![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfiuZ37yO6ANo2ZCYek-WFHoc9ImnqbsEs7PVJkTUY29mrXpcfqBqOFuvSyfnY3hhOG2iUgzXo4Q7NbyP4tzOMk6M6E5dSpZ5O89zLjnSYddCp5-tCPd5TW31oZl3gHfK0SJvS5SmAtApa/s200/11667362_1115937538423602_7554843960632653284_n.jpg)
ഇവന് ആരാണ്? എവിടെ നിന്നു വന്നു?
അങ്ങാടിപ്പശുക്കളുടേയും തെരുവു നായ്ക്കളുടേയും ഒപ്പം അവന് വളര്‍ന്നു.
അവനു വികാരങ്ങളേയുള്ളു,ആശയങ്ങളില്ല.
വാക്കുകളേയുള്ളു,ചിന്തകളില്ല.
കണ്ണുകളേയുള്ളു,ദൂരക്കാഴ്ചകളില്ല.
(രാരിച്ചന്‍ എന്ന പൗരന്, 1956)
ഉറൂബ് എന്ന എഴുത്തുകാരന് നിരന്തരം പിന്തുടര്ന്നതോ, അദ്ദേഹത്തെ നിരന്തരം പിന്തുടര്ന്നതോ ആയ കഥാപാത്രങ്ങളിലൊരാളാണ് രാരിച്ചന്‍. ഉമ്മാച്ചു,സുന്ദരികളുംസുന്ദരന്മാരും എന്നീ നോവലുകള്‍ക്കു പുറമേ ‘രാരിച്ചന്‍ എന്ന പൗരന്‘ എന്ന സിനിമയാകെത്തന്നെ, രാരിച്ചന്റെ കഥാഖ്യാനങ്ങളായി നമുക്കു മുന്നിലുണ്ട്. 'ഉമ്മാച്ചു'വില്‍ രണ്ടു രാരിച്ചന്മാരുണ്ട്.സമകാലികനായ ഒരു രാരിച്ചനും മൂന്നുനാലു തലമുറകള്‍ക്ക് മുമ്പേ ജീവിച്ച മറ്റൊരു രാരിച്ചനും.പുതിയതലമുറയിലെ രാരിച്ചനാണ് നോവലുകളിലും സിനിമയിലും പിന്തുടര്‍ച്ചയുള്ളത്. സുന്ദരികളും സുന്ദരന്മാരും എന്ന നോവലില്‍ പ്രതിബദ്ധനായ ഒരു കമ്യൂണിസ്റ്റുകാരനാണ് രാരിച്ചന്‍. നോവലുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമൂഹ്യ സന്ദര്‍ഭത്തിലാണ് സിനിമയിലെ രാരിച്ചന്‍ വളര്‍ന്നുവലുതാവുന്നത്. ‘ഉമ്മാച്ചു‘വും ‘സുന്ദരികളും സുന്ദരന്മാ‘രും എഴുതുന്ന അതേ കാലത്താണ് ഉറുബ് സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്നത്. ആദ്യ സിനിമയായ ‘നീലക്കുയിലി‘ന്റെ (1954) തിരക്കഥ പൂര്‍ത്തിയാക്കി ഏറെ കഴിയും മുമ്പ് ‘രാരിച്ചന്‍ എന്ന പൗര‘ന്റെ തിരക്കഥയും പൂര്‍ത്തിയായി. നീലക്കുയിലിന്റെ തുടര്‍ച്ചയാണ് രാരിച്ചന്‍ എന്ന പൗരന്. ‘നീലക്കുയിലി‘ല്‍ അനാഥനായി വളര്‍ന്ന നീലിയുടെ മകന് തന്റെ പിതാവിനെ തിരിച്ചറിയുകയും ദേശീയ പൗരത്വത്തിലെക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. പ്രണയം, ജാതിരഹിത സമൂഹം, മാനവികതാവാദം തുടങ്ങിയ ആദര്‍ശാത്മക ചിന്തകളുടെ ആഖ്യാനങ്ങളാണ് രണ്ടു സിനിമകളും. മലയാളസിനിമയില്‍ ആദ്യകാലം മുതലേയുളള കുട്ടികളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനവും അവരുടെ വളര്‍ച്ചയും അനാഥത്വവും (വിഗതകുമാരന്, ബാലന്, ന്യൂസ് പേപ്പര്‍ ബോയ്) `നീലക്കുലിയി‘ലിലും`രാരിച്ചന്‍ എന്ന പൗരനി‘ലും തുടരുന്നു.
