Friday, March 4, 2011

പാവങ്ങളും പള്ളിപ്പാടും പൊന്നാനിക്കളരിയും

      പി. എം. പള്ളിപ്പാട്‌ എന്ന പൊന്നാനിക്കാരന്‍ കവി അന്തരിക്കുമ്പോള്‍ ഞാന്‍ നാട്ടിലില്ലായിരുന്നു. തിരിച്ചെത്തി ദിനപ്പത്രങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ തിരയുന്നതിനിടയിലാണ്‌ പള്ളിപ്പാടിന്റെ മരണ വാര്‍ത്തയും അറിയുന്നത്‌. എന്റെ സുഹൃത്തുക്കളിലാരെങ്കിലും ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും.ഞാന്‍ പരിധിക്കു പുറത്തായിരുന്നിരിക്കും.
      പൊന്നാനി പ്രദേശത്തുള്ള പത്രങ്ങളില്‍ അതൊരു പ്രധാന പ്രാദേശിക വാര്‍ത്തയായി. മലപ്പുറം ജില്ലയില്‍ ചെറിയൊരു കോളം വാര്‍ത്ത. ജില്ലക്കു പുറത്ത്‌ അതൊരു വാര്‍ത്തയേ ആയില്ല. വാര്‍ത്തകളുടെ പൊതുവിന്യാസ രീതി വെച്ച്‌ അതില്‍ തെറ്റു പറയാനില്ല. പ്രധാനമായും പൊന്നാനി പ്രദേശങ്ങള്‍ തന്നെയായിരുന്നു പള്ളിപ്പാടിന്റെ കര്‍മ്മ മണ്ഡലം. അത്‌ തൃശ്ശൂര്‍, പാലക്കാട്‌ ജില്ലകളുടെ സമീപ പ്രദേശത്തേക്കു കൂടി ഇത്തിരി വ്യാപിച്ചിട്ടുണ്ടാകാം. അത്രമാത്രം.
പി.എം.പള്ളിപ്പാട്
     ആരായിരുന്നു പള്ളിപ്പാട്‌?  പലതുമായിരുന്നു,അദ്ദേഹം എന്നു പറഞ്ഞാല്‍ അതൊരു ഉത്തരമാവുകയില്ല. എന്നാല്‍ പള്ളിപ്പാട് പരമേശ്വരന്‍ മൂസ്സത് എന്നൊരാള്‍ 84 ലേറെക്കൊല്ലം നമ്മള്‍ക്കിടയില്‍ ജീവിച്ചുതീര്‍ത്തുവെന്നത്  നാമറിയാതെ പോകരുത്. ഞങ്ങളൊക്കെ അദ്ദേഹത്തെ ബഹുമാനത്തോടെ പള്ളിപ്പാട്‌ മാഷെന്ന്‌ വിളിച്ചു. അദ്ധ്യാപകനായിട്ടാണ്‌ അദ്ദേഹം ജീവിതവൃത്തി കഴിച്ചത്‌. സര്‍വ്വോദയ പ്രസ്ഥാനം , സാക്ഷരതാ പ്രസ്ഥാനം എന്നിവയോടെല്ലാമൊപ്പം അദ്ദേഹമുണ്ടായിരുന്നു. ഇതിനെയെല്ലാം ചേര്‍ത്തു നിര്‍ത്തിയത്‌ ഒരു പക്ഷേ പള്ളിപ്പാട്‌ എന്ന കവിയായിരിക്കണം. കവിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിരന്തരം കവിതകളെഴുതി.കവിയരങ്ങുകളില്‍ നിത്യ സാന്നിദ്ധ്യമായി.  അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ നിന്ന്‌ അവസാനകാലത്തെകവിതകളിലേക്കുള്ള അകലം വെറും പ്രായവ്യത്യാസത്തിന്റേതായിരുന്നില്ല. അത്‌ ഭാവുകത്വപരം കൂടിയായിരുന്നു എന്ന്‌ ശ്രദ്ധിച്ചാലറിയാം. കവിതകളിലും ജീവിതത്തിലും സംഭവിക്കുന്ന മാറ്റങ്ങളെ അദ്ദേഹം കാണാതിരുന്നില്ല. കവിതയിലെ പഴയ പാരമ്പര്യത്തോടൊപ്പമാണ്‌  നിലയുറപ്പിച്ചതെങ്കിലും പുതു കവികളെയും കവിതകളെയും അദ്ദേഹം ശ്രദ്ധയോടെ കണ്ടു. അവര്‍ക്കൊപ്പം കവിതാചര്‍ച്ചകളില്‍ പങ്കെടുത്തു, കവിത വായിച്ചു. തനിക്കുള്‍ക്കൊള്ളാവുന്നതും, അല്ലാത്തതും തുറന്നു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രായത്തില്‍ സമശീര്‍ഷനും, അയല്‍പക്കക്കാരനുമായ അക്കിത്തം തന്നെയാണ്‌ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി.   ‘ഒരീറന്‍ നിലാവ്‌ മിഴി പൊത്തിക്കരഞ്ഞതും‘ (യാത്രാമൊഴി/ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്ന വരിയില്‍  അര്‍ത്ഥങ്ങളുടെ അമിതഭാരം ആരോപിച്ച ഒരാള്‍ക്കെതിരെ ഒരിക്കല്‍ അദ്ദേഹം ക്ഷോഭിച്ചതോര്‍ക്കുന്നു. ‘മാപ്പുസാക്ഷി‘യെഴുതിയ ചുള്ളിക്കാടിനെയും, ‘അമാവാസി‘ എഴുതിയ ചുള്ളിക്കാടിനെയും ഒരേപോലെ ആഘോഷിക്കുന്നതിനെതിരെ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചത് ആ രണ്ടു കവിതകളെയും നന്നായി ഉള്‍ക്കൊണ്ടതു കൊണ്ട്‌ തന്നെയാണ്‌.
    പള്ളിപ്പാടിനെ ഭാവിയില്‍ പൊന്നാനിക്കാരെങ്കിലും ഓര്‍ക്കുന്നത്‌ ഏതു വിധത്തിലാവും? അദ്ദേഹത്തിന്റെ കവിതകളെ ആസ്‌പദിച്ച്‌ പഠനങ്ങളുണ്ടാവുമോ? സിമ്പോസിയങ്ങള്‍ നടക്കുമോ? ഏതെങ്കിലും സാഹിത്യപ്രസ്ഥാനത്തിലെ കവിയായി അദ്ദേഹം വിലയിരുത്തപ്പെടുമോ? ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളാല്‍,അതുമല്ലെങ്കില്‍ ഏതാനും വരികളാല്‍ അദ്ദേഹം മതിക്കപ്പെടുമോ? ‘മാമ്പഴ‘ത്തില്‍ ഏതെങ്കിലും കുട്ടികള്‍ ആ കവിതകള്‍ ആലപിക്കുമോ? അറിയില്ല. വട്ടംകുളത്തെയും, എടപ്പാളിലെയും ചങ്ങരംകുളത്തെയും, പൊന്നാനിയിലേയും, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക്‌- അതില്‍ പ്രായമായവരും, ചെറുപ്പക്കാരുമുണ്ട്‌- ആ സാംസ്‌ക്കാരിക ജീവിതത്തെ ഏറ്റെടുത്ത് പലവിധത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും.കവിതയിലെ പുതുരീതികള്‍ക്കൊപ്പം സഞ്ചരിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ജീവിച്ച ആളാണദ്ദേഹം.
