Monday, May 26, 2014

ദൃശ്യം,അദൃശ്യം: മലയാളികളുടെ മാതൃഭൂമി


ദേശമെന്ന വാക്കുപോലെ ഏറെ സന്നിഗ്ദ്ധതകളുള്ളതാണ് 'ഇട'മെന്ന വാക്കും. ഇടത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് ദേശമെന്നു പറയാറുണ്ട്. ഇടവും ദേശവുമൊക്കെ പ്രാഥമികമായി സ്ഥലപരമായ പരികല്പനകളാണ്. സ്ഥലപരം മാത്രമായ വ്യവസ്ഥയ്ക്കപ്പുറം ഒരു ആശയമണ്ഡലമായി ഇടം വ്യവഹരിക്കപ്പെടുമ്പോള്‍, അതില്‍ ഒന്നിലേറെ വ്യക്തികളുടെ സന്നിഹിതത്വവും അവരെ കൂട്ടിയിണക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഇത്തരത്തിലുള്ള  ഇടങ്ങളുടെ കൂട്ടമായാണ് ആധുനികതയുടെ കാലംവരെയും മറ്റു സമൂഹങ്ങളെന്നപോലെ കേരളീയ സമൂഹവും നിലനിന്നു പോന്നത്. ജാതിയും മതവും തന്നെയായിരുന്നു അവിടെ ഇടങ്ങളുടെ വിസ്തൃതി നിര്‍ണ്ണയിച്ചിരുന്നത്. ആധുനികതയുടെ ഭാഗമായി സംഭവിച്ച നവോത്ഥാനവും രാഷ്ട്രീയ ചിന്തകളുമെല്ലാം ചേര്‍ന്നാണ് ഈ ഇടങ്ങളെയെല്ലാം പൊതു ഇടങ്ങളായി മാറ്റിയെടുത്തത്.

 ആദ്യകാലങ്ങളില്‍ സ്ഥലം തന്നെയായിരുന്നു ഇടങ്ങളെ നിശ്ചയിച്ചിരുന്നത്. അന്നൊക്കെ ഇടം കൊണ്ട് പ്രതിനിധാനം ചെയ്യപ്പെട്ടിരുന്ന ഭൗതികസ്ഥലം എറെ വിസ്തൃതവും, വിനിമയം ചെയ്യപ്പെട്ടിരുന്ന ആശയപരമായ സ്ഥലം പരിമിതവും ഏകതാനവുമായിരുന്നു. പിന്നീട് സ്ഥലപരമായ വിസ്തൃതി ചുരുങ്ങുകയും, ആശയമണ്ഡലത്തിന്റെ സാന്ദ്രത കൂടുകയും ചെയ്തു. ഒരേ ആശയമണ്ഡലത്തിനകത്തു തന്നെ സംവാദാത്മകമായ ഇടങ്ങള്‍ സാദ്ധ്യമാവുകയും ചെയ്തു. പൊതു സ്ഥലത്ത് പ്രവേശിക്കുക എന്നാല്‍ ഒരു നവീനാശയത്തിലേക്ക് കടക്കുക എന്നു തന്നെയായിരുന്നു അര്‍ത്ഥം. അതുവരെ പ്രവേശനമില്ലാതിരുന്നവര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ദൈവീകാരാധനക്കു വേണ്ടിമാത്രമായിരുന്നില്ല. ഇന്ന് ഇടമെന്ന് വിവക്ഷിക്കുന്നത് ഭൗതികസ്ഥലത്തിന്റെ സാന്നിദ്ധ്യമുള്ളതോ, ഇല്ലാത്തതോ ആയ ഒരു ആശയ മേഖലയെയാണ്.

ജനങ്ങള്‍ക്ക് നിര്‍ബാധം പ്രവേശിക്കാവുന്ന, തുറന്ന ഒരു സാമൂഹ്യസ്ഥാനത്തെയാണ് പൊതുഇടം എന്ന് സാമാന്യമായി വിവക്ഷിക്കുന്നത്. അവിടെ പ്രവേശിക്കാന്‍ പണം നല്‍കേണ്ടതില്ല. പൊതുഇടത്തിന്റെ ഏറ്റവും വിശാലമായ നിര്‍വ്വചനമാണത്.അങ്ങാടികള്‍, മൈതാനങ്ങള്‍, ആല്‍ത്തറകള്‍, കടലോരങ്ങള്‍ എന്നിവയെല്ലാം അതില്‍പെടുന്നു.പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തന്നെയാണ് അവിടെ എല്ലാവരേയും കൂട്ടിയിണക്കുന്ന ഘടകം. പണം കൊടുത്ത് പ്രവേശിക്കേണ്ടവയെങ്കിലും എല്ലാവര്‍ക്കും പ്രവേശനമുള്ള ഇടങ്ങളും പില്‍ക്കാലത്ത് പൊതു ഇടങ്ങളായി വ്യവഹരിക്കപ്പെട്ടു. ടിക്കറ്റെടുത്തു കൊണ്ടല്ലെങ്കിലും ഒരു വിഭാഗത്തിനു മാത്രം പ്രവേശിക്കാവുന്ന അമ്പലങ്ങള്‍, പള്ളികള്‍ എന്നിവയായിരുന്നു ആദ്യകാലത്തെ പൊതു ഇടങ്ങള്‍.മതങ്ങളെയും ജാതികളെയും മാത്രം ആശ്രയിച്ചു നിലനിന്ന പൊതുഇടങ്ങളുടെ പരിണാമം, ആധുനികതയുടെ ആശയമണ്ഡലത്തിലൂടെയാണ് സാദ്ധ്യമായത്. പില്‍ക്കാലത്ത് രാഷ്ട്രീയ സമരങ്ങളും അവയുടെ യോഗങ്ങളും സൃഷ്ടിക്കുന്ന പൊതുഇടങ്ങള്‍  സ്ഥലപരതയില്‍ നിന്നു മുക്തി നേടി ഒരു ആശയമണ്ഡലത്തെ  പ്രതിനിധാനം ചെയ്യാന്‍ തുടങ്ങി.