`ഉമ്മാച്ചു' എഴുതിത്തീരുന്നതിനമുമ്പ് തന്നെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന്റെ ഇതിവൃത്തം മനസ്സില്‍ രൂപം കൊണ്ടിരുന്നതായി ഉറൂബ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഉമ്മാച്ചു‘ 1953 ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെടുന്നത് .1954ല്‍ അത് പുസ്തക രൂപത്തില്‍ പുറത്തു വന്നു.സുന്ദരികളും സുന്ദരന്മാരും 1954 ഒക്ടൊബറില് എഴുതിത്തീര്‍ന്നു. അതായത് ഒരേകാലത്ത് തന്നെയാണ് രാരിച്ചനെ സംബന്ധിച്ച മൂന്ന് ആഖ്യാനങ്ങളും ഉറൂബ് പൂര്‍ത്തിയാക്കിയത്.അതുകൊണ്ട് ഏതാണ് ആദ്യം എഴുതപ്പെട്ടത് എന്നത് അപ്രസക്തമാണ്.ഉറൂബ് രാരിച്ചന്റെ കാര്യത്തില്‍ രേഖീയമായ ഒരു ആഖ്യാനം പിന്തുടരാത്തതുകാരണം ഏതു രാരിച്ചനാണ് ആദ്യമുണ്ടായതെന്നു വേര്‍തിരിച്ചെടുക്കാനുമാവുകയില്ല. എന്നാല്‍ മൂന്നു രാരിച്ചന്‍മാരും ഒരേ പരമ്പരയില്‍ നിന്നു വന്നവരും പരസ്പരംപൂരിപ്പിച്ചുകൊണ്ട് വളരുന്നവരുമാണ്.
ഭാവനാഭാരതവും കേരളവും
സിനിമയിലാണ് രാരിച്ചന്റെ കുട്ടിക്കാലവും കൗമാരവും ആവിഷ്ക്കരിക്കപ്പെടുന്നത്. രാരിച്ചനെ കേന്ദ്രീകരിച്ചുള്ള ആഖ്യാനമാണ് സിനിമ പിന്തുടരുന്നത് .’നീലക്കുയിലി‘ലെ നീലിയുടെ മകന് അനാഥനായി വളരുകയും സിനിമയുടെ പര്യവസാനത്തില്‍ സനാഥനായിത്തീരുകയും ചെയ്യുന്നു. രാരിച്ചനാകട്ടെ സനാഥനായി വളര്‍ന്ന് പിന്നീട് അനാഥനായി ദുര്ഗ്ഗണ പരിഹാര പാഠശാലയില്‍ എത്തിച്ചേരുന്നു. രാരിച്ചന്റെ പിതാവ് ചോഴി തൂക്കിലേറ്റപ്പെടുകയും മാതാവ് ഭ്രാന്തിയായി മരണപ്പെടുകയും ചെയ്തശേഷമാണ് അവന് അനാഥനായത് `ഇവന് ആരാണ്? എവിടെ നിന്നു വന്നു'...’ എന്ന ചോദ്യം സിനിമയുടെ ആരംഭത്തിലും അവസാനത്തിലും ഉയരുന്നു. കോടതിമുറിയില്‍ ഭരണഘടനയ്ക്ക് മുന്നിലാണ് ആ ചോദ്യമുയര്‍ത്തപ്പെടുന്നതെന്നതും പ്രസക്തമാണ്.എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പോകുന്നു. ഭാവി ഭാരതം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളായി അവ അവശേഷിക്കുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizNCiGNaUl-aZJJdIKXYorv141s9c1jicDx-2NoDpAj1-zOatbkYipQBhQDz3KUf_Npo607d7yqwdD2W50AeFVjWSDjBNXrJ_h8YhSZfsnoc_x48RSSaISzbGD6qgKUrw-VxhxX-2iuldN/s200/FL18_MAL_P_BHASKAR_1603465g.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh03f5j-4K5KUPcAxmz71xE35kwq9ehd20IfY2ETHf6repPfB2roCuLAI3u8SJPtjph951itfhqqXgq6Fedu9TgbqNc_6bglkV9G1m9DK62VZjHM_z-seu7DLQJpbr4cLkjeyCFfzvpU7sT/s200/Kuttikrishnan_PC.jpg)
നഗരത്തിലെത്തുന്ന രാരിച്ചന്‍ ആധുനിക പരിഷ്കൃതികളോടും യന്ത്ര സംവിധാനങ്ങളോടും പരിചയം നേടുന്നു. ``തെക്ക്ന്ന് വാങ്ങിവന്ന കാളകളെയും'' തന്റെ എണ്ണച്ചക്കിനെയും അവന് മറന്നു പോകുന്നു. നഗര ത്തിരക്കിനൊപ്പം അവനും ഒഴുകുന്നു. ഏതെങ്കിലും പ്രത്യേക സംവിധാനങ്ങ ളോടൊന്നും അവന് ഒട്ടി ചേര്‍ന്നു നില്ക്കുന്നില്ല. യാത്രാബസ്സുകള്‍ എന്ന അക്കാലത്തെ അത്ഭൂതവാഹനത്തോടൊപ്പമാണ് അവന് എറ്റവും കൂടുതല്‍ ഇടപഴകുന്നത്. സമൂഹത്തിലെ വിവിധകോയ്മകള്‍ക്ക് മുന്നില്‍ ഒരു യാത്രാ ബസ്സ് സൃഷ്ടിക്കുന്ന അത്ഭൂതങ്ങള്‍ ഇക്കാലത്ത്, കാലഹരണം വന്ന നര്മ്മങ്ങളാണ്. പരിഷ്ക്കാരങ്ങളുമായി സമരസപ്പെടാന്‍ മനുഷ്യന് അക്കാലത്ത് കൂടുതല്‍ കാലം വേണമായിരുന്നു. ഇന്ന് രണ്ടും ഏറെക്കുറെ ഒപ്പമെത്തുന്നു. എന്നാല്‍ രാരിച്ചന്‍ ഈ അകലം അനുഭവപ്പെടുന്നില്ലെന്നതുകൊണ്ടുകൂടിയാണ് അവന് ആധുനിക പൗരനാ കുന്നത്.സമൂഹത്തിന്റെ ഉന്നതശ്രേണിയിലിരുന്നവര്‍ക്കായിരുന്നു സാമൂഹ്യസമത്വം സാങ്കല്പിക മായെങ്കിലുംസാദ്ധ്യമാക്കിയ പരിഷ്ക്കാരങ്ങളോട് സമരസപ്പെടാന്‍ കാലതാമസമുണ്ടായത്.