ഇടശ്ശേരി
    ‘പൊന്നാനിക്കളരി‘യുടെ ഭിന്നധാരകള്‍ക്കൊപ്പം ഇത്ര ദൂരം സഞ്ചരിച്ചതിന്റെ പേരില്‍ മറ്റൊരു വിധത്തിലും പള്ളിപ്പാട്‌ സാഹിത്യ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് എനിയ്ക്ക് പ്രതീക്ഷയുണ്ട്.  ‘പൊന്നാനിക്കളരി‘ എന്ന സാംസ്‌ക്കാരിക കൂട്ടായ്‌മയിലെ ഇനിയും ബാക്കിയുള്ള പ്രമുഖന്‍ അക്കിത്തമാണ്‌.  ‘കൊടുങ്ങല്ലൂര്‍ കളരി‘ ,കോഴിക്കോട്ടെ ‘കോലായ‘എന്നിവയൊക്കെപ്പോലെ ഒരു അനൌപചാരിക കൂട്ടായ്‌മയായിരുന്നു‘പൊന്നാനിക്കളരി‘യും ‌. ‘വള്ളത്തോള്‍ കളരി‘യുടെ തുടര്‍ച്ചയോ, പരിണാമമോ, അതിലടങ്ങിയിട്ടുണ്ട്‌. വള്ളത്തോള്‍കളരി കവിതയുടെ മാത്രം സ്കൂളായിരുന്നെങ്കില്‍ പൊന്നാനിക്കളരി പൊതു സ്കൂളായിരുന്നു.സാഹിത്യം ,കല,സംസ്ക്കാരം തുടങ്ങിയ യാതൊന്നും അതിന് അന്യമായിരുന്നില്ല.(‘ഹന്ത സൌന്ദര്യമേ നാരിതന്‍ മേയ് ചേര്‍ന്നാല്‍‘‍..എന്ന വള്ളത്തോളിന്റെ വരികളെ ഇടശ്ശേരിയുടെ ‘നെല്ലുക്ത്തുകാരി പാറുവിന്റെ കഥ’യിലെ പാറുവിന്റെ ശരീരവുമായി  ‘ഹന്ത ദാരിദ്ര്യമേ നാരിതന്‍ മെയ് ചേര്‍ന്നാല്‍‘..എന്ന് പള്ളിപ്പാടുതന്നെതാരതമ്യം ചെയ്തിട്ടുണ്ട്.) പൊന്നാനിയിലെ ഭാരതപ്പുഴയുടെ തീരത്തും, കൃഷ്‌ണപ്പണിക്കര്‍ വായനശാലയിലും എ. വി. ഹൈസ്‌ക്കൂളിലൂമൊക്കെ അവര്‍ ഒത്തുകൂടുകയും സാഹിത്യ ചര്‍ച്ചയും കവിതാ വായനയും നാടകാവതരണവുമൊക്കെ നടത്തുകയും ചെയ്‌തു. ആരൊക്കെയായിരുന്നു അവര്‍? ഇടശ്ശേരിയായിരുന്നു പലപ്പോഴും ഇതിന്റെയൊക്കെ മുമ്പില്‍. ഉറൂബ്‌, അക്കിത്തം കടവനാട്‌ കുട്ടികൃഷ്‌ണന്‍, ഇ. നാരായണന്‍ കുട്ടികൃഷ്‌ണമാരാര്‌ നാലാപ്പാടന്‍ തുടങ്ങിയവരൊക്കെ വിവിധ ഘട്ടങ്ങളില്‍ അതിനോടൊപ്പമുണ്ടായിരുന്നു. അവരിലൊരാളായിരുന്നു പള്ളിപ്പാടും. ഇതില്‍ ചില പേരുകാര്‍ ഏറെ പ്രസിദ്ധി നേടിയവരാണെങ്കില്‍ മറ്റു ചിലര്‍ പരിമിത വൃത്തങ്ങളില്‍ ഒതുങ്ങിയവരാണ്‌.പൊന്നാനി പ്രദേശത്ത് അത്തരത്തിലുള്ള അപ്രശസ്തരായ നിരവധി എഴുത്തുകാരുണ്ട്.