ആധുനികതയുടെ കാലത്ത് പൊതു ഇടങ്ങളെല്ലാം പരിമിതമായ ഇടങ്ങളില്‍ നിന്നുള്ള വികാസമായിരുന്നുവെങ്കില്‍, ഉത്തരാധുനികയില്‍ ആഗോളമാകെ ഓരോരുത്തര്‍ക്കും സ്വന്തമാകയാല്‍, ഇടങ്ങളെന്നത് വീണ്ടും കൊച്ചു ദേശങ്ങളിലേക്കുള്ള പിന്‍മടക്കമാവുകയാണുണ്ടായത്.ആഗോളീകരണത്തിന്റെ അനന്തമായ കടലില്‍ ദിക്കുകിട്ടാതലയുന്നവര്‍ക്ക് ഇടയ്ക്കുള്ള കൊച്ചു തുരുത്തുകള്‍ പുതിയൊരുതരം പൊതു ഇടങ്ങളായാണ് അനുഭവപ്പെട്ടത്.ഉത്തരാധുനികത പലകാര്യങ്ങളിലും ആധുനികതയ്ക്കുമപ്പുറത്തേക്കുള്ള തിരിച്ചു പോക്കായത്, പൊതു ഇടങ്ങളുടെ കാര്യത്തിലും സംഭവിച്ചു. സ്ഥലപരവും ആശയപരവുമായ പരാധീനതകളില്ലാത്തതും, പൂര്‍ണ്ണമായും സ്ഥലനിര്‍മുക്തവുമായ സൈബര്‍ ഇടങ്ങളാണ് ഉത്തരാധുനികതയുടെ മറ്റൊരുമുദ്ര. ഫേസ്ബുക്ക് പോലുള്ള കൂട്ടായ്മകള്‍ സ്ഥലപരമായ അതിര്‍ത്തികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല, സ്ഥലം എന്ന പരമ്പരാഗത സങ്കല്പത്തെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. എന്നാല്‍ അതിരുകളില്ലാത്തതെന്ന് കരുതപ്പെടുമ്പോഴും ചില അതിര്‍ത്തികള്‍ നിശ്ചയിച്ചു കൊണ്ട് ഒരു കേന്ദ്ര നേതൃത്വം എവിടെയൊ ഇരുന്നുകൊണ്ട് എല്ലാം നിരീക്ഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം. പണ്ടത്തെ പൊതു ഇടങ്ങളില്‍ സ്വകാര്യത എന്നൊരു ഘടകം അന്യമായിരുന്നുന്നെങ്കില്‍, ഫേസ് ബുക്ക് പോലുള്ള പൊതുഇടങ്ങള്‍ നിരവധി സ്വകാര്യതകളാല്‍ പടുത്തുയര്‍ത്തപെപട്ടതാണ്. അതിലെ ഓരോ കല്ലും ഒരു സ്വകാര്യ ഇടമാണ്. അവ പരസ്പരം പലരീതിയില്‍, സംവേദനം നടത്തുന്നുണ്ടാവാം. എന്നാല്‍ എല്ലാവര്‍ക്കുമായി ഒരാശയവും അവിടെ പങ്കുവെക്കപ്പെടുന്നില്ല; അങ്ങനെയൊരു വ്യാജബോധം അത് ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും. അതീവരഹസ്യമെന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാല്‍ അത്യന്തം പരസ്യമായിരിക്കുകയും ഭരണകൂടങ്ങള്‍ക്ക് നിരീക്ഷണവിധേയയമാക്കാനുള്ള സൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പുതുകാല മാധ്യമങ്ങളുടെയും, സാങ്കേതികതകളുടെയും രീതി.

മലയാളിയുടെ പൊതു ഇടങ്ങള്‍

സ്ഥലപരമായും ആശയപരമായുമുള്ള പൊതു ഇടങ്ങളൊന്നും സൃഷ്ടിക്കാന്‍ പര്യാപ്തമല്ലാതെ കടന്നുപോയ സുദീര്‍ഘമായ ഒരു ചരിത്രകാലമാണ് മലയാളിയുടേത്. സമൂഹത്തെ വ്യക്തിനിരപേക്ഷമായും ജാതിനിരപേക്ഷമായും കാണുകയും, അതിനെ പൊതു ഇടങ്ങളിലേക്ക് നയിക്കാവുന്ന ചില അബോധപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തത്, വിദേശ സഞ്ചാരികള്‍, അറബ്, പോര്‍ട്ടുഗീസ്, ബ്രിട്ടീഷ് വണിക്കുകള്‍, എഴുത്തച്ഛന്‍, പൂന്താനം, ലീലാതിലകകാരന്‍, കുഞ്ചന്‍ നമ്പ്യാര്‍, സന്ദേശ കാവ്യകര്‍ത്താക്കള്‍, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ ചിലരില്‍ നിന്നാണ്. കുരുമുളകിന്റെ വിപണനത്തിലൂടെ കൈവന്ന ധനം, കുരുമുളകു കൃഷിക്കാരായ തന്റെ പ്രജകളെ ഭാവനാത്മകമായെങ്കിലും സങ്കല്പിക്കാന്‍ സാമൂതിരിയെ  പ്രാപ്തനാക്കി. ടിപ്പു സുല്‍ത്താന്റെ വരവോടെയാണ് ഭൂനികുതി, വസ്ത്രധാരണം,ഗതാഗതം എന്നിവയിലൂടെ സ്ഥാപിതമാക്കുന്ന പൊതു ഇടങ്ങള്‍ വെളിവായിത്തുടങ്ങിയത്. പിന്നീട് ശ്രീ നാരായണനും നവോത്ഥാനവും ആധുനികതയുമെല്ലാം ചേര്‍ന്ന് രൂപീകരിച്ചെടുത്ത ഒരു പൊതു ഇടത്തില്‍ നിന്നാണ് ഇന്നത്തെ മലയാളി ഉടലെടുത്തത്. മതങ്ങള്‍ക്കകത്തെ പൊതു ഇടങ്ങളെ മോചിപ്പിച്ച് വിശാലമാക്കിയതും അവയുടെ സ്വത്വം വെളിവാക്കപ്പെട്ടതും അങ്ങനെത്തന്നെ. ജാതീയതയും അയിത്തവുംചേര്‍ന്ന് പരിമിതപ്പെടുത്തുകയും നിശ്ചലമാക്കുകയും ചെയ്ത സ്ഥലകാലങ്ങളെ  മറികടക്കാതെ ആധുനികതയ്ക്കും നവോത്ഥാനത്തിനുമൊന്നും ഇങ്ങോട്ടു കടന്നു വരാനാവില്ലായിരുന്നു.