പ്രണയമാണ് ‘രാരിച്ചന്‍ എന്ന പൗര‘നില് ദാരിദ്ര്യത്തിനൊപ്പം പ്രാമുഖ്യം നേടുന്ന മറ്റൊരു പ്രമേയം. ആധുനികാനുഭവമായാണ് പ്രണയവും നമ്മുടെ സമൂഹത്തില്‍ പ്രവേശിച്ചത്. സാമ്പത്തികക്കോയ്മകള്‍ക്കും ജാതിക്കോയ്മകള്‍ക്കും മേലെയാണ് അതിന്റെ സ്ഥാനമെന്ന് രാരിച്ചനും അബോധമായി മനസ്സിലാക്കുന്നുണ്ട്. സ്ത്രീധനം, വൃദ്ധവിവാഹം എന്നിവയ്ക്കെതിരെ യുളള നവോത്ഥാന ചിന്തകള്‍ ജ്വലിച്ചു നില്ക്കുന്ന കാലം കൂടിയാണ് അത്. സ്വാതന്ത്ര്യാനന്തര ദേശീയതയിലെ ആദര്‍ശയുവത്വത്തിന്റെ പ്രതീകമാണ് രാരിച്ചന്‍. അതുകൊണ്ടാണ് കദീജയുടെ വിവാഹത്തിന് ,അത് പ്രണയവിവാഹമാണെങ്കിലും സ്ത്രീധനത്തുക കണ്ടെത്താന്‍ രാരിച്ചന്‍ മോഷ്ടാവാകുന്നത്. ഏതുവിധേനയും പ്രണയാനുഭവത്തിന് സമ്പൂര്‍ത്തിയുണ്ടാക്കുക എന്നത് സിനിമയില്‍ ഭാഗികമായി ന്യായീകരിക്കപ്പെടുന്നുണ്ടെങ്കിലും മോഷണത്തിന്റെ പേരില്‍ മറ്റൊരു നിരപരാധി പോലീസ് പിടിയിലാകുന്നത് രാരിച്ചനെയും പരിഷ്കൃത സമൂഹത്തെയും പുനര്‍വിചിന്തന ത്തിന് നിര്‍ബന്ധിതമാക്കുന്നു. അങ്ങനെയാണവന് മോഷണക്കുറ്റംസ്വയം ഏറ്റെടുക്കുന്നത്. കളളവും ചതിയുമില്ലാത്ത, പ്രണയാനുഭവം അതിന്റെ സ്വാഭാവികതയില്‍ പൂര്‍ണ്ണമാവുന്ന ഒരു രാഷ്ട്രമാണ് ഉറൂബ് വിഭാവന ചെയ്തത്. തന്റെ കുടുംബത്തെ തകര്‍ത്ത ജന്മിയൊടുളള പ്രതികാരം കൊണ്ടാണ് താന്‍ മോഷ്ടാവായതെന്ന് അവന് പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഭാരതത്തിന് അകറ്റി നിര്‍ത്തേണ്ട സ്ത്രീധനം, ജാതിചിന്ത, ജന്മിത്തം എന്നിവയെപ്പോലെ ത്തന്നെയാണ് മോഷ ണവും. നല്ല കാര്യത്തിനാണെങ്കിലും ധാരാളം നന്മകള്‍ക്കൊപ്പം ഇത്തിരി തിന്മ കലര്‍ന്നവനായി രാരിച്ചന്‍മാറുകയും, തിന്മ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാനായി അവനെ ദുര്‍ഗണ പരിഹാര പാഠ ശാലയിലേക്കയയ്ക്കുകയും ചെയ്യുന്നു. മറ്റുളളവര്‍ക്കുവേണ്ടി തിന്മകളെറ്റെടുത്ത കഥാപാത്രങ്ങ ളായാണ് ചോഴിയും രാരിച്ചനും പിന്നീടും പ്രത്യക്ഷപ്പെടുന്നത്.രാരിച്ചന്‍ എന്ന സിനിമയില്‍ പലഭാഷകളും സംസ്ക്കാരങ്ങളും കുടുംബമാതൃകകളും ഉറൂബ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊര നുഭവം പിന്നീട് സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലാണുളളത്. കൃസ്ത്യന്‍ ഹിന്ദു മുസ്ലീം സമൂഹങ്ങള്‍ അവരുടെ തനതുഭാഷയൊടൊപ്പം പ്രാദേശിക ഭാഷയും സംസാരിക്കുന്നു. എന്നാല്‍ രാരിച്ചന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു ഭാഷയാണ് സംസാരിക്കുന്നത്. അത് ഒരു പക്ഷേ തെരുവിന്റെ ഭാഷയായിരിക്കാം.