    എന്തായിരുന്നു പൊന്നാനിക്കളരിയുടെ തത്വ രൂപം. ചുരുക്കം ചില പഠനങ്ങള്‍ ഈ മേഖലയില്‍ നടക്കാതിരുന്നിട്ടില്ല. അവയില്‍ ചിലതെല്ലാം ഗവേഷണ പ്രബന്ധങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നു. വള്ളത്തോള്‍കളരി, പൊന്നാനി ക്കളരിയാവുമ്പോഴേക്ക്‌ മാനുഷികതയുടെ ഒരു മതേതരഭാവം അതിന്റെ പ്രമാണമായിക്കഴിഞ്ഞിരുന്നു. അതേ സമയം ഒരേ സ്‌ക്കുളില്‍ നിന്നുള്ള ഉല്‌പന്നമെന്ന്‌ തിരിച്ചിറിയാവുന്ന ബാഹ്യമാതൃകകളൊന്നും അതിനകത്ത്‌ സൂക്ഷിക്കുന്നുമില്ല. ഇടശ്ശേരിയും, ഉറൂബും, തന്നെ എത്ര ഭിന്നര്‍! അവര്‍ കണ്ട മതേതരത്വം തന്നെ ഏറെഭിന്നമായിരുന്നുവല്ലൊ. പൊന്നാനിക്കളരിയുടെ വിലയിരുത്തല്‍ അതിലുള്‍പ്പെട്ട എഴുത്തുകാരിലൂടെമാത്രം നടത്തപ്പെടുമ്പോള്‍‌ എഴുതാതെ പോയ കാര്യങ്ങള്‍ ആര്‍ക്കുമറിയാതെ പോകുന്നുണ്ടാവാം. എഴുതിയതില്‍ കൂടുതല്‍ അതാണെങ്കിലും.
നാലപ്പാട്ട്
എങ്കിലും  എപ്പോളാണതിന്റെ തുടക്കം?‘പൊന്നാനിക്കളരി‘എന്ന പുസ്‌തകത്തില്‍ അക്കിത്തം പറയുന്നത്‌1930കളില്‍ എന്നാണ്. ഇത്തരം കൂട്ടായ്‌മകള്‍ക്കൊന്നും കൃത്യമായ തുടക്കകാലം വേര്‍തിരിച്ചെടുക്കുക സാധ്യമല്ലെങ്കിലും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക്‌ ഗൌരവ സ്വഭാവം വന്ന , ഒന്നാം ലോകമഹായുദ്ധാനന്തരവും മലബാര്‍ കലാപാനന്തരവുമുള്ള ഒരു കാലമാണത്. 1934 ഓടെ ഇടശ്ശേരി പൊന്നാനിയില്‍ വക്കീല്‍ രാമന്‍ മേനോന്റെ ഗുമസ്ഥനായെത്തുന്നു. എന്നാല്‍ അതിനു മുന്‍പ് മറ്റൊന്നു കൂടിസംഭവിച്ചിരുന്നു. പൊന്നാനിയില്‍ നിന്ന് വിളിപ്പാടു ദൂരെ,പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ട്‌ നാരായണ മേനോന്‍ അക്കാലത്ത്‌ വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍‘ വിവര്‍ത്തനം ചെയ്‌തു കൊണ്ട് ലോക സാഹിത്യത്തിലെ വലിയഅ‌ത്ഭുതങ്ങളിലൊന്നിലേക്ക്‌ മലയാളത്തെ പ്രവേശിപ്പിക്കുകയായിരുന്നു. 