നവോത്ഥാനം, ഇപ്പോള്‍ ചരിത്രത്തിലെ പഴയൊരദ്ധ്യായമാണ്. നവോത്ഥാനത്തെ സാദ്ധ്യമാക്കിയ ഇടങ്ങള്‍ക്ക് പുതിയ കാലത്ത് പ്രസക്തിയില്ലാതായത് നവോത്ഥാനത്തെ പരിഹസിക്കാനുള്ള കാരണങ്ങളിലൊന്നായി സ്വീകരിക്കാനെളുപ്പമാണ്. എന്നാല്‍ ഒരു സംസ്‌ക്കാരത്തില്‍ വിലയം ചെയ്തുകൊണ്ടാണ് ക്ഷേത്രപ്രവേശനവും, വിധവാവിവാഹവും, സ്വജാതി വിവാഹവും,പന്തിഭോജനവും മറ്റും അപ്രത്യക്ഷമായത്. ഇന്നതിലൊന്നിനും പ്രഹരശേഷിയില്ല എന്നത് ഒരു കാലത്തും അങ്ങനെയുണ്ടായിട്ടില്ല എന്നതിന്റെ തെളിവല്ല.അമ്പലപ്പറമ്പുകള്‍ ആല്‍ത്തറകള്‍, ഇടവഴികള്‍, പൊതുകുളങ്ങള്‍, തോടുകള്‍, വയലുകള്‍, ഉത്സവങ്ങള്‍ എന്നിവയിലെല്ലാം അതിന്റെ അടയാള മുദ്രകളുണ്ട്. വാലുള്ള പേരുകളില്‍ പലതിനെയും അത് വെട്ടിച്ചെറുതാക്കിയിട്ടുണ്ട്. ഒടിഞ്ഞു മടിങ്ങിക്കിടന്ന പേരുകളില്‍ പലതിനെയും അത് നിവര്‍ത്തി നിര്‍ത്തിയിട്ടുണ്ട്. ഭൂമി മാത്രം കണ്ടിരുന്ന പലരേയും അത് ആകാശവും ആകാശം മാത്രം കണ്ടിരുന്ന പലരേയും അത് ഭൂമിയും കാട്ടിക്കൊടുത്തു. വെയിലും മഴയും എല്ലായിടത്തും വര്‍ഷിക്കപ്പെടുമെന്ന് വ്യക്തമാക്കപ്പെട്ടു. അങ്ങനെയൊരുനാള്‍ മലബാര്‍, തിരുകൊച്ചി സംയോജനത്തിലൂടെ മലയാളികളുടെ മാതൃഭൂമിയും സൃഷ്ടിക്കപ്പെട്ടു.

ഗതാഗതവും വിദ്യാഭ്യാസവും

കേരളമെന്ന പൊതു ഇടത്തെ അര്‍ത്ഥവത്താക്കിയ രണ്ടു പ്രധാന ആശയങ്ങള്‍ പൊതുഗതാഗതവും പൊതു വിദ്യാഭ്യാസവുമാണ്. ആദ്യത്തേത് ഭൗതികാര്‍ത്ഥത്തിലുള്ള സഞ്ചാരത്തെ  സ്വതന്ത്രമാക്കുക മാത്രമല്ല ചെയ്തത് എന്നപോലെ രണ്ടാമത്തേത്, വിജ്ഞാനത്തിന്റെ സാര്‍വ്വലൗകികമായ വിനിമയം  സാദ്ധ്യമാക്കുക മാത്രവുമല്ല ചെയ്തത്.അവയോടൊപ്പം തന്നെയാണ് പൊതു വായനശാലകള്‍, സിനിമാ കൊട്ടകകള്‍, ഫിലിം സൊസൈറ്റികള്‍  തുടങ്ങിയ പലതും ഇവിടെ സംഭവിച്ചത്.

