കവിതകളെ അപേക്ഷിച്ച് കൂടുതല്‍ അയവുള്ള ഘടനയ്ക്കകത്തും തീഷ്ണതയുടെ സൗഹൃദം അനുഭവിപ്പിക്കാനായത് കഥകള്‍ക്കാണ്. ആഖ്യാനത്തിന്റെ മുന ജയരാജിലും എം.സുകുമാരനിലും പട്ടത്തുവിളയിലും മറ്റു പലരിലും പ്രവര്‍ത്തിച്ച പോലെയല്ല കവിതയില്‍ പ്രവര്‍ത്തിച്ചത്. പീഢിത യുവത്വത്തിന്റെ പൊള്ളുന്ന വാക്കുകളാല്‍ ബാലചന്ദ്രന് ചുള്ളിക്കാട് കവിതയില്‍ ഇത് മറ്റൊരു വിധത്തില്‍ സാധ്യമാക്കി.അയ്യപ്പനും ശ്രമിച്ചത് ഈ വിധത്തിലായിരുന്നു.എന്നാല്‍ 'കുരുക്ഷേത്ര'ത്തിലോ, 'ദിവ്യ ദുഃഖത്തിന്റെ നിഴലി'ലോ ഇങ്ങനെയൊരു അനുഭവമല്ല ഉള്ളത്. രാഷ്ട്രീയ ചിന്തകളുടെ തീവ്രതഎണ്‍പതുകളില്‍ കവിതയെ തീക്ഷ്ണതരമാക്കിയെങ്കിലും വാക്കുകളുടെ മുഴക്കം മാത്രമാണ് വേറിട്ടു കേള്‍ക്കാമായിരുന്നത്.
എഴുപതുകളുടെ ആരംഭത്തില്‍ ആധുനികതയുടെ വിച്ഛേദം പൂര്‍ണ്ണമായെങ്കിലും പിന്നെയും അത് പരിണാമ സന്നദ്ധമായി . എഴുപതുകളുടെ ആദ്യപകുതിയില്‍ ആരംഭിച്ച രാഷ്ട്രീയോന്മുഖത രണ്ടാം പകുതിയില്‍ പൂര്‍ണമാവുന്നു. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകളും എം.സുകുമാരന്റെ കഥകളും ഒന്നിച്ചു മനസ്സില്‍ കൊണ്ടു വരുന്നത് ഒരേ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടാവാം. എന്നാല്‍ 'ബംഗാള്‍' പോലൊരു കവിത രൂക്ഷമായ ഭാഷയാല്‍ ഒരാളില്‍ അക്കാലത്ത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും പില്ക്കാലത്ത് അതേ അനുഭവമുണ്ടാക്കാന്‍ പര്യാപ്തമായില്ല . സുകുമാരന്റെ കഥകളിലെ ഭാഷയോ പ്രമേയമോ കാലഹരണപ്പെടാതെ മറ്റൊരു രാഷ്ട്രീയ കഥാവസ്ഥയിലും പുതിയ വായന
സാധ്യമാക്കി. ആധുനിക കവിത രൂപപരമായ മാറ്റങ്ങളിലേക്ക് കടക്കുകയും ഒരുതരം പരന്ന ഗദ്യം ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത കാലത്തിന്റെ ഉല്പന്നമാണ് 'ബംഗാള്‍'പോലുള്ള കവിതകള്‍ . ഈ ഭാഷ 'ഭൂമിയുടെ ചടങ്ങുകള്‍',' ഒടുവില്‍ ഞാനൊറ്റയാവുന്നു'(സച്ചിദാനന്ദന്) 'കൊച്ചിയിലെ വൃക്ഷങ്ങള്‍'(കെ.ജി.എസ്) തുടങ്ങിയ കവിതകളിലൂടെ പിന്നീട് കൂടുതല്‍ സാന്ദ്രവും, ധ്വനി മൂല്യമുള്ളതുമായ ഗദ്യമായിത്തീര്‍ന്നു.