1925 ല്‍ ‘പാവങ്ങള്‍‘ പുറത്തു വന്നു. അത്‌ സൃഷ്‌ടിച്ച അലകള്‍ മലയാളത്തില്‍ ഇനിയും അടങ്ങിയിട്ടില്ല. പൊന്നാനിക്കളരിയുടെ ആശയതലം മാത്രമല്ല, നവോത്ഥാനം, പുരോഗമന സാഹിത്യ പ്രസ്ഥാനം എന്നിവയുടെയെല്ലാം അന്തസ്സത്ത ഈയൊരു പുസ്‌തകത്തില്‍ നിന്നാണാരംഭിക്കുന്നതെന്നു കരുതാനാണെനിക്കിഷ്‌ടം. 1925 ല്‍ ‘പാവങ്ങ‘ളുടെ പ്രസിദ്ധീകരണത്തോടെ ആരംഭിക്കുന്ന ആശയരൂപം ക്രമേണ ഭൌതിക രൂപം കൈക്കൊള്ളുകയാണുണ്ടായത്‌. എങ്കിലും പൊന്നാനിക്കളരിയുടെ പ്രവര്‍ത്തനങ്ങളില്‍ നാലാപ്പാടന്‍ ഏറെയൊന്നും പങ്കുകൊണ്ടതായി കേട്ടിട്ടില്ല. അതിന്റെ ബീജാവാപം തന്റെ പുസ്‌തകത്തിലൂടെ താനറിയാതെ നടത്തി, അദ്ദേഹം ‘രതിസാമ്രാജ്യ‘ത്തിലേക്കും “ആര്‍ഷപൈതൃക’ത്തിലേക്കും ‘കണ്ണുനീര്‍ത്തുള്ളി’യിലേക്കും മാറി നടന്നു.
     ‘കുട്ടികാലത്തേവായിച്ചിരിക്കെണ്ട പുസ്‌തകം‘ എന്താണ്‌ ‘പാവങ്ങ‘ളെ ജോസ് സരമാഗു വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ ചെറുപ്പകാലത്തൊന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിച്ചില്ല. വായനയില്‍ നിന്നു പലകാരണങ്ങളാല്‍ വഴുതിയകന്ന പല പുസ്‌തകളെയും പോലെ ഈ പുസ്‌തകവും എന്നെക്കടന്നു പോയി.  ഇപ്പോള്‍ ‘മാതൃഭൂമി‘ പാവങ്ങളുടെ പുതിയപതിപ്പ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു. അങ്ങനെ വളരെവൈകി ഞാനാപുസ്‌തകം വായിക്കുന്നു.മലയാളത്തെ ആകെ മാറ്റിയ പുസ്തകം.  അതിനു മുമ്പുള്ള മലയാള ഗദ്യം ഏതാണ്ട്‌ ആധാരഭാഷയുടെ നിലവാരത്തിലുള്ളതായിരുന്നു എന്നാണ്‌ അക്കിത്തത്തിന്റെ അഭിപ്രായം. നോവല്‍ എന്ന സാഹിത്യ രൂപം കുട്ടികൃഷ്ണമാരാരുടെ പരിഗണനക്ക്‌ പാത്രമായില്ലെങ്കിലും പാവങ്ങള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്‌തകമായിരുന്നു. തന്നോടിഷ്‌ടമുണ്ടെങ്കില്‍ പ്രസ്‌തുത ഗ്രന്ഥം ഒന്നു കൂടി വായിക്കണമെന്ന്‌ എല്ലാവരോടും അഭ്യര്‍ത്ഥിക്കുണ്ട്‌ അദ്ദേഹം.