മതാധിഷ്ഠിതമായ ഇടങ്ങളെ പിന്തുടര്‍ന്ന് ഓരോ ഗ്രാമത്തിലുമുണ്ടായ ഏറ്റവും പ്രധാനമായ പൊതു ഇടം സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ തന്നെയാണ്. അത് സ്ഥലപരമായും ആ പ്രദേശത്തെ പൊതു ഇടമായി മാറുകയുണ്ടായി. എന്നാല്‍ ഇന്ന് ആ സ്ഥലം മാത്രമേ അവിടെ നിലനില്ക്കുന്നുള്ളൂ.അതിലൂടെ പ്രസരിക്കപ്പെട്ട ആശയമണ്ഡലം ഏറെക്കുറെ
അപ്രത്യക്ഷമായിക്കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ വരെയെങ്കിലും സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ കേരളീയ പൊതുമനസ്സില്‍ നിന്ന് കുടിയിറങ്ങി കഴിഞ്ഞു. സര്‍ക്കാര്‍ സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്നുകൊണ്ട്, സ്വന്തം കുട്ടിയെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ക്കുന്ന ഹിപ്പൊക്രസിയ്ക്ക് പൊതുബോധമെന്ന പേരിട്ടു വിളിക്കാമെങ്കില്‍ ഇതൊരു സ്വാഭാവിക പരിണാമം മാത്രമാണ്.അതിലത്രയൊന്നും ഉത്ക്കണ്ഠാകുലരാകേണ്ടതില്ല.സര്‍ക്കാര്‍/എയ്ഡഡ് മേഖലകളില്‍ ഓരോ പ്രദേശത്തും ആരംഭിക്കപ്പെട്ടതും നിലനിന്നതുമായ  സ്കൂളുകള്‍ക്കോരോന്നിനും ഒരു സമര ചരിത്രമുണ്ട്.ചെറുകാടിന്റെ ‘മുത്തശ്ശി’ വായിച്ചവര്‍ക്കറിയാം എന്തെന്ത് സമരകാഠിന്യങ്ങളിലൂടെ കടന്നുവന്നാണ് അദ്ധ്യാപകരുടെതൊഴിലും സ്ക്കൂള്‍ എന്ന സ്ഥാപനവും നിലനിര്‍ത്തിയതെന്ന്. മലയാളിയുടെ പ്രലോഭിതമനസ്സിനെ സന്തോഷിപ്പിക്കാന്‍ യൂണിഫോറവും സ്ക്കൂള്‍വണ്ടിയും ഉച്ചഭക്ഷണവുമെല്ലാമായി സര്‍ക്കാര്‍ സ്ക്കൂളുകള്‍ അണിഞ്ഞൊരുങ്ങി നിന്നാലും അണ്‍ എയ്ഡഡ് മേഖലയിലെ കനത്ത ഫീസും ഇല്ലാത്ത സൌകര്യങ്ങളും അശിക്ഷിതരായ അദ്ധ്യാപകരും മതി തങ്ങളുടെ കുട്ടികളുടെ ഭാവി ഭദ്രമാക്കാന്‍ എന്നു കരുതുന്നതാണ് സമകാലീന      ‘ പൊതു ബോധം‘.
ചുവന്ന ബസ്സുകള്‍ എന്നു വിളികേട്ട കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍   കേരളപ്പിറവിയോടൊപ്പം ഓടി തുടങ്ങിയതാണ്. തീവണ്ടികള്‍ ചെയ്തതിനു സമാന്തരവും പൂരകവുമായി അവ ഉള്‍നാടുകളിലേക്ക് ചെന്ന് ഓരോരുത്തരേയും പൊതുവഴികളിലെത്തിച്ചു.ഒരു സര്‍ക്കാര്‍ സ്‌ക്കൂളെന്നാല്‍ ഏതാനും ചില കെട്ടിടങ്ങള്‍ മാത്രമല്ലാത്തതു പോലെ കെ.എസ്.ആര്‍.ടി.സി. യും ഏതാനും ബസ്സുകളും ചില ഓഫീസുകളുമല്ല. അവയിലെ യാത്രയെന്നാല്‍ തുടക്കത്തിനും ഒടുക്കത്തിനും ഇടയ്ക്കുള്ള ഇത്തിരി സ്ഥലദൂരം മാത്രവുമല്ല. കേരളത്തിന്റെ വടക്കെ അറ്റം മുതല്‍ തെക്കെ അറ്റം വരെ, മലയാളനാടിനെ ഒറ്റച്ചരടില്‍ കോര്‍ത്തുകൊണ്ട് അത് കയറിയിറങ്ങിയ കുന്നും കുഴികളുമൊന്നും മറ്റൊരു വാഹനവും ഇതുവരെ താണ്ടാത്തതാണ്. അതിന്റെയത്രയും നാടുകണ്ട മറ്റാരുമില്ല. അത് ഭേദിച്ച ഇരുട്ടിന്റെ റെക്കൊര്‍ഡ് ഇനിയാര്‍ക്കും ഭേദിക്കാനാവില്ല. എങ്കിലും എത്രകാലംകൂടി ചുവന്ന ബസ്സുകള്‍ ഇനിയും നിരത്തിലുണ്ടാവുമെന്ന് ആര്‍ക്കും പറയാനാവില്ല. അതൊരു ചുവന്ന ഓര്‍മ്മയായി മാറുവാന്‍ പോകുന്നു. എത്ര ഓടിയാലും സ്വകാര്യബസ്സുകള്‍ക്ക് നേടാന്‍ കഴിയാത്തതാണ് അതിന്റെ ഭാഗധേയം.കണ്ടക്ടറുടെ മോശം പെരുമാറ്റം പറഞ്ഞോ സമയനിഷ്ഠയുടെ അഭാവമെന്നപേരിലോ സ്വകാര്യബസ്സുകള്‍ കൊണ്ട് അതിനെ പകരം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണ തിരോധാനം സൃഷ്ടിക്കാവുന്ന അവ്യവസ്ഥകള്‍ നമ്മള്‍ മുന്‍‌കൂട്ടി കാണേണ്ടതുണ്ട്. പൊതുവിതരണ രംഗത്ത് റേഷന്‍‌കടകള്‍ വഴി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പോലൊന്നാണ് ഗതാഗത രംഗത്ത് കെ.എസ്.ആര്‍.ടി.സി.യുടേത്.ലാഭം മാത്രം കണക്കാക്കിയല്ല ഇത്രകാലമെന്നപോലെ ഇനിയുമവ ഓടേണ്ടത്.ഷെഡ്യ്യൂളുകള്‍ നിരന്തരം
വെട്ടിക്കുറച്ചും സ്വകാര്യ ബസ്സുകള്‍ക്ക് സൌകര്യമൊരുക്കിയും മറ്റും സര്‍ക്കാര്‍ തന്നെയാണതിനെ ഇല്ലതെയാക്കാന്‍ പോകുന്നത്.നമ്മുടെ പൊതുബോധമാകട്ടെ അവയ്ക്കനുകൂലമായി ഇനിയും തിരിഞ്ഞിട്ടുമില്ല.
ഇതിനെല്ലാം സമാന്തരമായാണ് വായനയുടേയും എഴുത്തിന്റേയും കാഴ്ചയുടെയും ഇടങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. നവോത്ഥാനാശയങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളാണ് അവയോരോന്നിനെയും സ്വതന്ത്രരൂപങ്ങളായി കേരള സമൂഹത്തില്‍ നിലനിര്‍ത്തിയത്. അതീവ സ്വകാര്യ ഇടമായി സങ്കല്പിക്കപ്പെട്ടിരുന്ന എഴുത്തിന്റെയും വായനയുടെയും മണ്ഡലം പത്തൊമ്പതാം നൂറ്റാണ്ടൊടുവില്‍തന്നെ, നാനാവര്‍ണ്ണ ജാതികളിലേക്ക് പരന്ന്, ഒരു പൊതുമണ്ഡലമായിക്കഴിഞ്ഞിരുന്നു. തന്റെ ഭാര്യക്ക് വായിച്ചു രസിക്കാനായി ചന്തുമേനോന്‍ 'ഇന്ദുലേഖ' എന്ന നോവല്‍ എഴുതിയെങ്കിലും, അത് മറ്റനേകം മദ്ധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ ഭാര്യമാര്‍ കൂടി വായിച്ചു രസിച്ചു. ഒന്നാം പതിപ്പ് മൂന്നു മാസങ്ങള്‍ കൊണ്ടു തന്നെ വിറ്റു തീര്‍ന്നു. ഇന്ദുലേഖയിലെ പതിനെട്ടാമദ്ധ്യായത്തില്‍, ഗഹനങ്ങളായ ശാസ്ത്രസിദ്ധാന്തങ്ങളും നൈതികതയും, യുക്തിചിന്തകളും ചര്‍ച്ചക്കു വിധേയമാക്കുമ്പോള്‍, തന്റെ ഭാര്യയുടെ കേവലമായ കഥാവായനാ കൗതുകം മാത്രമല്ല, ചന്തുമേനോന്റെ മുന്നിലുണ്ടായിരുന്നതെന്ന് തീര്‍ച്ച. തുടര്‍ന്നിങ്ങോട്ട് എഴുത്തിന്റെയും വായനയുടെയും അതിവിശാലമായൊരു പൊതുഇടം സൃഷ്ടിക്കപ്പെട്ടു. പദ്യത്തിലുപരി ഗദ്യത്തിന്റെ വികാസമാണതിനു സഹായിച്ചത്. ‘ പാവങ്ങള്‍‘ എന്ന വിഖ്യാത നോവലിന്റെ തര്‍ജ്ജുമ, മലയാള ഗദ്യചരിത്രത്തിലെന്ന പോലെ വായനാചരിത്രത്തിലും ആശയമണ്ഡലത്തിലും ഉണ്ടാക്കിയ മാറ്റം അളന്നു തീര്‍ക്കാവുന്നതല്ല. പദ്യരൂപം അന്ന് തിരസ്‌ക്കരിക്കപ്പെടുകയൊന്നുമുണ്ടായില്ല. 'രമണ‘ ന്റെ കോപ്പികള്‍ സ്വന്തമാക്കാനാവാത്തവര്‍, അത് നോട്ടുപുസ്തകത്തില്‍ പകര്‍ത്തിയെടുത്തും, പരസ്പരം കൈമാറിയും വായിച്ചുരസിച്ചു.