നര്‍മ്മം പല പ്രകാരത്തില്‍ കഥാസാഹിത്യം ഉപയോഗപ്പെടുത്തിയെങ്കിലും കവിതയില്‍ അതിന്റെ സാധ്യത ലുബ്ധിച്ചാണ് പ്രയോജനപ്പെടുത്തിയത്.ഭാഷയിലെ ഊര്‍ജ്ജസ്വലതകൊണ്ടു മാത്രം ഒരു പക്ഷെ 'മത്തങ്ങ' (കടമ്മനിട്ട)യേയും 'അല്ലോപനിഷത്തി(പട്ടത്തുവിള)നേയും ഒരുമിച്ചു നിര്‍ത്താമെങ്കിലും 'അല്ലോപനിഷത്ത് 'അങ്ങനെയൊരു തലത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ആധുനിക കവിതയില്‍ ഹാസ്യ പ്രവണത അത്രയേറെ പ്രകടമാകാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം അത്തരമൊരു രീതി കവിതയില്‍ പ്രബലത നേടിയില്ല എന്നതാണ്. അത് കവിതയിലെ ഹാസ്യ പ്രവണതക്ക് തുടര്‍ച്ചയില്ലാതാക്കി.
അടിയന്തിരാവസ്ഥയുടെ ആഖ്യാനങ്ങള്‍
അടിയന്തിരാവസ്ഥ എഴുപതുകളെ രണ്ടായി വിഭജിക്കുന്നു.അടിയന്തിരാവസ്ഥയാണ് ആധുനികതയ്ക്ക് അതിന്റെ ഉച്ചാവസ്ഥയില്‍ നേരിടേണ്ടി വന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളി. ആധുനികതയുടെ പ്രത്യയശാസ്ത്രത്തെത്തന്നെ ഭൌതികമായി വെല്ലുവിളിക്കാന്‍ പോന്ന കെല്പ് അതിനുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷമാണ് അത് തിരിച്ചറിയപ്പെട്ടതും അതിനെതിരായ നിലപാട് ആധുനികതയുടെ തന്നെ രാഷ്ട്രീയ ഉള്ളടക്കമായി മാറുന്നതും. അക്കാലത്ത് കവിതയിലുണ്ടായ പരോക്ഷമായ അടിയന്തിരാവസ്ഥാ വിമര്‍ശനങ്ങളില്‍ പലതും പില്ക്കാലത്താണ് തിരിച്ചറിയപ്പെട്ടതു തന്നെ.(തടവറക്കവിതകള്‍ എന്ന പേരില്‍ ഒരു സമാഹാരം തന്നെ പില്ക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി) അടിയന്തിരാവസ്ഥക്കു ശേഷമുണ്ടായ തീവ്ര രാഷ്ട്രീയം പലപ്പോഴും ഒരു ഭാഷാ പ്രയോഗമായിരുന്നുവെന്നും ഇന്നു തിരിച്ചറിയാനാകും. 'നാവുമരം', 'കടുക്ക' തുടങ്ങിയ കവിതകള്‍ അതിന്റെ നാടോടി ഈണങ്ങളും പരിഹാസ സ്വരങ്ങളും കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ( എന്നാല്‍ ആശുപത്രി,നിഷ്പക്ഷത,ശാന്ത എന്നീ കവിതകള്‍ ഇക്കാലത്തെഴുതപ്പെട്ടതും പ്രത്യക്ഷമായല്ലാതെ അതിന്റെ ആന്തരിക ഉത്ക്കണ്ഠകള്‍ പങ്കുവെക്കുന്നവയുമാണ്.) പരിഹാസത്തിന്റെ മൂര്ച്ഛകള് അതിന്റെ രാഷ്ട്രീയത്തിലേക്കും നയിക്കുന്നു. ഒരേ സമയം പ്രത്യേക കാലത്തേക്കും, എക്കാലത്തേക്കുമുള്ള പ്രസക്തി ഏതു സൃഷിയും ആഗ്രഹിക്കുന്നു.
അടിയന്തിരാവസ്ഥ തന്നെ ഇനിയുള്ള തലമുറ ഓര്‍ക്കാന്‍ പോകുന്നത് ഇത്തരം ചില ആഖ്യാനങ്ങളിലൂടെയാവും.അതില്‍ കഥയും കവിതയും മാത്രമല്ല ഉള്‍പ്പെടുക.രാജനെക്കുറിച്ചുള്ള ഈച്ചരവാര്യരുടെതുള്‍പ്പെടെയുള്ള ആഖ്യാനങ്ങള്‍,ജയിലനുഭവങ്ങള്‍ തുടങ്ങിയതൊക്കെ അതിന്റെ ഭാഗമാവും.