വക്കീലും കോടതിയുയെല്ലാം ചേര്‍ന്ന പുതിയ നിയമവ്യവസ്ഥയിലുളള വിശ്വാസം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് സിനിമ പര്യവസാനിക്കുന്നത്. ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ നിന്ന് പുറത്തു വരാനി രിക്കുന്ന രാരിച്ചന്‍ എന്ന ഭാവിപൗരനില്‍ രാഷ്ട്രത്തിന് പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് കദീജ യുടെ ഉമ്മ “ഇപ്പോള്‍ തന്നെ തെമ്മാടിത്തരം കാണിച്ചാല്‍ നീ എവിടെ എത്തും“ എന്ന് അവനെ ശാസിക്കുന്നത്. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത് കോടതിയുടെ പരിധിയല്ല എന്ന നിരീക്ഷണം പ്രസക്തമാണ്. കോടതിക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷവിധി ക്കാനേ അധികാരമുളളു. രാരിച്ചന്റെ പിതാവ് ചോഴിയെ വധശിക്ഷക്ക് വിധിച്ചതും അങ്ങനെയാണ്. ചോഴി ഉയര്‍ത്തിയ സാമൂഹ്യപ്രശ്നങ്ങള്‍ക്കുളള പരിഹാരങ്ങളൊന്നും കോടതിയുടെ പക്കലില്ല. എന്നാല്‍ ചോഴി വധശിക്ഷക്ക് വിധേയനായതുംരാരിച്ചന്‍ ദുര്‍ഗ്ഗുണ പരിഹാരശാലയിലെത്തിയതും മറുപടി കണ്ടെത്താത്ത സാമൂഹ്യ പ്രശ്നങ്ങള്‍ കാരണമാണ്. രാഷ്ട്രം കണ്ടെത്തേണ്ടതാണ് ആ പരിഹാരങ്ങളെങ്കിലും അതിനുളള പരിശ്രമം വ്യക്തികളെന്ന നിലക്ക് `ഉമ്മാച്ചു'വിലെയും `സുന്ദരിക‘ളിലെയും രാരിച്ചന്മാര് നടത്തുന്നുണ്ട്.
മതം മാറിയ രാരിച്ചന്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwNOKu4zkCMXlmOr_jWyIVJkJDvRrnGaQr9iDTRuh63dEoKyCcIpoTdBu4rlvoqnHMXDb9zITTEObqtN_DkXVc6gnYfJvvgTzkJQ6aW8J7eNSN3K7iwxoAFTZ7dnugFobdBjHxM8NLxJ8Q/s200/bk_4410.jpg)
രാരിച്ചന്റെ യൗവനകാലത്ത് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ബീരാന്റെ മകന് അബ്ദു കോണ്‍ഗ്രസ്സ് പക്ഷത്തും മായന്റെ മകന് ഹൈദ്രോസ് മുസ്ലീം ലീഗ് പക്ഷത്തുമാണ്. അവിടെ ഹൈദ്രോസിനു വേണ്ടി മുദ്രാവാക്യം വിളിക്കുക യാണ് രാരിച്ചന്റെ നിയോഗം. എല്ലാ പാര്‍ട്ടിക്കാരും രാരിച്ചനെ പലപ്പോഴും വാടകയ്ക്കെടുത്തു. നാലണയും ഒരു സിങ്കിള്‍ ചായയുമാണ് പ്രതിഫലം. ഹൈദ്രോസിനു മുദ്രാവാക്യം വിളിക്കാന്‍ പോയാല്‍ ഉച്ചക്കു കഞ്ഞി തന്നെ കിട്ടും. അതുകൊണ്ട് അധികവും അവന് ഇസ്ലാമിനുവേണ്ടി മുദ്രാവാക്യം മുഴക്കി. തന്റെ അച്ഛനെ ജയിലില്‍ നിന്നു വിട്ടൊ എന്നവനറിഞ്ഞു കൂടാ. താഴെയുളള രണ്ടു കുട്ടികളും അമ്മയും കൂടി പതിനൊന്നുനാഴികദൂരത്തുളള ബന്ധുഗൃഹത്തിലേക്ക് പോയതാണ്. പിന്നെ മടങ്ങിയിട്ടില്ല. ‘നീ എന്താണ് എവിടെയും പോകാത്തത് രാരിച്ചാ‘ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന് പറയും:‘നമ്മള് ഈ രാജ്യത്തെ ഒരു മേസ്തിരിയല്ലേ?നമ്മള് പോയാല്‍ രാജ്യക്കാര്‍ കഷ്ടത്തിലാവില്ലെ?‘ രാജ്യം പരിപാലിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു പ്രജയാണ് താനെന്ന മിഥ്യാബോധത്തിന് അടിപ്പെട്ടു കൊണ്ട് അവന് കഴിഞ്ഞുകൂടി. അങ്ങനെയാണവന് `ഇസ്ലാമിനെ അപകടത്തില്‍ നിന്നു രക്ഷിപ്പിന്. ഹൈദ്രോസ് മുതലാളിക്കു വോട്ടു ചെയ്യുവിന്‍‘ എന്ന മുദ്രാവാക്യം മുഴക്കി ആ നാട്ടിലെങ്ങും അലഞ്ഞത്.