വായനകളുടെ ശാലകള്‍

“ അതിര്‍ രേഖകളില്‍ തലയും കാലും മുട്ടുന്ന അക്ഷരങ്ങള്‍ ആദ്യം പെന്‍സിലുകൊണ്ട് അതിലൊരാള്‍ എഴുതിയത് പുതിയ തലമുറയിലെ കുട്ടികള്‍ വാപൊളിച്ച് വായിച്ചു:കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക വിജ്ഞാനപോഷിണി വായനശാല.                     പെന്‍സില്‍ വരയുടെ അസ്ഥികൂടത്തിന് മാംസം കൊടുത്ത് മൂന്നു വരികളിലായി-കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക എന്ന ഒന്നാം വരി ഇടത്തരം നീലയില്‍, വിജ്ഞാന പോഷിണി എന്ന രണ്ടാം വരി അരികുമഞ്ഞച്ച വലിയ ചുവപ്പില്‍, വായനശാല എന്ന മൂന്നാംവരി ഇഷ്ടിക നിറത്തില്‍ - മാനത്ത് തിടം കൊള്ളാന്‍ തുടങ്ങി. വിവാഹമോ, കുടുംബമോ കൂടാതെ ഒരു പുരുഷായുസ്സ് മുഴുവന്‍ ജ്ഞാനത്തിനു സമര്‍പ്പിച്ച ഒരു മഹിതജന്മത്തോട് ഒരു ഗ്രന്ഥശാലയിലൂടെ കാലം കടപ്പാട് വീട്ടുകയായിരുന്നു എന്ന് നീല ലിപികള്‍ അലസമായി വായിച്ച പുതിയതലമുറയ്ക്ക് മനസ്സിലായതേയില്ല.'' (പു. 297, മനുഷ്യന് ഒരു ആമുഖം)
സ്വാതിതിരുനാള്‍ മഹാരാജാവ് രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് 1829 ല്‍ സ്ഥാപിച്ച ഗ്രന്ഥശാലയാണ് പിന്നീട് പബ്ലിക്ക് ലൈബ്രറിയായി മാറിയത്. എങ്കിലും മൂന്നായി നിന്ന കേരളത്തില്‍ ഓരോ സ്ഥലത്തും പല കാലങ്ങളിലും പലവിതാനങ്ങളിലുമാണ് വായനശാലാ പ്രസ്ഥാനം വേരുപിടിച്ചത്. 1937 ജൂണ്‍ 14 ന് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. അതില്‍ വെച്ച് മലബാര്‍ വായനശാലാസംഘം രൂപീകരിക്കുകയും ഇ. രാമന്‍ മേനോനെ പ്രസിഡണ്ടായും കെ. ദാമോദരനെ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതേകാലയളവില്‍ കൊച്ചിയില്‍  സമസ്തകേരള പുസ്തകാലയസമിതിരൂപികരിക്കപ്പെട്ടു. 1945 ല്‍ അമ്പലപ്പുഴയില്‍ വെച്ച് അഖിലതിരുവിതാംകൂര്‍ ഗ്രന്ഥശാലാസമ്മേളനം നടന്നു. അവിടെ വച്ച് അഖിലതിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപീകരിക്കപ്പെട്ടു. 1950 ല്‍ ഇത് തിരു-കൊച്ചി ഗ്രന്ഥശാലാ സംഘം ആയി മാറി. സംസ്ഥാന രൂപീകരണത്തോടെ  കേരള ഗ്രന്ഥശാലാ സംഘമായും മാറി. 1977 ല്‍ കേരള ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1991 ല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. കേരളം എന്ന ഭൂപ്രദേശത്ത് മൂന്നായി നിലനിന്ന വായനശാലാ പ്രസ്ഥാനമാണ് കേരളപ്പിറവിയോടെ ഒന്നായി മാറിയത്. അത് ഭിന്നമായി നിലനിന്നിരുന്നതും പിന്നീട് സംയോജിപ്പിക്കപ്പെട്ടതുമായ കേരളത്തിന്റെ സാംസ്‌കാരികചരിത്രം തന്നെയാണ്.