കഥയും കവിതയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി വിവിധ തലങ്ങളില്‍ അന്വേഷണ വിധേയമായതാണ്. ചില പ്രത്യേക പരിസരങ്ങളില്‍ മാത്രം അര്‍ത്ഥ വ്യക്തത കൈ വരുന്നതാണ് അടിയന്തിരാവസ്ഥാ വിമര്‍ശനം. ചില തലവാചകങ്ങള്‍ ,ചില സൂചനകള്‍ അങ്ങനെ പലതും അതിന് ആവശ്യമായി വരും. രാജാ രവിവര്‍മയുടെ 'ദാ അച്ഛന് വരുന്നു' എന്ന പെയിന്റിങ്ങിനെ
കുറിച്ച് വിജയകുമാര്‍ മേനോന് എഴുതിയ ഒരു ലേഖനം ആ ചിത്രത്തെ മക്കത്തായത്തിന്റെ വിളംബരമായി വായിക്കുന്നു. എന്നാല്‍ ഇതുപോലൊരു തലക്കെട്ടിന്റെ ( 'ദാ അച്ഛന് വരുന്നു' )ബലത്തിലല്ലാതെ അത്തരത്തിലൊരു വായന സാധ്യമാവുകയില്ല.ഏതു രാഷ്ട്രിയ,ചരിത്ര സന്ദര്‍ഭവും അതിന്റെ നിഷ്ക്രുഷ്ട സന്ദര്‍ഭങ്ങളില്‍ നിന്ന് മാറി ആഖ്യാന സന്ദര്‍ഭങ്ങളില്‍ നിലനില്‍ക്കനാവുമ്പോഴാണ് സര്‍വ്വകാല പ്രസക്തി നേടുന്നത്.
ആഖ്യാന തന്ത്രങ്ങള്‍:ആധുനികതയിലും ശേഷവും
പുരാണം, മിത്ത് എന്നിവയുടെ ഉപയോഗം ആധുനിക കവിതയുടെ ആദ്യഘട്ടത്തില്‍ വളരെ സാധാരണമായിരുന്നു. കക്കാട് അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി,ചെറിയാന്.കെ.ചെറിയാന് എന്നിവരിലൊക്കെ ഇതു കാണാം (കുരുക്ഷേത്രം ,പുരൂരവസ്സ്, കാളിയ മര്‍ദ്ദനം,പാലാഴിമഥനം) .പില്ക്കാലത്ത് ഈ പ്രവണത കുറഞ്ഞു വന്നു. കഥയില്‍ പുരാണങ്ങളുടെ പുനരുപയോഗം ഏതെങ്കിലും ഘട്ടത്തില്‍ വ്യാപകമായിരുന്നിട്ടില്ല. എന്നാല്‍ ചിലപ്പോഴെല്ലാം അത് ഉപയോഗിക്കപ്പെട്ടു. പി.കെ.ബാലകൃഷ്ണന് (ഇനി ഞാന്‍ ഉറങ്ങട്ടെ) എം.ടി (രണ്ടാമൂഴം) സാറാജോസഫ് (തായ്കുലം) എന്നിങ്ങനെ. എഴുത്ത് പാര്ശ്വവല്കൃത അനുഭവങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഭാഷയുടെ സംസ്കൃത ഘടകവും സ്വാഭാവികമായും ലഘൂകരിക്കപ്പെട്ടു.
രേഖീയമായ ആഖ്യാനം കവിതകളില്‍ നേരത്തേതന്നെ ഇല്ലാതായെങ്കിലും കഥയില്‍ അത് പിന്നേയും തുടര്‍ന്നു വന്നു. 'കുടിയൊഴിക്കല്‍', 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്നിവയിലൊന്നും രേഖീയത അത്ര പ്രബലമല്ല. പില്ക്കാലത്ത് ബിംബ ഭാഷക്ക് കവിതയില്‍ വന്ന പ്രാമാണ്യം രേഖീയതയെ പൂര്‍ണ്ണമായിത്തന്നെ ഇല്ലാതാക്കി. എന്നാല്‍ കഥയില്‍ അതിന്റെ സവിശേഷ ഘടനകാരണം രേഖീയത പല രീതിയില്‍ നിലനിന്നു. നൈരന്തര്യത്തെ അട്ടിമറിച്ചുകൊണ്ട് രേഖീയതയെ മറികടക്കാന്‍ ശ്രമിച്ചാലും രേഖീയത പല രൂപത്തില്‍ കഥയില്‍ അന്തര്‍ലീനമാണ്.