പള്ളിപ്പാട് ഒരു പുസ്തകപ്രകാശനവേദിയില്‍-അക്കിത്തം,ആലങ്കോട് ലീലാകൃഷ്ണന്‍,                                              സെബാസ്റ്റ്യന്‍,അഭിരാമി എന്നിവര്‍ക്കൊപ്പം
    പള്ളിപ്പാടാണ്‌ ഈ ചിന്തകളൊക്കെ ഉണര്‍ത്തിയത്‌.അതിന് കാരണമുണ്ട്. പള്ളിപ്പാടിനോട്‌ പൊന്നാനിക്കളരി, പാവങ്ങള്‍, അങ്ങിനെ പലതിനെക്കുറിച്ചും ഏറെ നേരം തനിച്ച്‌ സംസാരിക്കണമെന്ന് മനസ്സില്‍ കരുതിയിരുന്നു. അടുത്തുള്ള ആള്‍, എപ്പോള്‍ വേണമെങ്കിലുമാവാമല്ലോ, എന്നൊക്കേ കരുതി കാലം കഴിഞ്ഞു പോയി. എന്നാല്‍ എന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ കാത്തു നില്‌ക്കാതെ അദ്ദേഹം കടന്നു പോയി.
        എങ്കിലും ‘പാവങ്ങള്‍‘ വായിക്കാനെടുക്കുമ്പോള്‍ ‘പാവം’പള്ളിപ്പാടിനെ ഓര്‍ക്കുന്നു.കവിതയില്‍ ഒരു ‘പാവ’മായിരുന്നു പള്ളിപ്പാട്.കവിതയുടെ മുഖ്യധാരക്ക് പുറത്ത് ചുറ്റിനടക്കേണ്ടി വന്നു എന്ന കാരണത്താലാണ് പള്ളിപ്പാട് എനിക്ക് പാവമാവുന്നത്.അങ്ങനെയുള്ള നിരവധി ‘പാവങ്ങള്‍’പൊന്നാനിയിലും കേരളത്തിലുമുണ്ട്.പരാജയപ്പെട്ട എഴുത്തുകാരെന്ന് അവരെ വിളിക്കണമെങ്കില്‍ വിജയിച്ച എഴുത്തിന്റെ മാനദണ്ഡം കൈയിലുണ്ടാവണം.
    ഒരു പക്ഷേ,ഇതൊക്കെയായിരിക്കാം ഇനിയുള്ള കാലം എന്റെ പള്ളിപ്പാടോര്‍മ്മ.

2 comments:

  1. ഞാനൊരു പൊന്നാനിക്കാരൻ , താമസിക്കുന്നത് ഇടശ്ശേരി ഗ്രാമത്തിൽ (ഒരു കൊച്ചു സ്ഥലം) പൊന്നാനി ഒത്തിരി മഹാന്മാരായ സാഹിത്യ പ്രതിഭകൾക്ക് ജന്മവും പോറ്റില്ലവും നൽകിയൊരു നാട്ടുക്കാരനായിട്ടും ഇവരെയൊന്നും തിരിച്ചറിയാനായില്ല എന്നത് വലിയ സങ്കടമാണ്, പള്ളിപ്പാട് മരിച്ചതിന് ശേഷമാണ് അദ്ദേഹത്തെ ഒത്തിരി പുസ്തകങ്ങൾ വായിച്ചു എന്നഹങ്കരിച്ച ഞാന് അറിയുന്നത്, കുളങ്കര ക്ഷേത്രത്തിലെ വെടികെട്ട് കണ്ടുകൊണ്ടിരിക്കുമ്പോഴാ കൂട്ടുക്കാരൻ പറഞ്ഞത് ആ കാണുന്നതാണ് പള്ളിപ്പാടിന്റെ വീടെന്ന് … ക്ഷമ ചോദിക്കുന്നു ആരോട് എന്നല്ല ഏവരോടും

    ReplyDelete
  2. പള്ളീപ്പാട് മരിച്ച ദിവസം വൈകുന്നേരം ആര്യ വൈദ്യ ശാലയില്‍ ഒരു പുസ്തക പ്രകാശനം അനുശോചനത്തോടെയാണു തുടങ്ങിയതു.അന്നു ഞാനുന്‍ വിചാരിച്ചു ആരാണെന്നു..?പിന്നെ മനസ്സിലായി.. ഇപ്പൊ കൂടൂതലും.. നന്ദി മി. മോഹനകൃഷ്നന്‍..

    ReplyDelete