വായനാ സമൂഹത്തിന് ഒരു ഇടമൊരുക്കിക്കൊടുത്തത് വായന ശാലകളാണ്.മുന്‍ തലമുറയിലെ പല എഴുത്തുകാരുടേയും ചരിത്രമാരംഭിക്കുന്നതും ഇത്തരമൊരു വായനശാലയില്‍ നിന്നാണ്. പലരെയും  മനുഷ്യരാക്കിയതും അവയാണ്. കേരളത്തിലങ്ങോളമിങ്ങോളം ചെറിയ മുറികളില്‍, ഏതാനും പുസ്തകങ്ങളുമായി അന്നാട്ടിലെ ചെറുപ്പക്കാരുടെ അദമ്യമായ ഇച്ഛാശക്തിയുടെ മാത്രം പിന്‍ബലത്തിലാണ് വായനശാലകള്‍ മുന്നോട്ടുപോയത്. നാട്ടിലെ ഉത്പതിഷ്ണുക്കളായ ചെറുപ്പക്കാരുടെ കൂട്ടുചേരാനുള്ള ഇടങ്ങളായിരുന്നു ഓരോ വായനശാലയും. പുസ്‌തകചര്‍ച്ചകളും കൈയെഴുത്ത് മാസികകളുമെല്ലാമായി അത് വളര്‍ന്നു. പലപ്പോഴും ഏതെങ്കിലുമൊരു പീടിക മുറിയുടെ മുകള്‍ നിലയില്‍, അതിന്റെ ഉടമസ്ഥന്റെ കാരുണ്യത്തില്‍ വാടകയൊന്നും നല്കാതെ അത് പ്രവര്‍ത്തിച്ചു. എങ്കിലും തട്ടിന്‍പുറത്തെ ഇത്തിരി സ്ഥലവും ഏതാനും പുസ്തകങ്ങളും മാത്രമായിരുന്നില്ല അത്. എഴുപതുകളിലെയും എണ്‍പതുകളിലെയും സാംസ്‌ക്കാരികമായ ഉണര്‍വിനെക്കുറിച്ച് ഏറെ പറയുമ്പോഴൊന്നും വായനശാലകളെ നാം വേണ്ടത്ര പരിഗണിക്കുകയുണ്ടായില്ല.

പില്‍ക്കാലത്ത് പല ഗ്രന്ഥശാലകള്‍ക്കും സ്വന്തമായ കെട്ടിടങ്ങളും സര്‍ക്കാര്‍ ഗ്രാന്റും ലഭിച്ചു തുടങ്ങി. കമ്പ്യൂട്ടറും ടി.വി. യുമെല്ലാം അതിന്റെ ഭാഗമായി. എന്നാല്‍ സാവധാനത്തില്‍ എല്ലാ കൂട്ടായ്മകളുടെയും തിരോധാനങ്ങള്‍ക്കൊപ്പം വായനശാലകളിലും ആളൊഴിയാന്‍ തുടങ്ങി. സംഘടനയും സൗകര്യങ്ങളും മാത്രം ബാക്കിയായി. ഒരു കാലത്ത് വായനകളിലേറെയും ഗ്രന്ഥശാലകളെമാത്രം ആശ്രയിച്ചു നിന്ന ഒരു വൈകാരികാനുഭവമായിരുന്നു.അത് പലരീതിയിലാണ് അനുഭവിപ്പിച്ചത്. പുസ്തകങ്ങള്‍ തുറക്കുമ്പോഴുള്ള മണമായി, അവയിലെ അടിക്കുറിപ്പുകളായി‍, പലരുടെ കൈകളിലൂടെ കടന്നു പോയതിന്റെ ഊഷ്മാവായി,അവയ്ക്കിടയില്‍ വെച്ച് കൈമാറിയ പ്രണയങ്ങളായി‍,.. അങ്ങനെ വായനശാലയിലെ പുസ്തകം ഒരു കാലത്തില്‍ പല കാലങ്ങളെ
പ്രതിനിധാനം ചെയ്തു. ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞ ആ പൊതുസ്ഥലം അതിന്റെ പരിപൂര്‍ണ്ണതയില്‍ ഇനി സൃഷ്ടിച്ചെടുക്കാനാവില്ല. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അത് വിധേയമായിക്കഴിഞ്ഞു. വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ എളുപ്പത്തില്‍ നേടിയെടുക്കാനാണ് ഇന്ന് താല്പര്യം. ഒരു കാലത്ത് വിജ്ഞാനപോഷിണി,വിജ്ഞാന വര്‍ദ്ധിനി എന്നൊക്കെയായിരുന്നു വായനശാലകളുടെ പേരുകള്‍. വായനയുടേയും വിജ്ഞാനത്തിന്റേയും ഒരേ ഒരു കേന്ദ്രം ഇന്ന് വായനശാലകളല്ല. വിജ്ഞാനത്തിന്റെയും കലകളുടെയും പലമാതൃകകള്‍ വായനകൂടാതെ ദൃശ്യമാധ്യമങ്ങളിലൂടെ ഒരാളിലേക്കെത്തുമ്പോള്‍ വായനയുടെ കാഠിന്യത്തിലേക്കിറങ്ങാന്‍ ആര്‍ക്കാണ് താല്പര്യം? വായനശാല എന്ന പൊതുസ്ഥലത്തെ സമൂഹം തന്നെ കയ്യൊഴിയുമ്പോള്‍ അതിനെ നിലനിര്‍ത്താന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാരാകട്ടെ അര്‍ഹതപ്പെട്ട ഗ്രാന്റുകളും മറ്റും നിഷേധിച്ച് അവയുടെ ആസന്ന മരണം അതിവേഗത്തിലാക്കുകയാണ് തങ്ങളുടെ ദൌത്യമെന്ന് നിരന്തരം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.വായനകള്‍   മരിക്കുന്നില്ലായിരിക്കാം പുസ്തകങ്ങളുംമരിക്കുന്നില്ലായിരിക്കാം,എങ്കില്‍ പിന്നെ എന്തിനാണ് വായന ശാലകള്‍ എന്നൊരു ചോദ്യം മറ്റൊരു‘ പൊതു ബോധ‘ മായി നമ്മുടെ മുന്നിലേക്ക് വരുന്നുണ്ടോ?
എങ്കില്‍ നിസ്സംഗമായി അതിന്റെ തിരോധാനം കാണാന്‍ ഇനിയേറെ കാത്തിരിക്കേണ്ടതില്ല.

വായനശാലകള്‍ ഏതാനുംചില വായനക്കാരെയോ, വായനയുടെ സംസ്‌ക്കാരത്തെയോ മാത്രമല്ല പ്രോത്സാഹിപ്പിച്ചത്. നവോത്ഥാനാശയങ്ങളുടെ പ്രചാരകരായി നിന്നുകൊണ്ട് നാടകസംഘങ്ങള്‍, ചിത്രകല, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയവയെയെല്ലാം അത് തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ഊര്‍ജ്ജസ്വലമാക്കി. കേരളത്തിലെ സമാന്തരസിനിമയുടേയും ഗൗരവ സിനിമകളുടേയും പ്രചാരകരും, ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലെ ആദ്യകാല സംഘാടകരും, ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇതൊന്നും രണ്ടുതരം പ്രവര്‍ത്തനങ്ങളായി അവരാരും കണ്ടിരുന്നില്ല. വായനയുടെ തന്നെ അവസ്ഥാന്തരങ്ങളായിരുന്നു അതെല്ലാം.