പഴയ ശൈലികള്‍ പരിഹാസരൂപത്തില്‍ തിരിച്ചു വന്നിട്ടുണ്ട്. കെ.ആര്.ടോണിയുടെ കവിതകളില്‍ അത് പലപ്പോഴും പാരഡി സ്വഭാവമാണ് കൈവരിക്കുന്നതെന്നു തോന്നുന്നു. എന്തിനേയും ഹാസ്യാത്മകമായി പരിണമിപ്പിക്കുന്ന ഒരു തരം വക്രോക്തിയാണത്. എന്നാല്‍ മുകളില്‍സുചിപ്പിച്ച പോലെ കുഞ്ചന്‍ നമ്പ്യാരിലാരംഭിക്കുന്ന നമ്മുടെ ഹാസ്യകവിതാ പാരമ്പര്യത്തിന് തുടര്ച്ചകളില്ലാതെ പോയതു കാരണം കെ.ആര് .ടോണിയെപ്പോലൊരാള്‍ക്ക് തൊട്ടു മുന്നിലുള്ള ഒരു തലമുറയുടെ പാരമ്പര്യം ചൂണ്ടിക്കാണിക്കാനാകാതെ വന്നു. ഇത് വലിയൊരു ശൂന്യത അയാള്‍ക്കു മുന്നില്‍ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ആസ്വാദനതലത്തില്‍ കെ.ആര്.ടോണിയുടെ കവിത നേരിടുന്ന വെല്ലുവിളിയാണത്.
പുതിയ കഥയെയും കവിതയേയും കൂട്ടി വായിക്കുമ്പോള്‍ അവ കൈകാര്യം ചെയ്ത പ്രമേയങ്ങളിലെയും ആവിഷ്കരണങ്ങളിലേയും ഐകരൂപ്യം, ആധുനികതയുടെ തുടക്കത്തില്‍ പ്രമേയസ്വികരണത്തില്‍സംഭവിച്ചതു പോലെത്തന്നെയാണ്. കവിത മാറ്റങ്ങളെ വേഗത്തില്‍ ഉള്‍ക്കൊണ്ടു. സ്ത്രീ, ദളിത് ആഖ്യാനങ്ങള്‍ക്ക് ഇടമേറെയുണ്ടായി. രൂപപരമായി പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി, തീരെ ചെറുതായി, പ്രത്യക്ഷ രാഷ്ട്രീയം അന്യമായി. എന്നാല്‍ കഥയാകട്ടെ രൂപപരമായി അതിന്റെ വലിപ്പത്തില്‍ വലിയ മാറ്റം നടപ്പാക്കിയില്ല. പ്രമേയങ്ങളില്‍ മേല്‍ഘടകങ്ങള്‍ക്കൊപ്പം പ്രത്യക്ഷ രാഷ്ട്രീയവും ചരിത്രവും അതിന്റെ ഘടനയിലുള്‍ച്ചേര്‍ന്നു. രൂപത്തിലല്ല, ഉള്ളടക്കത്തിലായിരുന്നു കഥ ഏറെ പരിണമിച്ചത്.കവിതയുടെ രൂപം കൂടുതലുറഞ്ഞ് സാന്ദ്രമായിക്കൊണ്ടിരിക്കുമ്പോള്‍ കഥ നിയതരൂപം വെടിയാതെ തന്നെ ആഖ്യാനത്തിലെ ശിഥിലതയും സംഗീതവുമൊക്കെ നിലനിര്‍ത്തി.സ്ത്രീ, ദളിത് ആഖ്യാനങ്ങളിലേറെയും ശരീരങ്ങളില്‍ കെന്ദ്രീകരിക്കപ്പെടുകയാണുണ്ടായത്.