മൂന്നുനാലു തലമുറകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മറ്റൊരു രാരിച്ചനുണ്ട്. പന്തയക്കാളയെപ്പോലെ ഭീമകായനായ അയാളെ ഓണത്തല്ലിനു വേണ്ടി നമ്പൂതിരിപ്പാട് വളര്‍ത്തുകയാണ്. കാട്ടിപ്പോത്തി നേക്കാള്‍ ശക്തി മൃഗത്തേക്കാന്‍ ബുദ്ധി- ഇതായിരുന്നു രാരിച്ചന്‍. ഇല്ലത്തെആനക്കുട്ടികള്‍ക്കും ഇയാള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. കൂട്ടാന്‍ കൂട്ടാതെ ആന ചോറുണ്ണും. രാരിച്ചന്‍ മുരിങ്ങ യിലക്കൂട്ടാന്‍ കൂട്ടി ഉരുട്ടിയാണ് തട്ടിവിടുക. ആനക്ക് വിലകിട്ടും. ഇയാള്‍ക്ക് വിലകിട്ടില്ല. രാരിച്ചനും അന്തര്‍ജ്ജനവും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ധരിച്ച് രാരിച്ചനെ പുറത്താക്കുകയും അന്തര്‍ജ്ജനത്തെ വധിച്ചുകളയുകയും ചെയ്തു. രാരിച്ചന്‍ പോയി തൊപ്പിയിട്ടു. ഇസ്മയേല്‍ എന്ന പേര് സ്വീകരിച്ചു. ആ ഇസ്മായേലാണ് പിന്നീട് നമ്പൂതിരിയെ വധിച്ചത്. `` “നമ്പൂര്യച്ചനെ കൊന്ന കജ്ജ് “എന്ന അദ്ധ്യായത്തില്‍ ചരിത്രകാരന് അഹമ്മതുണ്ണിയാണ് ഈ ചരിത്രം വെളിപ്പെടുത്തു ന്നത്. മായന്റെ ക്രിമിനല്‍ പശ്ചാത്തലം വിവരിക്കാനാണ് ചരിത്രകാരന് ഈ കഥ പറയുന്നത്. “ആ ഇസ്മേല് ഈ മായന്റെ ഉപ്പപ്പാന്റെ ഉപ്പാപ്പാണ്“.