സിനിമാകൊട്ടകകളും ഫിലിം സൊസൈറ്റികളും.


     ''1951, 'ജീവിതനൗക'യുടെ വര്‍ഷം കൂടിയായിരുന്നു. ഞാന്‍ ജനിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് എറണാകുളം ലക്ഷ്മണ്‍ ടാക്കീസില്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഈറ്റൈടുത്ത് എന്റെ അമ്മക്ക് പുറത്തിറങ്ങാന്‍ പറ്റുന്നതുവരെ ഓടിക്കൊണ്ടിരുന്നു. പെരുന്നാളുകള്‍ക്ക് വര്‍ഷങ്ങളോളം 'ജീവിതനൗക' വളകള്‍ വിറ്റു. തുന്നല്‍ക്കാര്‍ വിവാഹബ്ലൗസുകളുടെ കൈകള്‍ സിനിമയിലെ നായികയുടേതു പോലെ പഫ് വെച്ചു വീര്‍പ്പിച്ചു (പു.15, ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍)


കൊട്ടകകള്‍ എന്ന പൊതു ഇടം കേരളത്തില്‍ വളരെപെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെട്ടതല്ല. സിനിമ എന്ന അത്ഭുത കലാരൂപത്തോട് ഉന്നത ജാതിക്കാര്‍ക്കും ഏറെ താല്പര്യമായിരുന്നുന്നെങ്കിലും അതിനെ പൊതു ഇടമായി സങ്കല്പിക്കാന്‍ അവര്‍ക്കാര്‍ക്കും താല്പര്യമില്ലായിരുന്നു. പൊതു ഇടങ്ങളെയെല്ലാം അവര്‍ ഭീതിയോടെയും ആശങ്കകളോടെയും കണ്ടിരുന്ന കാലവുമായിരുന്നു അത്.ആദ്യ സിനിമയിലെ നായികയായ പി.കെ. റോസിയുടെ 'രക്തസാക്ഷിത്വ'ത്തിലൂടെയാണ് കൊട്ടക എന്ന പൊതു ഇടത്തിന്റെ അസ്തിവാരമുറപ്പിക്കപ്പെട്ടത്. ക്രമേണ നവോത്ഥാനത്തിന് സങ്കല്പിക്കാന്‍ പോലുമാവാത്ത വിശാലമായൊരു പൊതു ഇടമായി അതുവളര്‍ന്നു. ക്ഷേത്ര പ്രവേശനത്തേക്കാള്‍ വലിയതായിരുന്നു മലയാളിയുടെ സിനിമാപ്രവേശനം. പല ക്ലാസ്സുകളിലിരുന്നു കൊണ്ടു തന്നെ അവര്‍ ഒരേ ദൃശ്യത്തെ ഒരുമിച്ചു കണ്ടു. എന്നിട്ടും അത് ഓരോരുത്തരുടേയും സിനിമയായി. ഒരു കാലത്ത് മലയാളിയുടെ ഫാഷനുകളേയും പ്രണയത്തേയും ഉത്പാദിപ്പിച്ചത് സിനിമയും അതിലെ ഗാനങ്ങളുമായിരുന്നു.

1907 ല്‍ തൃശ്ശൂരില്‍ ജോസ് കാട്ടുക്കാരന്‍ തുടങ്ങിവെച്ച സിനിമാ കൊട്ടകയുടെ ആദ്യ രൂപം പിന്നീട് നിരവധി പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. സാങ്കേതികതയില്‍ വന്ന മാറ്റങ്ങളും, പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കത്തിലുണ്ടായ മാറ്റങ്ങളും, കൊട്ടകകളെ പരിണമിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.  പില്‍ക്കാലത്ത് സിനിമാ കൊട്ടകകള്‍ക്ക് കേരളത്തില്‍ രണ്ടുതരം ആക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത്. ഒന്നാമത്തേത് അവയ്ക്കുനേരെയുള്ള സിഗരറ്റ്
ബോംബാക്രമണങ്ങളായിരുന്നു. നാട്ടുമ്പുറങ്ങളിലെ ഓലമേഞ്ഞ കൊട്ടകകളെ അത് എരിച്ചു കളഞ്ഞു. ഹൗസ്‌ഫുള്‍ ആയി സിനിമകള്‍ ഓടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അത്. എങ്കിലും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ് അതിനെ മറികടക്കാന്‍ കഴിഞ്ഞു. രണ്ടാമത്തേത്, സാങ്കേതികമായ മാറ്റങ്ങളും പുതിയ അഭിരുചികളും, കൊട്ടക എന്ന പ്രദര്‍ശന സ്ഥലത്തെ കൈയൊഴിയാന്‍ പ്രേരിപ്പിച്ചതു മൂലമുള്ള പ്രതിസന്ധികളാണ്. ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇനിയും അവയ്ക്ക് കഴിഞ്ഞിട്ടുമില്ല.
മലയാളിക്ക് നവോത്ഥാനത്തിന്റെ വെളിച്ചം പ്രായോഗികമായി പകര്‍ന്നു നല്‍കിയതില്‍ കൊട്ടകകളിലെ ഇരുട്ടിനുമുണ്ട് ഒരു പങ്ക്.  മലയാളികള്‍ ഒന്നിച്ചിരുന്ന് സ്വപ്നം കാണുകയും, നിശ്വാസമുതിര്‍ക്കുകയും ആവേശഭരിതരാവുകയും വികാരം കൊള്ളുകയും കൂവി വിളിക്കുകയുമെല്ലാം ചെയ്ത കൊട്ടകകള്‍ എന്ന പൊതുഇടം കേരളത്തില്‍ ഇപ്പോള്‍ പ്രായോഗികമായി നിലനില്‍ക്കുന്നില്ല.മള്‍ട്ടിപ്ലെക്സുളാകട്ടെ, ഒരു കാലത്ത് കൊട്ടകകള്‍ സൃഷ്ടിച്ച പൊതുഇടത്തിന്റെ വിപരീതയുക്തിയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സിനിമാ കൊട്ടകകളുടേയും നവതരംഗസിനിമകളുടേയും ഊര്‍ജ്ജസ്വലമായ കാലത്താണ് ഫിലിം സൊസൈറ്റി പ്രസ്ഥാനവും കേരളത്തില്‍ വിപുലമാവുന്നത്. 1955 ല്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി പുറത്തു വന്നതോടെ അതിന് ലോകമെങ്ങും ലഭിച്ച ഗംഭീരമായ സ്വീകരണം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് മുന്‍കൈ നല്‍കാനുള്ള പ്രേരണയായി. ചാര്‍ളി ചാപ്ലിന്റെ ആരാധകന്‍ കൂടിയായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും സിനിമാ പ്രസ്ഥാനത്തിനാകെയും കാര്യമായ പിന്തുണ നല്‍കി. ദേശീയതയെയും അതിന്റെ വൈവിദ്ധ്യങ്ങളെയും സമര്‍ത്ഥമായി ആവിഷ്‌ക്കരിക്കുന്നവയാണ് സിനിമകളെന്ന് അദ്ദേഹം വിശ്വസിച്ചു. ലോകത്തിലേക്കു തുറക്കുന്ന ജാലകമെന്നാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 1959 ലാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് കൃത്യമായ ഏകീകൃത സംഘടനയുണ്ടാവുന്നത്. സത്യജിത് റായ് ആയിരുന്നു അദ്ധ്യക്ഷന്‍. ചിദാനന്ദ് ദാസ് ഗുപ്ത, അമ്മുസ്വാമിനാഥന്‍ എന്നിവരൊക്കെയായിരുന്ന ആദ്യ കമ്മറ്റിയിലെ അംഗങ്ങള്‍.