സൈബര്‍ കാലം
പുതിയ സാങ്കേതിക വിദ്യയും മാധ്യമങ്ങളും കഥയെയും കവിതയേയും രൂപപരമായോ, ഭാവുകത്വ പരമായോ ഇനിയും കാര്യമായി സ്പര്‍ശിച്ചിട്ടില്ല. സൈബര്‍ ലോകത്തിന്റെ ചില സന്ത്രാസങ്ങള്‍ അങ്ങിങ്ങു സൂചിപ്പിക്കപ്പെട്ടുവെങ്കിലും സൈബര്‍ അനുഭവം ഇനിയും അതിന്റെ സമഗ്രതയില്‍ ആവിഷ്കാരം നേടാനിരിക്കുന്നതേയുള്ളൂ. 'ഫ്രാന്‍സിസ് ഇട്ടിക്കൊര' പോലെയുള്ള ചില നോവലുകള്‍ മാത്രമേ സൈബര്‍ ലോകത്തെ സമഗ്രമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുള്ളൂ. രൂപപരവും ഭാവുകത്വപരവുമായ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ലെങ്കില്‍ തന്നെ എഴുത്തിന്റെ ചില മാതൃകകളോട് വിട പറയാനും യഥേഷ്ടമുള്ള എഴുത്തിന്റെ സ്വാതന്ത്ര്യം കണ്ടെത്താനും അത് സഹായകമായി. ഇത് സാധ്യമാക്കിയത് സ്വയം പ്രസിദ്ധീകരണം എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനാലാണ്. ഇത് രചനാപരമായ നിഷ്കര്‍ഷകളേയും സൂക്ഷ്മതകളേയും എങ്ങനെ ബാധിച്ചു എന്ന് പില്ക്കാലമാണ് തീരുമാനിക്കേണ്ടത്. കവികള്‍ തന്നെയാണ് ഈ രംഗത്ത് ഏറെ ഉണ്ടായത്. കഥകള്‍ സൈബര്‍ലോകത്ത് വളരെ വിരളമായാണ് സംഭവിച്ചത്. രൂപപരമായ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ കഥകള്‍ക്ക് ഇനിയും കഴിയാത്തതാണ് ഒരു കാരണം. കഥക്കും കവിതക്കും ഇടയില്‍ സ്ഥാപ്പെടുത്താവുന്ന ചെറിയ അനുഭവ വിവരണങ്ങള്‍ ഫേസ്ബുക്കിലും മറ്റും സാധാരണമായി. സൈബര്‍ സാഹിത്യം പ്രസക്തി ഇല്ലാതാക്കിയത് മുഖ്യധാരാ അച്ചടിമാധ്യമങ്ങളെയല്ല, സമാന്തര മാസികകളെയാണ്. അവ ചെയ്യുന്ന ധര്‍മ്മം, അതിലേറെ ഇന്റര്‍നെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ചെറുമാസികകളുടെ രണ്ടാം ജന്മം, ഇന്റര്‍നെറ്റ് സാഹിത്യത്തിന്റെ ചുവടു പിടിച്ചുകൊണ്ടുള്ളതാണ്. മാതൃകാന്വേഷി,തോര്‍ച്ച തുടങ്ങിയ പുതുകാല ലഘുമാസികകളുടെ രൂപ ഘടന ഇതൊര്‍മ്മിപ്പിക്കുന്നു.
വിപണി തന്ത്രങ്ങള്‍ പുതിയ കഥയും കവിതയും പയറ്റുന്നുണ്ട്. അച്ചടി സാഹിത്യത്തില്‍ അത് അച്ചടിയുടെ രൂപ ഭംഗിയാകാം. സൈബര്‍ ലോകത്ത് അതിന്റെ നിരവധി തന്ത്രങ്ങളാവാം. വിപണിയുടെ ഭാഗമായി നില്‍ക്കാനും, വിപണിക്കു വേണ്ടതു വേണ്ട രൂപത്തില്‍ നല്‍കാനും അതു ശ്രമിക്കുന്നു. വിപണിയുടെ പുത്തന്‍ സാങ്കേതികതയും ഉല്പന്നങ്ങളും തന്നെയാണ് അതിനെ നിലനിര്‍ത്തുന്നത്. അതിനെതിരായ കലാപങ്ങള്‍ പോലും അതിന്റെ സാങ്കേതിക വിദ്യക്കകത്താണ് നിറവേറ്റപ്പെടുന്നത്.
സൈബര്‍ ലോകത്തെങ്കിലും വായനാ സമൂഹം വേറിട്ട ഒരു വിഭാഗമല്ല.എഴുത്തുകാരും വായനക്കാരും ഒരേ കൂട്ടര് തന്നയാണവിടെ.അത് കൊണ്ട് തന്നെ എഴുത്തിന്റെ സ്വീകരണവും നിരാകരണവും വളരെ ആപേക്ഷികവുമാണ് .അച്ചടി മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസാധനത്തിന്റെയും പ്രതികരണങ്ങളുടെയും അതി വേഗത'പാഠ'ത്തെ നിരന്തരമായ പരിണാമങ്ങങ്ങള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു.
--------------------
(‘കേരളകവിത’2013ല്‍ പ്രസിദ്ധീകരിച്ചത്.’കേരളകവിത’യുടെ ഒരു ചോദ്യാവലിയ്ക്കുള്ള ഉത്തരങ്ങളെന്ന നിലയ്ക്കാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.അതിനാല്‍ പരിമിതികള്‍ സദയം മനസ്സിലാക്കുക)