രാരിച്ചന്‍ എന്ന സുന്ദരന്‍
`സുന്ദരികളും സുന്ദരന്മാരി‘ല്‍ കരുത്തനും ആത്മബോധമുളളവനുമായ കഥാപാത്രമായി രാരിച്ചന്‍
വളര്ന്നുനില്ക്കുന്നു. ‘ഉമ്മാച്ചു‘വിലെയും സിനിമയിലെയും ചോഴിയുടെ തുടര്‍ച്ച തന്നെയാണ് ഈ നോവലിലെയും ചോഴി. തന്റെ പിതാവിനെക്കുറിച്ച് രാരിച്ചന്‍ പറയുന്നു: “ഒരു ചക്കുന്തിയുടെ മകനായി പിറന്നവനാണ്. എന്റെ അച്ഛന് മരിച്ചതെങ്ങനെയാണെന്നറിയാമോ? ആരോ ചെയ്ത കുററത്തിന് ആ മനുഷ്യന് തൂക്കിലേറി. ഞങ്ങള്‍ക്കുളളതെല്ലാം പിടിച്ചു പറിച്ചു. ഞങ്ങള്‍ എച്ചില് പെറുക്കി തെണ്ടി നടന്നു. എന്റെ അമ്മ വഴിയില്‍ കിടന്നാണ് ചത്തത്. പട്ടികള്‍ ഇതിലും നന്നായി ചാവാറുണ്ട്. എന്റെ അമ്മയുടെ ശവം മൂന്നു ദിവസം വഴി വക്കില്‍ കിടന്നു“. (പുറം229-30)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaFDt47ft-1sKRdtgWwpnQqBBOnxBXOlthAFT5vlfiP6vnqA57Qu_FpxEYaBh20E2H64ceE4HqkocCJ8mD2LljTFuBksoWhIQOi3X_mtJ0jbJ191OA52PbKJjO4UhvExWz9oHtQLddfkgx/s200/SUNDARIKALUM-SUNDARANMARUM.jpg)
അക്കാലത്ത് ധാരാളം പേര് പട്ടാളത്തില്‍ ചേരുകയുണ്ടായി. അത് ലോകയുദ്ധവുമായി മാത്രം ബന്ധപ്പെട്ടുകൊണ്ടായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളത്തിലെക്കാണെങ്കിലും രൂപപ്പെട്ടു വരുന്ന ഭാരതദേശീയതയിലേക്കുള്ള കുടിയേറ്റമായിരുന്നു അത്. യുദ്ധം കഴിഞ്ഞപ്പോള്‍ ഈ പട്ടാള ക്കാരിലേറെയും തിരിച്ചുവന്നെങ്കിലും ദേശീയതയെ പ്രതിനിധാനം ചെയ്തതിന്റെ, സന്തോഷം അവരില്‍ പലര്‍ക്കുമുണ്ടായിരുന്നു.
കുഞ്ഞിരാമന് പട്ടാളത്തില്‍ ചേര്‍ന്ന ശേഷം രാധക്ക് സാന്ത്വനവും പരിഗണനയും നല്‍കിക്കൊണ്ട് രാരിച്ചന്‍ അവള്‍ക്കൊപ്പമുണ്ട്. കുഞ്ഞിരാമന്റെ അഭാവത്തില്‍ അവനുനേരെയുള്ള പരിഹാസ ത്തി ലേറെയും നേരിടേണ്ടിവന്നതും രാരിച്ചനാണ്. ജാപ്പുവിരോധി എന്ന പേരില്‍ അവന് പരിഹസി ക്കപ്പെട്ടു. രാധയുടേയും അവന്റേയും പേരുകള്‍ ചേര്‍ത്ത് കവലകളില്‍ അശ്ലീലവര്‍ത്തമാനങ്ങള്‍ നിറഞ്ഞു. പിന്നീട് രാധയുമായും രാരിച്ചന്‍ വേര്‍പിരിയേണ്ടി വന്നു. “ഞാന്‍ എന്നെയും എന്റെ വര്‍ഗ്ഗത്തെയും വഞ്ചിക്കാനൊരുക്കമില്ല. മധുരവാക്കുകള്‍ കേട്ടു മയങ്ങാന്‍ തയ്യാറുമില്ല'' എന്ന് അവന് തന്റെ ആശയദാര്‍ഡ്യം തുറന്നു തന്നെ പറഞ്ഞു. `:ദയയുള്ള മനുഷ്യരെല്ലാം നീതി ബോധമുള്ള വരായി കൊള്ളണമെന്നില്ല''എന്നായിരുന്നു രാരിച്ചന്റെ ബോദ്ധ്യങ്ങളിലൊന്ന്.രാധക്കും അവളുടെ സഹോദരന് ഗോപാലകൃഷ്ണനും വിശ്വത്തിനും മുന്നില്‍ തന്റെ ഭാഗം സമര്‍ത്ഥിക്കാനൊന്നും നില്‍ക്കാതെ മടങ്ങിപ്പോവുകയാണ് രാരിച്ചന്‍. എങ്കിലും വലിഞ്ഞു നടക്കുമ്പോള്‍ പുഴയിലൂടെ അടിച്ചു വരുന്ന പുലര്‍കാലക്കാറ്റ് പുതിയൊരുന്മേഷം അവന് നല്കി. രാധയും വിശ്വവും ചേര്‍ന്ന് ഒരു കുടുംബം രൂപപ്പെടുത്തുന്ന ഘട്ടത്തിലൊന്നും രാരിച്ചന്‍ അവിടെയെങ്ങുമില്ല. നിര്‍ബന്ധമായും രാരിച്ചന്റെ സാന്നിദ്ധ്യമുണ്ടാവേണ്ട സന്ദര്‍ഭമായിരുന്നു അത്. എങ്ങോട്ടാണ് രാരിച്ചന്‍ പോയത്?