അടുത്ത വര്‍ഷം (2015) കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് 50 വയസ്സ് തികയും. അടൂര്‍ ഗോപാലകൃഷ്ണനും കുളത്തൂര്‍ ഭാസ്‌ക്കരന്‍ നായരുമൊക്കെ ചേര്‍ന്ന് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് (1965) കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത്. ചെമ്മീന്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമ ദേശീയാംഗീകാരം നേടിയ വര്‍ഷമായിരുന്നു അത്. അതിന് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് 'നീലക്കുയി‘ ലിന്റെ പ്രദര്‍ശനത്തോടെത്തന്നെ സിനിമയെ സംബന്ധിച്ച സാമൂഹ്യവുംരാഷ്ട്രീയവും കലാപരവുമായ ഗൗരവ സമീപനം കേരളത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അടൂരിന്റെ ചിത്രത്തിലൂടെ തന്നെ (സ്വയംവരം) തുടക്കം കുറിക്കപ്പെട്ട നവസിനിമകളാണ് മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തേയും ഫിലിം സൊസൈറ്റികളേയും ഒരുമിച്ച് മുന്നോട്ടുകൊണ്ടു പോയത്. എന്നാല്‍ എണ്‍പതുകളുടെ അവസാനത്തോടെ അസ്തമയത്തിലേക്കു കടന്ന മലയാളത്തിലെ മറ്റു സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍ക്കൊപ്പം സിനിമാ കൊട്ടകകളും ഫിലിം സൊസൈറ്റികളും തങ്ങളുടെ ജന്മനിയോഗം പുര്‍ത്തിയായെന്നോണം തിരോഭവിക്കാനാരംഭിച്ചു. ഒരര്‍ത്ഥത്തില്‍ ടെലിവിഷനുകള്‍ കൊട്ടകകളുടെയും, ഫിലിം സൊസൈറ്റികളുടെയും പിന്‍ഗാമിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.സാങ്കേതികതയുടെ വികാസം പഴയ 16 എം.എം.പ്രൊജക്ടറുകള്‍ക്കൊപ്പംപ്രേക്ഷകരെന്ന കൂട്ടായ്മയെയും ഫലത്തില്‍ ഇല്ലാതാക്കി.

ഭൂതകാലത്തിന്റെ അദൃശ്യ പടങ്ങള്‍

ആഗോളവല്‍ക്കരണവും ഉത്തരാധുനികതയും ഒന്നിച്ചാണ് കേരളത്തെ ആവേശിച്ചത്. അവയുടെ ഒന്നിച്ചുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ സ്ഥായിയായതെന്നും, ബൃഹദാഖ്യാനങ്ങളെന്നും കരുതപ്പെട്ടതെല്ലാം അവിശ്വസിക്കപ്പെട്ടു. ഇടങ്ങളുടെ പ്രാദേശികസ്ഥലവും പ്രത്യയശാസ്ത്രവും കൂടുതല്‍ വലിയ ലോകങ്ങളിലേക്ക് വിന്യസിക്കപ്പെട്ടു. വായനയും പുസ്തകങ്ങളും മലയാളി സമൂഹത്തില്‍ നിന്ന് മറഞ്ഞു കഴിഞ്ഞിട്ടില്ലെങ്കിലും വായനയുടെ പൊതുമണ്ഡലം സാദ്ധ്യമാക്കിയ ഗ്രാമീണ വായനശാലകള്‍ അപ്രസക്തമാകുന്നതു പോലെ,സിനിമകള്‍ കാണുന്ന ശീലം ഉപേക്ഷിച്ചിട്ടില്ലെങ്കിലും കൊട്ടകകള്‍ സൃഷ്ടിച്ച പൊതു ഇടം തിരിച്ചറിയപ്പെടാത്തതുപോലെ, ഗൌരവസിനിമകളെക്കുറിച്ചുള്ള  ചര്‍ച്ചകള്‍ അങ്ങിങ്ങ് നടക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും അവയുടെ ചരിത്രരൂപങ്ങളെ ഓര്‍ക്കാനാവാത്തതു പോലെ  പലവിധത്തിലാണ് ഭൂതകാലം അദൃശ്യപടമാവുകയും വര്‍ത്തമാനംഅസംബന്ധപടമാവുകയും ചെയ്യുന്നത്.
(സമകാലിക മലയാളം വാരിക,2014 മെയ് 9) 

1 comment:

  1. പരന്ന ഒരു വായനാവിരുന്നൊരുക്കിയ ലേഖനം!

    ReplyDelete