രാരിച്ചന്റെ ജീവിതത്തെ ആശ്രയിച്ചു കൊണ്ടാണ് സിനിമയുടെ ആഖ്യാനമെങ്കിലും നോവലിലെ രാരിച്ചന്മാര് അപൂര്‍ണരാണെന്നു പറഞ്ഞുകൂടാ. കുഞ്ഞുരാമന്റെ മരണത്തോടെ `സുന്ദരിക'ളിലെ രാരിച്ചന്‍ ആന്തരികമായി ഇല്ലാതാകുന്നണ്ടെങ്കിലും ഉയിര്‍ത്തെണീറ്റ മറ്റൊരു രാരിച്ചന്‍ ഭാവികാലം നോക്കിയാത്ര തുടരുന്നുണ്ട്. ആ വിധത്തിലാണ് രാരിച്ചന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഉമ്മാച്ചുവിലെ രാരിച്ചനുമുണ്ട് സമൃദ്ധമായൊരു ഭൂതകാലം. ‘നമ്പൂര്യച്ചനെ കൊന്ന കജ്ജാ‘ണത്. ഏതാനും തലമുറ കള്‍ക്കുശേഷം അതേ രാരിച്ചന്‍ ചോഴിയുടെ മകനായി ജനിക്കുന്നു. ബൗദ്ധികമായി വളരാത്തതാ ണവന്റെ മനസ്സ്. ആര്‍ക്കു വേണ്ടിയും അവന് മുദ്രാവാക്യം വിളിച്ചു.
ഇവരിലേതു രാരിച്ചനെയാണ് ഉറൂബ് ഭാവി രാഷ്ട്രത്തിലെ പൗരനായി കാണാനാഗ്രഹിച്ചത്?. ഉറൂബിന്റെ ആഖ്യാനത്തില്‍ നല്ലവരും ദുഷ്ടരും ഇല്ല. നന്മയും തിന്മയും സത്യവും അസത്യവും ഇല്ല. എല്ലാവരും സുന്ദരികളും സുന്ദരന്മാരുമാണ്. അതുകൊണ്ട് മൂന്ന് രാരിച്ചന്‍മാരും പരസ്പരമുള്ള വക ഭേദങ്ങളായി കാണാമെങ്കിലും ആദര്‍ശത്തിന്റെ കരുത്തിനാല്‍ കൂടുതല്‍ സുന്ദരനായി നില നില്ക്കുക ‘സുന്ദരിക‘ളിലെ രാരിച്ചനാണ്. അയാള്‍ പട്ടാളത്തില്‍ വെച്ചു മരിച്ചുപോയ കമ്യൂണിസ്റ്റു കാരനായ കുഞ്ഞുരാമന്റെ സ്നേഹിതനാണ് (കുഞ്ഞുരാമന് തന്നെയാണ്). കുഞ്ഞുരാമന്റെയെന്നപോലെ രാരിച്ചന്റെയും ജിവിതം തനിക്കു വേണ്ടിയായിരുന്നില്ല. രാധയുടെ ‘സഹോദര‘നും ഗോപാലകൃഷ്ണന്റെയും വിശ്വത്തിന്റെയും കൂട്ടുകാരനുമായിരുന്നിട്ടും, രാധ ഒരു കുടുംബക്രമത്തിലേക്ക് പ്രവേശിക്കുന്ന നോവലിന്റെ അവസാനത്തില്‍ രാരിച്ചന്‍ അകറ്റി നിര്‍ത്ത പ്പെട്ടു. തന്റെ പ്രത്യയശാസ്ത്രസ്ഥൈര്യത്തിന് കുറവൊന്നും വരുത്താതെയാണ് അവന് കൂടുതല്‍ സുന്ദരനാവുന്നത്. രാധയും വിശ്വവും ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന പുത്തന്‍ കുടുംബരൂപത്തിലൂടെ അവരും സുന്ദരരാക്കുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxMuzBZUbCCf2TMvNJCW_3PxUwOEB-FELJF0aFcooao4aHNqc_YbVhQa_vRn_syWzC2CJljeuXpCbSdB3g_kwQi7Hkq9zMKp9HTh_75dESR48LMuLk7jnvGmiMVvLNplfih1LhTXnG235E/s200/download.jpg)
സിനിമയിലെ രാരിച്ചന്‍ കദീജയ്ക്കൊരു കുടുംബം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജയിലിലായത്. പിതാവിന്റെയും മാതാവിന്റെയും മരണത്തിലൂടെ അവന്റെ കുടുംബം ചിതറി പ്പോയെങ്കിലും മറ്റു പല കുടുംബങ്ങളുടെയും രൂപീകരണവും നിലനില്പുമാണ് സിനിമയ്ക്കാധാരം. ‘ഉമ്മാച്ചു’വിലെ രാരിച്ചനും കുടുംബങ്ങളുടെ വൃദ്ധിക്ഷയങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. അവന്റെ അച്ഛന് ജയിലില്‍ കഴിയുന്നത് ഉമ്മാച്ചുവും മായനും ചേര്‍ന്നുള്ള കുടുംബ ത്തിന്റെ നിലനില്പിനു വേണ്ടിയാണ്. നോവലിന്റെ അവസാനത്തില്‍ ചിന്നമ്മുവിന്റെയും അബ്ദു വിന്റെയും കുഞ്ഞിന്റെ കരച്ചില് കേട്ട് ചാപ്പുണ്ണിനായര്‍ ആര്‍ദ്രനും നിസ്സഹായനുമാവുന്ന മതേതര കുടുംബസംഗമത്തില്‍ പക്ഷേ രാരിച്ചനില്ല.
അനാഥരും കുടുംബക്രമങ്ങള്‍ക്ക് പുറത്തു നില്ക്കാന് വിധിയ്ക്കപ്പെട്ടവരുമായ രാരിച്ചന്‍മാരെ, അവരുടെ പരസ്പരപൂരകത്വമാണ് ഒരുമിപ്പിച്ചു നിര്‍ത്തുന്നത്. കുടുംബത്തിനു പുറത്തും അകത്തും നടക്കുന്ന മാറ്റങ്ങളുടെ ദൃക്സാക്ഷികള്‍ മാത്രമല്ല രാരിച്ചന്മാര്. അവര്‍ അതില്‍ പങ്കാളികള്‍ കൂടിയാണ്. എന്നിട്ടും അവര്‍ പുറത്തു നില്‍ക്കേണ്ടി വരുന്നു. കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാ ത്തവര്‍ എന്ന പേര് സിനിമയിലെയും ഉമ്മാച്ചുവിലെയും രാരിച്ചന്മാര് നേടിയിട്ടുണ്ട്. ‘സുന്ദരിക‘ളിലെ രാരിച്ചനാകട്ടെ വിട്ടുവീഴ്ചകളിലൂടെ രൂപീകരിക്കപ്പെടുന്ന കുടുംബരൂപത്തില്‍ നിന്ന് വിട്ടകന്നു പോവുകയും ചെയ്യുന്നു. കുടുംബത്തിനു പുറത്താവുകയെന്നാല്‍ രാഷ്ട്രത്തിനു പുറത്താവുകയെന്നു തന്നെയാണ് അര്‍ത്ഥം. കുടുംബമില്ലാത്തവന്‍ ദേശമില്ലാത്തവനാകുന്നു. ‘നീലക്കുയിലി‘ലെ നീലിയുടെ മകന്, തന്റെ പിതാവിനെ കണ്ടെത്തുന്നതോടെയാണ് ദേശവും അവനെ തിരിച്ചറിയുന്നതെന്നു കാണാം.
പലകാരണങ്ങളാല്‍ തകര്‍ക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് ഈ രാരിച്ചന്മാര് വരുന്നത്. ജന്മിത്തത്തിന്റെ നൃശംസതകളാണ് അതിന് കാരണമാകുന്നത്. ജന്മിത്വം തന്നെ ഇല്ലാതാകുന്ന തിന്റെ ആശങ്കകളും ആശ്വാസങ്ങളും ഉറൂബിന്റെ ആഖ്യാനങ്ങളിലുണ്ട്. കുടികിടപ്പില്‍ നിന്ന് ഇറക്കിവിടപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തവരുടെ കുടുംബക്രമങ്ങള്‍ ഏതുവിധത്തി ലാവും ഭാവിയില്‍ രൂപം കൊള്ളേണ്ടതെന്ന് ഉറൂബ് വ്യക്തമാക്കുന്നില്ല. ഉമ്മാച്ചുവിലെ കുടുംബ സംഘര്‍ഷങ്ങള്‍ക്കിടക്ക് അതിന്റെ ഇരയായ കുടുംബങ്ങള്‍ പരിഗണനാവിഷയമാകുന്നതേയില്ല. ‘സുന്ദരികളി‘ലെ രാധയും വിശ്വവും ചേര്‍ന്നുള്ള കുടുംബക്രമത്തിന്റെ രൂപീകരണത്തിലും രാരിച്ചന്റെ പങ്ക് നിസ്തര്‍ക്കമാണ്. രാരിച്ചന്റെ തകര്‍ത്തെറിയപ്പെട്ട കുടുംബങ്ങള്‍ക്കു മേലെയാണ് ഉമ്മാച്ചുവിന്റെയും രാധയുടെയും കദീജയുടെയും കുടുംബങ്ങള്‍ ഉയര്‍ന്നു വരുന്നത്.
എന്നിട്ടും കുടുംബങ്ങള്‍ക്കും രാഷ്ട്രത്തിനും പുറത്തു തന്നെ നില്‍ക്കുകയാണ് രാരിച്ചന്മാര്.
(കടപ്പാട്:പച്ചകുതിര മാസിക,ജൂലൈ 2015)
സുന്ദരികളും സുന്ദരന്മാരും വായിച്ചിട്ടുണ്ട്. രാരിച്ചന്‍ എന്ന പൌരന് സിനിമ ഓര്‍മ്മയുണ്ട്, കണ്ടിട്ടില്ല
ReplyDelete